Friday, December 06, 2019

ദേവി തത്ത്വം-56

തോത്താപുരി ശ്രീരാമകൃഷ്ണനോട്  ബ്രഹ്മോപദേശം നല്കാമെന്ന് പറഞ്ഞു. ഞാൻ അമ്മയോട് ചോദിച്ചിട്ട് വരട്ടെ എന്ന് ശ്രീരാമകൃഷ്ണൻ. അദ്ദേഹം ദക്ഷിണേശ്വര അമ്പലത്തിൽ പോയി വന്നു. അങ്ങനെ തോത്താപുരി മഹാവാക്യം ഉപദേശിച്ചു ശ്രീരാമകൃഷ്ണന്. വാക്യത്തിന്റെ പൊരുളാണ് താൻ ഉപാസിച്ച കാളിയെന്ന് പിന്നീട് ശ്രീരാമകൃഷ്ണൻ പറയുന്നുണ്ട്. അവൾ ബ്രഹ്മമയി ആണ്, ആനന്ദസ്വരൂപിയാണ് . മഹാവാക്യം ശരിക്ക് ഒരു തവണ ശ്രവിച്ചാൽ നമ്മൾ പക്വമാണെങ്കിൽ അതായത്  കർപ്പൂരമാണെങ്കിൽ തീയിലിടുമ്പഴേയ്ക്കും പകർന്ന് പിടിക്കും. ഈർപ്പമുള്ള വിറകാണെങ്കിൽ പിടിക്കില്ല. ഒന്നുണക്കേണ്ടി വരും. ഉണങ്ങിയ വിറകാണെങ്കിലോ കുറേ നേരം കത്തും. ആളുകളും ഇതു പോലെയാണ്. സത്യത്തിൽ അദ്ധ്യാത്മികം എന്ന് പറയുന്നത് വളരെ എളുപ്പമാണ്. എങ്കിലും ഉപാസന കൊണ്ട് ചിത്തം ശുദ്ധമായാൽ ഒരു വട്ടം സത്യം കേട്ടാൽ നമ്മൾ പരമഹംസൻമാരാകും. ചിത്ത ശുദ്ധിയാണ് മുഖ്യം.

ശ്രീരാമകൃഷ്ണന്റെ ജീവിതം നോക്കിയാൽ കാണാം ഈ ഉപാസന. രമണ ഭഗവാനെ നോക്കിയാൽ ഈ ഉപാസനയൊന്നും പുറമേയ്ക്ക് കാണില്ല. കാരണം അതൊക്കെ ഏതോ ജന്മത്തിൽ കഴിഞ്ഞതാണ്. രമണ ഭഗവാനിൽ ആ മഹാവാക്യ പൊരുൾ അതിവേഗം കയറി പിടിച്ചു. എല്ലാം പെട്ടെന്ന് കഴിഞ്ഞു. എന്നാൽ ശ്രീരാമകൃഷ്ണ ദേവന്റെ ജീവിതം നോക്കിയാൽ പ്രാകൃതമായ തലം മുതൽ പാരമാർത്ഥികമായ പരമഹംസ സ്ഥിതി വരെ അദ്ദേഹം ജീവിച്ച് കാണിച്ച് തരുന്നുണ്ട്. ലക്ഷ്യം എന്താണെന്നും കാണിച്ച് തരുന്നുണ്ട്. പല വിധത്തിലുള്ള ഉപാസനകൾ ചെയ്ത് അവസാനം തോത്താപുരി വരികയും മഹാവാക്യ ഉപദേശം നല്കുകയും ചെയ്യുകയാണ്.

ഒരു കുടിലിൽ പിടിച്ചിരുത്തി ശ്രീരാമകൃഷ്ണന് മഹാവാക്യം ഉപദേശിച്ച് കൊടുത്തു തോത്താപുരി. എന്നിട്ട് ധ്യാനിക്കാൻ പറഞ്ഞു. അദ്ദേഹം പറഞ്ഞു ഈ ശരീരം നീയല്ല , ഈ മനസ്സ് നീയല്ല, ഉള്ളിലൊരു ചിത്ത് കാണപ്പെടുന്നുണ്ടല്ലോ . ആ ചിത്തിനെ ധ്യാനിക്കു. ഏതൊന്നാണോ ഉള്ളിലിരുന്ന് ഞാനെന്ന് അനുഭവ രൂപത്തിൽ  പ്രകാശിക്കുന്നത് അതാണ് ബ്രഹ്മം, അക്ഷരം. അതിനെ ധ്യാനിക്കു. ശ്രീരാമകൃഷ്ണൻ പറഞ്ഞു എനിക്ക് ധ്യാനിക്കാൻ പ്രയാസമില്ല. പക്ഷേ കണ്ണടച്ചാൽ ആ കാളി മുമ്പിൽ വരുന്നു. ഏകാഗ്രത ഉള്ളത് കൊണ്ട് അനേക വിഷയങ്ങളിലേയ്ക്ക് പോകുന്നില്ല ചിത്തം. പക്ഷേ കണ്ണടച്ചാൽ ആ അലൗകികമായ സൗന്ദര്യത്തോട് കൂടിയ കാളിയുടെ രൂപം  മുന്നിൽ വരുന്നു. പ്രത്യക്ഷമായിട്ട് കാണുന്നു. തോത്താപുരി പറഞ്ഞു നമ്മൾ ഗംഗയുടെ തീരത്താണിരിക്കുന്നത്. കാളി ഇവിടെ ഉണ്ടോ. ആ കാളിയെ കാണുന്ന ആളാരാ? തന്റെ ഉള്ളിലുള്ള ബോധത്തിലല്ലേ കാളിയുടെ രൂപം പ്രത്യക്ഷപ്പെടുന്നത്. അപ്പോ ഈ കാളിയാരാ? നീ തന്നെയാണ്. നിന്റെ സ്വരൂപം തന്നെയാണ് കാളിയുടെ രൂപം കെട്ടി നിൽക്കുന്നത്. ഉള്ളിലുള്ള ഞാനെന്ന ബോധം തന്നെയാണ് കാളിയായി പ്രകാശിക്കുന്നത് എന്ന് അറിഞ്ഞ് ആ രൂപത്തിനെ വിട്ടിട്ട് ആ രൂപത്തിന് പുറകിലുള്ള ദൃഷ്ടാവിൽ നിർത്തു ശ്രദ്ധയേ. ശ്രീരാമകൃഷ്ണന് സാധിക്കുന്നില്ല. അദ്ദേഹം പറഞ്ഞു ഏകാഗ്രപ്പെട്ട മനസ്സ്  ആ രൂപത്തിൽ സുഖിച്ചിരുന്നു. ഇപ്പൊ ആ രൂപത്തെ വിട്ട് വരുന്നില്ല. പക്ഷേ വേറെ എവിടേയ്ക്കും പോണില്ല. അനേക വിഷയങ്ങളിലേയ്ക്ക് ചലിക്കുന്ന മനസ്സ് ഇപ്പോൾ കാളിയുടെ രൂപത്തിൽ മാത്രം വന്ന് നിൽക്കുന്നു. തോത്താപുരി ഒരു പണി ചെയ്തു. കുപ്പിച്ചില്ലെടുത്തിട്ട് രാമകൃഷ്ണന്റെ ഭ്രൂ മദ്ധ്യത്തിൽ കുത്തി വച്ചു. ഈ ഭ്രൂ മദ്ധ്യത്തിൽ ധ്യാനിക്കു എന്ന് പറഞ്ഞത്രേ. അതോട് കൂടി ശ്രീരാമകൃഷ്ണന്റെ ശ്രദ്ധ ശരീരത്തിനേയും മനസ്സിനേയും ഒക്കെ വിട്ട് തന്റെ ഉള്ളിലെ ശുദ്ധമായ ചിത്തിൽ ഉറച്ചു.

Nochurji 🙏🙏

No comments: