Tuesday, December 31, 2019

മക്കളേ, 
ഈശ്വരനോട് ഹൃദയം തുറക്കാനും അവിടുത്തോട് ഒരു വൈകാരികബന്ധം സ്ഥാപിക്കാനും ഏറ്റവും ഉത്തമമായ സാധനയാണ് പ്രാര്‍ഥന. ജീവാത്മാവിനെയും പരമാത്മാവിനെയും ബന്ധിപ്പിക്കുന്ന ഒരു പാലം പോലെയാണത്. ഒരു കൊച്ചുകുട്ടി സ്‌ക്കൂളില്‍നിന്നു വന്ന ഉടനെ സ്ലേറ്റും പെന്‍സിലും താഴെയിട്ട് അമ്മയുടെ അടുത്തേയ്‌ക്കോടും. അന്നു സ്‌ക്കൂളില്‍ നടന്ന കാര്യങ്ങളെക്കുറിച്ചും ടീച്ചര്‍ പറഞ്ഞ കഥകളെക്കുറിച്ചും വഴിക്കു കണ്ട ആളുകളെക്കുറിച്ചും പക്ഷികളെക്കുറിച്ചും പൂമ്പാറ്റകളെക്കുറിച്ചുമൊക്കെ അവന്‍ അമ്മയോടു ആവേശത്തോടെ പറയും. അതുപോലെ ഈശ്വരനോട് നമുക്ക് ഒരു ഹൃദയബന്ധം ഉണ്ടാക്കുവാന്‍ പ്രാര്‍ത്ഥന ഉപകരിക്കും. നമ്മുടെ ഭാരങ്ങളെല്ലാം അവിടുത്തോട് പറഞ്ഞ് ഹൃദയഭാരം ഇറക്കിവെയ്ക്കാന്‍ അത് സഹായിക്കും. 
'ഈശ്വരന്‍ മാത്രമാണ് എന്റെ ഏക ആശ്രയം,' എന്ന ഭാവം വേണം. എപ്പോഴും നമ്മുടെ കൂടെയുള്ള ഒരു ഉത്തമസുഹൃത്തിനെപ്പോലെ ഈശ്വരനെ കരുതണംഏത് കാര്യത്തിലും ഏത് ആപത്തിലും നമുക്കു തുണയായിരിക്കുന്ന ഒരു സുഹൃത്ത്. അങ്ങനെയുള്ള ഈശ്വരനോട് ഹൃദയം പങ്കുവെയ്ക്കുമ്പോള്‍ ഭക്തിയുടെ ഉയര്‍ന്ന തലങ്ങളിലേയ്ക്ക് അറിയാതെ നമ്മള്‍ ഉയരും. എന്നാല്‍, ഇന്ന് പലരും പ്രാര്‍ത്ഥനയുടെ ഈ പ്രയോജനം വേണ്ടപോലെ മനസ്സിലാക്കുന്നില്ല. പലര്‍ക്കും പ്രാര്‍ത്ഥനയെന്നാല്‍ ആഗ്രഹപൂര്‍ത്തിയ്ക്കുവേണ്ടിയുള്ള യാചനയാണ്. അവിടെ, ഈശ്വരനെയല്ല, ആഗ്രഹിച്ച വസ്തുക്കളെയാണ് നമ്മള്‍ സ്‌നേഹിക്കുന്നത്. ഇന്നു ചിലര്‍ പ്രാര്‍ത്ഥിക്കുന്നതുപോലും മറ്റുള്ളവരെ ദ്രോഹിക്കാന്‍ വേണ്ടിയാണു്. ഒരു ഭക്തന്‍ ഒരിക്കലും അന്യരെ ദ്രോഹിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ പാടില്ല. 'ഈശ്വരാ, എന്നില്‍നിന്നും ഒരു തെറ്റും ഉണ്ടാകരുതേ, മറ്റുള്ളവരുടെ തെറ്റിനെ ക്ഷമിക്കാന്‍ എനിക്കു ശക്തി തരണേ, എന്റെ തെറ്റുകള്‍ അങ്ങു പൊറുക്കണേ, അങ്ങു് എല്ലാവര്‍ക്കും നന്മ കൊടുക്കണേ', എന്നായിരിക്കണം നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടതു്. ഇങ്ങനെ പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്കു ശാന്തി ലഭിക്കുന്നു. പ്രാര്‍ത്ഥനയുടെ തരംഗങ്ങള്‍ അന്തരീക്ഷത്തെത്തന്നെ ശുദ്ധമാക്കുന്നു. പരിസരം ശുദ്ധമായാല്‍ അത് ജനജീവിതത്തിലും അനുകൂലമായ സ്വാധീനം ചെലുത്തും.
തനിക്കും കുടുംബത്തിനുംവേണ്ടി മാത്രം പ്രാര്‍ത്ഥിക്കുന്നതിലും ഉത്തമം മറ്റുള്ളവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നതാണ്.  ലോകനന്മയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണു് ഏറ്റവും ഉത്തമം. സ്വാര്‍ത്ഥത  വെടിഞ്ഞു നിഷ്‌കാമമായുള്ള പ്രാര്‍ത്ഥന, അതാണു വേണ്ടതു്. “”ഈശ്വരാ, അവിടുന്നു ലോകത്തിലെ കഷ്ടതകള്‍ മാറ്റൂ. ഈശ്വരാ, അവിടുന്നു് എല്ലാവര്‍ക്കും നല്ല മനസ്സു് കൊടുക്കൂ. ഈശ്വരാ, അവിടുന്നു് എല്ലാവരെയും രക്ഷിക്കൂ,’’ ഇങ്ങനെ പ്രാര്‍ത്ഥിക്കണം. പൂജയ്ക്കുവേണ്ടി പുഷ്പം പറിക്കുമ്പോള്‍ ആ പുഷ്പത്തിന്റെ ഭംഗിയും പരിമളവും അറിയാതെയാണെങ്കിലും ആദ്യം ആസ്വദിക്കുന്നതു നമ്മളാണു്. അതുപോലെ ലോകനന്മയ്ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്കു ഹൃദയവിശാലത കൈവരുന്നു. കൂടാതെ അതു ലോകത്തിനും ഗുണകരമായിത്തീരുന്നു.  
നമ്മള്‍ യാത്ര ചെയ്യുന്ന ബസ്സില്‍ പ്രായംചെന്ന ഒരു വല്യമ്മ വിറച്ചുകൊണ്ടു നില്ക്കുന്നുവെന്നിരിക്കട്ടെ. ആരും അവര്‍ക്കു് ഇരിക്കാന്‍ സ്ഥലം കൊടുക്കുന്നില്ല. ആരോഗ്യമുള്ള ചെറുപ്പക്കാര്‍ സീറ്റുകളില്‍ സുഖമായി ഇരിക്കുകയും ചെയ്യുന്നു. വല്യമ്മയ്ക്കാകട്ടെ തീരെ നില്ക്കാന്‍ വയ്യ. അതു മനസ്സിലാക്കി നമ്മള്‍ എഴുനേറ്റ് വല്യമ്മയെ ആ സീറ്റില്‍ ഇരുത്തുന്നുവെന്നു കരുതുക. ഇരിക്കാന്‍ സ്ഥലം കിട്ടിയതില്‍ വല്യമ്മ സന്തോഷിക്കും. ഒപ്പം നമ്മുടെ മനസ്സും സന്തോഷിക്കും. 'സ്വന്തം സുഖം ത്യജിച്ചിട്ടാണല്ലോ ഞാനവര്‍ക്കു സ്ഥലം കൊടുത്തതു്,'എന്നോര്‍ത്ത് അറിയാതെ ഒരു സംതൃപ്തി തോന്നും. അതുപോലെയാണ് മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ കാര്യവും.
നമ്മളിലെ സ്വാര്‍ത്ഥത പൂര്‍ണ്ണമായും വിട്ടാല്‍ മാത്രമേ മറ്റുള്ളവരുടെ നന്മയെക്കുറിച്ചു ചിന്തിക്കാന്‍ കഴിയൂ. സ്വയം പൂര്‍ണ്ണമായും മറന്നു്, മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിമാത്രം പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ അന്തഃകരണമാണ്    ശുദ്ധമാകുന്നത്. അങ്ങനെ ഒരവസ്ഥ കിട്ടുവാന്‍വേണ്ടിയായിരിക്കണം നമ്മള്‍ പ്രയത്‌നിക്കേണ്ടത്. സ്വാര്‍ത്ഥത വെടിഞ്ഞുള്ള പ്രാര്‍ത്ഥനയും പ്രവൃത്തിയുമാണു മുക്തിയിലേയ്ക്കുള്ള വഴി. സ്വയം കത്തിയെരിഞ്ഞ് മറ്റുള്ളവര്‍ക്കു പരിമളം കൊടുക്കുന്ന ചന്ദനത്തിരിപോലെയാണ് ഒരു യഥാര്‍ത്ഥ ഭക്തന്‍. തന്നെ വെട്ടുമ്പോഴും വെട്ടുന്നവര്‍ക്കു തണലു നല്കുന്ന വൃക്ഷംപോലെയാണ് അയാള്‍. തന്നോടു മറ്റുള്ളവര്‍ ദ്വേഷിക്കുമ്പോഴും തിരിച്ചു സ്‌നേഹവും കാരുണ്യവും ചൊരിയുന്നതിലാണു് ഒരു ഭക്തന്റെ സന്തോഷം. 
മെഴുകുതിരി സ്വയം ഉരുകി മറ്റുള്ളവര്‍ക്കു പ്രകാശം നല്കുന്നതുപോലെ, സ്വയം ത്യാഗം സഹിച്ചും അന്യര്‍ക്കു് ഉപകാരം ചെയ്യുവാനാണു യഥാര്‍ത്ഥ ഭക്തന്‍ ആഗ്രഹിക്കുന്നത്. സ്വന്തം കഷ്ടപ്പാടുകള്‍ മറന്നും അന്യര്‍ക്കു് ആനന്ദം കൊടുക്കുവാനുള്ള ഒരു മനസ്സു് നേടിയെടുക്കുക എന്നതാണവരുടെ ആദര്‍ശം. അങ്ങനെയുള്ളവര്‍ ഈശ്വരനെത്തേടി അലയേണ്ടതില്ല. അവരെത്തേടി ഈശ്വരനെത്തും. ഈശ്വരന്‍ ഒരു സേവകനെപ്പോലെ അവരുടെകൂടെ എന്നുമുണ്ടാകും. 
മാതാ അമൃതാനന്ദമയി

No comments: