Friday, May 29, 2020

അയ്യായിരത്തിൽപ്പരം വർഷങ്ങൾക്ക് മുമ്പു തന്നെ നിരവധി സർവകലാശാലകളുള്ള ഒരു രാജ്യം !

ആ രാജ്യം എത്രത്തോളം സമ്പന്നവും സംസ്കൃതവുമായിരിക്കുമെന്ന് ഊഹിക്കാനാവുന്നുണ്ടോ?

എങ്കിലതായിരുന്നു നമ്മുടെ ഭാരതം !

ഓ .. പിന്നെ ! ഈ പറയുന്ന ഭാരതത്തിൽ ബുദ്ധനില്ലെങ്കിൽ ശാസ്ത്രത്തിൻ്റെ വളർച്ച കാണാമായിരുന്നു !

ഇന്ത്യയിൽ വല്ല ശാസ്ത്രവും ഉണ്ടെങ്കിൽത്തന്നെ അതെല്ലാം ബുദ്ധന് ശേഷമാണ്.

അങ്ങനെയല്ലേ ?

എന്നാലല്ല...

ബൗദ്ധാപ്രമാദിത്വം ഉള്ള നാളുകളിലാണ് നളന്ദ, വിക്രമശില , വല്ലഭി , സോമപുര , ജഗദ്ദല ,ഓടാന്തപുരി ഇവ സ്ഥാപിക്കപ്പെട്ടത് എന്നത് ശരിയാണ്.

ബൗദ്ധസഞ്ചാരികളിലൂടെയാണ് ഭാരതത്തിലെ മിക്ക സർവകലാശാലകളെക്കുറിച്ചും നാമറിയുന്നത് എന്നതും ശരിയാണ് ..

ബുദ്ധനിലും പ്രാചീനമായ സർവകലാശാലകളെക്കുറിച്ച് ബൗദ്ധസഞ്ചാരികൾ ഒന്നും പറഞ്ഞിട്ടില്ല എന്നതും നിഷേധിക്കുന്നില്ല .

പക്ഷെ അക്കാരണം കൊണ്ട് ബുദ്ധന് ശേഷമാണ് ഭാരതം പുരോഗമിച്ചത് എന്ന ആ വാദം ഹിന്ദുമതത്തോടുള്ള അസഹിഷ്ണുത ഒന്ന് കൊണ്ട് മാത്രമാണ്.

ദർശനങ്ങളും ഗണിതവും ഖഗോള വിജ്ഞാനവും രാഷ്ട്രീയവും വൈദ്യവും രസതന്ത്രവും കലകളും ഉദ്ഭവിച്ച ഭൂമിയിൽ ബൗദ്ധർക്ക് മുമ്പ് വിദ്യാഭ്യാസകേന്ദ്രങ്ങളില്ല എന്ന വാദം അങ്ങേയറ്റം പരിഹാസ്യമാണ് !

ആ സഞ്ചാരികൾക്ക് ബൗദ്ധ ധർമ്മത്തെക്കുറിച്ച് മാത്രം അറിഞ്ഞാൽ മതിയായിരുന്നു എന്നതിനാലാവും മറ്റ് സർവകലാശാലകളെക്കുറിച്ച് സൂചിപ്പിക്കാതിരുന്നത്. അല്ലെങ്കിൽ അപ്പൊഴേക്കും മറ്റുള്ളവയുടെ പ്രസിദ്ധി ഇല്ലാതായതാവും.

മിഥില , ശാരദാ പീഠം , കാഞ്ചി , കാശി, തുടങ്ങി നിരവധി സർവകലാശാലകൾ ബുദ്ധനും മുമ്പ് ഭാരത ഭൂമിയിലങ്ങോളമിങ്ങോളമുണ്ടായിരുന്നു.

പക്ഷെ പ്രസിദ്ധമായ നളന്ദ , തക്ഷശില ഇവയെക്കുറിച്ചും, പ്രസിദ്ധമല്ലാത്ത മറ്റു ബൗദ്ധ സർവകലാശാലകളെക്കുറിച്ചുമല്ലാതെ നാം മറ്റൊന്നിനെക്കുറിച്ചും കേൾക്കാറില്ല. . അതു കൊണ്ട് തന്നെ അവയുടെ പേരുകൾ ബൗദ്ധ സർവകലാശാലകളോളം ഉയരാതിരിക്കാൻ മനഃപൂർവം തന്നെ ശ്രമമുണ്ടെന്ന് കരുതേണ്ടി വരും .ഭാരതത്തിലുള്ള അറിവുകളെല്ലാം ബുദ്ധന് ശേഷം മതിയെന്നാണ് ഒളിഞ്ഞും തെളിഞ്ഞുമുള്ള നിലപാട് . ഇന്ന് ഒരു ചരിത്ര വിദ്യാർത്ഥിക്ക് പോലും ഇവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാത്ത സാഹചര്യമാണ്. അതിനാൽ തന്നെ വളരെ കുറച്ച് വിവരങ്ങൾ മാത്രമേ പോസ്റ്റിൽ ഉൾപ്പെടുത്താനായിട്ടുളളൂ .

#മിഥില :

ഉപനിഷത്ത് കാലഘട്ടം മുതൽ മിഥില സർവകലാശാലയുണ്ട്.. രാജർഷി ജനകൻ്റെ ഈ സർവകലാശാലയിൽ ഗർഭിണികൾ പോലും തർക്കങ്ങൾ കേൾക്കാൻ വന്നിരുന്നിട്ടുമുണ്ട്.
എന്ന് ഉപനിഷത്തിൽ കാണാം. ഈ തർക്കങ്ങളിലേർപ്പെട്ട് വിജയിക്കുന്നവരെ ആദരിച്ചിരുന്നു. അവരെ ബ്രാഹ്മണരായി കണക്കാക്കിയിരുന്നു . മിഥിലയുടെ മറ്റൊരു പേരായ വിദേഹം തന്നെ ആദ്ധ്യാത്മികതയുമായി അങ്ങേയറ്റം യോജിച്ച് നിൽക്കുന്നു എന്നും ഓർക്കണം . സർവകലാശാല അക്ബറിൻ്റെ കാലം വരെ നിലനിന്നിരുന്നു. പക്ഷെ ഇന്ന് , മിഥിലയിലൊരു സർവകലാശാലയുണ്ടായിരുന്നുവെന്ന് പോലും അറിയാത്ത വിധം അവിടം പൂർണ്ണമായും നാശോന്മുഖമായി.

#ശാരദാപീഠം :

ശങ്കരാചാര്യർ സർവജ്ഞപീഠം കയറിയതിവിടെ വച്ചായിരുന്നു എന്ന ഒരോറ്റ വസ്തുതയിൽ സർവകലാശാലയുടെ ഗതകാല പ്രൗഢി തെളിയുന്നു. വിദ്യാദേവതയായ ശാരദയുടെ ആസ്ഥാന മന്ദിരം . അങ്ങേയറ്റം പൗരാണികമായ , ഇന്നും പൂർണ്ണമായി ഡീകോട് ചെയ്യപ്പെട്ടിട്ടില്ലാത്ത , വിമർശകരെപ്പോലും അത്ഭുതാവഹരാക്കി മാറ്റിയ ശാരദലിപിയും ഇവിടെ നിന്നുദ്ഭവിച്ചതാണ്. കൽഹണൻ രാജ്യ തരംഗിണിയും പതഞ്ജലി മഹർഷി മഹാഭാഷ്യവുമെഴുതിയത് ഇവിടെ വെച്ചാണ് കരുതപ്പെടുന്നു . രാമാനുജാചാര്യർ തൻ്റെ ശ്രീ ഭാഷ്യം പൂർത്തീകരിക്കുവാനായി ഇവിടെയെത്തിച്ചേർന്നുവത്രേ. ശൈവാഗമങ്ങളുടെ അവസാന വാക്കായ തിരുമൂലാചാര്യൻ , ദക്ഷിണ ഭാരതത്തിൽ തൻ്റെ ജൈത്രയാത്ര തുടങ്ങിയതും ശ്രീ ശാരദാംബയുടെ അനുഗ്രഹാശിസുകൾ വാങ്ങിയതിനു ശേഷമാകണം .. കമ്പോടിയ , ചൈന , ടിബറ്റ് തുടങ്ങിയ അയൽ രാജ്യങ്ങളിൽ നിന്ന് ഇവിടേക്ക് വിദ്യാർത്ഥികളിവിടേക്കെത്തിയിരുന്നു.

ഒരു കാലത്ത് ശാരദാ പീഠം അറിവിൻ്റെ അവസാന വാക്കായിരുന്നിരിക്കണം. സിക്കന്ദർ ബുട്ട്ഷിക്കനാണ് സർവകലാശാല തകർത്തത്. ഇന്നത്തെ അവസ്ഥയെക്കുറിച്ച് പറയാതിരിക്കയാണ് ഭേദം .

#വാരണാസി:

 കാശി സർവ്വകലാശാലയെന്നും അറിയപ്പെടുന്നു. തക്ഷശിലയുടെ മാതൃകയിൽ , അതെ രീതിയിൽ രൂപപ്പെടുത്തിയ പൗരാണിക സർവ്വകലാശാലയായിരുന്നു വാരണാസി സർവകലാശാല. സംസ്കൃതവും വൈദികശാസ്ത്രവുമായിരുന്നു പ്രധാനമായും പാഠ്യ വിഷയങ്ങൾ. .. രാജാക്കന്മാരുടെ സഹായത്തോടെയായിരുന്നു വാരണാസിയിൽ പഠന ചെലവുകൾ നടന്നു പോന്നിരുന്നത് . വാരണാസിയിലെ അധ്യാപകരിൽ മിക്ക പേരും തക്ഷശിലയിൽ നിന്നും ശിക്ഷണം ലഭിച്ചവരായിരുന്നു . വൈദികവിഷയങ്ങളും സംസ്കൃതവും തുടങ്ങി നിരവധി വിഷയങ്ങളിൽ ആധികാരികമായ ഗവേഷണങ്ങളും പഠനങ്ങളും കൂടാതെ ജീവനോപാധിയിൽ പെട്ട നെയ്‌ത്തു വിദ്യയും വാരണാസി കേന്ദ്രീകരിച്ചു നടന്നിരുന്നു. ബനാറസ് പട്ട് ഇന്നും ലോക പ്രസിദ്ധമാണല്ലോ . അധിനിവേശങ്ങളാൽ തകർത്തെറിയപ്പെട്ട സർവകലാശാല ഇന്നത്തെ രീതിയിൽ പുനഃസ്ഥാപിക്കപ്പെട്ടത് സർവശ്രീ മദൻ മോഹൻ മാളവ്യയുടെ ശ്രമഫലമായിട്ടാണ്.

ഇതുവരെ #ഉത്തരേന്ത്യൻ സർവകലാശാലകളെക്കുറിച്ചാണ് പറഞ്ഞത്.
ഇതിനർത്ഥം #ദക്ഷിണേന്ത്യയിൽ പoനമില്ലായിരുന്നുവെന്നല്ല . ഉത്തരേന്ത്യയെപ്പോലെ ദക്ഷിണേന്ത്യയിലും പ്രഗൽഭങ്ങളായ നിരവധി സർവകലാശാലകളുണ്ടായിരുന്നു.

ദക്ഷിണഭാരതത്തിൽ പ്രധാനമായും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് പഠനങ്ങൾ നടന്നു പോന്നിരുന്നത്. ഇവ ശാല (ചാല)കളെന്നു അറിയപ്പെട്ടിരുന്നു. ശാലകളിൽ വിദ്യാർത്ഥികൾക്ക് പഠനകാലത്തുടനീളം താമസിച്ചു പഠിക്കുവാനുള്ള സൗകര്യങ്ങളുണ്ടായിരുന്നു. പഠനം പൂർത്തിയാകുന്നത് വരെ ഭക്ഷണവും താമസ സൗകര്യങ്ങളും തികച്ചും സൗജന്യമായിരുന്നു. വിദ്യാർത്ഥികളുടെ ചെലവുകൾ മുഴുവനും വഹിച്ചിരുന്നത് ക്ഷേത്രമായിരുന്നു. ശാലകളിൽ താമസിച്ചു പഠിക്കണമെന്ന ഒരേയൊരു നിര്ബന്ധമേ ഉണ്ടായിരുന്നുള്ളൂ..

#പാർത്ഥിവപുരംശാല :

അതിപ്രസിദ്ധമായ ഒരു ശാലയായിരുന്നു പാർത്ഥിവപുരത്തുണ്ടായിരുന്നത്. കുലശേഖരകാലഘട്ടത്തോടെ പ്രസിദ്ധിയാര്ജിച്ച ഈ ശാല സ്ഥാപിക്കപ്പെട്ടത് 866 ഓടെയാണെന്നു കരുതപ്പെടുന്നു. വേദങ്ങളും ഷഡ് ദർശനങ്ങളുമായിരുന്നു പ്രധാനമായും പാഠ്യ വിഷയങ്ങൾ .

( #വേദങ്ങളിലെന്ത്പഠിക്കാൻ എന്നാണ് ധാരണയെങ്കിൽ , ഈയടുത്ത് അയോധ്യയിൽ നിന്നും ഖനനം ചെയ്തെടുത്ത , ശിലാഫലകമാണുത്തരം. അവിടെ , ആധുനിക ഗണിത ശാസ്ത്രത്തിന് പോലും വേദങ്ങളിലെ ശുൽബ സൂത്രത്തെ ആശ്രയിക്കേണ്ടി വന്നുവെന്നും , ഇന്ന് നാം പിൻതുടരുന്ന ഗ്രീക്ക് മാതൃക , ജ്യോമട്രിയുടെ സാധ്യതകളെ പരിമിതപ്പെടുത്തുകയായിരുന്നുവെന്നും ഓർക്കുക. )

#കാന്തല്ലൂർശാല :

നളന്ദയ്ക്കും തക്ഷശിലയ്ക്കുമൊപ്പം തന്നെ വായിക്കാവുന്ന കാന്തല്ലൂർ ശാല അറിയപ്പെട്ടിരുന്നത് ദക്ഷിണനളന്ദയെന്ന പേരിലായിരുന്നു. ആയിരത്തിൽപരം വര്ഷങ്ങള്ക്കു മുൻപ് രാജരാജ ചോളനാൽ സ്ഥാപിതമായതാണ് കാന്തല്ലൂർ ശാല. ആയ് രാജവംശത്തിലെ കരുന്തടക്കനാണ് സ്ഥാപിച്ചതെന്നും ഒരു പക്ഷമുണ്ട്. കാന്തല്ലൂർ ശാല നെയ്യാറ്റിന്കരയിലാണെന്നും അതല്ല, വിഴിഞ്ഞതായിരുന്നുവെന്നും രണ്ടഭിപ്രായങ്ങളുണ്ടെങ്കിലും തിരുവനന്തപുരത്തു തന്നെയാണ് സ്ഥിതി ചെയ്തിരുന്നതെന്നതിൽ സംശയങ്ങളൊന്നുമില്ല . പിൽക്കാലത്തു ഈ ശാല ആയോധന പരിശീലനങ്ങൾക്കാണ് പ്രസിദ്ധിയാർജ്ജിച്ചത്. പ്രഗത്ഭരായ നിരവധി യോദ്ധാക്കൾ കാന്തല്ലൂർ ശാലയിൽ നിന്നും പഠിച്ചിറങ്ങി. കാന്തല്ലൂർ ശാലയ്ക്ക് പാളയ ശാല, ആര്യ ശാല, വലിയ ശാല, ചിന്ന ശാല എന്ന പേരിൽ നാല് പ്രധാന ഹാളുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വ്യത്യസ്ത ദേശങ്ങളിൽ നിന്നും വർഗങ്ങളിൽ നിന്നുമിവിടെ വിദ്യാർഥികൾ പഠിച്ചിരുന്നു. അപമര്യാദമായി പെരുമാറിയിരുന്ന വിദ്യാർത്ഥികളിൽ നിന്നും ചെറിയ തോതിൽ പിഴ ഈടാക്കിയിരുന്നതായി ചരിത്ര രേഖകളിൽ കാണാവുന്നതാണ്. ആയോധന കേന്ദ്രമായിരുന്നുവെങ്കിലും പഠന സമയത്തല്ലാതെ ആയുധങ്ങൾ ധരിക്കുവാൻ സാധിക്കില്ലായിരുന്നു. കാന്തല്ലൂർ ശാലയുടെ പ്രസിദ്ധി പരന്നത് ആയോധനകലയിലായിരുന്നുവെങ്കിലും ലോകായതം മുതൽ ഇന്ദ്രജാലവും മന്ത്രവാദവും തുടങ്ങി 64 വിദ്യകൾ ഇവിടെ പഠിപ്പിച്ചിരുന്നുവെന്നു കാണാം.

#കാഞ്ചി :

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട , അതിപ്രാചീനമായ വിദ്യാഭ്യാസകേന്ദ്രമായിരുന്നു കാഞ്ചിയിൽ സ്ഥിതി ചെയ്തിരുന്നത് . തമിഴ്‌നാട്ടിൽ, ഗോവതിനദിയുടെ തീരാത്തതായിരുന്നു സർവകലാശാല സ്ഥിതി ചെയ്തിരുന്നത് . പല്ലവരാജാക്കന്മാരുടെ തലസ്ഥാന നഗരമായിരുന്നു കാഞ്ചി. സംസ്കൃതവും തമിഴുമായിരുന്നു സർവകലാശാലകളിലെ പാഠ്യഭാഷകൾ. വൈഷ്ണവാചാര്യനായ രാമാനുജാചാര്യർ കാഞ്ചിയിലെ വിദ്യാർത്ഥിയാണെന്നു കരുതപ്പെടുന്നു. കാഞ്ചിയിലെ ക്ഷേത്രമാതൃകകളിൽ നിന്നും ഇവിടെ ശില്പ വിദ്യക്ക് നല്കിപ്പോന്ന പ്രാധാന്യം തെളിഞ്ഞു കാണാവുന്നതാണ്. കൂടാതെ വൈദിക ശാസ്ത്രങ്ങളും ദർശനങ്ങളും പാഠ്യവിഷയങ്ങളായിരുന്നു. ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചു ധാരാളം പഠന കേന്ദ്രങ്ങളുണ്ടായിരുന്ന കാഞ്ചിയെക്കുറിച്ചുള്ള സൂചനകൾ പതഞ്ജലിയുടെ മഹാഭാഷ്യത്തിലും , സമുദ്രഗുപ്തന്റെ അലഹബാദ് ശിലാലിഖിതത്തിലും വിവരിക്കുന്നുണ്ട്. എഡി. 640 ഇൽ ഹുയാന്സാങ് ഇവിടം സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ കുറിപ്പുകളിലൂടെയും കാഞ്ചിയുടെ മഹത്വം നമുക്കറിയാൻ സാധിക്കും.

ഒടുവിൽ,
#കൊടുങ്ങല്ലൂർ :

സംഗമഗ്രാമ മാധവൻ്റെ , പരമേശ്വരൻ്റെ , നീലകണ്ഠസോമയാജിയുടെ , ജ്യേഷ്ഠദേവൻ്റെ , അച്ചുതപിഷാരടിയുടെ , മേൽപ്പത്തൂർ നാരായണ ഭട്ടതിരിയുടെ , അചുത പണിക്കർ എന്നിവരുടെ കോടി ലിംഗപുരം . ലോകത്തിൽ തന്നെ ഗണിത സമവാക്യങ്ങളുടെ അവസാന വാക്കായിരുന്നു കൊടുങ്ങല്ലൂർ ഗുരുകുലം .

അവിടെ , പേറ്റൻ്റില്ലാതെ നമ്മുടെ ആചാര്യന്മാർ എഴുതി സൂക്ഷിച്ച ഗണിത സൂത്രങ്ങൾ ന്യൂട്ടൻ മുതൽക്കുള്ള നിരവധി വിദേശികൾ ഒറ്റക്കും കൂട്ടായും മന:സാക്ഷിക്കുത്തില്ലാതെ, സ്വന്തം പേരിലാക്കി ഞെളിഞ്ഞു.

എന്നിട്ടവർ പറഞ്ഞു ... സംസ്ക്കാരമില്ലാത്ത , വിദ്യാഭ്യാസമില്ലാത്ത , #ബ്ലഡിഇന്ത്യൻസ്...

ഇവിടെയുള്ള #കൊളോണിയൽസന്തതികൾ അതൊന്നു മയപ്പെടുത്തി ഏറ്റു പറഞ്ഞു.

ബ്രിട്ടീഷുകാർ സാക്ഷരയാക്കിയ ഇന്ത്യ ! ബ്രിട്ടീഷുകാർ തുണിയുടുപ്പിച്ച ഇന്ത്യ !

ഭാരതാംബേ !
അറിവിൻ്റെ പരകോടിയിൽ വിരാജിച്ചവളെ !
എന്തൊരു ദുര്യോഗമാണിത് !

ഭാരതമെന്നാൽ - ഭാരതിയുടെ - ദേവി സരസ്വതിയുടെ ദേശമല്ലേ ?
അവിടുന്ന് അറിവിൻ്റെ പ്രകാശത്തിൽ വിരാജിച്ചവളായിരുന്നില്ലെ?
എന്നിട്ടുമെന്താണിങ്ങനെ ?

മറക്കരുത് !
ഭാരതത്തിലെ സർവകലാശാലകളിൽ പഠിച്ചിറങ്ങിയവർക്കെല്ലാം ലോകത്തെങ്ങും നിലയും വിലയും ലഭിച്ചിരുന്നു . കേംബ്രിഡ്ജ് ഹ്യൂസ്റ്റൻ ഓക്സ്ഫോർഡ് മുതലായവയിൽ ഇന്ന് പഠിച്ചിറങ്ങുന്ന കുട്ടികൾക്കുള്ള പോലെ ! എന്തു ചെയ്യാനാണ് ! ഇന്നത്തെ കുട്ടികൾക്ക് അതിനുള്ള സൗഭാഗ്യമില്ലാതെ പോയി .

ഇതോടെ ഭാരതത്തിലെ സർവകലാശാലകളെക്കുറിച്ചുള്ള വിവരണം ഒരു വിധം പൂർത്തിയായെന്ന് തോന്നുന്നു. തീർച്ചയായും വിട്ടു പോയവയുണ്ടാവും. ഭാരതത്തിൻ്റെ അറിവ് ഇവയിലേതുക്കാനാവില്ല. ഇനിയുമുണ്ടാവും .. നൈമിശാരണ്യം, ഗൗതമാശ്രമം , കണ്വാശ്രമം ..... അങ്ങനെയങ്ങനെയങ്ങനെ ....

ഇനി പറയാനുള്ളത് ഭാരതത്തിലെ പ്രാഥമിക വിദ്യാഭ്യാസ പദ്ധതികളെ മുഴുവൻ പടിപടിയായി നശിപ്പിച്ച #ബ്രിട്ടീഷിൻ്റെ കുടിലതയെക്കുറിച്ചാണ്.

ഇവിടെ തളിരിട്ടു വിരിഞ്ഞ ഒരോ മൊട്ടുകളിലേക്കും  കരിഞ്ഞൊടുങ്ങാനുള്ള വിഷം കുത്തിവെച്ചതിനെക്കുറിച്ചാണ്...

അതിനെക്കുറിച്ച് അധികം താമസിയാതെ ....

#വിജ്ഞാനമാതൃകം
#UnknownBharath

No comments: