Thursday, March 26, 2020

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  255
സദാശിവ ബ്രഹ് മേന്ദ്ര സ്വാമികൾ എന്ന ഒരു മഹാത്മാവ് ഉണ്ടായിരുന്നു. തമിഴ്നാട്ടില് ജനിച്ച അദ്ദേഹം ആന്ധ്ര ബ്രാഹ്മണ വംശം ആയിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ തന്നെ വലിയ യോഗി ആയിരുന്നു.അവർക്ക് അനേക വർഷത്തെ തപസ്സിന്റെ ഫലമായിട്ട് ജനിച്ചൊരു കുട്ടിയാണ് ഈ സദാശിവ ബ്രഹ്‌മേന്ദ്ര സരസ്വതി. അദ്ദേഹം ചെറുപ്പത്തില് മഹാ പണ്ഡിതനായിരുന്നു മൈസൂർ രാജാവിന്റെ സദസ്സില് പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ ഗുരു പരമ ശിവേന്ദ്ര സരസ്വതി സ്വാമികൾ കാഞ്ചി മഠത്തിലെ സ്വാമി ആയിരുന്നു ത്രേ അന്ന്. അദ്ദേഹം മഹാ പണ്ഡിതനായിരുന്നു മൈസൂർ രാജാവിന്റെ സദസ്സില്. അപ്പൊ രാജസദസ്സില് പണ്ഡിതന്മാർ ഒക്കെ വരുമ്പോൾ ആ  പണ്ഡിതന്മാർക്കൊക്കെ ഇദ്ദേഹം സർട്ടിഫിക്കറ്റ് കൊടുത്താലേ രാജാവ് സമ്മാനം കൊടുക്കുള്ളൂ. അപ്പൊ ഇദ്ദേഹം ആർക്കും സെർട്ടിഫിക്കറ്റ് കൊടുക്കില്ല. കാരണം ഇദ്ദേഹത്തിന്റെ അറിവിന്റെ മുന്നില് ഒരാൾക്കും തല ഉയർത്താൻ പറ്റില്ല. ഇദ്ദേഹം ആരെയും സമ്മതിച്ചു കൊടുക്കുകയും ഇല്ല. ഇങ്ങനെ ഒരു പാട് പണ്ഡിതന്മാരുടെ ഒരു ശാപം ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ ഒരു പണ്ഡിതൻ പരമശിവേന്ദ്ര സരസ്വതിയോടു ചെന്നു പറഞ്ഞു അങ്ങയുടെ ശിഷ്യൻ വളരെ മേധാവി, നല്ല ചെറുപ്പ വയസ്സ്, ഇരുപത് ഇരുപത്തിരണ്ടു വയസ്സേ ആയിട്ടുള്ളൂ മഹാ ബുദ്ധിശാലി.അയാളെ പാണ്ഡിത്യത്തിൽ ജയിക്കാൻ ആർക്കും സാദ്ധ്യമല്ല. പക്ഷേ അദ്ദേഹത്തിന്റെ ഉള്ളിൽ അദ്ധ്യാത്മികമായിട്ട് ഒരു വലിയ നിധി ഉണ്ട്. അതൊക്കെ ഈ പാണ്ഡിത്ത്യത്തിൽ വേസ്റ്റ് ആയിക്കൊണ്ടിരിക്കുന്നു. വരുന്നവരോടൊക്കെ വാദിക്കലും ശണ്ഠകൂടലും പുതിയ പുതിയ  ഈ ശാസ്ത്രങ്ങള് പഠിക്കലും നോക്കലും ഇതിൽ തന്നെ അദ്ദേഹം ബുദ്ധി ചിലവാക്കിക്കൊണ്ടിരിക്കുന്നു എന്ന് പരമശിവേന്ദ്ര സരസ്വതിയോട് ചെന്ന് കംപ്ലയിന്റ് പറഞ്ഞു .അപ്പോൾ പരമശിവേന്ദ്ര സരസ്വതി ഇദ്ദേഹത്തിനെ വിളിച്ചു വരുത്തി.ഗുരുവിളിക്കുണൂ എന്നു പറഞ്ഞപ്പോൾ തന്നെ, അപാരമായ ഗുരുഭക്തി രാജസദസ്സിലുള്ള ജോലി രാജിവച്ച് ഗുരുവിന്റെ അടുത്ത് വന്നു. ഗുരുവിന്റെ അടുത്ത് വന്നപ്പോൾ ഗുരു ചോദിച്ചുവത്രെ സദാശിവം നീ വായ അടക്കില്ലേ എന്നു ചോദിച്ചുവത്രെ. എത്ര കാലമായി ഇങ്ങനെ വളവള, ഈ വരുന്നവരോടൊക്കെ വാദിക്കലും തോല്പ്പിക്കലും ചെയ്യുന്നു നീ, ഇനി ഒന്ന് വായ അടക്കില്ലെ? സ്വാമി അന്നത്തോടെ മൗനത്തിലായി. എന്നു വച്ചാൽ അതിനു ശേഷമാണ് സ്വാമി സന്യാസം കൊടുത്തത്. സന്യാസം കൊടുത്തു അന്നത്തോടെ മൗനത്തിലായി. മഹാ പണ്ഡിതനായിരുന്നു എപ്പോഴെങ്കിലും രണ്ടു വാക്കു പറയും ചിലപ്പോൾ പാടും. അല്ലാതെ വ്യവഹാര വർത്തമാനം ഒന്നും ഇല്ലാതായി മൗനവ്രതത്തിലായി. സന്യാസം വാങ്ങി. കാവേരിയുടെ തീരത്തില് ഒരു പാറപ്പുറത്തിരുന്ന്  കുറെ കാലം യോഗ പരിശീലനം ചെയ്തു.യോഗ പരിശീലനം ചെയ്ത് ഇപ്പൊ ഭഗവാൻ പറഞ്ഞ സ്ഥിതി ഉണ്ടല്ലോ ഇനി ഒന്നും പഠിക്കാനും ഇല്ല അറിയാനും ഇല്ല എന്ന സ്ഥിതിയായി സ്വാമികൾക്ക്, അവധൂത വൃത്തിയായി സ്വാമികൾക്ക്. ഇതൊക്കെ അടുത്ത കാലത്ത് ഒരു 180-200 വർഷത്തിനുള്ളിലുള്ള കഥകൾ ആണ്.
(നൊച്ചൂർ ജി )
Sunil namboodiri

No comments: