Thursday, February 01, 2018

ത്വയി മയി ചാന്യത്രൈകോ വിഷ്ണു വ്യര്‍ഥം കുപ്യസി മയ്യസഹിഷ്ണു ഭവ സമചിത്ത സര്‍വത്ര ത്വംവാഞ്ഛസ്യചിരാദ് യദി വിഷ്ണുത്വം 24 നിന്നിലും എന്നിലും മറ്റെല്ലായിടത്തും ഒരേയൊരു വിഷ്ണുവാണുള്ളത്. അസഹിഷ്ണുവായിട്ട് നീ എന്നോട് വ്യര്‍ഥമായി കോപിക്കുന്നു. വിഷ്ണുത്വം വേഗം തന്നെ പ്രാപിക്കുവാന്‍ നീ ഇച്ഛിക്കുന്നുവെങ്കില്‍, എപ്പോഴും സമചിത്തനായി ഭവിക്കൂ. (ശ്ലോകരചന :-സുരേന്ദ്രന്‍) എല്ലാ ജീവജാലങ്ങളിലുമുള്ള ചൈതന്യം ഒന്നുതന്നെയാണെന്നു തിരിച്ചറിയുമ്പോള്‍ മറ്റൊരാളോട് കോപിക്കുന്നത് നമ്മോടുതന്നെ കോപിക്കുന്നതിന് തുല്യമാണെന്ന തോന്നലുണ്ടാകുന്നു. ഈ ചൈതന്യം വേറെയാണെന്നദ്വൈതം വെറും തോന്നലാണെന്ന ബോധ്യം വരുമ്പോള്‍ അതായത് ഞാനും അയാളും ഒന്നുതന്നെയെന്ന തോന്നലില്‍ അദ്വൈതഭാവം ഉണരുമ്പോള്‍ സന്തോഷവും, സന്താപവും, രാഗവും ദ്വേഷവുമെല്ലാം അസ്തമിക്കുന്നു. ആഗ്രഹങ്ങള്‍ സാധിക്കാതെ വരുമ്പോള്‍ വെറുപ്പുണ്ടാകുന്നു. അത് മനസ്സിനെ ചഞ്ചലവും കലുഷിതവുമാക്കുകയും ദുഃഖവും സുഖവും നമ്മെ മഥിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മനസ്സിനെ വാസനകള്‍ നീക്കി സമചിത്തതയോടെ വര്‍ത്തിക്കാന്‍ ശീലിപ്പിക്കുക. വളരെ ശ്രമകരവും എന്നാല്‍ കാലക്രമേണ ഫലം ലഭിക്കുന്നതുമായ ഒരു പ്രക്രിയയാണിത്. സമചിത്തത കൈവരിക്കലാണ് യോഗം - ഭജഗോവിന്ദം. ശത്രൗ മിത്രേ പുത്രേ ബന്ധൗ മാ കുരു യത്‌നം വിഗ്രഹസന്ധൗ സര്‍വസ്മിന്നപി പശ്യാത്മാനം സര്‍വത്രോത്സൃജ ഭേദജ്ഞാനം 25ശത്രുക്കളോടോ മിത്രങ്ങളോടോ പുത്രന്മാരോടോ ബന്ധുക്കളോടോ സന്ധിയുണ്ടാക്കുവാനോ കലഹിക്കുവാനോ യത്‌നിക്കേണ്ട. എല്ലാവരിലും തന്നെ തന്നെ കാണുക. ഭേദചിന്ത സര്‍വത്ര ഉപേക്ഷിക്കുകയും ചെയ്യുക. (ശ്ലോകരചന : മേധാതിഥി) മനോനിയന്ത്രണം, സമചിത്തത എന്നിവ ശിഷ്യനു വ്യക്തമാക്കാന്‍ ഈ ശ്ലോകം മറ്റൊരു കോണിലൂടെ അതിനെ വിവരിക്കുന്നു. ശത്രു-മിത്രം, പുത്രന്‍- ബന്ധു ഇവയെല്ലാം നമ്മുടെ തോന്നലുകളാണ്. അവയിലെല്ലാം ഒരേതരത്തിലുള്ള ചൈതന്യമാണ് കുടികൊള്ളുന്നതെങ്കില്‍ ശത്രു-മിത്രം-ബന്ധു ഭേദം ഉപേക്ഷിക്കാമല്ലോ? ആരോടെങ്കിലും ശത്രുത തോന്നിയാല്‍ മനസ്സും ശരീരവും ബുദ്ധിയും അയാള്‍ക്കെതിരെ തിരിയുന്നു. മിത്ര-പുത്ര-ബന്ധുക്കളോടുള്ള മമത അഥവാ സ്‌നേഹം എന്റേത് എന്ന തോന്നലുളവാക്കുന്നു. യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാനും മനസ്സിന്റെ സമചിത്തത പാലിക്കാനുമായാല്‍ ശത്രുവില്ല മിത്രമില്ല. ഈ അവസ്ഥയിലെത്തുമ്പോള്‍ നമ്മെ കേവലവികാരങ്ങള്‍ അത്ര കണ്ട് ബാധിക്കുന്നില്ല. ഭഗവാനിലേക്കെത്താനുള്ള ആദ്യ പാഠം സമചിത്തതയാണെന്ന തിരിച്ചറിവോടെ ശ്രമം തുടരുക - ഭജഗോവിന്ദം

No comments: