Tuesday, December 31, 2019

തത്വസമീക്ഷ ചില പ്രധാനഹിന്ദു ദര്‍ശനങ്ങള്‍

Tuesday 31 December 2019 5:17 am IST
തത്വചിന്താപരവും പ്രമാണശാസ്ത്ര പരവും ആയ ചോദ്യങ്ങളോടു അന്നു പുലര്‍ത്തിയ പൊതുനിലപാടുകളെ നമുക്ക് ചുരുക്കത്തില്‍ മനസ്സിലാക്കാം. ആ. ഇ. ഋ ആറാം നൂറ്റാണ്ടു മുതല്‍ ഭാരതീയ തത്വചിന്തക്ക് ആക്കം കൂട്ടാന്‍ സഹായിച്ചത് ബൗദ്ധചിന്തകരായിരുന്നു എന്നു പല പണ്ഡിതന്മാരും കരുതുന്നു. അതുകൊണ്ട് ബൗദ്ധചിന്തകരുടെ നിലപാടുകളെ നമുക്ക് ആദ്യം പരിശോധിക്കാം. ബൗദ്ധമാര്‍ഗത്തിലെ ഒരു പ്രധാന
പിരിവാണ് സൗത്രാന്തികം എന്നു നാം കണ്ടു. ഒരു സൗത്രാന്തികബൗദ്ധദാര്‍ശനികന്റെ നിലപാട് ഇപ്രകാരമാണ്. തന്റെ  ആഗ്രഹങ്ങളുടെയും ലക്ഷ്യങ്ങളുടെയും നിറവേറലി (പുരുഷാര്‍ത്ഥം) ലായിരിക്കും ഏതൊരു വ്യക്തിയുടേയും ആകാംക്ഷ. അയാളുടെ എല്ലാ വ്യാപാരങ്ങളിലും ഇതു പ്രതിഫലിക്കും. അതുപക്ഷേ, ശരിയായ അറിവിനെ (സമ്യഗ്ജ്ഞാനം) ആശ്രയിച്ചിരിക്കുന്നു. ശരിയായ ്‌റിവാണല്ലോ അയാള്‍ (subject) ഇടപെടുന്ന വസ്തു (object) ക്കളുടെ ശരിയായ സ്ഥിതിയെക്കുറിച്ച് അയാലെ ബോധ്യപ്പെടുത്തുന്നത്. വസ്തുവിന്റെ നിജസ്ഥിതിയെ, യഥാര്‍ത്ഥഅവസ്ഥയെ ബോധ്യപ്പെടുത്തുന്നതാണല്ലോ ശരിയായ അറിവ് (right knowledge). വസ്തുക്കളെ പ്രകാശിപ്പിക്കുക, പ്രതിനിധാനം ചെയ്യുക എന്ന അര്‍ത്ഥത്തില്‍ പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള അറിവ് നമുക്കെല്ലാം ഉണ്ട് എന്നു വ്യക്തമാണല്ലോ. ഇക്കാര്യത്തെ സംബന്ധിച്ചുള്ള വിമര്‍ശനമോ പരിശോധനയോ ആവശ്യമില്ല. ഈ അറിവിനെക്കുറിച്ചുള്ള അന്വേഷണം, 
പിന്നീടുള്ള നമ്മുടെ അനുഭവത്തിനു യോജിക്കുന്നതാണോ ഇല്ലയോ (അനുഭവവിരുദ്ധം) എന്ന ഒത്തുനോക്കലില്‍ ഒതുങ്ങുന്നതാണ്. അതിനു കാരണം ഇതാണ് നമ്മുടെ പ്രവൃത്തികളെല്ലാം വസ്തുക്കളെക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ അടിസ്ഥാനത്തിലാണ്. 
പ്രവൃത്തികളിലൂടെയാണ് നാം നമ്മുടെ ലക്ഷ്യത്തെ സാക്ഷാല്‍കരിക്കുന്നത്. അനുഭവത്തിലുണ്ടാകേണ്ടതാണ് ഈ സാക്ഷാത്കാരം. ഒരു പ്രവൃത്തി ഇത്തരത്തില്‍ സാക്ഷാത്കാരസാധക (അര്‍ത്ഥപ്രാപകം) മാകണമെങ്കില്‍ ആ പ്രവുത്തിക്കു കാരണമായ അറിവ് ശരിയായ അറിവായേ തീരൂ. അതിനാല്‍ നാമേവരും നമ്മുടെ പ്രവൃത്തിക്കു പ്രേരകമായ അറിവ് ശരിയോ തെറ്റോ, ആ അറിവിനെ വിശ്വസിക്കാമോ എന്നു ആകുലരാണ്. അവിടെയാണ് പ്രമാണശാസ്ത്രത്തിന്റെ പ്രസക്തിയും. ഒരു അറിവ് ശരിയാണ് എന്നുറപ്പിക്കണമെങ്കില്‍ ആ അറിവു പ്രതിനിധാനം ചെയ്യുന്ന വസ്തു ബാഹ്യലോകത്ത് ആ പ്രതിനിധാനമനുസരിച്ചുള്ള  അനുഭവമേകുന്ന (സംവാദകത്വം) താകണം. വസ്തു ഉളവാക്കുന്ന അറിവേ ശരിയാകൂ കേവലം ഭാവനാജന്യമായത് ശരിയാകുകയില്ല.
'ഞാന്‍ മുമ്പ് കണ്ട പശുവാണിത്' എന്നു പറയുമ്പോള്‍ തവിട്ടു നിറവും  നാലു കാലും രണ്ടു കൊമ്പും മറ്റുമുള്ള ഒരു വസ്തുവിനെയാണ് പറയുന്ന ആള്‍ കാണുന്നത്. അല്ലാതെ ഇതു പശു ആണെന്നോ മുമ്പേ ഉള്ളതാണെന്നോ ഉള്ള കാര്യങ്ങള്‍ ആ കാഴ്ചയിലില്ല. കാണപ്പെട്ട വസ്തു ആ വക കാര്യങ്ങള്‍ കണ്‍മുന്നില്‍ സൃഷ്ടിക്കുന്നില്ല. എല്ലാം ക്ഷണികമായതിനാല്‍ ഞാനിപ്പോള്‍ കാണുന്ന വസ്തു ഏതെങ്കിലുമൊരു നിത്യമായ പേരു കൊണ്ട് ആരായേണ്ട പ്രശ്‌നവുമുദിക്കുന്നില്ല. ഇങ്ങനെ പേരും നിത്യത്വവും മറ്റും വസ്തുക്കളുമായി ബന്ധപ്പെടുന്നതിനെ കല്‍പനാ അഥവാ അഭിലാപം എന്നു പറയുന്നു. നമ്മുടെ അറിവിലെ ഇത്തരം അഭിലാപബന്ധം ഇല്ലാത്ത (കല്‍പനാപോഢം) ഭാഗമേ ശരിയായ അറിവാകൂ. മുമ്പേ ഉള്ളതാണ്, പശുവാണ് എന്നിങ്ങനെയുള്ള മേല്‍പ്പറഞ്ഞ അറിവിന്റെ ഭാഗങ്ങള്‍ വസ്തുപ്രത്യക്ഷം നല്‍കുന്നില്ല. അതുകൊണ്ടുതന്നെ ആ ഭാഗങ്ങള്‍ പ്രകടമായ ഭ്രാന്തിയാണ്. രൂപവുമായി ബന്ധപ്പെടാത്ത, നിര്‍വികല്‍പമായ, വസ്തുവിനെക്കുറിക്കുന്ന അറിവാണ് സത്യത്തില്‍ ഉണ്ടായത്. 
പ്രത്യക്ഷത്തിന്റെ ഫലമായി മനോവിജ്ഞാന (ചിന്ത) വും സുഖദു:ഖാത്മകമായ മാനസപ്രത്യക്ഷവും നിശ്ചിതമായി. ഒരു ക്ഷണത്തില്‍, പ്രത്യക്ഷം ജ്ഞാനത്തിന്റെ വിഷയം അഥവാ ഉള്ളടക്കം (ഗ്രാഹ്യം) ആയി വസ്തുവിനെ പ്രകാശിപ്പിക്കുന്നു. ആ വസ്തുജ്ഞാനം മറ്റൊരു ക്ഷണത്തില്‍ ബാഹ്യലോകത്ത് ഇതിനെ സാക്ഷാത്കരിക്കാവുന്നതാണ്, നേടാന്‍ കഴിയുന്നതാണ് എന്ന തരത്തിലുള്ള തോന്നലായി മാറുന്നു.

No comments: