Wednesday, March 18, 2020



കൊറോണ വൈറസ് പടർത്തുന്ന ഭീതിയിൽ ആളുകൾ ഹസ്തദാനാദികൾ നിയന്ത്രിക്കുന്നത് നല്ലതു തന്നെ.കൈകൂപ്പി നമസ്കാരം അഭികാമ്യവുമാണ്.എന്നാൽ ചില രസികന്മാർ പ്രചരിപ്പിക്കുന്നത് ഹസ്തദാനം ആലിഗനം മുതലായ രീതികൾ ഭാരതീയമല്ലെന്നുംവൈദേശികമാണെന്നും കൈകൂപ്പൽ മാത്രമാണ് സ്വദേശീയമെന്നുമാണ്.ഇത് പരിശോധിക്കപ്പെടേണ്ടതുണ്ട്.
അതിന് പുരാണേതിഹാസങ്ങൾ തന്നെയാണ് പ്രമാണവും.

ഭാഗവതത്തിൽ ഭഗവാൻ യുദ്ധശേഷം ഹസ്തിനപുരി വിട്ട് ദ്വാരകയിലെത്തിയപ്പോൾ സ്വജനങ്ങളെ എങ്ങനെ സന്തോഷിപ്പിച്ചു എന്ന് പറയുന്നിടത്ത്
*യഥാവിധ്യുപസംഗമ്യ*
*സർവേഷാം മാനമാദധേ*
വിധിപ്രകാരമാണ് അവരെ ബഹുമാനിച്ചത് എന്ന് വ്യക്തമാക്കുന്നു.
*പ്രഹ്വാഭിവാദനാശ്ലേഷ-*
*കരസ്പർശസ്മിതേക്ഷണൈഃ* 
തലകുനിക്കൽ,നമസ്കരിക്കൽ,ആലിംഗനം ചെയ്യൽ,കൈകൊടുക്കൽ,പുഞ്ചിരിക്കൽ,സ്നേഹപൂർവം നോക്കൽ എന്നിവ ഒരോരുത്തർക്കും ഉചിതമായ രീതിയിൽ ചെയ്തു.മുതിർന്നവരെയാണ് നമസ്കരിക്കുന്നത്.സമന്മാരെയും സുഹൃത്തുക്കളെയും കരസ്പർശം ചെയ്യും.സ്നേഹാധിക്യം കാണിക്കാൻ ആലിംഗനവും ചെയ്യും.കുട്ടികളെ ആലിംഗനം ചെയ്യുക,അനുഗ്രഹിക്കുക ,ശിരസ്സ് മുകരുക എന്നീ രീതിയിലും പ്രീതിപ്പെടുത്തുന്നു.ശ്രീകൃഷ്ണഭാര്യമാരാകട്ടെ ജനമദ്ധ്യത്തിൽ കാന്തനെ പുണരുന്നത് മര്യാദലംഘനമായതിനാൽ മക്കളെ പുണരാൻ വിട്ടുകൊടുത്തും കണ്ണ് മനസ്സ് ഇവകൊണ്ടും കണ്ണനെ ആലിംഗനം ചെയ്യുന്നു..
*തമാത്മജൈർദൃഷ്ടിഭിരന്തരാത്മനാ*
*ദുരന്തഭാവാഃ പരിരേഭിരേ പതിം* എന്നാണ് വ്യാസവാക്യം.

രാജസൂയത്തിൽ പങ്കെടുക്കാൻ ഇന്ദ്രപ്രസഥത്തിലെത്തിയ മുകുന്ദനെ ധർമപുത്രർ എതിരേററതിങ്ങനെ..
*ദോർഭ്യാം പരിഷ്വജ്യ രമാമലാലയം*
*മുകുന്ദഗാത്രം നൃപതിർഹതാശുഭഃ*
ലക്ഷ്മീമണാളനെ പുണർന്ന രാജാവിൻറെ അശുഭങ്ങൾ പമ്പകടന്നു,അപാരനിർവൃതിയും നൃപൻ നേടി.
*തം മാതുലേയം പരിരഭ്യ നിർവൃതോ*
*ഭീമഃ സ്മയൻ പ്രമജവാകുലേന്ദ്രിയഃ*
ഭീമൻറെയും അനുഭവം മറിച്ചല്ല.
സ്ഥാനമാനങ്ങളും വയസ്സും നോക്കിയാണ് പെരുമാററം.
*അർജുനേന പരിഷ്വക്തോ*
*യമാഭ്യാമഭിവാദിതഃ*
*ബ്രാഹ്മണേഭ്യോ നമസ്കൃത്യ*
*വൃദ്ധേഭ്യശ്ച യഥാർഹതഃ*

അർജുനനാൽ ആലിംഗനം ചെയ്യപ്പെട്ട ഭഗവാനെ പ്രായംകുറഞ്ഞ നകുലസഹദേവന്മാർ നമസ്കരിച്ചു.വൃദ്ധബ്രാഹ്മണരെ ഭഗവാൻ അങ്ങോട്ടു നമസ്കരിച്ചു.

വാല്മീകിരാമായണത്തിൽ കൗസല്യ രാമനെ കെട്ടിപ്പിടിച്ച് തലയിൽ ഘ്രാണിച്ചു.
*പരിഷ്വക്തശ്ച ബാഹുഭ്യാ-*
*മവഘ്രാതശ്ച മൂർദ്ധനി*
വനയാത്രാമധ്യേ ഭഗവാനെ ഗുഹൻ ആശ്ലേഷിച്ചത് ആത്മമിത്രമായതിനാലത്രേഃ
*തത്ര രാജാ ഗുഹോ നാമ*
*രാമസ്യാത്മസമഃസഖാ*
...............
........
*തമാർത്തഃ സംപരിഷ്വജ്യ*
*ഗുഹോ രാഘവമബ്രവീത്*

സതീർത്ഥ്യനായ സുദാമാവിനെ പുണർന്ന് പുളകമണിഞ്ഞ കൃഷ്ണൻ പിന്നീട് ആതിഥ്യമര്യാദയെന്ന നിലയിൽ കാലുകഴുകിച്ച് തീർത്ഥം ശിരസാ സ്വീകരിച്ചത് പ്രസിദ്ധമാണ്.പിന്നീട് *കരൗ ഗൃഹ്യ പരസ്പരം* അന്യോന്യം കൈപിടിച്ചാണവർ പഴങ്കഥകൾ അനുസ്മരിച്ചത്. രുക്മിണീദൂതനായ ദ്വിജവര്യനെയാകട്ടെ നമസ്കരിച്ച് ആദരിച്ചു.ആദിയിലെ ചതുശ്ലോകീഭാഗവതോപദേശസന്ദർഭത്തിൽ ഭഗവാൻ ബ്രഹ്മാവിൻറെ കൈപിടിച്ചാണ് ഉപദേശംഃ *പ്രിയഃപ്രിയം പ്രീതമനാഃ കരേ സ്പൃശൻ*

അലമതി വിസ്തരേണ.ആലിംഗനംഹസ്തദാനങ്ങൾ കേവലം യൂറോപ്യനല്ല.അത് ദേശകാലാവസ്ഥക്കു വിധേയമല്ലാതെ എങ്ങുംഎന്നും ഉണ്ടായിരുന്നു.എന്നാൽ സ്ത്രീപുരുഷന്മാരുടെ ആലിംഗനചുംബനങ്ങൾ ഭാരതത്തിൽ ഗോപ്യവും മര്യാദിതവുമായിരുന്നു എന്നു പറഞ്ഞാൽ ശരിയാണ്.മുതിർന്നവരെ നമസ്കരിക്കുക,പ്രായം കുറഞ്ഞവരെ തലയിൽ കൈവച്ച് അനുഗ്രഹിക്കുക എന്നതാണ് ഭാരതീയരീതി.എന്നാൽ ജ്ഞാനവൃദ്ധനായ ബാലനെ നമസ്കരിക്കണമെന്നും മനസ്മൃതി പറയുന്നുണ്ട് *യോ വൈ യുവാപ്യധീയാനസ്തം ദേവാഃ സ്ഥവിരം വിദുഃ* അജ്ഞാനിയാണ് ബാലനെന്നും മനു പറയുന്നുഃ *അജ്ഞം തു ബാലമിത്യാഹുഃ*

ഇങ്ങനെ വിവേകപൂർണമായ ശിഷ്ടാചാരശൈലിയാണ് ഭാരതീയർ തുടരുന്നത്.എന്നാൽ നവമാധ്യമങ്ങളിലൂടെ മാത്രം സനാതനധർമ്മത്തെ വികലമായി പഠിച്ച് വാളെടുത്തോരെല്ലാം വെളിച്ചപ്പാടായി വെളിപാടുകൾ നടത്തുന്നതിനാൽ ഈ ഋഷിവാക്കുകൾ ബധിരകർണങ്ങളിൽ പതിക്കാനാണു സാദ്ധ്യത

കാലത്തിൻറെ കുത്തൊഴുക്കിൽ സ്നേഹപ്രകടനത്തിൻറെ ഉദാത്തഭാവവും നമ്മൾ വിദേശികൾക്കു വിട്ടുകൊടുത്തു.അഭിവാദനവും ആശീർവ്വചനവും അന്യമായി.വൈറസിനെ ഭയന്ന് ആരെയും അകററിനിർത്താൻ ആർഷധർമ്മം പറഞ്ഞിട്ടില്ല.മകനെ മടിയിലിരുത്താനും അമ്മയുടെ കാലിൽ വീഴാനുംസുഹൃത്തിനെ ആശ്ലേഷിക്കാനും അനിയത്തിയെ അനുഗ്രഹിക്കാനും അറച്ചുനിൽക്കുന്നതാണ് ധർമ്മച്യുതിക്കു കാരണം 
✡✡🕉✡✡
*കാനപ്രം ഈശ്വരൻ*
7025037218
🙏🙏🙏🙏🙏

No comments: