Sunday, March 22, 2020

ആത്മോപദേശശതകം - 1
🙏🙏🙏🙏🙏🙏🙏🙏🙏🙏

"അറിവിലുമേറി അറിഞ്ഞിടുന്നവന്‍ തന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിയ്ക്കും കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി തെരുതെരെ വീണുവണങ്ങിയോതിടേണം.

അതുമിതുമല്ലസദര്‍ത്ഥമല്ലഹം സച്ചിദമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദമിതി പ്രതിപത്തിയറ്റു സത്തോ മിതിമൃദുവായ് മൃദുവായമര്‍ന്നിടേണം.

സത്സംഗം വളരെ വളരെ മൃദുവായിട്ടുള്ളൊരു വിഷയമാണ്. മൃദു എന്നുവച്ചാൽ അഭിമാനത്തിന്റെ ചെറിയ ചലനം പോലും സത്സംഗത്തെ ദുഃസ്സംഗമാക്കി മാറ്റും. അതുകൊണ്ട് തന്നെ സത്സംഗത്തിന് ഒരു വേദി ഒരുക്കുക എന്ന് പറയണത്…. വക്താവ്, പൃച്ചകൻ, ശ്രോതാ എന്ന് പറയും. ഈ പൃച്ചകന്റെ, എന്നുവച്ചാൽ നടത്തിപ്പുകാരന്റെ ഭാവനയിലുള്ള സത്വഗുണം വളരെ പ്രധാനമാണ്. അതേപോലെ തന്നെ പറയുന്ന ആൾക്കും കേൾക്കുന്ന ആളുകൾക്കുമെല്ലാം.

സത്സംഗം എന്ന് പറഞ്ഞാൽ ക്ലാസ്സല്ലാ. അതുകൊണ്ട് ആദ്യം തന്നെ ഈ പഠനക്ലാസ്സ് എന്നുള്ളത് ഞാനങ്ങട് മാറ്റിവെയ്ക്കാണ് ആ പദം.

വൈഷയികമായ ഒബ്ജക്ടീവ് സയന്‍സ്, ഒബ്ജക്ടീവ് ആയിട്ടുള്ള വിഷയങ്ങളാണ് ക്ലാസ്സിലൂടെ പഠിയ്ക്കേണ്ടത്. പഠിയ്ക്കുക എന്നുള്ളത് ബുദ്ധിയുടെയും ഓർമ്മയുടേയും ഒക്കെ തലത്തിൽ മാത്രം നിൽക്കുന്ന ഒരു കാര്യമാണ്. സത്സംഗം എന്ന് പറയണത് വിവേക പ്രധാനമാണ്.

യാഗം ചെയ്യുമ്പോ അഗ്നി കടഞ്ഞെടുക്കുന്നത് അരണിക്കോലുകളിലൂടെയാണ്. പൂർവ്വാരണി ഉത്തരാരണി എന്ന് പറഞ്ഞ് മുകളിലൊരരണിക്കോല് വച്ച് ചുവട്ടിലൊരരണിക്കോല് വച്ച് രണ്ട് അരണിക്കോലുകളും കൂടെ കൂട്ടി ഉരസുമ്പോൾ അതിൽ നിന്നും വരുന്ന അഗ്നി അരണിക്കോലുകളെ തന്നെ ഇല്ലാതാക്കിയിട്ട് യാഗാഗ്നിയായിട്ട് ജ്വലിയ്ക്കും. ഇത് ഭാഗവതത്തില് വരുന്ന ഉദാഹരണമാണ്. ഇത് ഗുരുദേവൻ ആത്മോപദേശശതകത്തില് അതീവ ഗംഭീരമായി ഒരു ഋഷിയ്ക്ക് മാത്രം പറയാവുന്ന അഗാധതയോടു കൂടെ ആത്മോപദേശശതകത്തില് ഇത് പറയുന്നുണ്ട്.

ഭാഗവതത്തില്,
ആചാര്യോ അരണിരാദ്യഃ സ്യാത് അന്തേവാസ്യുത്തരാരണിഃ
തത് സന്ധാനം പ്രവചനം വിദ്യാസന്ധിഃ സുഖാവഹഃ.
എന്നൊരു ശ്ലോകം.

നാരായണീയത്തില് ഭട്ടതിരി അതിനെ സംഗ്രഹിച്ചിട്ടുണ്ട്.
ആചാര്യാഖ്യാധരസ്ഥാരണിസമനുമിള-
ശിഷ്യസംജ്ഞോത്തരാര-
ണ്യാവേദോത്ഭാസിതേന സ്ഫുടതരപരിബോ-
ധാഗ്നിനാ ദഹ്യമാനേ
കർമ്മാളീ വാസനാ തൽകൃതതനുഭുവന-
ഭ്രാന്തികാന്താരപൂരേ
ദാഹ്യാഭാനേന വിദ്യാശിഖിനി ച വിരതേ
ത്വന്മയീ ഖല്വവസ്ഥാ.
എന്നാണ് നാരായണീയം.

ഗുരുദേവൻ ആത്മോപദേശശതകത്തില് സത്സംഗം എന്താണെന്ന് പറഞ്ഞപ്പൊ യദൃച്ഛയാ അങ്ങട് ഈ ശ്ലോകം അങ്ങട് ഓർമ്മ വന്നു.

82ാമത്തെ ശ്ലോകത്തില്,
അരണി കടഞ്ഞെഴുമഗ്നി പോലെ ആരായ്‌വവരിൽ ഇരുന്നതിരറ്റെഴും വിവേകം
പരമചിദംബരമാര്‍ന്ന ഭാനുവായ് നിന്നെരിയും അതിന്നിരയായിടുന്നു സര്‍വ്വം.

അരണി കടഞ്ഞെഴുമഗ്നിപോലെ! ഈ അരണി കടഞ്ഞ് ഉദിയ്ക്കുന്ന അഗ്നി പോലെ.. ഇവിടെ രണ്ടുപേരൊന്നും ഗുരുദേവൻ പറഞ്ഞില്ലാ. ഗുരുവെന്നും ശിഷ്യനെന്നും ആചാര്യനെന്നും ഒന്നും പറഞ്ഞില്ലാ. ആരായ്‌വവർ. ആരായുക എന്നുള്ളത് ഗുരുദേവന് ഇഷ്ടമുള്ളൊരു വാക്കാ. അകമേയ്ക്ക് അന്വേഷിയ്ക്കുക. അന്വേഷണം എന്ന് പറയുമ്പോ വിചാരപ്രധാനം എന്നുള്ളതിനേക്കാളും കൂടുതൽ ശ്രദ്ധാ പ്രധാനമാണ്.

ദയവുചെയ്ത് എഴുതരുത്. എഴുതിയാൽ നിങ്ങൾക്ക് നഷ്ടപ്പെട്ടും. ആദ്യമേ അതാണ് പറഞ്ഞത് ക്ലാസ്സല്ലാ. ശ്രവണം ചെയ്യുമ്പോ നമ്മൾക്ക് എന്ത് കിട്ടുന്നോ അത് മതി. എഴുതിയാൽ നമ്മുടെ ശ്രദ്ധ ഒബ്ജക്ടീവ് ആവും, വൈഷയികമാവും.

നമ്മള് പിന്നീട് ഉപയോഗിയ്ക്കണം എന്ന് പറഞ്ഞാണ് എഴുതുന്നത്. ഉപയോഗിയ്ക്കാൻ പറ്റില്ലാ. ഇപ്പൊ കിട്ടിയാലേ ഉള്ളൂ. പിന്നീട് ഉപയോഗിയ്ക്കാൻ പറ്റില്ലാ. എഴുതുക എന്നുള്ളത് നമ്മുടെ സമ്പ്രദായമേ അല്ലാ. എഴുതുന്നതോണ്ട് എനിയ്ക്ക് ദോഷം ഉണ്ടായിട്ടല്ലാ നിങ്ങൾക്ക് പ്രയോജനപ്പെടില്ലാ. ശ്രവിയ്ക്കുക. ശരണാഗതിയോടെ ശ്രവിയ്ക്കുക. മനസ്സിലാവണത് മനസ്സിലാവട്ടെ ഇല്ലാത്തത് വേണ്ട എന്ന് പറഞ്ഞിട്ട് കേൾക്കുക. ലാഘവത്തോടെ കേൾക്കുക എത്ര കണ്ട് ഹൃദയത്തില് പോണു അത്ര കണ്ട് പോട്ടെ. ഇല്ലെങ്കി വേണ്ടാ എന്ന് പറഞ്ഞിട്ട് കേൾക്കുക."

                        ((നൊച്ചൂർ ജി 🥰🙏))

No comments: