Friday, March 20, 2020

"മാനസികാരോഗ്യം ആധുനികയുഗത്തിൽ "

 മനശ്ശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ ഗീതയിലെ കർമ്മയോഗത്തിന് ആധുനികയുഗത്തിൽ വലിയ സ്ഥാനമുണ്ടെന്നു പറയാം . ആധുനികയുഗം നേരിടുന്ന വലിയൊരു പ്രശ്നം ഭൗതികവ്യാവസായിക പുരോഗതിയോടൊപ്പം മാനസികാരോഗ്യം എങ്ങനെ നിലനിർത്താം എന്നുള്ളതാണ്. യന്ത്രവത്കരണവും വ്യവസായവത്കരണവുമെല്ലാം ആധുനികജീവിത സംസ്കാരത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സാമ്പത്തികപുരോഗതിക്ക് അവയെല്ലാം വേണം.എന്നാൽ ഇവ സൃഷ്ടിക്കുന്ന മാനസികപ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാം ? ഇതാണ് ഇന്നു നമ്മുടെ മുമ്പിലുള്ള ചോദ്യം . anxiety neurosis , depression തുടങ്ങിയി ആധുനിക മനുഷ്യനെ അലട്ടുന്ന മനോരോഗങ്ങൾ ഇല്ലാത്ത ഒരു വ്യവസായവത്കൃതജീവിതക്രമം സാധ്യമാണോ ? സാധ്യമാണ് എന്നാണു ഗീത പറയുന്നത് . വ്യവസായവത്കരണത്തോടൊപ്പം മാനുഷികമൂല്യങ്ങളെയും നിലനിർത്തുവാൻ നമുക്കു കഴിയണം , അതു സാധിക്കണമെങ്കിൽ അമിതമായി മത്സരബുദ്ധി ഒഴിവാക്കണം.ആസക്തിയാണു മത്സരബുദ്ധിയുടെ മൂലസ്രോതസ്സ് , പല മനോരോഗങ്ങൾക്കും കാരണം അമിതമായ ആസക്തിയും ഉദ്ദേശിച്ച ലാഭവും പ്രമോഷനും കിട്ടാതെ വരുമ്പോളുണ്ടാകുന്ന നൈരാശ്യവും ഇതിനു വേണ്ടി ശ്രമിക്കുന്ന അവസരത്തിൽ അനുഭവിക്കുന്ന ഉത്കണ്ഠയുമാണ്.കർമ്മം നിഷ്കാമമായി ചെയ്യുമ്പോൾ മനസ്സിന്റെ സമതുലിതാവസ്ഥയ്ക്കു കോട്ടം തട്ടാതെ നിലനിർത്തുവാൻ കഴിയുന്നു. ഈശ്വരാർപ്പണബുദ്ധിയോടുകൂടി ചെയ്ത കർമ്മത്തിന്റെ ഫലം മനസ്സുകൊണ്ട് ഈശ്വരനു സമർപ്പിക്കുമ്പോൾ അമൃതതുല്യമായ ഒരു പരമാനന്ദം മനസ്സിന് അനുഭവിക്കുവാൻ കഴിയുന്നു. ഈ അനുഭവത്തെ യജ്ഞശിഷ്ടാമൃതം എന്നു ഗീത വിശേഷിപ്പിക്കുന്നു.ഈ അമൃതാനുഭവം തന്നെ കർമ്മത്തിന്റെ പരമലക്ഷ്യമായിത്തീർന്നു കഴി ഞ്ഞാൽ ലാഭാലാഭങ്ങളിൽ അനാസക്തനായിക്കൊണ്ടുതന്നെ കർമ്മമനുഷ്ഠിക്കുവാൻ കഴിയും.

കടപ്പാട്ഃ(ഭഗവദ്ഗീതയിലെ മനശ്ശാസ്ത്രം,തത്ത്വമയാനന്ദസ്വാമി, പ്രബുദ്ധകേരളം ഒക്ടോബർ 1999)

No comments: