Friday, December 20, 2019

വിവേകചൂഡാമണി - 11
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

കർമ്മം കൊണ്ട് പരമപദത്തെ നേടാനാകില്ല

ശ്ലോകം 11

ചിത്തസ്യ  ശുദ്ധയേകര്‍മ്മ
ന തു വസ്തൂപ ലബ്ധയേ വസ്തുസിദ്ധിര്‍വിചാരേണ
ന കിഞ്ചിത് കര്‍മ്മ കോടിഭിഃ

ചിത്തശുദ്ധിയ്ക്ക് വേണ്ടിയാണ് എല്ലാ കര്‍മ്മങ്ങളും,  ആത്മവസ്തുവിനെ നേടാന്‍ അതുകൊണ്ടാവില്ല. വിവേക വിചാരം കൊണ്ട് മാത്രമേ ആത്മസാക്ഷാത്കാരം നേടാനാവൂ. കോടിക്കണക്കിന് കര്‍മ്മം ചെയ്യാതാലും അതിന് കഴിയില്ല.

കര്‍മ്മത്തെ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തിലെ ആദ്യഘട്ടത്തില്‍ വരുന്ന ആളുകള്‍ക്കാണ് വിധിച്ചിരിക്കുന്നത്. കര്‍മ്മത്തെ കര്‍മ്മയോഗമായി അനുഷ്ഠിച്ച് ഉള്ളം ശുദ്ധമാക്കലാണ് ആദ്യപടി. ചിത്തശുദ്ധിയെ നേടിയ ഒരാള്‍ക്ക് കര്‍മ്മമാര്‍ഗ്ഗത്തിലൂടെ ചരിക്കണം എന്നില്ല. ആത്മദര്‍ശനത്തിനായി പ്രയത്‌നിക്കുന്നയാള്‍ക്ക് ചിത്തശുദ്ധി നേടിയാല്‍ പിന്നെ കര്‍മ്മങ്ങളെ വെടിയാം.

കര്‍മ്മയോഗത്തിനും ഭക്തി യോഗത്തിനും ആത്മസാക്ഷാത്കാര പാതയുടെ തുടക്കത്തില്‍ നല്ലൊരു പങ്കുണ്ട്. പക്ഷേ ആത്മ വസ്തുവിനെ ലഭിക്കാൻ തത്വവിചാരം കൊണ്ട് മാത്രമേ സാധിക്കൂ.

കുട്ടികള്‍ ചെറിയ ക്ലാസ്സുകളില്‍ ഗുണന ക്രിയ മനപ്പാഠമാക്കാര്‍ 'പെരുക്കല്‍ പട്ടിക' ചൊല്ലി പഠിക്കുന്ന ശീലമുണ്ട്. എന്നാല്‍ അയാളുടെ കോളേജ് വിദ്യാഭ്യാസ കാലത്തോ ഉന്നത വിദ്യാഭ്യാസ സമയത്തോ അങ്ങനെ ചെയ്യുന്നത് പരിഹാസ്യമായിരിക്കും.

ആദ്ധ്യാത്മിക ജീവിതത്തിലെ ആദ്യകാലത്ത് വളരെ പ്രയോജനപ്പെടുന്ന കര്‍മ്മവും മറ്റും ഉയര്‍ന്ന തലത്തിലെത്തിയവര്‍ക്ക് വേണമെന്നില്ല. അവര്‍ ചെയ്യേണ്ടത് തത്വ വിചാരമാണ്.

നിഷ്‌കാമ കര്‍മ്മ അനുഷ്ഠാനത്തിലൂടെ അന്തഃകരണം ശുദ്ധമാകും. മനസ്സും ബുദ്ധിയും ശുദ്ധമായാല്‍ ധ്യാനവും ചിന്തനവും സുഗമമാകും. മനസ്സിന്റെ ഏകാഗ്രതയാണ് ചിത്തശുദ്ധി എന്നതിലൂടെ ഉദ്ദേശിക്കുന്നത്. ഉള്ളം ശുദ്ധമാകുംതോറും ഏകാഗ്രതയും വര്‍ധിക്കും.

കോടിക്കണക്കിന് കര്‍മ്മങ്ങളെ കൊണ്ടു പോലും ആത്മവസ്തുവിനെ ലഭിക്കില്ല. അത് മറ്റ് പലതിനേയും പോലെ കര്‍മ്മം കൊണ്ട് നേടിയെക്കാവുന്നതല്ല. താന്‍ തന്നെയാണ് ആ ആത്മതത്വം എന്നത് നിരന്തരമായ ആത്മവിചാരത്തിലൂടെ അനുഭവമായിത്തീരേണ്ടരാണ്. സാധാരണ കര്‍മ്മങ്ങള്‍ നമ്മളെ കര്‍മ്മത്തിന്റെ ബന്ധനത്തില്‍ കുടുക്കുന്നു. എന്നാല്‍ അതില്‍ നിന്ന് ഉയര്‍ന്ന് നിഷ്‌കാമ കര്‍മ്മം ചെയ്യുമ്പോള്‍ ഉള്ളം ശുദ്ധമാകും. എങ്കിലും സാധകരെ നേരിട്ട് ആത്മാനുഭൂതിയിലേക്ക് നയിക്കാന്‍ നിഷ്‌കാമ കര്‍മ്മങ്ങള്‍ക്ക് കഴിയില്ല. എന്നിരുന്നാലും ഓരോരുത്തരുടേയും അഹന്തയുടെ അപ്പുറം കടന്ന് പരമപദത്തിലേക്ക് കുതിക്കാന്‍ അത് സാധകനെ തയ്യാറാക്കും.

കര്‍മ്മം ചിത്തശുദ്ധിയെ നല്‍കി അതുവഴി ജ്ഞാനത്തിന് ബഹിരംഗ കാരണമായിത്തീരുന്നു. എന്നാല്‍ സാക്ഷാത്കാരണമായിത്തീരാന്‍ കര്‍മ്മത്തിനാകില്ല. സാക്ഷാത് കാരണം വിചാരമാണ്. മനസ്സ് നിരന്തരം ആത്മസ്വരൂപത്തില്‍ ഉറപ്പിച്ചാലേ ശരിയായ വിചാരം നടക്കുകയുള്ളൂ.

കര്‍മ്മങ്ങള്‍ എത്ര കേമമുള്ളതായാലും അവയുടെ ഫലമായിട്ടല്ല ആത്മാനുഭൂതിയുണ്ടാകുന്നതെന്ന് ആചാര്യ സ്വാമികള്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. കര്‍മ്മം കൊണ്ട് പരമപദത്തെ നേടാനാകില്ല എന്ന ഉപനിഷത്ത് പ്രഖ്യാപനം ഇതില്‍ കാണാം.

No comments: