Thursday, May 07, 2020

*കുട്ടികളുടെ ദിനചര്യ.*

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ 7 ശ്ലോകങ്ങളിലൂടെ നമുക്ക് സമ്മാനിച്ച മന്ത്ര സമാനമായ സന്ദേശമാണ് താഴെ കൊടുത്തിരിക്കുന്നത്. കൂട്ടത്തിൽ അവശ്യം അറിഞ്ഞിരിക്കേണ്ട ചില ശ്ലോകങ്ങളും ചേർത്ത് ഒരു ദിവസത്തെ നമ്മുടെ ആചരണങ്ങളാണിത്. അച്ഛനമ്മമാർ മാതൃകകളായി ഇത്തരം കാര്യങ്ങളിൽ കുട്ടികളെ സ്ഥാപിക്കുക.

          ചതുരാശ്രമ വ്യവസ്ഥയിൽ ആദ്യത്തേതാണ് ബ്രഹ്മചര്യം.വിദ്യാഭ്യാസകാലമാണ് ബ്രഹ്മചര്യം. പഠിക്കുക മാത്രമാണ് ഈ ആശ്രമകാലഘട്ടത്തിലെ ധർമ്മം.ഇതിനായി ഏകാഗ്രതമമായ മനസും ബുദ്ധിയും ആവശ്യമാണ്. അത്തരം ജീവിത ശൈലികൾ വളർത്തിയെടുക്കാനും, ഉയരാനുമായി നമ്മുടെ ആചാര്യന്മാർ ഒരു ദിനചര്യ നമുക്ക് സമ്മാനിച്ചിട്ടുണ്ട്.

1. സൂര്യോദയത്തിന് 48 മിനിട്ട് മുമ്പ് ഉണരുകയും, വലതുവശം ചേർന്ന് എഴുന്നേറ്റിരുന്ന് കൈൾ കൂപ്പി ഇരുന്ന് പ്രാർത്ഥിക്കണം
        *പുലരും മുമ്പുണരണം*
        *ഉണർന്നാലേറ്റിരിക്കണം*
        *ഇരുന്നാൽ കണ്ണടച്ചുള്ളിൽ*
        *പരദൈവത്തെ ഓർക്കണം.*
ഗ്രാമദേവതയെ പ്രാർത്ഥിച്ച് ഇരു കൈകളും നിവർത്തി മുഖത്തിനു മുന്നിൽ മലർത്തി പിടിച്ച് ചൊല്ലണം
         *കരാഗ്രേ വസതേലഷ്മി*
         *കരമധ്യേ സരസ്വതി*
         *കരമൂലേ സ്ഥിതാ ഗൗരി*
          *പ്രഭാതേ കരദർശനം*
ശ്രദ്ധയോടെ ലഷ്മീദേവിയെ, സരസ്വതീദേവിയെ ,ഗൗരീദേവിയെ എന്റെ കൈകളിലൂടെ ദർശിച്ചതിനു ശേഷം പതുക്കെ എഴുന്നേൽക്കുക. കാൽ ഭൂമിയിൽ വക്കുന്നതോടൊപ്പം കൈകൾ കൊണ്ട് ഭൂമീദേവിയെ തൊട്ട് വണങ്ങി പറയും
         *"സമുദ്രവസനേ ദേവീ*
          *പർവ്വത സ്തന മണ്ഡലേ*
          *വിഷ്ണു പത്നീ നമസ്തുഭ്യം*
          *പാദസ്പർശം ക്ഷമസ്വമേ."*
സമുദ്രമാകുന്ന വസ്ത്രങ്ങളോടും, പർവ്വതമാകുന്ന സ്തനങ്ങളോടു കൂടിയവളും, വിഷ്ണു പത്നിയുമായ അല്ലയോ അമ്മേ എന്റെ പാദസ്പർശം ക്ഷമിച്ച് കനിഞ്ഞരുളണേ.
അനന്തരം എഴുന്നേറ്റ് അച്ഛനമ്മമാരെ വണങ്ങണം
         *"അമ്മയെ കാണണം മുമ്പിൽ*
           *അച്ഛനെ തൊഴുതീടണം*
           *അച്ഛനമ്മമാർ കാണുന്ന*
           *ദൈവമാണെന്നുമോർക്കണം."*
ഇനി പ്രഭാതകൃത്യങ്ങൾ ചെയ്യണം. മലമൂത്ര വിസർജനങ്ങൾ ചെയ്ത്, പിന്നീട് പല്ല് വൃത്തിയാക്കി, മുഖംകഴുകി ശരീരശുദ്ധി വരുത്തണം. നല്ല ഒഴുക്കുള്ള വെള്ളത്തിൽ മുങ്ങി കുളിച്ചാൽ ഉത്തമം. ഇല്ലെങ്കിൽ പച്ച വെള്ളത്തിൽ വീട്ടിൽ കുളിച്ച് വന്ന് ഭസ്മധാരണം ചെയ്യുക.
         *"വെളുക്കുമ്പോൾ കുളിക്കണം*
         *വെളുത്തുള്ളതുടുക്കണം*
         *വെളുപ്പിൽ ക്ഷേത്ര ദൈവത്തെ*
         *എളുപ്പം തൊഴുതെത്തണം."*
കുറച്ച് നേരം ഇഷ്ടദേവത, നാമം ജപിച്ച് അതാത് ദിവസം പഠിക്കാനുള്ളത് പഠിച്ചതിനു ശേഷം, പുസ്തകൾ എടുത്ത് വയ്ക്കണം.പ്രഭാത ഭക്ഷണം കഴിച്ച്.അച്ഛനമ്മമാരുടെ പാദ നമസ്കാരം ചെയ്ത് വിദ്യാലയത്തിലേക്ക് യാത്രയാകുക. നല്ല വസ്ത്രധാരണം ചെയ്ത് ,എല്ലാവരോടും സത്യസന്ധമായി പെരുമാറുക.
            *"കാര്യമായ് നിയമംവേണം*
            *നേരുചൊല്ലേണമെപ്പോഴും*
            *ആരും സ്നേഹിചീടുംവണ്ണം*
            *ചേരും വൃത്തിയിൽ നിൽക്കണം"*
വിദ്യാലയത്തിൽ അധ്യാപകരെബഹുമാനിക്കുകയും, പാഠഭാഗങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും,അതെല്ലാം ധരിക്കുകയും ചെയ്യണം. കൂട്ടുകാരോട് നന്നായി പെരുമാറുകയും, ഒന്നാണെന്ന ഭാവം ഉണ്ടാക്കുകയും ചെയ്യണം.
        *"കൂട്ടർ കൂടിത്തകർത്തോരോ*
         *കൂട്ടുംകൂടും കിടാങ്ങളിൽ*
         *കൂട്ടു കൂടല്ല, മര്യാദ -*
         *കൂട്ടുകാരോടുചേരണം "*
ഇങ്ങനെ ബ്രഹ്മചാരികളോടു ചേർന്ന്  ഒന്നായി തീരുന്നതാണ് ബ്രഹ്മചര്യകാലം.സ്കൂളിൽ നിന്ന് തിരിച്ച് വീട്ടിൽ വന്നാൽ  ശരീരശുദ്ധി വരുത്തണം. സന്ധ്യാസമയമാകുമ്പോൾ നാമസങ്കീർത്തനം ചെയ്യണം.
          *"അന്തിയാവുന്നനേരത്ത്*
           *പന്തിയിൽ ദൈവപൂജനം*
           *സ്വന്തം മനസ്സാൽചെയ്യേണം*
           *ഹന്ത ! നാമം ജപിക്കണം"*   

          *"ദൈവഭക്തിയുറപ്പിക്കും*
           *ദൈവസ്തോത്രങ്ങൾ ചൊല്ലണം*
           *കേവലംദൈവമാഹാത്മ്യ -*
           *ഭാവനക്കിതുസാധനം."*
അതിനു ശേഷം ഗൃഹപാഠങ്ങൾ ചെയ്യുകയും 2 മണിക്കൂർ അതാത് ദിവസത്തെ പാഠഭാഗങ്ങൾ നന്നായി പഠിച്ചു തീർക്കുകയും വേണം. വീട്ടുകാരോടു ചേർന്ന് ഭക്ഷണം കഴിക്കുകയും. അടുത്ത ദിവസത്തേക്കുള്ള പാഠപുസ്തകൾ തയ്യാറാക്കി വെക്കുകയും' ചെയ്യുക. ഉറങ്ങാനുള്ള സമയമാകുമ്പോൾ സ്വസ്ഥമായി ഇരുന്ന് അന്നത്തെ ദിവസത്തെ ഓരോ കർമ്മത്തേയും മനസിൽ കൊണ്ടുവന്ന് മനകണ്ണിൽ കാണുകയും അതിലെ നല്ല പ്രവർത്തികളിൽ അഭിമാനിക്കുകയും, നല്ലതല്ലാത്ത പ്രവൃത്തികളിൽ പശ്ചാത്താപം ചെയ്ത് ഇനി ഇത്തരം പ്രവൃത്തികളിൽ നിന്ന് മാറിനില്ലുമെന്ന പ്രതിജ്ഞയോടെ ഈശ്വരപ്രാത്ഥനയോടെ സുഖമായി ഉറങ്ങുക..

*പഠിക്കുക*

No comments: