Wednesday, September 27, 2017

അയോധ്യയില്‍ ഒരു രാജാവുണ്ടായിരുന്നു, ധ്രുവസന്ധി. അദ്ദേഹത്തിന്റെ പുത്രന്‍ സുദര്‍ശനന്‍. സുദര്‍ശനന്‍ ഭരണമേറ്റപ്പോള്‍ച്ചെയ്ത ആദ്യത്തെ പ്രഖ്യാപനം ഇതായിരുന്നു. ‘നമ്മുടെ പ്രജകള്‍ ആഘോഷപൂര്‍വം നവരാത്രിപൂജ കൊണ്ടാടണം. വ്രതാനുഷ്ഠാനങ്ങള്‍ നിര്‍ബ്ബന്ധം. ക്ഷേമലബ്ധിക്ക്, ഐശ്വര്യവര്‍ദ്ധനയ്ക്ക്, അഘോരവീര്യത്തിന്, അക്ഷീണശക്തിക്ക് അത് അനിവാര്യം!’ ദേവ്യുപാസനകൊണ്ടാണ് സുദര്‍ശനന്‍ രാജ്യം വീണ്ടെടുത്തത്, നഷ്ടപ്രതാപങ്ങള്‍ തിരിച്ചുപിടിച്ചത്-നാടുവാണത്. അമ്മയെ വിശ്വസിച്ചു പൂജിക്കുക, ഉപാസിക്കുക, അമ്മയില്‍ എല്ലാം സമര്‍പ്പിക്കുക, അവനവനെത്തന്നെ നേടാന്‍, നഷ്ടചൈതന്യങ്ങളെല്ലാം വീണ്ടെടുക്കാന്‍, വിജയത്തിന്റെ കിരീടം സ്വയം എടുത്തണിയാന്‍.
ആരാണ് അമ്മയുടെ പ്രീതി നേടാതെ വിജയസോപാനം കയറിയത്? സാക്ഷാല്‍ ശ്രീപരമേശ്വരനു കഴിഞ്ഞോ? ഇല്ല. ത്രിപുരന്മാരെ വധിക്കുന്നതിനുള്ള ശക്തി ആര്‍ജ്ജിക്കാന്‍ അദ്ദേഹവും നവരാത്രി പൂജാവിധികളിലൂടെ കടന്നുപോയി. അസുരാധമനായ മധുവിനെ നിഗ്രഹിക്കുംമുമ്പ് മധുസൂദനനായ ഭഗവാന്‍ മഹാവിഷ്ണു നവരാത്രിവ്രതം നോറ്റു. മഹാമനസ്സ് പൂജയ്ക്കുവച്ചു. കശ്യപനും ഇന്ദ്രനും വസിഷ്ഠനും ഭൃഗുവും ബൃഹസ്പതിയും വിശ്വാമിത്രനുമെല്ലാം നവരാത്രി നോറ്റു. അവരുടെയൊക്കെ മുമ്പില്‍ നിസ്സാരജന്മങ്ങളായ നാം ആര്?
രാവണവധത്തിനുമുമ്പ് ബ്രഹ്മര്‍ഷി നാരദന്‍ രാമനോടു പറയുന്നു-‘രാമാ, കാര്യസാദ്ധ്യപരിഹാരാദികള്‍ക്കു പരമപ്രധാനമാണ് ശക്ത്യുപാസന. പരാശക്തിയായ ദേവിയെ ഉപാസിച്ച് അനുഗ്രഹവും അനുവാദവും നേടുക. അസുരസംഗ്രഹത്തിനുള്ള ശക്തി അമ്മയ്‌ക്കേയുള്ളൂ. ആ ശക്തി അമ്മ പകര്‍ന്നുതരും. രാമന് രാവണനുമേല്‍ വിജയമുണ്ടാകും.’
അങ്ങനെ ആദ്യമായി വിധിപ്രകാരം നവരാത്രി വ്രതം ആചരിച്ചത് ശ്രീരാമചന്ദ്രന്‍!
രാമനു മുമ്പില്‍ നമ്മളാര്? -ഉപാസിക്കുക, നേടുക. വിജയിക്കുക.
പത്താംനാള്‍ വിജയം!
പരാശക്തിയായ ജഗദംബിക ഏവരെയും അനുഗ്രഹിക്കട്ടെ.
ഇതാ, അമ്മയുടെ തിരുമുമ്പില്‍ അക്ഷരഭിക്ഷയ്ക്ക് ഹൃദയപാത്രവും നീട്ടിനില്‍ക്കുന്ന ഒരുമകന്റെ സങ്കീര്‍ത്തനം:
‘സരസ്വതൈ്യനമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ബ്ഭവതു മേ സദാ’.
വിജയദശമിയില്‍ മൂകാംബിയില്‍ എനിക്കു
വിദ്യാരംഭമുഹൂര്‍ത്തം.
അരിയിലും മണലിലും വിരല്‍പിടിച്ചെഴുതിക്കും
അമ്മയുടെ ദിവ്യസാന്നിദ്ധ്യം.
അമ്മ തരും-
അക്ഷരങ്ങളാണെനിക്കു സത്യം
(വിജയദശമി)
വിദ്യാരംഭം കുറിക്കുന്ന വിത്തുകള്‍
വൃക്ഷങ്ങളാക്കുന്നൊരമ്മേ-മഹാ
വൃക്ഷങ്ങളാക്കുന്നൊരമ്മേ
തലമുറകള്‍ക്കുള്ള കനികളും മധുരവും
തണലും നീ കരുതിവയ്ക്കുന്നൂ
എഴുതാന്‍, വരയ്ക്കാന്‍ പഠിക്കുന്നു ഞാന്‍
തനിയേ നടക്കാന്‍ തുടങ്ങുന്നൂ!
(വിജയദശമി)
ഒന്നാംപാഠം പ്രപഞ്ചമാം പുസ്തകം
മുന്നിലമ്മ തുറക്കുന്നേരം-എന്റെ
കണ്ണിലതു തെൡയുന്നേരം
രാപ്പകലുകളാം താളുകള്‍ മറിച്ചു ഞാന്‍
രാവുറങ്ങാതിരുന്നു പഠിക്കാന്‍
പാടാന്‍ ഭഗവതി തുണയ്ക്കുന്നു-മുന്നില്‍
പാവം ഹൃദയം തുടിക്കുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news712272#ixzz4tv4rjlgx

No comments: