പരീക്ഷ്യ ലോകാന്‍ കര്‍മചിതാന്‍ ബ്രാഹ്മണോ
നിര്‍വ്വേദമായാന്നാസ്ത്യകൃതഃ കൃതേന
തദ്വിജ്ഞാനാര്‍ത്ഥം സ ഗുരുമേവാഭിഗച്ഛേത്
സമിത് പാണിഃ ശ്രോത്രിയം ബ്രഹ്മനിഷ്ഠം
കര്‍മ്മങ്ങളാല്‍ നേടിയ ലോകങ്ങളെയൊക്കെ പരീക്ഷിച്ചു നോക്കി ബ്രാഹ്മണന്‍ അവയുടെയൊക്കെ നിസ്സാരതയും അനിത്യതയും മനസ്സിലാക്കി. പരമപദം നേടാന്‍ ഇതിനാല്‍ കഴിയില്ലെന്നറിഞ്ഞ് വിരക്തനായി അതിനെ അറിയാനായി കൈയില്‍ ചമതക്കെട്ടുമായി ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിനെ വേണ്ടപോലെ സമീപിക്കണം.
അപരവിദ്യയുമായി ബന്ധപ്പെട്ട കര്‍മ്മാനുഷ്ഠാനങ്ങളിലും അതേത്തുടര്‍ന്ന് കിട്ടുന്ന ലോകങ്ങളിലും വിരക്തി വന്നയാള്‍ക്കു മാത്രമേ പരബ്രഹ്മവിദ്യയ്ക്ക് അധികാരമുള്ളൂ. കര്‍മ്മാനുഷ്ഠാനംകൊണ്ട് നേടുന്ന ബ്രഹ്മാവിന്റെ ഉള്‍പ്പെടെയുള്ള സകലലോകങ്ങളും സംസാരഗതി തന്നെയാണ്. വിത്തും മുളയുംപോലെ പരസ്പരം സംസാരഗതിതന്നെയാണ്. വാഴപ്പിണ്ടിപോലെ നിസ്സാരമാണത്. ഇന്ദ്രജാലം, മരീചിക, ആകാശത്തെ ഗന്ധര്‍വനഗരം എന്നിവയെപ്പോലെ വാസ്തവമല്ലാത്തതുമാണ്. സ്വപ്‌നം, വെള്ളക്കുമിള, നര എന്നിവ കണക്ക് ക്ഷണംതോറും നശിക്കുന്നതുമാണ്. അവിദ്യ, കാമം എന്നിവയാലുണ്ടാകുന്ന കര്‍മ്മങ്ങളിലൂടെ കിട്ടുന്ന ഈ ലോകങ്ങള്‍ വെറും പാഴ് തന്നെ. ഇതിനെ പരീക്ഷിച്ചറിഞ്ഞ് അതില്‍ സാരമില്ലെന്ന് മനസ്സിലാക്കുന്ന ബ്രാഹ്മണന്‍ നേരിനെ അറിയാന്‍ ഗുരുവിനടുത്ത് എത്തുന്നു. ബ്രാഹ്മണന്‍ ജാതിയെയല്ല കുറിക്കുന്നത്; മാനസികവും, ബുദ്ധിപരവും ആദ്ധ്യാത്മികവുമായി ഉയര്‍ന്ന തരത്തില്‍ നില്‍ക്കുന്നവരാണ്. ബ്രഹ്മത്തെ അറിയുന്നവനോ അതിനായി പ്രയത്‌നം ചെയ്യുന്നവനോ ആണ് ബ്രാഹ്മണന്‍. ചമതകെട്ട് അറിവാകുന്ന അഗ്നിയുടെ പ്രതീകമാണ്. ഒപ്പം വിനയത്തിന്റെയും സ്വയം സമര്‍പ്പണത്തിന്റേയും. ഗുരുവിനെ വെറും കയ്യോടെ പോയി കാണരുത് എന്നാണ്. ഗുരു ഗോത്രിയനും ബ്രഹ്മനിഷ്ഠനുമാകണം. വിധിപ്രകാരം മറ്റൊരു ഗുരുവില്‍നിന്ന് പഠിച്ച് അറിവ് നേടിയയാളും ബ്രഹ്മജ്ഞാനത്തില്‍ ഉറച്ച നിഷ്ഠയുള്ളയാളും ആകണമെന്ന് സാരം.
No comments:
Post a Comment