Tuesday, March 24, 2020

വിവേകചൂഡാമണി - 100
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

അനാത്മബന്ധനത്തിന് ഹേതു അജ്ഞാനം

കർമ്മബന്ധത്തെ വിവരിക്കുന്നു;

ശ്ലോകം 146
അജ്ഞാനമൂലോ/യമനാത്മബന്ധോ
നൈസര്‍ഗ്ഗികോ/നാദിരന്ത ഈരിത
ജന്മാപ്യയവ്യാധിജരാദി ദുഃഖ-
പ്രവാഹപാതം ജനതയത്യമുഷ്യ

ഈ അനാത്മബന്ധം ഉണ്ടായത് അജ്ഞാനം മൂലമാണ്.  മറ്റ് കാരണങ്ങളൊന്നുമില്ലാത്ത ഇത് അനാദിയും അനന്തവുമാണെന്ന് പറയപ്പെടുന്നു.  ജനനം, മരണം, രോഗം, ജര തുടങ്ങിയ ഒടുങ്ങാത്ത ദുഃഖങ്ങളെ ഇത് ജീവന് വരുത്തിവയ്ക്കുന്നു.

ജീവൻ സംസാരത്തിൽ കുടുങ്ങിപ്പോകുന്നതെങ്ങനെയെന്ന് കഴിഞ്ഞ ശ്ലോകത്തിലെ സംസാരവൃക്ഷത്തിന്റെ ചിത്രീകരണത്തിലൂടെ വ്യക്തമാക്കി. സംസാരവൃക്ഷം വിഷവൃക്ഷം പോലെ മുമുക്ഷുവിന് വർജ്ജ്യമാണ്.  അറിവില്ലായ്മയാണ് സംസാര ബന്ധനത്തിന്റെ മൂലകാരണം.  നിരവധി ദുഃഖങ്ങളാകുന്ന പഴങ്ങൾ മാത്രമാണ് അതിനു നൽകാൻ കഴിയുക. അവനവന്റെ യഥാർത്ഥ സ്വരൂപത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഈ അനാത്മബന്ധത്തിനു കാരണമായത്.  ഈ അജ്ഞാനം നൈസർഗ്ഗികമാണ്.  എന്നുവച്ചാൽ, അത് തന്നെയുണ്ടായതാണ്, അതിന് മറ്റു കാരണങ്ങളൊന്നുമില്ല.

നൈസർഗ്ഗികമെന്നത് മറ്റൊരു തരത്തിൽ പറഞ്ഞാൽ മുൻപുണ്ടായ അദ്ധ്യാസങ്ങളുടെ സംസ്കാരത്തിൽ നിന്ന് ഉണ്ടായത് എന്നർത്ഥം. ഇത് എന്നു തുടങ്ങി എന്നറിയില്ല, അതിനാൽതന്നെ അത് അനാദിയും അനന്തവുമാണ്.

അനാത്മവസ്തുവിൽ ആത്മബുദ്ധിയുണ്ടായാൽ അതുമൂലം ദുഃഖമുണ്ടാകുമെന്ന് ഇവിട വീണ്ടും ഉറപ്പിച്ചു പറയുന്നു.

അനാത്മാവ് ആത്മാവാണെന്ന തോന്നൽ എങ്ങനെയുണ്ടായി? എവിടെയുണ്ടായി? ഉപാധികളൊന്നുമില്ലാത്ത ആത്മാവ് എങ്ങനെ ഉപാധികളോടെ അപൂർണ്ണനായി? ഈ സംശയം നമുക്കുണ്ടാകും.

അജ്ഞാനമാണ് അനാത്മബന്ധത്തിനു കാരണം.  അത് തന്നെയാണ് അപരിമിതമായ ആത്മാവിനെ പരിമിതമായ ജീവനാക്കുന്നത്.   അജ്ഞാനം അനാത്മാവിനെ ആത്മാവായി തെറ്റിദ്ധരിപ്പിക്കുന്നു.

ഈ അജ്ഞാനം എന്ന് ഉണ്ടായി എന്നു ചോദിച്ചാൽ ഉത്തരം അനാദിയെന്നാണ്.

അത് കാരണത്തിൽ നിന്നുണ്ടായ കാര്യമല്ല.  ഗുഹയുടെ സ്വഭാവമാണ് ഇരുട്ട്, അല്ലെങ്കിൽ അത് ഗുഹയോടൊപ്പമുള്ളതാണ്. ഗുഹയുള്ളിടത്ത് ഇരുട്ടുണ്ട്; അതുപോലെ, ആത്മജ്ഞാനമില്ലാത്തവന്റെ ഉള്ളിലും ഇരുട്ട് മൂടിയിരിക്കുന്നു. ബുദ്ധിയുടെ നിലവാരത്തിൽ നിന്ന് നോക്കുമ്പോൾ അജ്ഞാനം തുടക്കവും ഒടുക്കവും ഇല്ലാത്തതാണ്. അത് കാലത്തിന് അതീതമാണ് എന്നറിയണം.  കാലത്തിലൂടെയാണ് നാം സംസാരത്തെ അറിയുന്നതും അനുഭവിക്കുന്നതും.

കാലത്തിന് അതീതമായി ഉയർന്നാൽ പിന്നെ സംസാരമുണ്ടാകില്ല. കാലത്തിന്റെ കണക്കിലാണ് ആദിയും അന്തവുമൊക്കെ വരുന്നത്.  ശരീരം മുതലായ ഉപാധികളായ അനാത്മവസ്തുക്കളിലെ താദാത്മ്യം ജീവനെ ശരിക്കും കഷ്ടപ്പെടുത്തുന്നു.  ജനനം, വൃദ്ധി, ക്ഷയം, ജര, വ്യാധി, മരണം തുടങ്ങിയ സകല ദുഃഖങ്ങളും ഒന്നിനു പുറകെ മറ്റൊന്നായി വന്ന് ദുരിതത്തിലാക്കുന്നു.  ജനന-മരണങ്ങളില്ലാത്ത ആത്മാവിന് ജനനമുണ്ടെന്ന് തോന്നുന്നു.  വൃദ്ധിക്ഷയങ്ങളില്ലാത്ത അതിന് അവയുണ്ടെന്ന് തോന്നിക്കുന്നു.  ജീവൻ എന്ന പരിമിതനായിരിക്കുന്ന അതിന്, പിന്നെ ദുഃഖം തന്നെ ദുഃഖം.

ആത്മാവ് അജ്ഞാനം മൂലം ഉപാധികളിൽ പെട്ട് ഭ്രമിക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.  അജ്ഞാനം നീങ്ങിയാൽ അനാത്മബന്ധനവും നീങ്ങും.
Sudha bharat 

No comments: