Tuesday, December 31, 2019

ബ്രഹ്മചര്യമെന്ന അമൃത്

Monday 30 December 2019 4:00 am IST
കൗമാരക്കാരിലും യുവാക്കളിലും എന്നുവേണ്ട ഇന്നത്തെ സമൂഹത്തില്‍ വയോവൃദ്ധരില്‍നിന്നുപോലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ബ്രഹ്മചര്യം. മനുഷ്യജീവിതത്തില്‍ ബ്രഹ്മചര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുന്ന അഥര്‍വവേദത്തിലെ ബ്രഹ്മചര്യസൂക്തത്തില്‍നിന്നുള്ള ഒരു മന്ത്രമാണ് ഇന്ന് സ്വാധ്യായത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മന്ത്രം കാണുക:
ഓം ആചാര്യോ ബ്രഹ്മചാരീ, 
ബ്രഹ്മചാരീ പ്രജാപതിഃ.
പ്രജാപതിര്‌വിരാജതി വിരാഡിന്ദ്രോളഭവത് വശീ.
(അഥര്‍വവേദം 11.5.16)
അര്‍ഥം: (ആചാര്യഃ=) ആചാര്യന്‍ (ബ്രഹ്മചാരീഃ=) ബ്രഹ്മചാരിയാകണം. (പ്രജാപതിഃ=) പ്രജാപാലകനായ ഗൃഹസ്ഥന്‍ (ബ്രഹ്മചാരീഃ=) ബ്രഹ്മചാരിയാകണം. (പ്രജാപതിഃ=) പ്രജാപാലകനായ ഗൃഹസ്ഥന്‍, (വിരാജതി=) ബ്രഹ്മചര്യ തേജസ്സിനാല്‍ തേജസ്വിയായ വാനപ്രസ്ഥിയെ നിര്‍മിക്കുന്നു. (വിരാട്=) ബ്രഹ്മചര്യത്താല്‍ തേജസ്സുറ്റ വാനപ്രസ്ഥിയാണ് (വശീ ഇന്ദ്രഃ=) ബ്രഹ്മചര്യമാകുന്ന 'വശിത്വ'ത്താല്‍ യുക്തനായ സംന്യാസി (അഭവത്=) ആയിത്തീര്‍ന്നിരിക്കുന്നത്.
ജീവിതത്തിന്റെ നാല് സോപാനങ്ങളാണ് ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിവ. വ്രതങ്ങളില്‍ മുഖ്യമായ ബ്രഹ്മചര്യം വീര്യരക്ഷയാണ്. ബ്രഹ്മചര്യവ്രതം സര്‍വപ്രധാനമായി വരുന്ന ആശ്രമമമാണ് ബ്രഹ്മചര്യാശ്രമം. എന്നാല്‍ നാല് ആശ്രമത്തിലും വാസ്തവത്തില്‍ ബ്രഹ്മചര്യവ്രതം ആവശ്യം വേണ്ടതുതന്നെ. നാല് ആശ്രമങ്ങളിലും വ്രതാചരണവും വ്രതാഭ്യാസവും വേണം. ഓരോ ആശ്രമത്തിലും പ്രത്യേകം പ്രത്യേകം വ്രതങ്ങള്‍ നോറ്റ് നിഷ്ഠയോടെ ബ്രഹ്മചര്യം പാലിക്കണം.
ആചാര്യന്റെ ബ്രഹ്മചര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മന്ത്രം ആരംഭിക്കുന്നത്. ആചാര്യന്, കുലപതിക്ക് അത്യധികം കഠിനമായ മഹാകാര്യങ്ങള്‍ക്ക് ശക്തിയും സാമര്‍ഥ്യവും എങ്ങനെ കിട്ടുന്നു?  ബ്രഹ്മചര്യമാണ് ഈ ശക്തിയുടെയും മൂല സ്രോതസ്സ് ബ്രഹ്മചര്യം അനുഷ്ഠിച്ച് വ്രതങ്ങള്‍ പാലിച്ച് തപത്താല്‍ വീര്യത്തെ ശരീരത്തില്‍ പാകം ചെയ്ത് ഊര്‍ധ്വരേതസ്സാക്കി മാറ്റുന്നു. അതിലൂടെ ആചാര്യന്‍ ആചാര്യത്വശക്തി കൈവരിക്കുന്നു. 
ആചാര്യനിലൂടെ ശിഷ്യരും ബ്രഹ്മചാരികളായിത്തീരുന്നു. ബ്രഹ്മചാരിയായ ശിഷ്യനിലേ ഉത്തമമായ അറിവുകള്‍ ഉറയ്ക്കുകയുള്ളൂ. ബ്രഹ്മചര്യം വിദ്യാര്‍ഥികളുടെ ബുദ്ധിയെ തീക്ഷ്ണവും പവിത്രവുമാക്കിത്തീര്‍ക്കുന്നു. അവരുടെ സമയവും ചിന്തകളും ഊര്‍ജവും നല്ലവഴിക്ക് തിരിച്ചുവിടുന്നു. മാത്രമല്ല, ബ്രഹ്മചര്യകാലത്തെ വീര്യസംരക്ഷണമാണ് പിന്നീടുള്ള ആരോഗ്യത്തിനെയും ദീര്‍ഘായുസ്സിനെയും നിശ്ചയിക്കുന്നത്. 
ഗൃഹസ്ഥാശ്രമവും ബ്രഹ്മചര്യത്തില്‍ അധിഷ്ഠിതമാണ്. ഗൃഹസ്ഥനായ അഥവാ ഗൃഹസ്ഥയായ വ്യക്തി ഏകപത്‌നീപതീ വ്രതത്തിലൂടെ വീര്യ സംരക്ഷണം ചെയ്യണം. ഇതിനായി മനസ്സിനെ പാകപ്പെടുത്തണം. ഇതിനായുള്ള ചിന്തകള്‍ സദാ മനസ്സില്‍ ഉറപ്പിക്കണം. അനാവശ്യമായി വീര്യത്തെ ശോഷിപ്പിക്കരുത്. വീര്യത്തില്‍നിന്നാണ് സന്താനം ജനിക്കുന്നത്. ദീര്‍ഘകാലം വീര്യസംരക്ഷണം ചെയ്ത മാതാപിതാക്കളില്‍നിന്നും പിറക്കുന്ന സന്താനങ്ങള്‍ അത്രതന്നെ വീര്യവാന്മാരായിരിക്കും.
തുടര്‍ന്നുവരുന്ന വാനപ്രസ്ഥ, സംന്യാസ ആശ്രമങ്ങളിലാകാട്ടെ പൂര്‍ണമായും നൈഷ്ഠികമായും ബ്രഹ്മചര്യവ്രതം പാലിക്കേണ്ടതാണ്. ലോകം ശ്രേഷ്ഠരെന്ന് വാഴ്ത്തുന്നവരെല്ലാവരും ബ്രഹ്മചര്യം കൈമുതലായുള്ളവരായിരുന്നു. അഥവാ ബ്രഹ്മചര്യമാണ് ശ്രേഷ്ഠതയ്ക്ക് ആധാരം. ബ്രഹ്മചര്യം പാലിക്കാതെ ജീവിക്കുന്നവര്‍ വാസ്തവത്തില്‍ പൊന്‍മുട്ടയിടുന്ന താറാവിനെ കശാപ്പുചെയ്യുന്നവരാണ്. അവര്‍ അവസാനം ഒന്നും നേടാനാകാതെ അരങ്ങൊഴിയുന്ന നിര്‍ഭാഗ്യവാന്മാരായിത്തീരുന്നു. പിന്‍തിരിഞ്ഞുനോക്കുമ്പോള്‍ അവരില്‍ അല്പമെങ്കിലും തിരിച്ചറിവുള്ളവര്‍ ഇപ്രകാരം ചിന്തിക്കും:
ഭോഗാ ന ഭുക്താ വയമേവ ഭുക്താഃ
തപോ ന തപ്തം വയമേവ തപ്താഃ
കാലോ ന യാതോ വയമേവ യാതാഃ
തൃഷ്ണാ ന ജീര്‍ണാ വയമേവ ജീര്‍ണാഃ.(വൈരാഗ്യശതകം 7)
അര്‍ഥം: നാം ഭോഗങ്ങള്‍ അനുഭവിക്കുകയായിരുന്നില്ല, മറിച്ച് അവയാല്‍ സ്വയം ഭുജിക്കപ്പെടുകയായിരുന്നു. നാം തപസ്സു ചെയ്തില്ല, പകരം സ്വയം ദുഃഖത്താല്‍ തപിക്കപ്പെടുകയായിരുന്നു. കാലം കഴിഞ്ഞുപോയില്ല, നമ്മുടെ ജീവിതമാണ് കഴിഞ്ഞുപോയിരിക്കുന്നത്. ഉള്ളിലെ തൃഷ്ണകളാകട്ടെ ഇന്നും അശേഷം ജീര്‍ണിച്ചിട്ടില്ല, മറിച്ച് നാമാണ് സ്വയം ജീര്‍ണിതരായത്.
ഈ ശ്ലോകത്തിന്റെ അന്തരാര്‍ഥത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഏവരും ഇന്നുതന്നെ ബ്രഹ്മചര്യവ്രതത്തെ പൂര്‍വാധികം ശക്തിയോടെയും ശ്രദ്ധയോടെയും അനുഷ്ഠിച്ച് മുന്നേറേണ്ടതാണ്. 'മരണം ബിന്ദുപാതേന ജീവനം ബിന്ദുധാരണാത്'. ജീവിതത്തിന്റെ അമൃത് ബ്രഹ്മചര്യമാണ്. ബ്രഹ്മചര്യമില്ലാത്തത് മരണവും.

No comments: