Monday, September 25, 2017

ഈ ജന്മം ഒരു ആകസ്മികസംഭവമല്ല . അനാദികാലത്ത് ഓരോ ജീവനും ആരംഭിച്ച സത്യാന്വേഷണയാത്രയുടെ തുടര്‍ച്ചയാണിത്. പുല്ലും പുഴുവും വൃക്ഷങ്ങളും, മൃഗങ്ങളും പക്ഷികളുമൊക്കെയായി എത്ര ജന്മങ്ങള്‍ ഇതിനകം കഴിഞ്ഞെന്നു കണക്കാക്കുക വിഷമമാണ്. മനുഷ്യജന്മംപോലും പലതു കഴിഞ്ഞിരിക്കുന്നു. എത്രയോ ജന്മങ്ങള്‍ ഇനിയും മുന്നില്‍ അവശേഷിക്കുന്നു. ജന്മാന്തരങ്ങളിലൂടെയുള്ള സുദീര്‍ഘമായ യാത്രയിലെ ഒരു ഘട്ടം മാത്രമാണ് ഈ ജന്മമെന്നറിയുമ്പോള്‍ ഭൗതികകാമനകളുടെ വ്യര്‍ത്ഥത ബോധ്യമാകും.
അനശ്വരമായ സത്യവസ്തുവിനെ തേടാനുള്ള അവസരമാണ് യൗവനകാലം. പക്ഷേ മനസ്സ് വിഷയസുഖങ്ങളുടെ പിന്നാലെ പാറി നടക്കുന്നതുകൊണ്ട് സത്യവസ്തുവില്‍ ഹൃദയം ഉറയ്ക്കുന്നില്ല. അങ്ങനെയൊന്നുണ്ടോ എന്നു സംശയിക്കാനും ഇല്ലെന്നു പലപ്പോഴും നിഷേധിക്കാനും യൗവനോന്മാദം മനുഷ്യനെ പ്രേരിപ്പിക്കുന്നു. ചോരയും നീരും വറ്റി, പ്രവര്‍ത്തനശേഷി നഷ്ടപ്പെട്ട്, വീല്‍ചെയറിലിരിക്കുമ്പോഴാണ് ഈശ്വരനുണ്ടെന്ന് തോന്നിത്തുടങ്ങുക. പക്ഷേ എന്തു പ്രയോജനം? അതിനായി അദ്ധ്വാനിക്കാനുള്ള കരുത്തെല്ലാം ചോര്‍ന്നു പോയിരിക്കുന്നു.

No comments: