Tuesday, March 17, 2020

വിവേകചൂഡാമണി -- 204

        'ഭുജഗേ രജ്ജുധിഷണാ'
(പാമ്പിനെക്കണ്ട് കയറാണെന്ന് കരുതുക):- രജ്ജുസർപ്പഭ്രാന്തി (കയറുകണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിക്കൽ) എന്ന ദൃഷ്ടാന്തത്തെ ഇങ്ങനെ തലതിരിച്ച് പ്രസ്താവിക്കുന്നതിലൂടെ വേദാന്തവിദ്യാർഥികൾ അവശ്യം അറിഞ്ഞിരിക്കേണ്ട തത്ത്വത്തെ സമർത്ഥമായി പ്രതിപാദിക്കുകയാണ് അസാമാന്യപ്രതിഭാശാലിയായ ശ്രീശങ്കരൻ ഇവിടെ ചെയ്യുന്നത്. അനാത്മാവിൽ ആത്മബുദ്ധിയുണ്ടായാൽ വന്നുകൂടുന്ന അത്യന്താനർത്ഥത്തെ ഇത് സൂചിപ്പിക്കുന്നു. കയറിൻകഷ്ണം ആവശ്യമുള്ള ഒരാൾ നടന്നുപോവുമ്പോൾ ഇടവഴിയിൽ ചുരുണ്ടുകിടക്കുന്ന പാമ്പിനെക്കണ്ട് കയറാണെന്ന് ധരിച്ച് അതിനെ കുനിഞ്ഞ് എടുക്കുകയാണെന്നിരിക്കട്ടെ -- ആ വിഡ്ഢി ക്ഷണിച്ചു  വരുത്തുന്ന ആപത്തിന്റെ ഗൗരവം ഒന്നാലോചിച്ചുനോക്കൂ! കയറെന്ന് കരുതി പാമ്പിനെ പിടിച്ച് വലിക്കുന്ന വിമൂഢന്റെ ഗതിയെന്തായിരിക്കും! 

      ഇതുമാതിരിത്തന്നെയാണ് നാം ജീവിതത്തിൽ അനുവർത്തിച്ചുപോരുന്നതെന്ന് ആചാര്യൻ നമ്മെ ഓർമ്മപ്പെടുത്തുന്നു. ശരീരത്തെ നാം ആത്മാവെന്ന് കരുതുന്നു -- അത്ര മാത്രം! അതിന്റെ ഭവിഷ്യത്തോ? വീട്, വാഹനം, ഭാര്യ, പണം -- അതും കുറച്ചൊന്നും പോരാ; അത് നേടാനുള്ള വെപ്രാളം, നേടിക്കഴിഞ്ഞാൽ  അതെങ്ങനെ സൂക്ഷിക്കണം എന്ന ആലോചന, എവിടെയെങ്കിലും ഭ്രദമായിവച്ചാലും രാവുപകൽ അതിന്ന് കാവലിരിക്കൽ, റേഡിയോ, ടെലിവിഷൻ, എയർകണ്ടീഷൻ, സുഖ ഭോഗങ്ങൾ, സൽക്കാരങ്ങൾ, വിനോദപരിപാടികൾ... അങ്ങനെ നീണ്ടുനീണ്ടുപോകുന്നു, ആവശ്യങ്ങളുടെ പട്ടിക. ഇവയെല്ലാം, ആവശ്യമില്ലാതെ നമ്മുടെ തലയിൽ തുരുതുരെ വീണുകൊണ്ടിരിക്കുന്ന അനർത്ഥജാലങ്ങളാണ്. ദേഹമാണ് ഞാനെന്ന ധാരണയും തന്മൂലമുണ്ടാകുന്ന ആസക്തിയും കൂടുന്തോറും ജീവിതക്ലേശങ്ങൾ പൊങ്ങിവരും. ഇങ്ങനെ അസത്തായ ദേഹത്തെ വിടാതെ
പിടിച്ചുകൊണ്ടിരിക്കുന്നതുതന്നെ 'ബന്ധം' (യോ അസത് ഗ്രാഹഃ സ ഹി ഭവതിബന്ധഃ) 'ബന്ധ'ത്തിന്റെ രണ്ടാമത്തെ നിർവ്വചനമാണിത്. കഴിഞ്ഞ ശ്ലോകത്തിൽ 'അനാത്മന്യഹമിതിമതിർബന്ധഃ'
(അനാത്മാവിനെ ആത്മാവെന്ന് കരുതുന്നതാണ് ബന്ധം) എന്ന് നിർവ്വചിക്കയുണ്ടായി)
   
      നശ്വരവും പരിണാമവിധേയവും അസത്തുമായ അനാത്മാവ് -- ശരീരാദ്യുപാധികൾ -- ആത്മാവാണെന്നുള്ള തോന്നൽ തന്നെ ബന്ധം. ആചാര്യസ്വാമികൾ ഇവിടെ ശിഷ്യനെ 'സുഹൃത്തേ എന്നാണ്
സംബോധന ചെയ്തിരിക്കുന്നത് -- 'സുഹൃത്തേ' കേൾക്കു - ശ്രദ്ധിക്കൂ' 
(ശൃണു സഖേ). ഋഷിവര്യനായ ജഗദ്ഗുരു സൗഹൃദഭാവത്തിൽ, നമ്മുടെ നിലവാരത്തിലേക്ക് ഇറങ്ങിവരുകയാണ്.

      ആദ്യമായി ആചാര്യസ്വാമികൾ 'അനാത്മാ'വിനെക്കുറിച്ച് നിരൂപണം ചെയ്തു; തുടർന്ന്, 'ആത്മസ്വരൂപ'ത്തെക്കുറിച്ചും.
ഇപ്പോൾ, "ബന്ധ'ത്തിന്റെ സ്വരൂപമെന്തെന്ന് വിവരിക്കയാണ്.

      ആത്മാനാത്മാക്കൾ തമ്മിലുണ്ടായ 'അവിഹിതവേഴ്ച'യുടെ ഫലമായി 'ജീവൻ' ജനിച്ചു. അപൂർണ്ണത്വാദി പരിമിതികളും ബന്ധനങ്ങളുമെല്ലാം 'കർത്തൃത്വ -- ഭോക്തൃത്വാഭിമാനി' എന്ന നിലയിൽ നമ്മിൽ വർത്തിക്കുന്ന ഈ ജീവന്റേയാണ്.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

No comments: