Tuesday, February 13, 2018

പ്രപഞ്ച ആധാരവും, കാരണവുമായി അദ്വൈത തത്ത്വം സച്ചിദാനന്ദം മാത്രമേയുള്ളൂ. അതു തന്നെയാണ് സകല പ്രപഞ്ചപ്രതിഭാസങ്ങളുമായി പരിലസിക്കുന്നത്
മികവുറ്റ ആര്‍ഷദര്‍ശനം അതിന്റെ സമഗ്രതയില്‍ ഗ്രഹിച്ച്  ആദരവോടെ ആസ്വദിക്കാന്‍ നമുക്ക് സാധിക്കട്ടെ. എല്ലാ തത്ത്വചിന്തകളും  വേദാന്തചിന്തയില്‍ എത്തി ഉപശമിക്കുമെന്ന് മഹാമനീഷികളും, സ്വാനുഭൂതി സമ്പന്നരുമായ ആചാര്യസ്വാമികളെപ്പോലുള്ളവര്‍ അരുളിയിട്ടുണ്ട്.  പ്രപഞ്ച ആധാരവും, കാരണവുമായി അദ്വൈത തത്ത്വം സച്ചിദാനന്ദം മാത്രമേയുള്ളൂ. അതു തന്നെയാണ്  സകല പ്രപഞ്ചപ്രതിഭാസങ്ങളുമായി പരിലസിക്കുന്നത് എന്നാണ് വേദാന്ത ചിന്തകരായ ഋഷീശ്വരന്‍മാര്‍ പറഞ്ഞു തുടങ്ങുന്നതും, അവസാനിപ്പിക്കുന്നതും.
അതിശയകരമായ അദ്വൈത ആവിഷ്‌കാരത്തെ വിശദീകരിക്കാന്‍ തൈത്തരീയ ഉപനിഷത്തില്‍ ഒരു നാടകീയ പശ്ചാത്തലമൊരുക്കിയിരിക്കുന്നത് ആസ്വാദ്യകരമാണ്.  'സോളകാമയത' ആ സച്ചിദാനന്ദബ്രഹ്മം  ബോധം  അത് ആഗ്രഹിച്ചു. ഈ സച്ചിദാനന്ദ തത്ത്വത്തെ അന്യമെന്ന് നാം ഗ്രഹിച്ചു കൂടാ. അനന്യമായി അതായത് ആത്മസ്വരൂപമായി അറിയണം. സച്ചിദാനന്ദം ഒരു കര്‍മത്തിന്റെയും ഫലമല്ല. ജ്ഞാതാവായി (അറിയുന്ന ആള്‍), ഉണ്മയായി, പരമാത്മാവായി, നമ്മില്‍ പരിലസിക്കുന്ന തത്ത്വമാണ് സച്ചിദാനന്ദം  ദേശകാലങ്ങളാല്‍ പരിമിതമാക്കപ്പെട്ട വസ്തുവായും ചിന്തിച്ചാല്‍ ശരിയാവില്ല. അചിന്ത്യം എന്ന വിശേഷണം ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ വ്യാപകമാണ്. (ഏതെങ്കിലും പ്രകാരത്തില്‍ ആശയത്തെ മനനം ചെയ്യേണ്ടതുണ്ടല്ലോ. അതിന് സര്‍വ്വാന്തര്‍യാമിയാണെന്ന് സച്ചിദാനന്ദത്തെ ചൂണ്ടി കാണിക്കാറുണ്ട്.). 
സച്ചിദാനന്ദം പലതായിത്തീരാനാണ് ആഗ്രഹിച്ചത്. അങ്ങനെ ഒരു ചിന്ത ഉണര്‍ന്നതു കൊണ്ട് മാത്രം അതിന് പലതായി തീരാന്‍ സാധിച്ചു. (ഊര്‍ജ്ജം വിവിധ പദാര്‍ത്ഥജാലങ്ങളായിട്ട് സ്പന്ദിക്കുന്നു എന്ന ശാസ്ത്രഭാഷ്യം ഇവിടെ അനുസ്മരിക്കാം.  എന്നാല്‍ ഊര്‍ജ്ജം ജഡമാണ്. അതിന് ജ്ഞാനശേഷിയുണ്ടായിരിക്കില്ല എന്ന കാര്യം വിസ്മരിക്കരുത്). അതുകൊണ്ട് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്ന ലോകം വാസ്തവത്തില്‍ ഈ ഒരു ആഗ്രഹത്തിന്റെ ആവിഷ്‌കാര പരിണതിയാണ് എന്ന് സംഗ്രഹിക്കാം. 
നാടകശൈലിയില്‍ ഉപനിഷത് പ്രതിപാദനം തുടരുന്നു. 'തത് സൃഷ്ട്വാ തദേവ അനുപ്രാവിശത്'  സച്ചിദാനന്ദം പലതായി തീര്‍ന്ന ശേഷം  എല്ലാറ്റിലേക്കും  അനുപ്രവേശിച്ചു. നാടകീയമായ ഈ വിശദീകരണം നമുക്കു സമ്മാനിക്കുന്ന ലക്ഷ്യം തിരിച്ചറിയണം. നമ്മുടെ ഉള്ളില്‍  പ്രപഞ്ചാധാര കാരണമായ സര്‍വ്വേശ്വരനുണ്ട്. അതുകൊണ്ട് സച്ചിദാനന്ദ സാക്ഷാത്കാരം ലക്ഷ്യമാക്കണം. ഇവിടെ 'തത്വമസി' എന്ന മഹാവാക്യ മനനം പ്രസക്തമാവുന്നു.
അനുപ്രവേശന ശേഷം തത്ത്വവിസ്മൃതിയുടെ വലിയ അപകടം സംഭവിച്ചതാണ് സംസാര സങ്കടങ്ങള്‍ക്ക് കാരണമെന്ന് വ്യാഖ്യാനമുണ്ട്.  എങ്ങനെയോ ഞാന്‍ എന്റെ പരമവൈഭവം   സൃഷ്ടിയും, സ്രഷ്ടാവും, സൃഷ്ടിജാലവും ഞാന്‍ തന്നെയാണെന്ന വസ്തുത മറന്നുപോയി. ഇപ്പോള്‍ എന്റെ  ബോധ്യം ഞാന്‍ നിസ്സാരനാണ്, നിസ്സഹായനാണ് ഞാന്‍ ദേശകാലങ്ങളാല്‍ പരിമിതപ്പെട്ടവനായിരിക്കുന്നു എന്നിങ്ങനെയാകുന്നു. ഈ ഒരു തെറ്റിദ്ധാരണയില്‍ നിന്നാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. ആഗ്രഹം, കര്‍മം, കര്‍മ്മഫലം എന്നിങ്ങനെ സംസാരത്തിലുഴലുന്നതിന് കാരണം ആത്മ മഹത്വത്തെ സംബന്ധിച്ച അജ്ഞാനമാകുന്നു. ഇതിനു പരിഹാരം ആത്മജ്ഞാനം നേടലും ധ്യാനവുമാണ്.  ശാസ്ത്ര ശ്രവണത്തിന്റെ വിഷയത്തിലായാലും മനനത്തിന്റെ കാര്യത്തിലായാലും എന്തെങ്കിലുമൊക്കെ ചെയ്യണമെന്നനുശാസിക്കപ്പെട്ടാലും ശരി, അതൊക്കെ അനുസരിക്കുമ്പോഴായാലും ശരി, മുഖ്യമായി ഒരു ആന്തരിക യാത്ര നടത്തപ്പെടണം. 
സംസാരസങ്കടമോചനത്തിന് എന്ത് ചെയ്യണം എന്ന ചോദ്യത്തിന് അറിയേണ്ടതെന്തോ അതിന്റെ സാക്ഷാത്കാരത്തിന് നിരക്കുന്നത് ചെയ്യണം എന്നാവും ഉത്തരം. കര്‍മ്മം കൊണ്ട് നേടേണ്ടതല്ല ജ്ഞാനം എന്ന വ്യക്തതയോടെ കാമ ജന്യങ്ങളായ അന്തഃകരണ വിക്ഷുബ്ധികള്‍ ഉപശമിക്കാന്‍ കര്‍മ്മയോഗം ചെയ്യണമെന്നു സാരം.
(സംബോധ് ഫൗണ്ടേഷന്‍ മുഖ്യ ആചാര്യനാണ് ലേഖകന്‍

No comments: