Thursday, February 01, 2018

വേദാന്തം ബുദ്ധിപരമായ വിനോദോല്ലാസത്തിനുള്ളതല്ല. ആചരണത്തിനുള്ള മാര്‍ഗ്ഗദീപമാണ്. ധര്‍മ്മാചരണത്തിലുള്ള തത്വസംഹിതയാണ്. നിരന്തരമുള്ള ഈശ്വരപ്രാര്‍ത്ഥനയായി അത് നിങ്ങളുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യിക്കണം. പ്രലോഭനങ്ങളുടെ കൊടുങ്കാറ്റില്‍നിന്നും അതു നിങ്ങളെ സംരക്ഷിക്കണം. ഒരു ഖഡ്ഗം കൈയ്യിലേന്തിയതുകൊണ്ടുമാത്രം ഒരുവന്‍ യോദ്ധാവാകുന്നില്ല. വില്ലേന്തിയതുകൊണ്ട് വില്ലാളിയാകുന്നില്ല. തംബുരു പിടിച്ചതുകൊണ്ട് ഗായകനായും അംഗീകരിക്കപ്പെടുകയില്ല. അന്ധന് ഒരു കണ്ണാടിയുടെ പ്രയോജനം എന്താണ്? ഒരു തവള താമരയുടെ ചുവട്ടില്‍ നിവസിക്കുകയാണെങ്കിലും താമരപ്പൂവിലെ സുമധുരമായ സുധ ആസ്വദിക്കാന്‍ അതിനു കഴിവില്ല. അതേപോലെ ശാസ്ത്രപഠനംകൊണ്ടുമാത്രം ഒരുവന്‍ വേദാന്തിയാകുകയില്ല. അനുഭൂതിമാത്രമാണ്ഒരുവന് അനശ്വരാനന്ദത്തിന്റെ വേദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ശുദ്ധീകരണവും ഗുരുകൃപയുംകൂടാതെ ഒരുവന് ജ്ഞാനോദയം(അനുഭൂതി)കൈവരികയില്ല. 
     ആദ്ധ്യാത്മികത എത്ര ഉല്‍ക്കടമായ ശക്തിയാണ്! അത് ഒരുവനെ നിര്‍ഭയനാക്കുന്നു. അത് മനസ്സിനെ ആശാപാശങ്ങളില്‍നിന്നും ദ്വന്ദ്വബന്ധങ്ങളില്‍നിന്നും വിമുക്തമാക്കുന്നു. മനുഷ്യന് നേടാവുന്നതില്‍വെച്ച് ഏറ്റവും മഹത്തായ ശക്തിയാണ് അത്. അതിന്റെ സ്പര്‍ശനമാത്രയില്‍ ബുദ്ധിശക്തി തേജോമയമായിത്തീരും അതോടെ സകല ദൗര്‍ബല്ല്യങ്ങളും,മിഥ്യാബോധങ്ങളും,വികാരങ്ങളും,ഭീതികളും പലായനം ചെയ്യും. ആദ്ധ്യത്മിക ശക്തി പരിപുഷ്ടമാക്കിയിട്ട് നിങ്ങള്‍ ഓഫീസിലേക്കോ,വ്യവസായശാലയിലേക്കോ,പാടങ്ങളിലേക്കോ,ഫാക്‌റികളിലേക്കോ,സാമൂഹ്യ സേവനരംഗത്തേക്കോ,രാഷ്ട്രീയത്തിലേക്കോ,എവിടെ വേണമെങ്കിലും പോയ്‌ക്കൊള്ളു. കര്‍മ്മ വാസന നിങ്ങള്‍ക്ക് പ്രവര്‍ത്തന രംഗങ്ങളും കര്‍മ്മ പരിപാടികളും നിശ്ചയിച്ചിട്ടുണ്ട്. അതാതു രംഗങ്ങളില്‍ നിലയുറപ്പിച്ച് നിങ്ങളുടെ കടമകള്‍ സമര്‍ത്ഥമായി നിര്‍വ്വഹിക്കുക. ആദ്ധ്യാത്മിക ശക്തികൊണ്ടുമാത്രമേ നിങ്ങളുടെ കടമകള്‍ നിങ്ങള്‍ക്കു പ്രഗല്‍ഭമായി,പൂര്‍ണ്ണഹൃദയത്തോടെ ബന്ധരാഹിത്യത്തോടെ നിര്‍വഹിക്കാനും ഒടുവില്‍ കര്‍മ്മത്തിന്റെ മുഷ്ടിയില്‍നിന്നും മോചനം നേടാനും കഴിയൂ.

No comments: