Sunday, February 18, 2018

മാണ്ഡൂക്യോപനിഷത്ത്-3
ഓങ്കാരമായി മുമ്പു പറഞ്ഞതെല്ലാം ബ്രഹ്മാണെന്ന് ഉറപ്പിക്കുന്നു അടുത്ത മന്ത്രത്തില്‍
സര്‍വ്വം ഹേതദ് ബ്രഹ്മ, അയമാത്മ ബ്രഹ്മ, സോയമാത്മാ ചതുഷ്പാത്
ഇതെല്ലാം ബ്രഹ്മം തന്നെയാകുന്നു ഈ ആത്മാവ് ബ്രഹ്മമാകുന്നു. അങ്ങനെയുള്ള ഈ ആത്മാവ് നാലുപാദങ്ങളോടുകൂടിയതാകുന്നു. നേരത്തെ ഓങ്കാരമായി പറഞ്ഞതൊക്കെ ബ്രഹ്മം തന്നെയാണ്. ഇക്കാണുന്നതെല്ലാം ഭൂതവും വര്‍ത്തമാനവും ഭാവിയും മൂന്നുകാലത്തെ മറികടന്നതുമൊക്കെ ബ്രഹ്മമാണ്. ആത്മാവ് എന്നു പറയുന്നത് ഈ ബ്രഹ്മം തന്നെ. ഓങ്കാരംകൊണ്ട് പറഞ്ഞ പരരൂപത്തിലും അപരരൂപത്തിലുള്ളതൊക്കെ ബ്രഹ്മം അഥവാ ആത്മാവാണ്. അതിന്  നാല് പാദങ്ങള്‍ ഉണ്ട്.
ബ്രഹ്മത്തിനെ നേരിട്ട് പറയാന്‍ സാധിക്കാത്തതിനാല്‍ മറ്റ് തരത്തില്‍ വിവരിച്ച് ബ്രഹ്മത്തെപ്പറ്റിയുള്ള അറിവുണ്ടാകളാണ് ഇവിടെ ചെയ്യുന്നത്. പ്രപഞ്ചലക്ഷണത്തിലൂടെ ബ്രഹ്മലക്ഷണത്തിലേക്ക് എത്തിക്കുകയാണ്. ബ്രഹ്മം തന്നെ പ്രപഞ്ചമായി വിളങ്ങുന്നത്. അതിലെ ഓരോ ജീവിയുടെയും അന്തരാത്മാവായി കുടികൊള്ളുന്നതും ബ്രഹ്മമാണ്. ബ്രഹ്മവും ആത്മാവും വേറെയല്ല. കാണപ്പെടുന്നതായും (ദൃശ്യം) കാണുന്നവനായും (ദൃക്ക്) ഇരിക്കുന്നത് ഒന്നുതന്നെ. എല്ലാറ്റിനേയും പ്രലോഭിപ്പിച്ച് എന്നാല്‍ സാക്ഷിയായിരിക്കുന്നതാണ് ആത്മാവ്. ഹൃദയാകാശത്തിലാണ് അതിന്റെ ഇരിപ്പ്.
'അയം ആത്മബ്രഹ്മ' എന്ന മഹാവാക്യം ഈ മന്ത്രത്തിലാണ് വരുന്നത്. ഈ ആത്മാവ് ബ്രഹ്മമാകുന്നു എന്നര്‍ത്ഥമുള്ള ഈ മഹാവാക്യം അനുസന്ധാന വാക്യമായാണ് ആചാര്യന്മാര്‍ പരിഗണിക്കുന്നു. ആത്മാവ് ബ്രഹ്മമാണെന്ന് നന്നായി മനനം ചെയ്യണം.
ആത്മാവിന് നാല് പാദങ്ങള്‍ ഉണ്ട് എന്നുപറയുമ്പോള്‍ പശുവിനോ മറ്റോ നാല് കാലുകള്‍ ഉള്ളതുപോലെ അല്ല. ഒരു രൂപയെ നാലാക്കി വിഭജിച്ചാല്‍ കാല്‍രൂപയാകുന്നതുപോലെ. (കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാല്‍രൂപയും കാലണയുമൊക്കെ ഉണ്ടായിരുന്നതുപോലെയാണ്.) അല്ലെങ്കില്‍ ഒരു ശ്ലോകത്തിലെ നാല് വരികളില്‍ ഓരോന്നിനേയും ഓരോ പാദം എന്ന് പറയുംപോലെയാണ്. ആത്മാവിന് നാല് ഭാഗങ്ങള്‍ അഥവാ അംശങ്ങള്‍ ഉണ്ട് എന്നറിയണം. വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍, തുരീയന്‍ എന്നീ നാല് ഭാവങ്ങള്‍ ഇനി പറയും. ബ്രഹ്മത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്നതിനാല്‍ 'പദ്യതേ അനേന ഇതി പാദഃ' എന്ന് ആദ്യ മൂന്ന് കാലുകളേയും പറയാം. നാലാമത്തേതിന് 'പദ്യതേ ജ്ഞായതേ ഇതി പാദഃ' എന്ന് പറയുകയാകും നല്ലത്. പദിക്കുന്നതുകൊണ്ട് അഥവാ ഗമിക്കുന്നതുകൊണ്ട് പാദമെന്ന് ആദ്യത്തെ മൂന്നിലും പ്രാപിക്കുന്നതുകൊണ്ട്, അറിയിക്കുന്നതുകൊണ്ട് പാദമെന്ന് നാലാമത്തേതിലും അര്‍ത്ഥം മനസ്സിലാക്കണം. ഇതിനെ വിശദമായി മാണ്ഡൂക്യ ഉപനിഷത്തില്‍ വിവരിക്കുന്നുണ്ട്.
നാലു പാദങ്ങളെ വിശദമാക്കുകയാണ് ഇനി. ആദ്യം ഒന്നാം പാദത്തെപ്പറ്റി പറയുന്നു.
ജാഗരിതസ്ഥാനോ ബഹിഃ പ്രജ്ഞഃ സപ്താംഗ
ഏകേനവിംശതിമുഖഃ സ്ഥൂലഭുഗ് വൈശ്വാനരഃ
പ്രഥമ: പാദഃ
ജാഗ്രത്താകുന്ന സ്ഥാനത്തോടുകൂടിയവനും ബാഹ്യവിഷയങ്ങളില്‍ പ്രജ്ഞ യുള്ളവനും ഏഴ് അംഗങ്ങളുള്ളവനും 19 മുഖങ്ങളുള്ളവനും സ്ഥൂലങ്ങളായ വിഷയങ്ങളെ ഭുജിക്കുന്നവനും ആയ വൈശ്വാനരന്‍ ഒന്നാമത്തെ പാദമാകുന്നു.
ഓരോന്നിലും (വ്യഷ്ടി) എല്ലാറ്റിലും (സമഷ്ടി) വിളക്കുന്ന ആത്മാവിന്റെ ആദ്യത്തെപാദം അഥവാ ഭാവമാണ് വൈശ്വാനരന്‍. ഈ ലോകത്തെ എല്ലാ ജീവന്മാരേയും പലവിധത്തില്‍ നയിക്കുന്നതിനാലും അല്ലെങ്കില്‍ എല്ലാ ജീവന്മാരായിരിക്കുന്നതിനാലുമാണ് ആത്മാവിന്റെ ഈ പദത്തെ വൈശ്വാനരന്‍ എന്നുവിളിക്കുന്നത്. ഉണര്‍ന്നിരിക്കുന്നതായ ജാഗ്രദ് അവസ്ഥയില്‍ തന്നില്‍നിന്ന് അന്യമായ ബാഹ്യവിഷയങ്ങളില്‍ ശ്രദ്ധയോടുകൂടിയിരിക്കുകയും സ്ഥൂലങ്ങളായ പ്രപഞ്ച വിഷയങ്ങളെ അനുഭവിക്കുകയും ചെയ്യുന്നതിനാലാണ് വൈശ്വാനരന്‍ എന്നു പറയുന്നത്. വൈശ്വാനരന് ഏഴ് അംഗങ്ങളുണ്ട്. ദ്യുലോകം മൂര്‍ദ്ധാവ്, സൂര്യന്‍ കണ്ണ്, വായു പ്രാണന്‍, ആകാശം ശരീത്തിന്റെ മധ്യഭാഗം, ജലം മൂത്രസ്ഥാനം, പൃഥിവി പാദങ്ങള്‍, ആഹവനീയാഗ്നി മുഖം എന്നിങ്ങനെയാണ് ഏഴ് അവയവങ്ങള്‍.
ബാഹ്യവിഷയങ്ങളെ അറിയുവാന്‍ 19 ഉപാധികള്‍ വേണ്ടതിനാല്‍ 19 മുഖങ്ങളുള്ളവന്‍. അഞ്ച് ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ച് കര്‍മ്മേന്ദ്രിയങ്ങള്‍, അഞ്ച് പ്രാണന്മാര്‍, മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നിങ്ങനെയാണ് 19 എണ്ണം. 7 അംഗങ്ങള്‍ എന്ന് പറഞ്ഞത് സമഷ്ടിഭാവത്തിലുള്ള വിരാട് രൂപിയായ ആത്മാവിന്റെയും 19 മുഖങ്ങള്‍ വ്യഷ്ടിരൂപത്തിലുള്ള ആത്മാവിന്റേയുമാണ്. മുഖങ്ങള്‍ എന്ന് പറയാന്‍ കാരണം മുഖങ്ങളെപ്പോലെ അറിവിനുള്ള ദ്വാരങ്ങളായതുകൊണ്ടാണ്. ഈ ദ്വാരങ്ങള്‍ വഴിയാണ് വൈശ്വാനരന്‍ ശബ്ദം മുതലായ സ്ഥൂലവിഷയങ്ങളെ അനുഭവിക്കുന്നത്. അടുത്ത പാദമായ സ്വപ്നാവസ്ഥയെ പ്രാപിക്കുന്നത് ജാഗ്രത്തിലൂടെ ആയതിനാലാണ് ഇതിനെ ഒന്നാം പാദം എന്ന് പറഞ്ഞത്.
janmabhumi

No comments: