Sunday, December 22, 2019

ശ്രീരാമകൃഷ്ണപരമഹംസരുടെ വചനങ്ങൾ
**********************************

      ദൈവം ജലത്തിൽ നിവസിക്കുന്നുവെന്ന് ശ്രുതി പറയുന്നു . ജലം ദിവ്യനിവേദനത്തിന് ഉപയോഗിക്കാം കുടിക്കുവാനും സ്നാനത്തിനും ശുദ്ധിയാക്കലിനുമൊക്കെ ഉപകരിക്കും . അശുദ്ധജലമോ , സ്പർശിക്കുകപോലും വയ്യ . സർവ്വരിലും ദൈവം കുടികൊള്ളുന്നുവെങ്കിൽത്തന്ന നല്ലവരും ചീത്തവരുമുണ്ട് . ആസ്തികരും നാസ്തികരുമുണ്ട് . ദൈവം സമസ്തത്തിലുമുണ്ടെങ്കിലും നല്ലതും ചീത്തയും തമ്മിൽ നാം കൂട്ടിക്കലർത്തരുത് . തിന്മയുള്ളവരുമായി അടുക്കാതിരിക്കുക . സജ്ജനത്തോടൊപ്പം ചേരുക . സമൂഹജീവിയായ മനുഷ്യന് അൽപ്പം തമസ്സ് ( തിന്മയെ ചെറുക്കാനുള്ള ചൈതന്യം ) ആവശ്യമാകുന്നു . ആത്മരക്ഷാർത്ഥമാണിത് . എന്നാൽ ഇത് പുറമേക്കുള്ള വെറും പ്രകടനം മാത്രമായിരിക്കണം . തിന്മയെ നേരിടുന്നതിനുള്ള ഒരു പ്രതിരോധം . ചീറ്റിക്കൊള്ളുക . ദംശിക്കരുത് . സകലരെയും സ്നേഹിക്കുവാനല്ലോ ക്രിസ്തുവും * ചൈതന്യനും നമ്മെ ഉദ്ബോധിപ്പിച്ചത് . ശരിയായ ഒരു ഭക്തൻ തികഞ്ഞ ശാന്തത പുലർത്തണം , അന്യരുടെ അഭിപ്രായങ്ങൾ ഭക്തന്റെ ചിത്തത്തെ ഇളക്കിക്കൂടാ . സകല വിചാരണളും ആഘാതങ്ങളും സഹിച്ചുകൊണ്ട് ഈശ്വരനിൽ അഭയം തേടുക . അചഞ്ചലനായി സ്വന്തം വിശ്വാസത്തിൽ മുഴുകുക . നിങ്ങൾക്ക് ശാന്തി ലഭിക്കും



**********************************

No comments: