Saturday, September 30, 2017

ത്യാഗവും എളിമയുമൊക്കെ ജീവിതാദര്‍ശമായി കരുതിയിരുന്ന ഒരു സംസ്‌കാരം അടുത്തകാലം വരെയും നമുക്കുണ്ടായിരുന്നു. പുരാതന ഭാരതത്തിലെ സമൂഹം ത്യാഗികളായ സന്യാസിമാരെയും മഹാത്മാക്കളെയും രാജാക്കന്മാരെക്കാളുമധികം ആദരിച്ചിരുന്നു. എന്നാല്‍ ഇന്ന് ആ കാഴ്ചപ്പാടിനൊക്കെ മാറ്റം വന്നിരിക്കുന്നു. കഴിയുന്നത്ര പണം സമ്പാദിക്കുക, സുഖഭോഗങ്ങളനുഭവിക്കുക എന്നതാണ് അധികം പേരുടെയും ജീവിതലക്ഷ്യം. ഏറ്റവും കുറച്ചുമാത്രം സമൂഹത്തിനു കൊടുത്തുകൊണ്ട് ഏറ്റവും കൂടുതല്‍ സമൂഹത്തില്‍ നിന്നെടുക്കാന്‍ കഴിയുക എന്നതാണ് ഇന്ന് ജീവിതവിജയമായി പലരും കാണുന്നത്.
വാസ്തവത്തില്‍ വ്യക്തിയും സമൂഹവും തമ്മില്‍ ഒരു താളലയമുണ്ട്. സമൂഹത്തില്‍ നിന്ന് അല്ലെങ്കില്‍ പ്രകൃതിയില്‍നിന്ന് എന്തെങ്കിലും നമ്മള്‍ എടുക്കുമ്പോള്‍ അതിനു പകരമായി സമൂഹത്തിന് അല്ലെങ്കില്‍ പ്രകൃതിയ്ക്ക് എന്തെങ്കിലും നമുക്കുണ്ട്. സമൂഹത്തില്‍നിന്ന് എടുക്കുന്നതിലുപരി സമൂഹത്തിനു നല്കാന്‍ ഓരോരുത്തര്‍ക്കും കഴിഞ്ഞാല്‍ ഇവിടെ ശാന്തിയും ഐക്യവും ഐശ്വര്യവും കളിയാടും.
കുടുംബത്തിലാകട്ടെ, സമൂഹത്തിലാകട്ടെ, നമുക്ക് എന്തിനോടും എപ്പോഴും ഒരു കച്ചവടമനോഭാവമാണ്. ഒരു ചായക്കടക്കാരന്‍ ചായ ഉണ്ടാക്കുമ്പോള്‍ തേയില ഇത്രവേണോ, പാല്‍ ഇത്രവേണോ, പഞ്ചസാര ഇത്രവേണോ ഇങ്ങനെ ചിന്തിച്ച് ഓരോന്നും കഴിയുന്നത്ര കുറയ്ക്കാന്‍ നോക്കും. ചെയ്യുന്ന പ്രവൃത്തി എത്രമാത്രം നന്നായി ചെയ്യാം എന്നല്ല, എങ്ങനെ കൂടുതല്‍ ലാഭം നേടാം എന്നുമാത്രമാണ് മിക്കവരും ചിന്തിക്കുന്നത്. ഈശ്വരനോടുള്ള നമ്മുടെ ബന്ധംപോലും ഇപ്പോള്‍ അത്തരത്തിലുള്ളതായിരിക്കുന്നു. പൂര്‍ണ്ണമായ സമര്‍പ്പണമാണ് ഈശ്വരനോട് അല്ലെങ്കില്‍ ഗുരുവിനോടുണ്ടാകേണ്ടത്. എന്നാല്‍ അവിടെപ്പോലും നമ്മള്‍ കണക്കുകൂട്ടുകയാണ്, എങ്ങനെ ലാഭം കൊയ്യാമെന്നു ചിന്തിക്കുകയാണ്.
ഒരിക്കല്‍ ധനികനായ ഒരു വ്യവസായി ഒരു കപ്പലില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടന്ന് കപ്പല്‍ ഭയങ്കരമായ കൊടുംകാറ്റില്‍ അകപ്പെട്ടു. രക്ഷപെടാന്‍ സാദ്ധ്യത വളരെ കുറവാണെന്ന് കപ്പിത്താന്‍ എല്ലാവരെയും അറിയിച്ചു. കപ്പലിലുള്ള എല്ലാവരും പ്രാര്‍ത്ഥിച്ചു തുടങ്ങി. ധനികനായ വ്യവസായി പ്രാര്‍ത്ഥിച്ചു, ”ഭഗവാനെ, ഞാന്‍ രക്ഷപെട്ടാല്‍ എന്റെ പഞ്ചനക്ഷത്ര ഹോട്ടല്‍ വിറ്റ്കിട്ടുന്ന തുകയുടെ എഴുപത്തഞ്ചു ശതമാനം അങ്ങേയ്ക്ക് സമര്‍പ്പിക്കാം. അങ്ങെന്നെ രക്ഷിക്കണം.” അത്ഭുതമെന്നുപറയട്ടെ കുറച്ചു മിനിറ്റുകള്‍ക്കകം കടല്‍ ശാന്തമായി. എല്ലാവരും സുരക്ഷിതരായി കരയ്‌ക്കെത്തി. എന്നാല്‍ വ്യവസായി വിഷമത്തിലായിരുന്നു, ”അയ്യോ, എന്റെ ഹോട്ടല്‍ വിറ്റാല്‍ ഒരു കോടി രൂപയെങ്കിലും കിട്ടും. അതിന്റെ എഴുപത്തഞ്ച് ശതമാനം ഭഗവാന് കൊടുക്കണമല്ലോ. അത്രയും പണം കൊടുക്കണോ? എന്തു ചെയ്യണം?” ഇങ്ങനെ ചിന്തിച്ച് സങ്കടപ്പെട്ടു. അമിതച്ചെലവ് ഒഴിവാക്കാനുള്ള മാര്‍ഗ്ഗം ചിന്തിക്കാന്‍ തുടങ്ങി. അടുത്ത ദിവസം പത്രങ്ങളില്‍ ഒരു പരസ്യം വന്നു. ‘ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ വില്‍ക്കാനുണ്ട്. വില ഒരു രൂപ മാത്രം.’ ഹോട്ടല്‍ വാങ്ങാനായി ആളുകള്‍ തടിച്ചുകൂടി. അപ്പോള്‍ ധനികന്‍ പറഞ്ഞു. ”ഈ കൊട്ടാരം ഞാന്‍ ഒരു രൂപയ്ക്കാണ് വില്‍ക്കുന്നത് എന്നാല്‍ ഒരു വ്യവസ്ഥയുണ്ട്.
കൊട്ടാരത്തോടൊപ്പം എന്റെ പട്ടിക്കുട്ടിയെക്കൂടി വാങ്ങിയ്ക്കണം. പട്ടിക്കുട്ടിയുടെ വില ഒരുകോടി രൂപയാണ്.” ഒടുവില്‍ കൊട്ടാരം വിറ്റപ്പോള്‍ എഴുപത്തഞ്ചു പൈസ അയാള്‍ ക്ഷേത്രത്തില്‍ ചെന്നു ഭഗവാനു സമര്‍പ്പിച്ചു. ഇതുപോലെയാണ് പലരുടെയും മനോഭാവം. സ്വന്തം കാര്യം കാണാന്‍ ഈശ്വരനെപ്പോലും കളിപ്പിക്കാന്‍ നമ്മള്‍ തയ്യാറാണ്.
ഇന്ന് നമ്മള്‍ ലോകത്തെ കാന്നുന്നത് ഒരു വ്യവസായ ഉല്പന്നം എന്നപോലെയാണ്, ഒരു കുടുംബമായിട്ടല്ല. ഏതുരംഗത്തും, എല്ലാവരും അവനവന്റെ മാത്രം വളര്‍ച്ചയാണ് ആഗ്രഹിക്കുന്നത്. അതനുസരിച്ച് നമ്മള്‍ വളരുന്നുമുണ്ട്. എന്നാല്‍, ഇത്തരം വളര്‍ച്ച വിനാശകരമാകാം. ക്യാന്‍സര്‍ സെല്ലുകള്‍ പരിധിയില്ലാതെയാണ് വളരുന്നത്. അതുകൊണ്ടുതന്നെ ആ സെല്ലുകള്‍ വ്യക്തിയുടെ മരണത്തിനു കാരണമാകുന്നു. ഇതുപോലെ സമൂഹ നന്മയ്ക്കുതകാത്ത വളര്‍ച്ച ഒരിക്കലും ശരിയായ വളര്‍ച്ചയല്ല. ഒടുവിലത് നമ്മുടെയും സമൂഹത്തിന്റെ തന്നെയും നാശത്തിനു കാരണമാകും.
നമ്മള്‍ ലോകത്തിന് എന്തു കൊടുക്കുന്നുവോ അത് നമ്മളിലേയ്ക്കുതന്നെ തിരിച്ചുവരും. ഒരു വിത്തിട്ടാല്‍ നൂറുമേനിയായി ഭൂമി അതു തിരിച്ചു നല്കാറുണ്ടല്ലോ. എടുക്കുന്നതിലധികം കൊടുക്കുന്നതിലാണ് ജീവിതത്തിന്റെ ധന്യത കുടികൊള്ളുന്നത്. നമ്മള്‍ എന്തു കൊടുക്കുന്നുവോ അതിന്റെ സുകൃതം നമ്മുടെ വര്‍ത്തമാനജീവിതത്തെ മാത്രമല്ല, ഭാവിയെക്കൂടി ശോഭനമാക്കും. ആഡംബരം ഒഴിവാക്കി ആവശ്യത്തിനു മാത്രമുള്ളത് എടുക്കുക. തനിക്കുള്ളത് അല്പമാണെങ്കിലും അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള ഒരു മനസ്സ് വളര്‍ത്തിയെടുക്കുക. അതാണു ജീവിതത്തെ മൂല്യമുള്ളതാക്കുന്നത്.
ഭഗവാന് അര്‍പ്പിക്കാനായി ഒരു പുഷ്പം പിച്ചുമ്പോള്‍ അതിന്റെ ഭംഗിയും നറുമണവും അറിയാതെയാണെങ്കില്‍ക്കൂടി ആദ്യം നുകരുന്നത് നമ്മള്‍ തന്നെയല്ലേ? അതുപോലെ മറ്റുള്ളവരെ സഹായിക്കുമ്പോള്‍ ഒരു സംതൃപ്തിയും ആനന്ദവും നാമറിയാതെ നമ്മള്‍ അനുഭവിക്കുന്നു. അതിലൂടെ മറ്റുള്ളവരും നമ്മളും തമ്മിലുള്ള വിടവു കുറഞ്ഞ് അവരിലേയ്‌ക്കൊരു പാലം നിര്‍മ്മിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. നമ്മുടെ അഹന്തയുടെ തോട് പൊട്ടി നമ്മുടെ ഉണ്മയിലേയ്ക്കു ഉയരുന്ന പ്രക്രിയയാണത്.


ജന്മഭൂമി: http://www.janmabhumidaily.com/news713333#ixzz4uCw5fyHD

No comments: