Tuesday, December 31, 2019

വിനായകാഷ്ടകം

Tuesday 31 December 2019 5:02 am IST
ശ്രീനാരായണഗുരുദേവന്‍ തന്റെ എല്ലാ കൃതികളിലൂടെയും ഉപദേശിച്ചത് അദ്വൈത വേദാന്തമാണ്. ബ്രഹ്മവിദ്യയെയാണ് അദ്വൈത വേദാന്തം എന്ന് വിവക്ഷിക്കുന്നത്. ' താനും ഇക്കാണുന്ന സര്‍വപ്രപഞ്ചവും ബ്രഹ്മം തന്നെയാണ്. ' എന്നാണ് ഗുരുദേവന്‍ ഉപദേശിച്ചത്. 
കൊ. വ. 1083 ല്‍ ഗുരുദേവന്‍ നാഗര്‍കോവിലിനടുത്തുള്ള കോട്ടാര്‍ സന്ദര്‍ശിക്കുകയും അന്ന് ആ നാട്ടിലെ ആരാധനാ മൂര്‍ത്തികളായിരുന്ന മല്ലന്‍, ചുടലമാടന്‍, കരിങ്കാളി മുതലായ ദുര്‍ദേവതകളുടെ വിഗ്രഹങ്ങളും മറ്റും എടുത്തു മാറ്റി പിള്ളയാര്‍ കോവിലെന്ന മനോഹരമായ ഗണപതിക്ഷേത്രം പണികഴിപ്പിച്ച് പ്രതിഷ്ഠ നടത്തുകയുണ്ടായി. തുടര്‍ന്ന് രചിച്ചതാണ് വിനായകാഷ്ടകം എന്ന് വിശ്വസിക്കപ്പെടുന്നു.
ഗണപതി എന്നു പ്രസിദ്ധനായ വിനായകനെ ബ്രഹ്മപ്രതീകമായി സ്തുതിച്ചു കൊണ്ട് എഴുതിയ എട്ടു പദ്യങ്ങളാണ് 'വിനായകാഷ്ടകം' . ഗുരുവിന്റെ പാദങ്ങളില്‍ പ്രണമിച്ചു കൊണ്ട് നമുക്കിതിന്റെ പൊരുളിയാന്‍ ശ്രമിക്കാം. 
നമദ്ദേവവൃന്ദം ലസദ്വേദകന്ദം
ശിരഃ ശ്രീമദിന്ദും ശ്രിതശ്രീ-
മുകുന്ദം
ബൃഹച്ചാരുതുന്ദം -
സ്തുതശ്രീസനന്ദം
ജടാഹീന്ദ്ര കുന്ദം ഭജേ-
ഭീഷ്ട സന്ദം
ദേവസമൂഹത്താല്‍ വന്ദിക്കപ്പെട്ടവനും വേദങ്ങളുടെ സ്വയംപ്രകാശിക്കുന്ന നാരായ വേരായി വിളങ്ങുന്നവനും പൂനിലാവൊളി ചൊരിയുന്ന ചന്ദ്രനെ തലയില്‍ അണിഞ്ഞവനും, ലക്ഷ്മീസമേതനായ വിഷ്ണുവാല്‍ ഭജിക്കപ്പെടുന്നവനും തടിച്ചു മനോഹരമായ വയറുള്ളവനും, സനകസനന്ദാദി മുനികളാല്‍ സ്തുതിക്കപ്പെടുന്നവനും ജടയില്‍ സര്‍പരാജാവായ വാസുകിയെ മുല്ലമാലയായി അണിഞ്ഞിരിക്കുന്നവനും ഭക്തന്മാരുടെ അഭീഷ്ടങ്ങളെ സാധിച്ച് അനുഗ്രഹിക്കുന്നവനുമായ വിനായകനെ ഞാന്‍ ഭജിക്കുന്നു.

No comments: