Tuesday, March 17, 2020

ഭാഷ്യപ്രഭാ

  (ബ്രഹ്മസുത്ര ചതുസ്സൂത്രി ഭാഷ്യം)

         ശ്രീശങ്കരഭഗവത് പാദർ

ആവിർഭാവരഹസ്യം

      ജീവിതരഹസ്യം പൂർണ്ണമായി കണ്ടെത്താൻ കഴിഞ്ഞ നാടാണ് ഭാരതം. ഉപനിഷത്തുക്കളാണ് സംശയാതീതമായി സത്യസ്വരൂപം വിവരിക്കുന്ന ശാസ്ത്രഗ്രന്ഥങ്ങൾ. വ്യക്തമായി കാലനിർണ്ണയം ചെയ്യാൻ വയ്യാത്തവണ്ണം അത്ര പഴക്കമേറിയതാണുതാനും ആ ഗ്രന്ഥസമുച്ചയം. പ്രപഞ്ചം സൃഷ്ടിച്ചിട്ട് ജഗദീശ്വരൻതന്നെ തന്റെ യഥാർത്ഥസ്വരൂപവും ഉപനിഷത്തുക്കളിൽ വെളിപ്പെടുത്തി തന്നിരിക്കുകയാണോ? ഉപനിഷത്തുക്കളെ തികഞ്ഞ ശ്രദ്ധയോടെ സമീപിക്കുന്ന ഒരാൾക്ക് തോന്നിപ്പോകാവുന്ന ഒരു നിഗമനമാണീ ചോദ്യം. - ജഗദീശ്വരൻ സ്വസ്വരൂപം ഗ്രന്ഥങ്ങളിൽ വിവരിക്കുക മാത്രമല്ല ചെയ്തത് അങ്ങനെ വിവരിച്ചതുകൊണ്ടു മാത്രം മായമുഗ്ധനായ മനുഷ്യന് സ്മൃതി തുടർന്ന് നിലനിർത്താൻ കഴിയുന്നതല്ലെന്ന് ആ സർവ്വജ്ഞന് അറിയാം. ഈശ്വര ഭജനത്തിനവസരം കിട്ടിയാൽ പോലും സത്യസ്വരൂപം വേണ്ടവണ്ണം ധരിക്കാതെ കർമ്മബഹുലതയിൽ പെട്ടുഴന്നുപോവുകയാണ് മനുഷ്യസ്വഭാവം. എത്ര വിശദമായി വിവരിച്ചിരുന്നാലും സത്യസ്വരുപത്ത, തെററിദ്ധരിച്ചു പോകുന്നതും മനുഷ്യ പ്രകൃതിയാണ്. ഇത് പരിഹരിക്കാൻ സർവ്വേശ്വരൻ അന്നന്നവതരിച്ച് വേണ്ടതു ചെയ്തുപോരുന്നുവെന്നുളളതും ഭാരതീയർക്ക് ബോധ്യപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഉപനിഷത് സത്യത്തെ ഈ പരിപാടിയനുസരിച്ച് ആവർത്തിച്ചുറപ്പിക്കുവാനും ആവർത്തിച്ച് വിശദീകരിക്കാനുമായിട്ടാണല്ലോ ശ്രീശങ്കര ഭഗവത്പാദരും തിരുവവതാരം ചെയ്തത്.

തതകാല സമുദായസ്ഥിതി

    ഉപനിഷത് സത്യത്തെ ഒട്ടൊന്നവഗണിച്ചുകൊണ്ടാണ് ബുദ്ധമതം ആവിർഭവിച്ചത്. ഭാരതത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ കാണാവുന്ന ഒരു മഹാത്ഭുതമുണ്ട്. പുതിയപുതിയ  മത സിദ്ധാന്തങ്ങളും രാഷ്ട്രീയതത്ത്വ സംഹതികളും ഒക്കെ തടവു കൂടാതെ ഭാരതത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. വിദേശശക്തികളും പലതും പല ലക്ഷ്യങ്ങളുമായി ഇവിടെ കടന്നുവന്നിട്ടുണ്ട്. ഈ മണ്ണിൽതന്നെ പല പുതിയ ആശയങ്ങളും രൂപം കൊണ്ടിട്ടുമുണ്ട്. ആരംഭത്തിൽ ഇവയെല്ലാം ഒരരുവിയിൽ നിന്നുള്ള വെള്ളച്ചാട്ടം പോലെ ശബ്ദബഹുലമായ വേഗതയോടെയാണ് കടന്നുവന്നിട്ടുളളത്. വേദാന്തമതം ശക്തി ഉപയോഗിച്ച് ഇവയെ തടയാൻ ഒരിക്കലും ശ്രമിച്ചിട്ടുമില്ല. പക്ഷെ സൂര്യതുല്യം അചഞ്ചലമായി ജ്വലിച്ചുകൊണ്ടിരിക്കുന്ന ആ സത്യദർശനത്തിന്റെ മുൻപിൽ മറെറല്ലാ ശക്തികളും ആരംഭശൂരത്വംവെടിഞ്ഞ് കെട്ടടങ്ങുന്നതായിട്ടാണ് തെളിഞ്ഞിട്ടുള്ളത്. ശ്രീ ശങ്കരൻ തിരുവവതാരം ചെയ്യുന്നതിനു തൊട്ടുമുൻപുള്ള കാലഘട്ടത്തിൽ ഭാരതം വിവിധ മതങ്ങളുടെയും എണ്ണമററ ഉപാസനാ സമ്പ്രദായങ്ങളുടെയും ഒരു കൂത്തരങ്ങായി തീർന്നിരുന്നു. ഉപനിഷത് സത്യം എല്ലാ മതങ്ങളേയും ഉപാസനാ മർഗ്ഗങ്ങളേയും സഹിഷ്ണുതയോടെ വീക്ഷിക്കാൻ കരുത്തുഉള്ളതാണ്.
പക്ഷെ ഒരു നിയമം മാത്രം. പൂർണ്ണസത്യമായ പരമാത്മസത്തയെ വിസ്മരിക്കാതെ വേണം അവ പ്രവർത്തിക്കാൻ. മതങ്ങളും ഉപാസനകളൂം മാർഗ്ഗങ്ങളാണ്. ലക്ഷ്യത്തെ മറക്കാതിരിക്കുമെങ്കിൽ അവയെല്ലാം അർഥവത്താണ്. ജനങ്ങൾ ലക്ഷ്യത്തെ മറക്കുമെന്നുവന്നാൽ ഭഗവാൻ അവതരിച്ച് വീണ്ടും അതിനെ ഓർമ്മിപ്പിക്കേണ്ടിവരും. ജൈനബുദ്ധമതങ്ങൾ ഉപനിഷത് സത്യത്തെ നിഷേധിച്ചുകൊണ്ടാണ് രംഗപ്രവേശം ചെയ്തത്. മീമാംസകന്മാർ വേദത്തിലെ കർമ്മകാണ്ഡത്തെ പൂർണ്ണമായി സമാശ്രയിക്കുന്നവരാണ്. കർമ്മമോഹത്തിൽ പെട്ടുപോയിരുന്നതുകൊണ്ട് അവർക്കും ബ്രഹ്മതത്ത്വം വേണ്ടവണ്ണം (ഗഹിക്കാൻ കഴിഞ്ഞിരുന്നില്ല. സാംഖ്യം തുടങ്ങിയ ഇതരദർശനങ്ങളും അവാങ് മനസഗോചരമായ സത്യത്തെ മനസ്സിന്റെ യുക്തികൾകൊണ്ട് അളന്നുകുറിച്ചുകളയാമെന്ന് വ്യാമോഹിച്ചുകൊണ്ട് വേദരഹസ്യം വ്യക്തമായറിയാതെ ഇരുളിൽ തപ്പിത്തടഞ്ഞിരുന്നു.  വൈഷ്ണവന്മാർ, ശൈവന്മാർ, ശാക്തന്മാർ തുടങ്ങി എണ്ണമറ്റ ഉപാസനകളിൽ കുടുങ്ങിപ്പോയവർ മലിനചിത്തവ്യത്തികളുമായി പരസ്പരം മത്സരിച്ചിരുന്നതുകൊണ്ടുതന്നെ
അവർ അവിദ്യാതമസ്സിൽ പെട്ടുഴന്നിരുന്ന അന്ധരാണെന്നു കാണാമായിരുന്നു. ഇങ്ങിനെയുള്ള ഒരു കാലഘട്ടത്തിൽ ഉപനിഷത് സത്യത്തെ സംശയാതീതമായി ആവർത്തിച്ചുറപ്പിക്കുവാനും ജനഹ്യദയങ്ങളിൽ പ്രതിഷ്ഠിക്കുവാനുമായിട്ടാണ് ശ്രീ  ശങ്കരഭഗവത് പാദർ അവതരിച്ചത്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സർ അവർകൾ.

No comments: