Thursday, February 15, 2018

ഒരേ മിത്തിനു തന്നെ പല പ്രകാര (വേര്‍ഷന്‍) ങ്ങളും കണ്ടുവരുന്നു. പറഞ്ഞുപറഞ്ഞ് പലതരത്തില്‍ ആകുന്നതാണ് ഈ ആഖ്യാന ഭേദങ്ങള്‍ക്കു കാരണം. മേല്‍പ്പറഞ്ഞ മിത്തിന്റെ തന്നെ മറ്റൊരു ആഖ്യാനത്തില്‍ മൊയ്‌നീ ആദ്യം പര്‍ലെവര്‍ എന്ന ഒരു മനുഷ്യനെ മാത്രം ആകാശത്തുവെച്ച് സൃഷ്ടിച്ചു. ഇയാള്‍ക്കാണ് മടക്കാനാവാത്ത മുട്ടുകളും കംഗാരുവാലും നല്‍കിയത്. ഡ്രോമെര്‍ഡീനര്‍ രക്ഷകനായി വന്ന് മടങ്ങുന്ന മുട്ടുകള്‍ നല്‍കി. വാലു മുറിച്ച് മുറിപ്പാടില്‍ ഗ്രീസു പുരട്ടിക്കൊടുക്കുകയും ചെയ്തു. ഈ പര്‍ലെവര്‍ പിന്നീട് ആകാശപാത (ക്ഷീരപഥം) യിലൂടെ നടന്ന് ടാസ്‌മേനിയയിലെത്തി ഗോത്രം സ്ഥാപിച്ചു.
മധ്യപൂര്‍വദേശത്തെ ഹെബ്രൂഗോത്രക്കാര്‍ക്ക് ഒരൊറ്റ ദൈവമേയുള്ളു. എതിര്‍ ഗോത്രക്കാരുടെ ദൈവങ്ങളേക്കാളെല്ലാം ശക്തനായി അവര്‍ ഈ ദൈവത്തെ കണ്ടിരുന്നു. ഈ ദൈവത്തിനു പലപേരുകളുണ്ടായിരുന്നെങ്കിലും പുറത്തുപറയാന്‍ പാടില്ലായിരുന്നു. ആ ദൈവം പൊടിമണ്ണില്‍ നിന്നും ആദ്യമനുഷ്യനെ സൃഷ്ടിച്ചു. അയാളെ ആദം (മനുഷ്യന്‍ എന്നര്‍ത്ഥം) എന്നു വിളിച്ചു. ദൈവം ബോധപൂര്‍വം അയാളെ തന്നെപ്പോലെ തന്നെയാണ് ഉണ്ടാക്കിയത്. ചരിത്രത്തില്‍ കാണപ്പെടുന്ന മിക്ക ദൈവങ്ങളും പുരുഷ രൂപികളായിരുന്നു. ചില സ്ത്രീദൈവങ്ങളും ഇല്ലാതില്ല. പൊതുവേ ഈ ദൈവങ്ങള്‍ക്ക് ഭീമാകാരവും അമാനുഷശക്തികളും ഉണ്ടായിരുന്നു.
 ദൈവം ഈ ആദത്തെ മനോഹരമായ ഏദന്‍തോട്ടത്തില്‍ പാര്‍പ്പിച്ചു. അവിടെ ധാരാളം ഫലവൃക്ഷങ്ങളുണ്ടായിരുന്നു. അവയില്‍ നന്മ തിന്മകളെക്കുറിച്ചറിവു തരുന്ന ഒരു ജ്ഞാനവൃക്ഷവും പെടും. ഈ വിശിഷ്ട വൃക്ഷത്തിന്റെ പഴങ്ങള്‍ മാത്രം തിന്നരുതെന്ന് ദൈവം ആദത്തിന് കര്‍ശനനിര്‍ദ്ദേശവും നല്‍കി.
    അപ്പോള്‍ ആദം ഏകാകിയാണല്ലോ, കൂട്ടിന് ആരെയെങ്കിലും കൊടുക്കണം എന്നു ദൈവത്തിനു തോന്നി. ഇവിടെയും മേല്‍പ്പറഞ്ഞതുപോലെ രണ്ടു ആഖ്യാനങ്ങള്‍ കാണുന്നു. രണ്ടും ബൈബിളിലെ ജെനസിസില്‍ കാണപ്പെടുന്നു. കൂടുതല്‍ നിറമാര്‍ന്ന ആഖ്യാനമനുസരിച്ച് ദൈവം ആ തോട്ടത്തിലെ എല്ലാ മൃഗങ്ങളേയും ആദത്തിന്റെ സഹായികളായി നിശ്ചയിച്ചു. എങ്കിലും എന്തോ ഒരു കുറവ് ഉണ്ടെന്നു ദൈവത്തിനു തോന്നി. അത് ഒരു സ്ത്രീയായിരുന്നു. ആദത്തിന്റെ ഒരു വാരിയെല്ലില്‍ നിന്നും സ്ത്രീയെ സൃഷ്ടിച്ച് ഈവ് എന്നു പേരിട്ട് ആദമിനു ഭാര്യയായി നല്‍കി.
നിര്‍ഭാഗ്യവശാല്‍, ആ തോട്ടത്തില്‍ ഉണ്ടായിരുന്ന ദുഷ്ടനായ ഒരു പാമ്പ് ഈവിനെ സ്വാധീനിച്ചു. ആദത്തിന് ആ വിലക്കപ്പെട്ട കനി കൊടുക്കാന്‍ പ്രേരിപ്പിച്ചു. ആദവും ഈവും ആ പഴം കഴിച്ചു. അതോടെ അവര്‍ നഗ്നരാണെന്ന അറിവ് അവരിലുണ്ടായി. ലജ്ജ തോന്നിയ അവര്‍ ഇലകള്‍ കൊണ്ട് നഗ്നത മറച്ചു. ദൈവം ഇതെല്ലാം കണ്ട് ക്ഷോഭിച്ചു. അവരെ രണ്ടുപേരെയും തോട്ടത്തില്‍ നിന്നും പുറത്താക്കി. വേദനയും കഷ്ടപ്പാടും നിറഞ്ഞ ഒരു ജീവിതം ഇവരും സന്തതി പരമ്പരയും നയിക്കട്ടെ എന്നു ശപിക്കുകയും ചെയ്തു. ഇന്നും പലരും ഈ ആദിപാപത്തെക്കുറിച്ച് ഓര്‍ത്ത് ദു:ഖിക്കുന്നു.
മറ്റൊരു ഉല്‍പ്പത്തി മിത്ത് നോക്കാം. വൈക്കിങ്ങ് കടല്‍ സഞ്ചാരികളെന്നു പുകഴ്‌പെറ്റ സ്‌കാന്ഡിനേവിയയിലെ നോര്‍സ് ജനതയ്ക്ക് ഗ്രീക്കുകാരെയും റോമാക്കാരെയും പോലെ നിരവധി ദൈവങ്ങളുണ്ടായിരുന്നു. അവരുടെ പ്രധാന ദൈവം ഒഡിന്‍ (വൊടാന്‍, വൊഡന്‍ - ഇതില്‍ നിന്നാണത്രെ വെനസ്‌ഡേ ഉണ്ടായത്. തേസ്‌ഡേ ഉണ്ടായത് തോര്‍ എന്ന മറ്റൊരു നോര്‍സ് ദൈവത്തില്‍ നിന്നാണ്. ഇടിമുഴക്കത്തിന്റെ ദേവതയാണ് ഇദ്ദേഹം. ഇടി അദ്ദേഹത്തിന്റെ ചുറ്റികാപ്രയോഗമാണ്.)
ഒഡിന്‍ ഒരു ദിവസം തന്റെ സഹോദരന്മാരുമൊത്ത് കടല്‍ത്തീരത്ത് ഉലാത്തുകയായിരുന്നു. ഈ സഹോദരങ്ങളും ദൈവങ്ങളായിരുന്നു. ഇവര്‍ അങ്ങനെ നടക്കുമ്പോള്‍ രണ്ടു മരത്തടികള്‍ കിടക്കുന്നതു കണ്ടു. ഇവയിലൊന്നിന് അവര്‍ ഒരു പുരുഷരൂപം കൊടുത്തു. ആ ആദ്യ മനുഷ്യന് ആസ്‌ക് എന്നു പേരിട്ടു. മറ്റേ തടിയില്‍ നിന്നും എംബ്ലാ എന്ന സ്ത്രീ രൂപത്തേയും സൃഷ്ടിച്ചു. ഇവയ്ക്കു രണ്ടിനും ജീവന്‍, ബോധം, മുഖം, സംസാരശേഷി എന്നിവയും നല്‍കി.

No comments: