Saturday, May 09, 2020

ആത്മോപദേശശതകം - 27
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ആദ്യത്തെ ദിവസം തന്നെ നമ്മളൊരു കാര്യം പറഞ്ഞു, അനുസ്യൂതം ഓരോ ശ്ലോകങ്ങളിലും നിൽക്കണ ഒരു സ്ഥായിയായ ഒരു രസമുണ്ട് ((ഒരു ഭാവം)). എന്താന്ന് വച്ചാൽ; നിങ്ങളിപ്പൊ തന്നെ അതാണ്, നിങ്ങളിപ്പൊ തന്നെ അതാണ്, നിങ്ങളിപ്പൊ തന്നെ അതാണ് എന്നുള്ളതാണ്.

അതറിയുന്നില്ലാ എന്നുള്ളത് വേറെ ഒരു വശം. ആ അറിയുന്നില്ലാ എന്നുള്ളതിൽ നിന്നും,
തമസോ മാ ജ്യോതിർ ഗമയ
അസതോ മാ സത് ഗമയ
മൃത്യോർ മാ അമൃതം ഗമയ
ഈ ഗമിപ്പിയ്ക്കൽ ശ്രദ്ധാ പ്രധാനമാണ്. ശ്രദ്ധയെ അതിൽ നിന്നും തന്നിലേയ്ക്ക് തിരിയ്ക്കൽ ആണ്.

ഭാഗവതത്തില് ഒൻപത് സ്കന്ദം ഭാഗവതം കേട്ടിട്ട് പരീക്ഷിത് തന്നെ ഇത് പറയണൂ. കൃഷ്ണകഥ പറയൂ എന്ന് പറയുമ്പൊ ദശമസ്കന്ദത്തില് ശ്രീശുകന്റെ ഒരു ചോദ്യം, എന്നുവച്ചാൽ ഏത് കൃഷ്ണന്റെ കഥയാ പറയേണ്ടത് എന്ന് ചോദിയ്ക്കണ പോലെ. അതിന് പരീക്ഷിത് ഉത്തരം പറയണ പോലെ.

പരീക്ഷിത് കൃഷ്ണൻ എന്നുള്ളതിന് വ്യാഖ്യാനം കൊടുത്തു കൊണ്ടേ പോവാണ്.

ആദ്യം പറഞ്ഞു;
ഞങ്ങളുടെ യാദവവംശത്തിൽ ജനിച്ചതായ ഭഗവാന്റെ കഥ പറയൂ എന്നാണ് പറഞ്ഞത്. അപ്പൊ ശ്രീശുകൻ പിന്നെയും മൗനമായിട്ട് കാത്ത് കൊണ്ടിരിയ്ക്കയാണ്. അപ്പൊ പിന്നെ പറഞ്ഞു ഞങ്ങളുടെ മുത്തച്ഛൻമാരൊക്കെ കൗരവസൈന്യസാഗരം ((ഈ കൌരവസൈന്യസാഗരത്തിനെ)) ഏത് ഭഗവാനെ മുൻപില് വച്ച് കൊണ്ടാണോ തരണം ചെയ്തത് ആ കൃഷ്ണന്റെ കഥ പറയൂന്ന് പറഞ്ഞു. അപ്പഴും മിണ്ടാതെ ഇരിയ്ക്കയാ.

അപ്പൊ പറഞ്ഞു;
ഞാൻ തന്നെ കണ്ടിട്ടുണ്ട് ഗർഭത്തില് കിടക്കുമ്പൊ!
        ദ്രൌണ്യസ്ത്രവിപ്ലുഷ്ടമിദം മദംഗം
        സന്താനബീജം കുരുപാണ്ഡവാനാം
        ജുഗോപ കുക്ഷിം ഗത ആത്തചക്രഃ
        മാതുശ്ച മേ യഃ ശരണം ഗതായാഃ
എന്റെ അമ്മ ശരണാഗതി ചെയ്തപ്പൊ ഗർഭത്തില് എനിയ്ക്ക് ദർശനം തന്ന് എന്നെ രക്ഷിച്ച കൃഷ്ണന്റെ കഥ പറയൂന്ന്. അപ്പഴും മിണ്ടിയില്ല.

അപ്പഴാണ് പരീക്ഷിത് പറയണത്;
എനിയ്ക്ക് അറിയാം എന്നാണ്.
എന്താ?
        വീര്യാണി തസ്യാഖിലദേഹഭാജാം
        അന്തര്‍ബഹിഃ പൂരുഷകാലരൂപൈഃ
        പ്രയച്ഛതോ മൃത്യും ഉത അമൃതം ച
        മായാമനുഷ്യസ്യ വദസ്വ വിദ്വന്‍
ആ പുറമേയ്ക്ക് അവതരിച്ച് ലീല ചെയ്ത ആ മായാ മനുഷ്യൻ, പുറമേയ്ക്ക് പ്രപഞ്ചമായിട്ടും അകമേയ്ക്ക് കേവല ചിത് വസ്തുവായിട്ടും ((ഇത് രണ്ടും ഭഗവാന്റെ രൂപം തന്നെയാണ്. കാണുന്ന പ്രപഞ്ചവും അവൻ തന്നെയാണ് പ്രപഞ്ചത്തിനെ കാണുന്നവനും അവൻ തന്നെയാണ്.)) അന്തർബഹിഃ പൂരുഷകാലരൂപൈഃ ((ഉള്ളില് പുരുഷനായിട്ടും പുറമേയ്ക്ക് കാലമായിട്ടും)) എന്നാപ്പൊ പുറമേ നോക്കിയാ പോരേ? എന്തിനാ അകമേ നോക്കണത് എന്ന് വച്ചാൽ പ്രയച്ഛതോ മൃത്യുമുതാമൃതം അമൃതം ച! ((പുറമേയ്ക്ക് നോക്കിയാൽ മൃത്യുവാണ് അവന്റെ സ്വഭാവം)) അമൃതം ചൈവ മൃത്യുശ്ച എന്ന് ഗീത. പുറമേയ്ക്ക് മൃത്യു അവന് സ്വഭാവമാണ്. അകമേയ്ക്ക് അമൃതം അവന്റെ സ്വരൂപമാണ്. പുറമേയ്ക്ക് നോക്കുന്നിടത്തോളം മൃത്യു ഉണ്ട് അകമേയ്ക്ക് തിരിഞ്ഞാൽ അമൃതാനുഭവം ഉണ്ട്. ഇതാണ് ഗുരുദേവൻ ആത്മോപദേശശതകത്തില് വിഷമയെന്നും സമയെന്നും അന്യയെന്നും വിദ്യയെന്നും അവിദ്യയെന്നും ഒക്കെ പലേ പേരുകള് മാറ്റി മാറ്റി മാറ്റി പറയണത്. അവിദ്യാ വിരോധിനി എന്നും ഒക്കെ പലേ പേരുകള് മാറ്റി പറയണൂ.

നമ്മൾടെ ശ്രദ്ധ പുറമേയ്ക്ക് ആണ് തിരിയണതെങ്കിൽ ((ഇവിടെ രണ്ടും നമ്മൾടെ മുമ്പില് ഉണ്ട്)) ശ്രദ്ധ പുറമേയ്ക്ക് തിരിയുമ്പൊ അത് ജഡശക്തിയായിട്ട് മാറും, അതിനെ നമ്മൾ മനസ്സ് എന്ന് വിളിയ്ക്കും. ലളിതാസഹസ്രനാമത്തില് രണ്ട് നാമം;

ചിച്ഛക്തിശ്ചേതനാരൂപാ ജഡശക്തിഃ ജഡാത്മികാ.

ഒരേ ശക്തി തന്നെയാണ്. വിദ്യ അവിദ്യസ്വരൂപിണി. ആ ശക്തി അകമേയ്ക്ക് തിരിയുമ്പൊ ചിത്ശക്തിയായി തീരുകയും പുറമേയ്ക്ക് തിരിയുമ്പൊ ജഡശക്തിയായ തീരുകയും ചെയ്യും.

രമണമഹര്‍ഷിയുടെ അടുത്ത് ഒരാള് ചോദിച്ചു; മനസ്സ് എന്താണ്?
ആത്മാവ് എന്താണ്?

ഭഗവാന്റെ ഉത്തരങ്ങളൊക്കെ spontaneous ആയിട്ട് പെട്ടെന്ന് അങ്ങട് വരുമ്പോ അത്യത്ഭുതമായിട്ടിരിയ്ക്കും. മഹർഷി പറഞ്ഞ ഉത്തരം "self extroverted is mind and mind introverted is self." ഇവിടെ രണ്ടില്ലാ. ഒരേ വസ്തു തന്നെ പുറമേയ്ക്ക് തിരിഞ്ഞാ മനസ്സാവും അകമെ തിരിഞ്ഞ് അടങ്ങിയാൽ ബോധം ചൈതന്യവും. എങ്ങട് തിരിയണൂ എവിടെ നോക്കണൂന്നുള്ളത് ആശ്രയിച്ചിരിയ്ക്കും.

                ((നൊച്ചൂർ ജി 🥰🙏))
Divya 

No comments: