Monday, February 12, 2018

ദേഹാഭിമാനത്തിലൂന്നിയ 'ഞാന്‍-എന്റെ' എന്ന വിഭ്രാന്തിയില്‍ നിന്നുണര്‍ന്ന്, തന്നിലെ താനായി, 'നിജഹൃദയസ്ഥംദേവ' നായി വിളങ്ങുന്ന ഭഗവാനില്‍ സമര്‍പ്പിതാചാരനായി, തദേകശരണനായി, തദ്ഗത പ്രാണനായി ജീവിച്ച്, ശിവപദം പ്രാപിക്കാനുള്ള ആത്മീയ സാധനയാണ് ശിവരാത്രി വ്രതാചാരണമെന്ന് ചുരുക്കിപ്പറയാം.
ചന്ദ്രോദ്ഭാസിത ശേഖരേ സ്മരഹരേ ഗംഗാധരേ ശങ്കരേ
സര്‍പ്പൈര്‍ഭൂഷിത കണ്ഠകര്‍ണ്ണ വിവരേ നേത്രോത്ഥവൈശ്വാനരേ
ദന്തിത്വക്കൃതസുന്ദരാംബരധരേ ത്രൈലോക്യസാരേ ഹരേ
മോക്ഷാര്‍ത്ഥം കുരു ചിത്തവൃത്തിമഖിലാം അനൈ്യസ്തു കിം കര്‍മ്മഭിഃ
ഹിന്ദുക്കള്‍ക്ക് അനേകം പുണ്യതിഥികളുണ്ട്. രാമനവമി, കൃഷ്ണാഷ്ടമി, വിനായക ചതുര്‍ത്ഥി, ശിവരാത്രി, ഗുരുപൂര്‍ണ്ണിമ എന്നിങ്ങനെ. കൂടാതെ, ചാതുര്‍മാസ്യം, മണ്ഡലകാലം, രാമായണ മാസം, നവരാത്രി തുടങ്ങിയ പുണ്യകാലങ്ങളുമുണ്ട്. ഇത്രയധികം പുണ്യദിനങ്ങള്‍ എന്തിനുവേണ്ടിയാണ് എന്നാണെങ്കില്‍, 'ഈശ്വരഭജനത്തിനുവേണ്ടി', എന്നുമാത്രമേ പറഞ്ഞുകൂടൂ. അതാവട്ടെ, ഒരു ' ഒഴിവുകാല വിനോദ'മല്ല, 'സര്‍വ്വദാ, സര്‍വ്വകാലേഷു, സര്‍വ്വത്ര' നടത്തപ്പെടേണ്ട മനുഷ്യധര്‍മ്മവുമാണ്. എന്നാല്‍, പകല്‍ മുഴുവനും, ജീവിതകാലമത്രയും (ആസുപ്‌തേരാമൃതേഃ കാലം), ഗാര്‍ഹികകാര്യങ്ങളില്‍ വ്യാപൃതരായിക്കഴിഞ്ഞുകൂടുന്ന നമുക്ക്, അതിന് കഴിയാത്തതുകൊണ്ട് എത്രയുമധികം ഭജിക്കാമോ അത്രയുമാവട്ടെ എന്നു കരുതിയാണ് അനേകം പുണ്യതിഥികള്‍ക്ക് നമ്മുടെ ജീവിതത്തില്‍ സ്ഥാനം നല്‍കിയിട്ടുള്ളത്.
എന്നാണ് ശിവരാത്രി, മംഗളകരമായതും, ദുഃഖമില്ലാത്ത, ആനന്ദം നിറഞ്ഞതുമായ കാലം? എപ്പോഴാണോ വിഷയസുഖം പൊള്ളയാണെന്നും ഈശ്വരാനന്ദമാണ് ശരിയായ തൃപ്തിയും സുഖവും തരുന്നത് എന്ന ബോധമുണര്‍ന്ന് ശക്തി പ്രാപിക്കുന്നത്, ആ സമയം ശിവരാത്രിയുടെ ആരംഭം കുറിക്കുന്നുവെന്നു പറയാം. പുരാണകഥകളേയും ഐതിഹ്യങ്ങളേയും ആധാരമാക്കിയാണെങ്കില്‍, പാലാഴി മഥനസമയത്ത് കാളകൂടവിഷാഗ്നിയില്‍നിന്ന് ദേവാസുരന്മാരേയും ത്രിലോകങ്ങളേയും രക്ഷിച്ച ദിവസത്തെയാണ് ശിവരാത്രിയായി നാം ആഘോഷിക്കുന്നത്. (കാളകൂടം ഭക്ഷിച്ച ശിവന്‍ ലോകമംഗളത്തിനുവേണ്ടി നീലകണ്ഠനായിയെന്നത്, പരഹിതത്തിനുവേണ്ടി ത്യാഗസേവനങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ വന്നുചേരുന്ന വൈരൂപ്യം ഒരലങ്കാരമായിത്തീരുമെന്നതിനെയാണ്  കാണിക്കുന്നത്). ദേവാസുര ശ്രേഷ്ഠന്മാര്‍ ഒരേ ഭക്തിഭാവത്തോടെ നാനാസ്‌തോത്രങ്ങള്‍ക്കൊണ്ട് ശിവനെ സ്തുതിച്ച് പ്രസന്നനാക്കിയ സന്ദര്‍ഭത്തെയാണ് നാം ശിവരാത്രിയായി ആഘോഷിക്കുന്നത്. നാമസങ്കീര്‍ത്തനം, പൂജ തുടങ്ങിയവയോടുകൂടി ശിവനെ അന്നേദിവസം ആരാധിക്കുന്നു.
ശിവന്‍ 'ആശുതോഷന്‍,' അല്‍പമാത്ര തപസ്സുകൊണ്ടോ വ്രതാനുഷ്ഠാനംകൊണ്ടോ സന്തോഷിക്കുന്നവന്‍, എന്നര്‍ത്ഥം വരുന്ന ഒരു പേരുണ്ട്. താന്‍ അനുഷ്ഠിച്ചത് ശിവരാത്രി വ്രതമായിരുന്നു എന്നു പോലും അറിയാതെ അതനുഷ്ഠിച്ച ഒരു വനവേടനെ ശിവ ദര്‍ശനം നല്‍കി അനുഗ്രഹിച്ച കഥ ഇതിനെ ഉദാഹരിക്കുന്നു. പകല്‍മുഴുവന്‍ വേട്ടയാടിയിട്ടും ഒരു മൃഗത്തേയും കിട്ടാതെ പട്ടിണികിടക്കേണ്ടിവന്ന ഒരു വേടന് രാത്രിയായിട്ടും വീട്ടിലേക്ക് മടങ്ങിയെത്താന്‍ പറ്റിയില്ല. ഘോരമൃഗങ്ങളെ പേടിച്ച് അന്നു രാത്രി ആ വേടന്‍ കഴിച്ചുകൂട്ടിയത് വലിയൊരു മരത്തിന്റെ മുകളിലാണ്. ഉറക്കംകൊണ്ട് താഴെ വീഴാതിരിക്കാനായി അയാള്‍ കണ്ടുപിടിച്ച ഉപായം മരത്തിലെ ഇലകള്‍ നുള്ളി താഴേക്ക് ഇടുക എന്നതായിരുന്നു. പിറ്റേന്ന് പ്രഭാതത്തില്‍ ആ വേടന് കാണാന്‍ കഴിഞ്ഞത് ഉദയസൂര്യനെയല്ല, സൂര്യതുല്യം പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന തന്റെ കുലദേവതയായ കിരാതമൂര്‍ത്തിയെ, ശിവനെയാണ്!
പ്രാകൃതഭക്തനായിരുന്ന ആ വേടന് ശിവദര്‍ശനം  ലഭിക്കാന്‍ തക്ക എന്തുയോഗ്യതയാണുണ്ടായിരുന്നത്? തനിക്ക് ജലപാനംപോലും ലഭിക്കാതെ നിരാഹാരവ്രതം അനുഷ്ഠിക്കേണ്ടിവന്ന ദിവസം ശിവരാത്രിയാണെന്നോ, രാത്രി ക്രൂരമൃഗങ്ങളെപ്പേടിച്ച്  രക്ഷ തേടിയത് കൂവളമരത്തിലായിരുന്നെന്നോ, താഴേക്ക് നുള്ളിയിട്ട ഇലകള്‍ ചെന്നുവീണത് മരച്ചുവട്ടിലുണ്ടായിരുന്ന ശിവലിംഗത്തിന്മേലായിരുന്നുവെന്നോ ആ പാവത്തിന് അറിയില്ലായിരുന്നു. എങ്കിലും, അയാള്‍ അനുഷ്ഠിച്ചത് ശിവ(രാത്രി) ഭജനമായിരുന്നു. വസ്തുശക്തി എന്നൊന്നുണ്ട്; അറിഞ്ഞോ അറിയാതെയോ തീയില്‍ തൊട്ടാല്‍ പൊള്ളുകതന്നെ ചെയ്യും, മരുന്നുകഴിച്ചാല്‍ രോഗശാന്തി ഉണ്ടാവുമെന്നതും തീര്‍ച്ചയാണല്ലോ. ശിവഭജനം വിധിപൂര്‍വ്വകമായില്ലല്ലോ എന്ന പ്രശ്‌നത്തിന് ആശുതോഷന്‍ ഇവിടെ ഒരു പ്രസക്തിയും കണ്ടില്ല എന്നു കരുതണം. കൂടാതെ, കാരുണ്യത്തിന് കണക്കുവയ്ക്കുക എന്നത് ഭക്തവത്സലനായ ഭഗവാന്റെ ശീലവുമല്ല.
വേടന്റെ കഥയിരിക്കട്ടെ, ബോധപൂര്‍വം, യഥാവിധി ശിവരാത്രിഭജനം നമുക്ക് നടത്താമെങ്കില്‍, വേടനെന്നപോലെ നമുക്കും ശിവന്റെ അനുഗ്രഹത്തിന് പാത്രമാവാമെന്നാണ് ഇതില്‍ നിന്ന് നമുക്ക് ഗ്രഹിക്കാനുള്ള ഗുണപാഠം. ശരീരപോഷണത്തിനും ഇന്ദ്രിയപ്രീതിക്കും അമിതപ്രാധാന്യം നല്‍കിയാണ്  മിക്കവരും ഇവിടെ ജീവിക്കുന്നത്; അതായത്, രജസ്തമോ ഗുണങ്ങളുടെ സ്വാധീനത്തില്‍ ഉണ്ടും ഉറങ്ങിയും ജീവിക്കുന്നുവെന്നു താല്‍പ്പര്യം. ഇവയ്ക്കുമേല്‍ ആധിപത്യം നേടി, ഭക്ഷണവുമുപേക്ഷിച്ച്, ശ്രദ്ധാഭക്തികളോടെ നാമജപം, സങ്കീര്‍ത്തനം, പൂജ, ധ്യാനം എന്നിവയോടെ ശിവഭജനം നടത്തുകയെന്നാല്‍ അതിനര്‍ത്ഥം നാം ഗുണാതീതാവസ്ഥയിലേക്കുള്ള ആദ്യപടിയായി സത്വഗുണ പ്രധാനികളായി മാറിയിരിക്കുന്നുവെന്നാണ്. ആ അവസ്ഥയില്‍ നാം ശിവന്റെ പ്രസാദം ലഭിച്ച് സംസാരദുഃഖത്തില്‍നിന്ന് കരകയറുമെന്ന കാര്യത്തില്‍ അല്‍പ്പംപോലും സംശയിക്കാനുണ്ടോ? ശിവരാത്രി ഭജനത്തിന്റെ താല്‍പ്പര്യമിതാണ്.
വിദ്യാദേവതയായ സരസ്വതീദേവിക്കോ ശ്രുതിവാക്യങ്ങള്‍ക്കോ ശിവമാഹാത്മ്യം മുഴുവനായും വര്‍ണ്ണിക്കാനാവില്ല, 'തദപി തവ ഗുണാനാമീശ പാരം നയാതി'. ശിവന്‍ മംഗളസ്വരൂപനാണ്, ശിവഭജനം ഭക്തന്മാര്‍ക്ക് പരമമംഗളത്തെ നല്‍കുകയും ചെയ്യുന്നു. എന്നാല്‍ കാഴ്ചയില്‍ 'അമംഗല്യം ശീലം തവ' എന്നേ തോന്നൂ. അവിടുത്തെ വിഹാരം ശ്മശാനത്തിലാണ്, കൂട്ടുകാര്‍ പിശാചുക്കള്‍, ഭൂതങ്ങള്‍, ദേഹം മുഴുവന്‍ ചിതാഭസ്മം പൂശിയിട്ടുണ്ട്; തലയോട്ടികള്‍ കൊണ്ടുള്ള മാല ചാര്‍ത്തിയിട്ടുണ്ട്; ആഭരണം സര്‍പ്പങ്ങളാണ്; ആനത്തോലുടുത്തിട്ടുണ്ട്. വാഹനം മുതുക്കന്‍ കാളയും! ഇതെല്ലാം 'ദേഹോളഹം' (ഞാന്‍ ദേഹമാണ്)എന്ന ബുദ്ധിയോടെ ജീവിക്കുന്ന നമ്മില്‍ വിവേക വൈരാഗ്യങ്ങള്‍ ജനിപ്പിക്കാന്‍ വേണ്ടിയുള്ള വര്‍ണനയാണ്. 'ഭസ്മാന്തം ശരീരം' എന്നതാണ് സത്യം. അത് സ്‌നേഹാസ്പദമല്ല തന്നെ. അതിനെ പട്ടുടുപ്പിക്കുന്നതും സ്വര്‍ണ്ണമണിയിക്കുന്നതും ഭ്രാന്തല്ലാതെ മറ്റെന്താണ്? നമ്മുടെ ബന്ധുമിത്രാദികള്‍ സത്യത്തില്‍ നമ്മെ സ്‌നേഹിക്കുന്ന ഗുണകാംക്ഷികളാണോ? ശിവന്റെ ജീവിതം ധര്‍മ്മത്തെ  (കാളയെ) ആധാരമാക്കിയുള്ളതാണ്, യോഗശക്തിമയമാണ്(സര്‍പ്പങ്ങള്‍ കാല്‍വിരല്‍ മുതല്‍ കഴുത്തിലും കാതിലുംവരെ). ശരീരവും അതുകൊണ്ട് സമ്പാദിക്കുന്നതെല്ലാം തന്നെയും ക്ഷണികവും നശ്വരവുമാണെന്നറിഞ്ഞ്, സ്വാത്മലാഭത്തിനായി, 'ഗുരുവാക്യതോ ഭജഭജ ശ്രീപാര്‍വ്വതീ വല്ലഭം' എന്ന് നമ്മെ പഠിപ്പിക്കുന്നതാണ് ശിവന്റെ 'അമംഗല്യം ശീലം.'
നമുക്ക് പരമമംഗളത്തെ നല്‍കുന്ന ശിവനോട് നമുക്ക് പ്രാര്‍ത്ഥിക്കാനുള്ളത്, വിവേകവൈരാഗ്യങ്ങളും ഭക്തിയും നല്‍കിയനുഗ്രഹിക്കണേ, ദുഃഖം നല്‍കുന്ന ലൗകികകര്‍മ്മങ്ങളുപേക്ഷിക്കാനും എല്ലാ കര്‍മ്മങ്ങളും ഈശ്വരാരാധനയാക്കി മാറ്റാനുള്ള സദ്ബുദ്ധി തന്നനുഗ്രഹിക്കണേ എന്നായിരിക്കണമെന്ന് ശങ്കരാചാര്യസ്വാമികള്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. നിഷിദ്ധവിഷയങ്ങളില്‍ സൈ്വരവിഹാരം ചെയ്യുന്ന അത്യന്തചപലനായ എന്റെ മനോമര്‍ക്കടനെ ഭക്തിയാകുന്ന കയറുകൊണ്ട് ബന്ധിച്ച് എപ്പോഴും അതിനെ അവിടുത്തെ അധീനതയില്‍ വയ്ക്കണേ '.....ഹൃദയകപിമത്യന്തചപലം ദൃഢം ഭക്ത്യാബധ്യാശിവഭവദധീനം കുരുവിഭോ' എന്ന് കപാലിയോടും ആര്‍ക്കും കീഴടങ്ങാതെ, എന്റെ മനസ്സാകുന്ന കാട്ടില്‍ യഥേഷ്ടം സഞ്ചരിക്കുന്ന കാമക്രോധാദി ദുഷ്ടമൃഗങ്ങളെ വേട്ടയാടിക്കൊണ്ട് അവിടെത്തന്നെ എപ്പോഴും വസിക്കണേ എന്ന് ആദികിരാതമൂര്‍ത്തിയോടും പ്രാര്‍ത്ഥിക്കുന്നു, '.... സ്വാമിന്നാദികിരാതമാമക മനഃകാന്താര സീമാന്തരേ/വര്‍ത്തന്തേ ബഹുശോമൃഗാഃ മദജുഷഃ മാത്സര്യമോഹദയഃ/താന്‍ ഹത്വാ....' യേദ്യത് കര്‍മ്മ കരോമിതത്തദഖിലം ശംഭോ തവാരാധനം; മോക്ഷാര്‍ത്ഥം കുരു ചിത്തവൃത്തിമഖിലാമനൈ്യസ്തുകിം കര്‍മ്മഭിഃ' എന്നിങ്ങനെയും.
ചുരുക്കത്തില്‍, ശിവരാത്രി ഭജനമെന്നാല്‍ അവിദ്യാ കാമകര്‍മ്മങ്ങളില്‍നിന്നുണ്ടാവുന്ന ദുഃഖത്തില്‍നിന്ന് രക്ഷപ്പെട്ട്, ഭജനാനന്ദത്തില്‍ മുഴുകാനുള്ള സാധനയാണത്. ദേഹാഭിമാനത്തിലൂന്നിയ 'ഞാന്‍-എന്റെ' എന്ന വിഭ്രാന്തിയില്‍ നിന്നുണര്‍ന്ന്, തന്നിലെ താനായി, 'നിജഹൃദയസ്ഥംദേവ' നായി വിളങ്ങുന്ന ഭഗവാനില്‍ സമര്‍പ്പിതാചാരനായി, തദേകശരണനായി, തദ്ഗത പ്രാണനായി ജീവിച്ച്, ശിവപദം പ്രാപിക്കാനുള്ള ആത്മീയ സാധനയാണ് ശിവരാത്രി വ്രതാചാരണമെന്ന് ചുരുക്കിപ്പറയാം. അതിന് ശിവ ഭഗവാന്റെ അനുഗ്രഹം നമ്മില്‍ എപ്പോഴും ചൊരിയുമാറാവട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

No comments: