Saturday, March 21, 2020

വിവേകചൂഡാമണി - 96
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

അന്തഃകരണം തെളിഞ്ഞിരിക്കണം

തിരോഭൂതേ സ്വാത്മന്യമലതരതേജോവതി പുമാന്‍
അനാത്മാനം മോഹാദഹമിതി ശരീരം കലയതി
തതഃ കാമക്രോധപ്രഭൃതിഭിരമും ബന്ധനഗുണൈഃ
പരം വിക്ഷേപാഖ്യാ രജസ ഉരുശക്തിര്‍വ്യഥയതി

വളരെ നന്നായി വിളങ്ങുന്ന ശുദ്ധ തേജസ്സായ ആത്മാവ് മറയ്ക്കപ്പെടുമ്പോൾ മനുഷ്യൻ ആത്മാവല്ലാത്ത ശരീരത്തെ 'ഞാൻ' എന്ന് തെറ്റിദ്ധരിക്കുന്നു.  പിന്നീട് രജോഗുണത്തിന്റെ കരുത്തുറ്റ ശക്തിയായ വിക്ഷേപത്തിനാൽ കാമം, ക്രോധം മുതലായവകൊണ്ട് ബന്ധനമുണ്ടാക്കി ജീവനെ ഒട്ടേറെ കഷ്ടപ്പെടുത്തുന്നു.

ഈ ശ്ലോകത്തിന്റെ ആദ്യ പകുതിയിൽ ആവരണശക്തി മൂലം സംഭവിക്കുന്നതിനെയും രണ്ടാം പകുതിയിൽ വിക്ഷേപ ശക്തി മൂലം പ്രകടമായി ഉണ്ടാകുന്ന അനർത്ഥങ്ങളെയും പറയുന്നു.

ആത്മജ്യോതിസ്സിന്റെ സാന്നിദ്ധ്യം അനുഭവിക്കാൻ കഴിയാത്തപ്പോഴാണ് അനാത്മാക്കളെ ആത്മാവായി കരുതുന്നത്.  അജ്ഞാന മറ മൂലം ആത്മാവിന്റ പരിശുദ്ധ പ്രകാശം മറഞ്ഞുപോകുന്നു.  ബുദ്ധിയിലുണ്ടാകുന്ന ഈ മറവ് വകതിരിവിനെ നഷ്ടപ്പെടുത്തും. അത് മനസ്സിലെ രജോഗുണത്തേയും തന്മൂലം വിക്ഷേപമുണ്ടാകുന്നതിനും കാരണമാകും. 

തമസ്സാകുന്ന കാർമേഘം വിവേക ശക്തിയെ മറയ്ക്കുന്നതിനാൽ സ്വസ്വരൂപത്തെ അറിയാതിരിക്കുന്നു.  അതുകൊണ്ട്, ശരീരമാണ് ഞാൻ എന്ന തെറ്റിദ്ധാരണയിൽ മനുഷ്യന് കഴിയേണ്ടി വരും.  ശരീരമെന്നാൽ ഇവിടെ സ്ഥൂലവും സൂക്ഷ്മവും കാരണവുമായ മൂന്നെണ്ണവും ഉൾപ്പെടും.  വിക്ഷേപം മൂലം കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിങ്ങനെയുള്ള അപകടകരങ്ങളായ മനോവൃത്തികൾ ഉണ്ടാകും.  ഇത് ജീവനെ ബന്ധിക്കുകയും സംസാരാദുരിതങ്ങളിൽ പെടുത്തി ദ്രോഹിക്കുകയും ചെയ്യും.

മനസ്സിന്റെ ഈ ആറു വൃത്തികളെയുമാണ് ഗുണങ്ങൾ എന്നു പറഞ്ഞിരിക്കുന്നത്.  ഗുണം എന്നാൽ 'കയർ' എന്നാണർത്ഥം; നമ്മെ ഓരോരുത്തരേയും പിടിച്ചു കെട്ടിയിടുന്നത്.  ഇവ ഓരോന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്.  ഒന്ന് വന്നാൽ മറ്റുള്ളവയും കൂടെ വരും.  ആറു ശത്രുക്കൾ എന്ന അർത്ഥത്തിൽ ഷഡ് വൈരികൾ എന്നാണ് ഇവയെ വിളിക്കുക.

ഇവയുടെ കൂടെ അസൂയ, അഹങ്കാരം, ഈർഷ്യ മുതലായവയെ ചേർക്കാം.  ഇവയെല്ലാം നരകത്തിലേക്കുള്ള വാതിലുകളാണ്.  നമ്മുടെ ഓരോരുത്തരുടേയും ശത്രു പുറത്തല്ല, അകത്തു തന്നെയാണ്.  നാം ശത്രുക്കളുടെ പിടിയിലകപ്പെട്ടാൽ പിന്നെ അവ പിടിച്ചുകെട്ടി പീഡനമേൽപ്പിക്കും.  പുറത്തെ ശത്രുക്കളേക്കാൾ അപകടകാരികളാണ് ഉള്ളിലെ ഈ ശത്രുക്കൾ.

ഇവ മനസ്സിന്റെ രജോഗുണത്തെ ശക്തമാക്കും.  രജസ്സിന്റെ വലിയ ശക്തിയായ വിക്ഷേപം മൂലം മനസ്സ് കലങ്ങി മറയും.  അപ്പോൾ അസ്വസ്ഥതയേറും. രാഗദ്വേഷങ്ങൾ നിറഞ്ഞ് ജീവൻ ദുരിതത്തിലാകും.  ആത്മതത്വത്തെ ബുദ്ധിയിൽ നിന്ന് മറയ്ക്കുന്ന തമസ്സിനെയും തുടർന്ന് മറ്റുള്ളവയിൽ ആത്മാവെന്ന് തോന്നിപ്പിക്കുന്ന രജസ്സിന്റെ വിക്ഷേപത്തേയും വളരെ കരുതിയിരിക്കണം.

നമ്മുടെ അന്തഃകരണം തെളിഞ്ഞ വെള്ളം പോലെയിരുന്നാലേ ആത്മസൂര്യൻ അതിൽ പ്രകാശിക്കൂ, അഥവാ ആത്മപ്രകാശത്തെ അനുഭവിക്കാനാവൂ.  ബുദ്ധി മറച്ച് ഇരുന്നാലോ മനം കലങ്ങിയിരുന്നാലോ പിന്നെ കലക്ക വെള്ളം പോലെയോ അഴുക്കു വെള്ളം പോലെയോ ആകും ഉള്ളം. മനസ്സിന്റ മായാവിദ്യയിൽ കുടുങ്ങിപ്പോയാൽ ഈ ലോകം വാസ്തവമെന്നു കരുതി ഓരോ വിഷയങ്ങൾക്കും പിറകെ പോയി അലഞ്ഞു നടക്കേണ്ടിവരു, ശത്രുക്കളുടെ പിടിയിൽ പെടും. അതിനാൽ, ആത്മവസ്തുവിനെ തിരിച്ചറിയുക മാത്രമാണ് പോംവഴി.  എങ്കിൽ മാത്രമേ ശരിയായ ആനന്ദം നേടാൻ കഴിയൂ.
Sudha bharat 

No comments: