Monday, December 30, 2019

വിവേകചൂഡാമണി - 20
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

ശ്രദ്ധയുടെ മഹത്വം

ശ്ലോകം 25

ശാസ്ത്രസ്യ ഗുരുവാക്യസ്യ സത്യബുദ്ധ്യാവധാരണാ
സാ ശ്രദ്ധാ കഥിതാ സദ്ഭിഃ യയാ വസ്തൂപലഭ്യതേ

ശാസ്ത്രത്തേയും ഗുരുവാക്യങ്ങളേയും സത്യബുദ്ധിയോടെ മനസ്സിലാക്കാന്‍ കഴിയുന്നതാണ് ശ്രദ്ധ. ആത്മവസ്തുവിനെ നേടാന്‍ ഇതുകൊണ്ടേ സാധിക്കൂ.

ഗുരുവിലും വേദാന്തവാക്യങ്ങളിലുമുള്ള അടിയുറച്ച വിശ്വാസമാണ് ശ്രദ്ധ എന്ന് ആചാര്യസ്വാമികള്‍ തത്വബോധത്തില്‍ പറഞ്ഞിട്ടുണ്ട്.

ശാസ്ത്രം എന്നാല്‍ വേദവും വേദാന്തവും.  ശ്രുതിവാക്യങ്ങളുടെ ശരിയായ അര്‍ത്ഥവും ലക്ഷ്യവും വേണ്ട പോലെ അറിയാനുള കഴിവിനെയാണ് ശ്രദ്ധ എന്ന് വിശേഷിപ്പിക്കുന്നത്. ശാസ്ത്രവാക്യങ്ങളിലും ഗുരുവിന്റെ വാക്യങ്ങളിലും ഒളിഞ്ഞിരിക്കുന്ന രഹസ്യ തത്വങ്ങളെ വിവേക ബുദ്ധിയുടെ സഹായത്താല്‍ വ്യക്തമായും ഉറച്ചും ബോധിക്കാനുള്ള കഴിവാണ് ശ്രദ്ധ. ഇത് അന്ധമായ വിശ്വാസമല്ല.

വേദാന്ത രഹസ്യങ്ങളെ വേണ്ട പോലെ അറിയാന്‍ ശ്രദ്ധ കൂടിയേ തീരൂ. ശ്രുതിവാക്യങ്ങളുടെ ശരിയായ ലക്ഷ്യാര്‍ത്ഥത്തെ നല്ലപോലെ ഗ്രഹിക്കാനുള്ള കഴിവാണ് ശ്രദ്ധ.

ശ്രദ്ധയോടെ ജീവിക്കുക എന്നത് സാധാരണ ലൗകിക ജീവിതത്തിലും വളരെ പ്രധാനമാണ്.  അവിടെ താന്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളാണ് വേദാന്തവാക്യങ്ങള്‍.  അതിനെ പറഞ്ഞുതരുന്ന ആള്‍ ഗുരു. ചെയ്യുന്ന കാര്യത്തിലും അതിനെ പറഞ്ഞു തരുന്ന ആളിലും ഉറച്ച വിശ്വാസമില്ലെങ്കില്‍ ഒക്കെ അവതാളത്തിലാകും. ഓരോ രംഗത്തേയും 'ആശാന്‍'മാരെ ഗുരു എന്ന് കണക്കാക്കാം. അവരുടെ മേഖലയെപ്പറ്റി ശിഷ്യര്‍ക്ക് നല്‍കുന്ന അറിവാണ് വേദാന്തവാക്യം. സാധാരണ ജീവിതത്തില്‍ ഇങ്ങനെയെങ്കില്‍ വളരെ സൂക്ഷ്മമായ  അദ്ധ്യാത്മിക രംഗത്ത് എത്രകണ്ട് ശ്രദ്ധ വേണം എന്ന് പറയേണ്ടതില്ല. 'ശ്രദ്ധസ്വ സോമ്യ' മോനേ ശ്രദ്ധയോടെയിരിക്കൂ  എന്ന് ഉപനിഷത്ത് പറയുന്നു. ശ്രദ്ധ എന്ന വാക്ക് മലയാളത്തില്‍ ഉപയോഗിച്ച് ഗൗരവം നഷ്ടപ്പെട്ടതായ ഒരു വാക്കാണ്. ശ്രദ്ധിച്ച് നടക്കൂ, ശ്രദ്ധിച്ച് പഠിക്കൂ.... എന്നൊക്കെ പറയുമ്പോള്‍ അതിന് ഇത്രയും വലിയൊരു അര്‍ത്ഥം കൊടുക്കുന്നുണ്ട് എന്ന് കരുതാനാവില്ല. പക്ഷേ ശരിക്കും ആലോചിക്കുമ്പോള്‍ അത് ഉണ്ട് താനും.  പറയുന്ന പലര്‍ക്കും കേള്‍ക്കുന്ന ഭൂരിഭാഗത്തിനും ഇത് വേണ്ട പോലെ ബോധ്യമാകുന്നില്ല. നടക്കുമ്പോള്‍  നമ്മുടെ ഓരോ ചുവടിലും നമുക്ക് നല്ല വിശ്വാസമുണ്ടാകണം; എന്റെ കാല്‍ ഉറച്ചു വയ്ക്കാനാകുമെന്നും മറിഞ്ഞു വീഴില്ലെന്നും താന്‍ ശരിയായ രീതിയിലാണ് നടക്കുന്നതെന്നുമൊക്കെ. ഇതിന് കഴിയുന്നില്ലെങ്കില്‍ സാധാരണ നടത്തം പോലും ദുഷ്‌കരമാകും. നടക്കാന്‍ പഠിച്ചു തുടങ്ങുന്ന കൊച്ചു കുട്ടികളേയും അപകട ശേഷമോ തളര്‍ച്ചയ്ക്കുശേഷമോ എഴുേന്നേറ്റ് നടക്കുന്നവരേയും നിരീക്ഷിച്ചാല്‍ ഇത് പെട്ടെന്ന് മനസ്സിലാക്കാനാവും.

പഠിക്കുമ്പോഴാണെങ്കില്‍ പഠിക്കുന്ന വിഷയത്തിലും പഠിപ്പിച്ചയാളിലും നല്ല വിശ്വാസവും ഉറപ്പും വേണം. എന്നാലേ പഠനം നന്നാകൂ. അപ്പോള്‍ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ശാസ്ത്രഗ്രന്ഥങ്ങളും മറ്റും പഠിക്കുന്നവര്‍ക്കും മറ്റും പൂര്‍ണ്ണമായ ശ്രദ്ധ തന്നെ വേണ്ടി വരും. എന്നാല്‍ പലപ്പോഴും സാധകരേയും ഭക്തവൃന്ദങ്ങളേയുമൊക്കെ ശ്രദ്ധയുടെ ചൂരല്‍ വടി കാട്ടി പേടിപ്പിച്ച് ചൂഷണം ചെയ്യുന്നവരുണ്ട്.


  • കൂടുതല്‍ ഊര്‍ജ്ജസ്വലമായും കരുതലോടെയും നമ്മുടെ ജീവിതത്തെ ലക്ഷ്യത്തിലേക്ക് നയിക്കാന്‍ ശ്രദ്ധ വളരെ അത്യാന്താപേക്ഷിതമാണ്.

No comments: