Monday, March 16, 2020

വിവേകചൂഡാമണി - 92
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

ബ്രഹ്മപദത്തിലേക്കുള്ള പ്രയാണം

ആത്മസംയമനത്തിനുള്ള ഉപദേശം

ശ്ലോകം 136
നിയമിതമനസാമും ത്വം സ്വാത്മാനമാത്മ
ന്യയമഹമിതി സാക്ഷാദ്‌വിദ്ധി ബുദ്ധിപ്രസാദാത്
ജനിമരണ തരംഗാപാര സംസാര സിന്ധും
പ്രതര ഭവ കൃതാർ‍ത്ഥോ ബ്രഹ്മരൂപേണ സംസ്ഥ:

മനസ്സിനെ നിയന്ത്രിച്ച് ബുദ്ധിയുടെ പ്രസാദത്താൽ നീ ഇവിടെ തന്നിൽ തന്നെ, ഈ പരമാത്മാവ് താൻ എന്ന് ആത്മതത്വത്തെ സാക്ഷാത്കരിക്കണം.  പരമാത്മാവുമായി താദാത്മ്യം പ്രാപിച്ച് ജനന-മരണ രൂപത്തിലുള്ള തിരമാലകളോടു കൂടിയതും മറുകര കാണാത്തതുമായ സംസാര സമുദ്രത്തെ മറികടക്കണം. ബ്രഹ്മരൂപത്തിൽ ഉറച്ചിരുന്നു കൃതാർത്ഥനാവൂ.

ആത്മസ്വരൂപത്തെ വിശദമാക്കിയ ശേഷം ആത്മതത്വത്തിൽ ഉറച്ചിരിക്കാൻ ഗുരു ശിഷ്യന് നിർദ്ദേശം നൽകുകയാണ് ഇവിടെ. നന്നായി നിയമനം ചെയ്ത, അടക്കിയ ശുദ്ധമനസ്സുകൊണ്ടു വേണം സാധകൻ മുന്നേറാൻ.  ഇഷ്ടദേവതയുടെ ആരാധന, ധ്യാനം എന്നീ ഉപാസനകളിലൂടെ വേണം മനസ്സിനെ നിയന്ത്രിക്കാൻ.  ലൗകിക വിഷയങ്ങളിൽ നിന്ന് മനസ്സിനെ മോചിപ്പിക്കുമ്പോൾ അത് നിയമനം ചെയ്തതും ആവണം.

വിഷയ വികാരവിചാരങ്ങളിൽ പെട്ട് കുടുങ്ങിക്കിടക്കലാണ് മനസ്സ് പലപ്പോഴും. ഉപാസനകൊണ്ട്, ധ്യാനപരിശീലനം കൊണ്ട് മനസ്സ് ശാന്തമായിത്തീരും. അപ്പോൾ വിക്ഷേപങ്ങളെല്ലാം ഒടുങ്ങി മനസ്സ് സ്വസ്ഥവും ശുദ്ധവുമാകും. 

അന്തഃകരണത്തെത്തന്നെയാണ്, പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ മനസ്സെന്നും ബുദ്ധിയെന്നും വേറെ പറഞ്ഞിരിക്കുന്നത്. മനസ്സിലെ വിക്ഷേപം ബുദ്ധിയിൽ ആവരണമാകും.  ഈ മറയെ അവിദ്യ, മായ, വാസന എന്നൊക്കെ വിളിക്കും.  മായാമറ കാരണം ബുദ്ധിയ്ക്ക് തെളിമയുണ്ടാവില്ല. അതിനാലാണ് ആദ്യം മനസ്സിനെ നിയന്ത്രിക്കാൻ പറയുന്നത്.  ശാന്തമായ മനസ്സ് തെളിഞ്ഞ ബുദ്ധിയ്ക്ക് വഴിവയ്ക്കും. ബുദ്ധി തെളിയുന്ന അവസ്ഥയാണ് 'ബുദ്ധി പ്രസാദാത്' എന്നു പറഞ്ഞിരിക്കുന്നത്.

സംശയം മുതലായ എല്ലാ ദോഷങ്ങളും ബുദ്ധി തെളിമയാൽ നീങ്ങും.  അപ്പോഴാണ് ആത്മദർശനമുണ്ടാവുക.  തന്നിൽ നിന്ന്  വേറിട്ട ഒന്നായല്ല ആത്മാവിനെ അറിയുന്നത്; താൻ തന്നെയാണ് അത് എന്ന് സ്വയം അനുഭവമാകണം.  ഇത്രയും കാലം ശരീരമാണ് ഞാൻ എന്ന് തെറ്റായി കരുതിയതിനെ തള്ളിക്കളയാൻ ആത്മസാക്ഷാത്കാരത്തിലൂടെ കഴിയുന്നു. 

എന്നെ എനിയ്ക്ക് അറിയാൻ മറ്റൊന്നിന്റേയും സഹായം ആവശ്യമില്ല.  അതിന് ഇന്ദ്രിയങ്ങളോ മനസ്സോ ബുദ്ധിയോ ഒന്നും വേണ്ടാ. കൂരിരുട്ടത്തു പോലും എന്നെ ഞാൻ അറിയുന്നു.  മറ്റൊരു വെളിച്ചത്തിന്റെയോ മറ്റൊരാളുടെയോ സഹായം അതിനു വേണ്ട. സ്വന്തം സ്വരൂപത്തെ തന്നിൽ, താൻ തന്നെയായി അറിയലാണ് ആത്മസാക്ഷാത്കാരം. ഇന്ദ്രിയങ്ങൾക്കും മനസ്സിനും ബുദ്ധിയ്ക്കുമൊക്കെ പ്രത്യക്ഷമായോ പരോക്ഷമായോ ഈ അറിവ് നേടാനാകാത്തതിനാൽ ഇതിനെ അപരോക്ഷാനുഭൂതി എന്ന് പറയുന്നു.

സ്വപ്നത്തിൽ നിന്നും ഉണരുമ്പോലെയാണ് സത്യത്തിനെ സാക്ഷാത്കരിക്കുന്നത്. അതുവരെ സ്വപ്നലോകവുമായി ഉണ്ടായിരുന്ന എല്ലാ താദാത്മ്യവും അവസാനിച്ച് താൻ ഉണർന്നവനായിത്തീരുന്നു.  അതുപോലെ, ശരീരം മുതലായ ഉപാധികളുമായി ബന്ധപ്പെട്ട എല്ലാ പരിമിതികളും ആത്മസാക്ഷാത്കാരത്തിലൂടെ നീങ്ങുന്നു. 

മറികടക്കാൻ പറ്റാത്തതായ അപാരതീരമാണ് സംസാര സാഗരത്തിന്റേത്.  എന്നാൽ ആത്മതത്വമറിഞ്ഞയാൾ ജനന-മരണങ്ങളാകുന്ന കൂറ്റൻ തിരമാലകൾ ആർത്തിരമ്പുന്ന ആ സംസാരക്കടലിനെ മറികടക്കുകതന്നെ ചെയ്യും, അഥവാ മറികടന്നിരിക്കുന്നു. ബ്രഹ്മമാകുന്ന മറുകരയിലെത്തുന്നതുതന്നെയാണ് സംസാരസാഗരത്തെ തരണം ചെയ്യൽ. പ്രത എന്നു പറഞ്ഞതുകൊണ്ട് സദ്യോ മുക്തിയെയാണ് അർത്ഥമാക്കുന്നത്.

ബ്രഹ്മപദത്തെ നേടുന്ന ആത്മജ്ഞാനി എന്നും കൃതകൃത്യനായിരിക്കും. താനെന്ന തന്റെ ആത്മാവും പരമാത്മാവും ഒന്നുതന്നെയെന്ന് അപ്പോൾ അനുഭവമാകും. 

ചെയ്യേണ്ടത് മുഴുവൻ ചെയ്തുകഴിഞ്ഞാലുള്ള സംതൃപ്തിയാണ് കൃതാർത്ഥത; ഇനി ചെയ്യാനൊന്നുമില്ല. നേടേണ്ടതെല്ലാം നേടുന്നതുമാണ് ഇത്.  അവനവനെ ശരിയ്ക്ക് അറിഞ്ഞാൽ പിന്നെ എല്ലാമായി.  ഓരോ ആളും, അങ്ങനെ, തന്റെ ആത്മസ്വരൂപത്തെ അറിഞ്ഞ് കൃതാർത്ഥനാവട്ടെ... എന്നാണ് ഗുരുവിന്റെ ഉപദേശ രൂപേണയുള്ള അനുഗ്രഹവചനങ്ങൾ.

No comments: