Sunday, March 22, 2020

❤❤❤❤❤❤ 
*കഥയല്ലിതു കാര്യം*

 ഒരു ഗ്രാമത്തിൽ ഈശ്വരഭക്തനായ ഒരു ബ്രാഹ്മണൻ താമസിച്ചിരുന്നു . തികച്ചും സാത്വികനായ അദ്ദേഹം സദാസമയവും ഈശ്വര പ്രാർത്ഥനകളിൽ മുഴുകി . പുരാണങ്ങളും വേദങ്ങളും ശ്രദ്ധയോടെ പഠിച്ചു . തന്നെ ഏത് ആപത്തിൽ നിന്നും ഈശ്വരൻ രക്ഷിയ്ക്കും എന്ന തികഞ്ഞ വിശ്വാസിയായിരുന്നു അദ്ദേഹം . ഒരിക്കൽ ദുഷ്ട മൃഗങ്ങൾ നിറഞ്ഞ ഘോരവനത്തിന് അപ്പുറത്തുള്ള മറ്റൊരു ഗ്രാമത്തിലേക്ക് അദ്ദേഹത്തിന് പോകേണ്ടതായ ആവശ്യം വന്നു . കുടുംബാംഗങ്ങളും ബന്ധു ജനങ്ങളും അദ്ദേഹത്തെ വിലക്കി . ആ ഘോരവനത്തിലൂടെ സഞ്ചരിച്ചവരാരും തിരിച്ചെത്തിയിട്ടില്ലെന്നും , ആ യാത്ര ഒഴിവാക്കണമെന്നും പറഞ്ഞു . എന്നാൽ ഞാൻ പ്രാർത്ഥിയ്ക്കുകയും ഉപാസിയ്ക്കുകയും ചെയ്യുന്ന ഈശ്വരൻ തന്നെ എല്ലാ ആപത്തുകളിൽ നിന്നും രക്ഷിയ്ക്കുമെന്നും പറഞ്ഞ് അദ്ദേഹം യാത്ര തുടങ്ങി . യാത്രാ സമയത്ത് പല ആൾക്കാരും യാത്രാവിവരം അന്വേഷിക്കുകയും ആ വനത്തിലൂടെയുള്ള യാത്രയിൽ ഉണ്ടായേക്കാവുന്ന അപകടങ്ങളെയും ഓർമ്മിപ്പിച്ചു . അവരോടും ഈശ്വരൻ രക്ഷിയ്ക്കും എന്ന മറുപടി മാത്രം പറഞ്ഞു . വനത്തിൽ പ്രവേശിയ്ക്കുന്നതിന് മുൻപ് ഒരു നാൽക്കാലി അദ്ദേഹത്തെ ഓടിക്കാൻ ശ്രമിച്ചു . ഒരു വടിയെടുത്ത് അതിനെ ഓടിച്ച് വിട്ടു . വനത്തിൽ പ്രവേശിച്ച ശേഷം ഒരു കാനനവാസിയും അദ്ദേഹത്തിത് മുന്നറിയിപ്പ് കൊടുത്തു . ഇനി അങ്ങോട്ടുള്ള യാത്ര ഹിംസ്ര ജന്തുക്കൾ വസിയ്ക്കുന്ന മേഖലയിലൂടെ ആണെന്നും യാത്ര ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു . അയാളെയും കൂട്ടാക്കാതെ അദ്ദേഹം മുന്നോട്ട് നടന്നു . വനമദ്ധ്യത്തിൽ വച്ച് ദുഷ്ട മൃഗത്തിൻ്റെ ആക്രമണത്താൽ അദ്ദേഹത്തിന് മരണം സംഭവിയ്ക്കുകയും പരലോകത്ത് എത്തുകയും ചെയ്തു . അവിടെ വെച്ച് അദ്ദേഹം ഈശ്വരനെ പഴിച്ചു . അങ്ങയെ പ്രാർത്ഥിക്കയം ഉപാസിക്കുകയം ചെയ്തിട്ടും ദുഷ്ടമുഗത്തിൻ്റെ ആക്രമണത്തിൽ നിന്നും എന്നെ രക്ഷിച്ചില്ലല്ലോ . പെട്ടെന്ന് ഈശ്വരനായ അശരീരി ശബ്ദം കേട്ടു . "ആരു പറഞ്ഞു നിന്നെ രക്ഷിച്ചില്ലെന്ന് ? കുടുംബാംഗങ്ങളെക്കൊണ്ടും ബന്ധു ജനങ്ങളെക്കൊണ്ടും പോകേണ്ടെന്ന് ഞാൻ പറയിച്ചില്ലേ ? വഴിയാത്രക്കാരായി വന്ന് ഞാൻ നിന്നോട് പറഞ്ഞില്ലേ ? നാൽക്കാലിയുടെ രൂപത്തിൽ വന്ന് ഞാൻ നിൻ്റെ വഴി തടഞ്ഞില്ലേ ? വനവാസിയുടെ രൂപത്തിൽ വന്ന് ഞാൻ അവസാന മുന്നറിയിപ്പും തന്നു . അതൊന്നും വകവെക്കാതെ നീ മരണത്തിലേക്ക് നടക്കുകയായിരുന്നു . ഇത്രയൊക്കെ ചെയ്തിട്ടും നീ എന്നെ കുറ്റപ്പെടുത്തുന്നു " .

ഇനി കാര്യത്തിലേക്ക് കടക്കാം . ഈ കൊറോണക്കാലത്തും ഈശ്വരൻ രക്ഷിക്കും എന്ന് പറഞ്ഞ് ആരാധനാലയങ്ങൾ അടക്കമുള്ള ആൾക്കൂട്ടങ്ങളിലേയ്ക്ക് പോയി അസുഖം പിടിപെട്ടാൽ ഈശ്വരനോട് പരിതപിച്ചിട്ട് കാര്യമില്ല . അദ്ദേഹത്തിൻ്റെ മറുപടി ഇങ്ങിനെയായിരിയ്ക്കും . " ഈ രോഗം അപകടകരമാണെന്ന് ഞാൻ നിന്നെ റേഡിയോവിലൂടെയും ടെലിവിഷനിലൂടെയും പത്രങ്ങളിലൂടെയും അറിയിച്ചു , ആരോഗ്യ സന്നദ്ധ പ്രവർത്തകരെക്കൊണ്ട് നിന്നോട് പറയിച്ചു , ആരോഗ്യമന്ത്രിയെക്കൊണ്ട് പറയിച്ചു , മുഖ്യമന്ത്രിയൊക്കൊണ്ട് പറയിച്ചു , എന്തിന് പറയുന്നു പ്രധാനമന്ത്രിയെക്കൊണ്ട് വരെ നിന്നെ ഓർമ്മിപ്പിച്ചു . എന്നിട്ടും നീ ശ്രദ്ധിച്ചില്ല . " തുനിഞ്ഞിറങ്ങിയാൽ ഈശ്വരന് പോലും രക്ഷിക്കാൻ പറ്റില്ല എന്ന് എല്ലാവരും മനസ്സിലാക്കിയേ തീരൂ .

(രജീഷ് ഭട്ടതിരിപ്പാട്)

No comments: