Wednesday, February 14, 2018

ഓരോരോ പ്രശ്നങ്ങളില്‍ ഓരോരോ ഭ്രമങ്ങളില്‍ ഓരോരോ ദൃശ്യങ്ങളില്‍ ഓരോ നിമിഷവും നമ്മുടെ മനസ്സ് തന്മയീഭവിച്ചുനില്‍ക്കുന്നതിനാല്‍ നമുക്ക് ഒരിക്കലും യഥാര്‍ത്ഥ സ്വരൂപത്തില്‍ ആയിരിക്കുവാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. അത് ഏറ്റവും അധികം മനസ്സിലാകുന്നത് ധ്യാനിക്കുമ്പോഴോ പ്രാര്‍ത്ഥിക്കുമ്പോഴോ ആണ്. നാം എന്തുമായിട്ടാണോ മനസ്സിനെ ബന്ധിപ്പിച്ചുനിര്‍ത്തുന്നത് ആ ബന്ധപ്പെട്ട വസ്തുവിലോ വിഷയത്തിലോ എന്താണ് ഉള്ളത്? അതായിരിക്കും നമ്മുടെ മനസ്സില്‍ അന്നേരത്ത് വന്നുഭവിക്കുന്ന അവസ്ഥ. മറ്റുപല വിഷയങ്ങളുടെ വിക്ഷേപങ്ങളില്‍ നിന്നും മനസ്സിനെ മാറ്റി ഈശ്വരനിലേയ്ക്ക് ലയിപ്പിക്കണം. പല വിഷയങ്ങളിലായി ഒന്നുമാറി ഒന്നുമാറി കുട്ടിക്കാലം മുതല്‍ക്കേ സ്വത്വം അറിയാതെ മനസ്സ് നിരന്തരം സ്പന്ദിച്ചുകൊണ്ടേയിരിക്കുകയാണല്ലോ! അതിനാല്‍ മനസ്സിന് എന്തെങ്കിലും വിഷയം ഇല്ലാതെ പറ്റില്ല. ഏതൊരു വിഷയത്തെ കൊടുത്താലാണോ മനസ്സ് അടങ്ങിതുടങ്ങുന്നത് ആ വിഷയം കണ്ടെത്തണം. ബ്രഹ്മ-വിഷ്ണു- മഹേശ്വരന്മാരും സരസ്വതി-മഹാലക്ഷ്മി-ശ്രീപാര്‍വ്വതി ദേവിമാരും മുരുകന്‍, ഗണപതി, അയ്യപ്പന്‍, ഹനുമാന്‍ തുടങ്ങി തേവതകളുമായി അറിയപ്പെടുന്ന മന്ത്രപ്പൊരുളുകളെല്ലാം അത്തരത്തില്‍ ഉള്ളതാണ്. ഏതൊരു സ്വരൂപത്തെ മനസ്സില്‍ ധ്യാനിക്കുന്നുവോ ആ സ്വരൂപമായി മനസ്സ് പരിണമിക്കുന്നു. അങ്ങനെ ദേവതയും ഉപാസകരും ഒന്നായിതീരുന്ന അവസ്ഥയെ പ്രാപിക്കുമ്പോഴാണ് ആനന്ദം. ശാന്തരസം നാം പഠിക്കാറുണ്ട്. പക്ഷേ അത് എങ്ങനെയാണ് ഏതൊരു വിഷയത്തില്‍ മനസ്സ് തന്മയീഭവിക്കുമ്പോഴാണ് കിട്ടുക എന്നനുഭവിച്ചറിഞ്ഞിട്ടുണ്ടാകില്ല. അതുകൊണ്ടാണ് ചിലര്‍ക്ക് ദേവതാസംബന്ധമായ ഭക്തിയില്‍ സംശയം വരുന്നത്. സകലതും ഉള്ളതു തന്നെയാണ്, എന്നാല്‍ തത്ത്വം ചിന്തിച്ചറിയുന്നയാള്‍ ഇതെല്ലാം ഒന്നാണ് എന്ന സത്യം അറിയുന്നു എന്നാണ് 'ആത്മോപദേശശതക'ത്തില്‍ ശ്രീനാരായണഗുരു പറയുന്നത്. സകലതും എന്നു ഗുരു പറയുമ്പോള്‍ അതില്‍ സ്ഥൂലവും സൂക്ഷ്മവും അതായത് പ്രത്യക്ഷവും അപ്രത്യക്ഷവുമായ എല്ലാം അടങ്ങിയിരിക്കുന്നു എന്നു മനസ്സിലാക്കണം നാം. ഈ കാണുന്നതെല്ലാം ഉള്ളതു തന്നെയാണ്, എല്ലാ ദേവതകളും ഉള്ളതുതന്നെയാണ്, ഒന്നും സങ്കല്പമല്ല എന്നര്‍ത്ഥം. അദ്വൈതാത്മകമായ ഏകത്വദര്‍ശനം അനുഭൂതമാകുന്നതുവരെ ഒരാള്‍ക്ക് ഇതെല്ലാം ഉണ്ട് എന്നതാണ് വിശദീകരണം. ശ്രീനാരായണഗുരു കുണ്ഡലിനീപാട്ടില്‍ പറയുന്നത് നോക്കിയാല്‍ അത് കൂടുതല്‍ ബോദ്ധ്യപ്പെടുന്നുണ്ട്-
''ആയിരം കോടി അനന്തൻ നീ ആനന-
മായിരവും തുറന്നാടു പാമ്പേ!
ഓം എന്നുതൊട്ടൊരുകോടി മന്ത്രപ്പൊരുള്‍
നാം എന്നറിഞ്ഞുകൊണ്ടാടുപാമ്പേ''
ഓം എന്ന ബീജാക്ഷരത്തില്‍ തുടങ്ങി അനന്തമായ മന്ത്രപ്പൊരുളുകള്‍ ഈ പ്രപഞ്ചത്തിലുണ്ട്. അവയെല്ലാം ഒന്നാണെന്ന് അറിയുന്നതു വരെ മനസ്സിന് ഒരു രൂപവും ഭാവവും ലഭിച്ചുതന്നെയാകണം. ശാന്തത ലഭിക്കുന്ന ഒരു മന്ത്രപ്പൊരുളില്‍ മനസ്സിനെ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇപ്പോള്‍ നാം മനസ്സിനു കൊടുക്കുന്ന ഭൗതികവിഷയങ്ങള്‍ ശാന്തിനല്‍കുന്നുണ്ടോ! ദേവതാസ്വരൂപം ശാന്തി നല്‍കുന്നുണ്ട്. മനസ്സ് ശാന്തമായിരിക്കേണ്ടതിന്‍റെ ആവശ്യം?
മനസ്സ് എന്തെങ്കിലുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ നാം ആ ബന്ധപ്പെട്ട കാര്യത്തെ അറിയുന്നതേയുള്ളു. കാണപ്പെടുന്ന വിഷയങ്ങളെ അറിയുന്നതുകൊണ്ട് അറിവ് പൂര്‍ണ്ണമാകില്ലല്ലോ!!! എന്തറിഞ്ഞാലും അറിയുന്നതാര് എന്ന ചോദ്യം ബാക്കിയാകുന്നുണ്ട്!!! അറിയുന്നവനെയാണ് അറിയേണ്ടത്. അറിയുന്നവനെ അറിയണമെങ്കില്‍ ആദ്യം അറിയുന്നതെല്ലാം തുടങ്ങിയിടത്ത് അഥവാ ജനനിയില്‍ ചെന്ന് അടങ്ങണമല്ലോ? ഏകാക്ഷരത്തില്‍ നിന്നും അനന്തമായി പരിണമിച്ചതാണ് അക്ഷരജാലവും അര്‍ത്ഥജാലവും. അതിനാല്‍ വാഗ് ദേവിയായി ഉള്ളില്‍ സ്ഥിതി ചെയ്യുന്ന നാദബിന്ദ്വാത്മികയെ വന്ദിച്ചുകൊണ്ട് സര്‍വ്വതും ദേവിയുടെ പാദപദ്മങ്ങളില്‍ സമര്‍പ്പിക്കുന്നു. വാഗ് ദേവിയില്‍ നിന്നു ജനിച്ചതാണെന്ന ഭാവം നമ്മെ ശക്തിധരനായി മാറ്റും. ജ്ഞാനപ്പൊരുളാക്കി മാറ്റും. നമ്മില്‍ ഉണര്‍ന്ന ശക്തിയും ജ്ഞാനവും ധര്‍മ്മത്തെ സംരക്ഷിക്കും. പൂര്‍വ്വാചാര്യന്മാരുടെ ജീവിതം അതിനു തെളിവാണ്.
കുട്ടിക്കാലം മുതല്‍ നാം അറിയുന്ന മനസ്സ് എപ്പോഴും ഓരോ പ്രശ്നങ്ങളുടെ പേരില്‍ സ്പന്ദിച്ചുകൊണ്ടിരിക്കുകയല്ലേ? അതിനെ ഒരു ശാന്തിദായകമായ മന്ത്രത്തിലോ രൂപത്തിലോ അടക്കുവാന്‍ ശീലിച്ചുനോക്കു. ഓം...krishnakumar

No comments: