Saturday, September 30, 2017

പൂജാതത്ത്വം

പ്രിന്റ്‌ എഡിഷന്‍  ·  October 1, 2017
മന്ത്രജപവും ധ്യാനവും പൂര്‍ണമായും മാനസിക ക്രിയകള്‍ ആണല്ലോ. നേരെ മറിച്ച് പൂജ എന്നത് ചില ഉപകരണങ്ങള്‍ കൊണ്ടും സാധന സാമഗ്രികള്‍കൊണ്ടും ചെയ്യേണ്ടതാണ്. അതുകൊണ്ടുതന്നെ വളരെയധികം ശാരീരികം കൂടിയായ ഒരു സാധനാക്രമമാണത്. സാധാരണ സാധനാപഥത്തില്‍ പ്രവേശിക്കുന്നവര്‍ പൂജ ചെയ്തുകൊണ്ടാണ് ആരംഭിക്കുക. അതായത് അവരുടെ സാധനാക്രമത്തില്‍ ശരീരത്തെ കൂടി അവര്‍ പങ്കെടുപ്പിക്കുന്നു എന്നര്‍ത്ഥം.
ശരീരവുംകൂടി പങ്കെടുക്കുമ്പോള്‍ മനസ്സിന് പൂര്‍ണമായ കേന്ദ്രീകരണം കിട്ടുന്നുണ്ടെന്ന് അനുഭവസിദ്ധമാണ്. ശരീരത്തെ നിശ്ചലമായി ഇരുത്തി വെറുതെയിരിക്കുമ്പോഴാണ് മനസ്സിന്റെ ചാഞ്ചല്യം ക്രമത്തിലധികം അനുഭവപ്പെട്ട് അനേകമനേകംചിന്തകള്‍ മസ്തിഷ്‌കത്തിലൂടെ ‘പരേഡ്’ നടത്തുന്നത്. വെറുതെയിരുന്നു മന്ത്രം ജപിക്കുമ്പോഴും ആ മന്ത്രം ചൊല്ലി നമസ്‌കരിക്കുമ്പോഴും ഉണ്ടാകുന്ന അനുഭവങ്ങളുടെ വ്യത്യാസം അനുഭവസ്ഥന്മാര്‍ക്കറിയുവാന്‍ പ്രയാസമില്ല. നമസ്‌കരിക്കുമ്പോള്‍ അനാവശ്യമായ ചിന്തകള്‍ മനസ്സില്‍ വരുന്നില്ല. ശരീരംകൂടി ആ കര്‍മ്മത്തില്‍ ഭാഗഭാക്കാകുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. കേരള ബ്രാഹ്മണര്‍ വൈദിക ഋക്കുകള്‍ ചൊല്ലി അനേകം പ്രാവശ്യം നമസ്‌കരിച്ചുകൊണ്ടാണ് വൈദികമന്ത്രസാധനകള്‍ അനുഷ്ഠിക്കാറുള്ളത് എന്ന കാര്യം ഇത്തരുണത്തില്‍ സ്മരണീയമാണ്.
മന്ത്രസാധനയനുഷ്ഠിക്കുന്ന സാധകന്മാര്‍ ആദ്യത്തെ പടിയായി അവരുടെ സാധനക്ക് ദാര്‍ഢ്യം കിട്ടുവാന്‍ ഉപയോഗിക്കുന്നത് പൂജാപദ്ധതിയെയാണ്. സാധനക്ക് ദൈര്‍ഘ്യം വരുന്നതോടെ ബാഹ്യപൂജ ആന്തരികപ്രക്രിയയായി മാറുന്നുവെന്നുള്ളത് സാധകന്മാരില്‍ സാധാരണ കണ്ടുവരാറുള്ളത് ഇതുകൊണ്ടാണ്. ഒരുതരത്തില്‍ നോക്കുകയാണെങ്കില്‍ ജപസാധനയും പൂജതന്നെയാണ്. മന്ത്രജപത്തിന്റെ ഒരു സുപ്രധാന ഘടകം ധ്യാനശ്ലോകപ്രകാരമുളള ഒരു മനോവിഗ്രഹം ഗാത്രക്ഷേത്രത്തില്‍ ഒരു കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുകയാണ്. ശിലാമയിയും ലോഹമയിയും ദാരുമയിയും മറ്റുമായ പ്രതിമാ വിശേഷങ്ങളെ പറയുന്നതിനിടക്ക് മനോമയിയായ പ്രതിമയേയും പറയുന്നുണ്ട്.
ധ്യാനോക്തരൂപം മനസ്സിലുറപ്പിച്ച് അതില്‍ മാനസ ഉപചാരങ്ങള്‍ അഥവാ ശരീരഘടകങ്ങളായ പഞ്ചഭൂതങ്ങളെയും ആ ദേവനില്‍ സമര്‍പ്പിക്കുന്ന പ്രക്രിയകള്‍ മനസ്സുകൊണ്ട് ചെയ്യുകയും തദനുസൃതമായ മുദ്രകള്‍ കൈകള്‍കൊണ്ട് കാണിക്കുകയും ചെയ്തുകൊണ്ട് പൂജയുടെ ഏറ്റവും ലഘുപതിപ്പായ മാനസപൂജയെ മന്ത്രജപത്തിനിടക്ക് ചെയ്യേണ്ടതായിട്ടുണ്ട്. അതു കഴിയുമ്പോള്‍ നമ്മുടെ ശരീരഘടകങ്ങള്‍ മുഴുവനും സമര്‍പ്പിക്കുന്നതുകൊണ്ട് ആരാധ്യദേവതയും സാധകനും താദാത്മ്യം പ്രാപിക്കുക എന്നതാണ് പൂജയുടെ പ്രധാന തത്വം.
ലം പൃത്ഥ്യാത്മനേഗന്ധം കല്പയാമി നമഃ
ഹം ആകാശാത്മനേ പുഷ്പം കല്‍പയാമി നമഃ
യം വായ്‌വ്യാത്മനേ ധൂപം കല്പയാമി നമഃ
രം അഗ്‌ന്യാത്മനേ ദീപം കല്പയാമി നമഃ
(വം), ഠ്വം അമൃതോത്മനേ നൈവേദ്യം കല്പയാമി നമഃ
എന്നിവയാണ് പഞ്ചോപചാര പൂജാ മന്ത്രങ്ങള്‍. പഞ്ചഭൂതങ്ങള്‍ ഓരോന്നും സമര്‍പ്പിക്കുമ്പോള്‍ അതതു തന്മാത്രകളുടെ ബീജാക്ഷരവുംകൂടി ഉള്‍പ്പെട്ടവയാണ് മേല്‍കാണിച്ച മന്ത്രങ്ങള്‍. ഇതു ചെയ്യുമ്പോള്‍ ക്രമത്തില്‍ ചെറുവിരല്‍, പെരുവിരല്‍, ചൂണ്ടാണി വിരല്‍, നടുവിരല്‍, മോതിര വിരല്‍ എന്നീ വിരലുകളില്‍ സമ്മര്‍ദ്ദം ചെലുത്തി (പെരുവിരല്‍കൊണ്ടോ ചൂണ്ടുവിരല്‍കൊണ്ടോ) അവയെ ദേവതാഭിമുഖമായ അവയുടെ അഗ്രംവരെ ആ സമ്മര്‍ദ്ദത്തെ നീക്കിക്കൊണ്ടാണ് അതതു മുദ്രകള്‍ കാണിക്കാറുള്ളത്. ഇതില്‍നിന്നും സമര്‍പ്പണരീതി മനസ്സിലായല്ലോ.
തുടരും
(മാധവജിയുടെ ക്ഷേത്രചൈതന്യ രഹസ്യം പുസ്തകത്തില്‍നിന്ന്)


ജന്മഭൂമി: http://www.janmabhumidaily.com/news713342#ixzz4uCwKiaFy

No comments: