Saturday, September 30, 2017

ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ അതിരുകളിൽ (Frontier) ഇന്ന് നിലനിൽക്കുന്ന ചില ചിന്തകളാണ് നാം കണ്ടത്. നാം ഇന്ന് അറിയുന്ന പ്രപഞ്ചത്തിന്റെ വസ്തുനിഷ്ടത തന്നെ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ടോ? ഉണ്ടാവാം എന്ന് ചിലരെങ്കിലും കരുതുന്നുണ്ടെന്നുള്ളതാണ് വസ്തുത. എന്താണീ വസ്തുനിഷ്ടം, ആത്മനിഷ്ടം എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്? അതേപ്പറ്റി അൽപ്പം ചിന്തിക്കാം.

നാം ഉൾപ്പെടുന്ന ഈ പ്രപഞ്ചത്തെ വീക്ഷിക്കുമ്പോൾ, ഒറ്റ നോട്ടത്തിൽ നമുക്ക് കാണാൻ കഴിയുന്നത് മൂന്നു തരത്തിലുള്ള വസ്തുക്കളോ പ്രതിഭാസങ്ങളോ ആണ്.

ഒന്ന്, ഖര-ദ്രവ-വാതക-പ്ലാസ്മ രൂപത്തിൽ സ്ഥിതിചെയ്യുന്ന, പദാർദ്ധം (മാറ്റർ) എന്ന് നാം വിളിക്കുന്ന, ആ ഒന്ന്.

രണ്ട്- പ്രകാശം, ചൂട്, ചലനം, ഊർജ്ജം, ബലം എന്നുതുടങ്ങുന്ന ചില പ്രതിഭാസങ്ങൾ. ഈ രണ്ടാമത്തെ ഗണത്തിന് ഒരു പ്രത്യകത എന്തെന്നാൽ ഇവ ആദ്യം പറഞ്ഞ പദാർഥവുമായി ഒരു സാമ്യവുമില്ലെങ്കിലും ഇവയെ പദാർഥത്തിൽ നിന്നും വേർതിരിച്ചു കാണാൻ കഴിയില്ല. അതുകൊണ്ടു പലപ്പോഴും നാം ഇവ രണ്ടിനെയും ഒരു സൂപ്പർ ഗണമായി പരിഗണിക്കുന്നു.

മൂന്നാമതായി, മുൻപറഞ്ഞതിൽനിന്നെല്ലാം വ്യത്യസ്തമായി 'ഞാൻ’ ‘ഉണ്ട്’ എന്ന് നമ്മുടെയെല്ലാം ഉള്ളിലുള്ള ബോധം. ഇതിനു മുൻപറഞ്ഞ രണ്ട് ഗണങ്ങളുമായി പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ല. അത് നമ്മുടെ ഉള്ളിലും മറ്റുള്ളവ രണ്ടും നമ്മുടെ പുറത്തുമാണ്. 'ഞാൻ' 'ഉണ്ട്' എന്ന ഈ ബോധം നമുക്ക് മാത്രം ഉള്ളതാണ്. അതുകൊണ്ടു അത് ആത്മനിഷ്ട്ടവും മറ്റുള്ളവ വസ്തുനിഷ്ടവുമായി കണക്കാക്കപ്പെടുന്നു.  

ആദിശങ്കരൻ, 'അപരോക്ഷാനുഭൂതി' എന്ന പ്രകരണ (Introductory) ഗ്രന്ഥത്തിൽ അനുഭൂതിയെ അഥവാ അനുഭവത്തെ മൂന്നായി തിരിക്കുന്നു; പ്രത്യക്ഷം, പരോക്ഷം, അപരോക്ഷം എന്നിങ്ങനെ. അക്ഷം എന്നാൽ കണ്ണ്. പ്രത്യക്ഷം എന്നാൽ പ്രതി അക്ഷം, (ഇവിടെ അക്ഷം എന്നത് കണ്ണ്, മൂക്ക്, ത്വക്ക്, ചെവി, നാക്ക് എന്ന പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു) അതായത് പഞ്ചേന്ദ്രിയങ്ങളോ അവയുടെ കൃത്രിമ ബലപ്പെടൽ വഴിയോ ലഭിക്കുന്ന അനുഭവങ്ങൾ (Empirical). പ്രത്യക്ഷ അനുഭവങ്ങളിൽ നിന്നും യുക്തി പൂര്‍വ്വമുളള അനുമാനങ്ങളിലൂടെ നേടുന്ന അറിവ് (induction, Inference etc) പരോക്ഷാനുഭൂതി. ഇതിൽ രണ്ടിലും പെടാത്ത അനുഭവമാണ് അപരോക്ഷാനുഭൂതി, അതായത് ഞാൻ ഉണ്ട് എന്ന് അറിയാൻ നമുക്ക് പഞ്ചേന്ദ്രിയങ്ങളുടെ സഹായം ആവശ്യമില്ല, അതിനു ഒരു യുക്തി യുടെയോ അനുമാനത്തിന്റെയോ ആവശ്യമില്ല. നാം ഉണ്ടെന്നു നാം അറിയുന്നു. എങ്ങനെയെന്നാൽ, ആ ‘അറിവാണ്’ നാം. അത് പ്രത്യക്ഷമോ പരോക്ഷമോ അല്ല, അപരോക്ഷം ആണ്.

ഈ വിഷയത്തിലുള്ള അന്വേഷണം മുഖ്യധാരശാസ്ത്രം അതിന്റെ പരിധിയിൽ പെടുത്തുന്നില്ല. അതുകൊണ്ടു നമുക്ക് തൽക്കാലം ആദ്യം പറഞ്ഞ രണ്ട് ഗണത്തിലേക്ക് മാത്രം ഇപ്പോൾ ചുരുക്കാം. ഈ വിഷയത്തിൽ പിന്നീട് തിരിച്ചു വരാം.

പ്രപഞ്ച നിർമിതിയുടെ അടിസ്ഥാന വസ്തു എന്തെന്നുള്ള നമ്മുടെ പൗരാണിക ദർശിനികരുടെ അന്വേഷണത്തിൻറെ ഒരു ഏകദേശ ചിത്രം നാം മുൻപ് കണ്ടു. ഇനി പാശ്ചാത്യ അന്വേഷകരിലേക്കു തിരിയാം. ദർശിനികതലത്തിൽ അടിസ്ഥാന വസ്തു ജലമാണെന്നും, അഗ്നിയാണെന്നും ഒക്കെ വാദിച്ച ഗ്രീക് ചിന്തകന്മാർ ഉണ്ടായിരുന്നു.

ലൂസിപ്പസ്, ഡെമോക്രറ്റുസ് (BC 435-410) എന്നിവരുടെ അണു സിദ്ധാന്തമാണ് അതിൽ ഏറ്റവും വിജയകരമായത്. പദാർഥത്തെ മുറിച്ചു മുറിച്ചു ചെല്ലുമ്പോൾ പിന്നീട് മുറിക്കാൻ കഴിയാത്ത ഒരു നിലയിൽ എത്തും, അതാണ് അണു. ശൂന്യതയിലൂടെ സഞ്ചരിക്കുന്ന ഇത്തരം അണുക്കളെക്കൊണ്ടാണ് ഈ ലോകത്തിന്റെ സൃഷ്ട്ടി. അണുക്കൾ രൂപത്തിലും വലുപ്പത്തിലും മാത്രം വ്യത്യാസപ്പെട്ടിരിക്കും. അനന്തമായ ശൂന്യതയിലൂടെ സഞ്ചരിക്കുന്ന ഈ അണുക്കൾ നിരന്തരമായി കൂട്ടിഇടിച്ചുകൊണ്ടിരിക്കും. ഇത്തരം കൂട്ടിയിടിക്കിടയിൽ അവയുടെ പ്രതലങ്ങളിലുള്ള മുനകളും കൊളുത്തുകളും മൂലം, തമ്മിൽ, കൂടിച്ചേരുകയോ വിഘടിക്കുകയോ ചെയ്യും. നാം കാണുന്ന ഈ പ്രത്യക്ഷ ലോകത്തിലുള്ള എല്ലാ മാറ്റങ്ങളും ഇത്തരത്തിലുള്ള നിരന്തര കൂടിച്ചേരലുകളുടെയും വിഘടനകളുടെയും ഫലമാണ്. 
  
ഡെമോക്രിറ്റസിന്റെ അണു സിദ്ധാന്തത്തെ പിന്നീടുവന്ന അരിസ്റ്റോട്ടിൽ (BC 350) ശക്ത്തമായി വിമർശിച്ചു. ലോകത്തിന്റെ നിർമിതി സ്വതന്ത്രമായി സഞ്ചരിക്കുന്ന ചെറുകണങ്ങൾകൊണ്ടല്ലെന്നും അഗ്നി, ഭൂമി, ജലം, വായു എന്നുള്ള അടിസ്ഥാന വസ്തുക്കൾ കൊണ്ടാണെന്നും അദ്ദേഹം വാദിച്ചു. അതനുസരിച്, ഭൂമി കേന്ദ്രമായും അതിനു മുകളിൽ അര്‍ദ്ധ വൃത്താകാരത്തിലുള്ള വെവ്വേറെ മേല്‍ക്കൂരകളിൽ സഞ്ചരിക്കുന്ന സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ ഉൾപ്പെടുത്തി ഒരു പ്രപഞ്ച രൂപവും നിർദേശിച്ചു. മഹാ പ്രതിഭാശാലിയായിരുന്ന അരിസ്റ്റോട്ടിലിന്റെ സ്വാധീനവും, പിന്നീട്, റോമൻ കത്തോലിക്കാ സഭക്ക് അദ്ദേഹത്തിൻറെ പ്രപഞ്ച രൂപം വളരെ സൗകര്യപ്രദമായിരുന്നതിനാലും, ഏതാണ്ട് രണ്ടായിരം കൊല്ലത്തോളം ഈ വീക്ഷണം നിലനിന്നു.
  
ആധുനിക ശാസ്ത്രത്തിന്റെ പിറവിയിലൂടെ   അരിസ്ടോട്ടീലിയൻ കാലഘട്ടം അവസാനിക്കുകയായിരുന്നു. പരീക്ഷണ നിരീക്ഷണങ്ങളും, ഗണിത ശാസ്ത്രവും ഉപയോഗിച്ചുള്ള ശാസ്ത്രത്തിന്റെ പിറവി ഗലീലിയോ ഗലീലി എന്ന മഹാനിലൂടെയായിരുന്നു (1564-1642)

സ്വന്തമായി നിർമിച്ച ടെലിസ്കോപ്പിലൂടെ ശനിയുടെ വലയങ്ങളും, വ്യാഴത്തിന്റെ ചന്ദ്രന്മാരെയും, സൂര്യ കളങ്കങ്ങളും, ചന്ദ്രന്റെ പരുപരുത്ത പ്രതലവും അദ്ദേഹം കണ്ടു. ഈ നിരീക്ഷണങ്ങളുടെയെല്ലാം പരിസമാപ്ത്തി, ഭൂകേന്ദ്രിതമായ പ്രപഞ്ച വീക്ഷണത്തെ സൂര്യകേന്ദ്രിതമായ, കൂടുതൽ ശരിയായ,  ഒരു പ്രപഞ്ച വീക്ഷണത്തിന്റെ നിർദ്ദേശമായിരുന്നു. എന്നാൽ, സൂര്യ കേന്ദ്രിതമായ ഒരു പ്രപഞ്ചത്തെ ബൈബിളിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കുവാൻ കഴിയില്ലെന്ന് കണ്ട കത്തോലിക്കാ സഭ അതിനെ ശക്ത്തമായി എതിർത്തു. ഫലമോ? 1616-ഇൽ അദ്ദേഹത്തിന് വിചാരണ നേരിടേണ്ടി വന്നു. പിന്നീട് 1633-ഇൽ വീണ്ടും വിചാരണ ചെയ്തു, മരണം വരെ അദ്ദേഹത്തിന് വീട്ടു തടങ്കലിൽ കിടക്കേണ്ടി വന്നു. 

ഗലീലിയോ ഗലീലി മരിച്ച വര്ഷം (1642) തന്നെ മറ്റൊരു മഹാ പ്രതിഭയുടെ ജനനമാണ് നാം കാണുന്നത്. പിന്നീട് അങ്ങോട്ട് ഏതാണ്ട് അഞ്ഞൂറ് വർഷത്തോളം ഒരു കുലുക്കവും തട്ടാതെ നിന്ന ഭൗതിക ശാസ്ത്രത്തിന്റെയും ലോകവീക്ഷണത്തിന്റെയും ഉപജ്ഞാതാവായ സാർ ഐസക് ന്യൂട്ടൻ ആയിരുന്നു അത് (1642-1727). ന്യൂട്ടന്റെ അഭിപ്രായത്തിൽ പദാർദ്ധം അല്ലെങ്കിൽ ദ്രവ്യം നിർമിച്ചിരിക്കുന്നത് കട്ടിയായ, മുറിക്കാൻ കഴിയാത്ത കണികകളാലാണ്. ആദിയിൽ ദൈവം സൃഷ്ട്ടിച്ച ഈ കണികകൾ സാധാരണ മനുഷ്യ ശക്ത്തികൊണ്ടു മുറിക്കാൻ കഴിയാത്തവയാണ്. ഈ കണികകൾ തമ്മിലുള്ള പാരസ്പര്യം (Interaction) മൂലമുണ്ടാവുന്ന യാന്ത്രിക നിയമങ്ങളാൽ ചലിക്കുന്ന ഒരു വലിയ യന്ത്രമാണ് ഈ പ്രപഞ്ചം.

ന്യൂട്ടൺ, ഡെകാർട്ടെ, ലെബിന്റ്സ് തുടങ്ങിയ 17-18 നൂറ്റാണ്ടുകളിലെ മിക്ക  ശാസ്ത്രജ്ഞന്മാരെല്ലാം കടുത്ത ദൈവവിശ്വാസികളും കൂടെയായിരുന്നു.  അതുകൊണ്ടുതന്നെ ദൈവവും ഈ പ്രപഞ്ചയന്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു മാത്രമായിരുന്നു അവർ തമ്മിലുള്ള വലിയ അഭിപ്രായ വ്യത്യാസം. ന്യൂട്ടന്റെ അഭിപ്രായത്തിൽ ഈ യന്ത്രം ശ്രദ്ധിക്കപ്പെടാതെയോ ഇടെക്കിടെയിലുള്ള അറ്റകുറ്റപ്പണി നടത്താതെയിരിക്കുകയോ ചെയ്താൽ  ഇതിനു ചില്ലറ ദോഷങ്ങൾ സംഭവിക്കാൻ ഇടയുണ്ട്. അതുകൊണ്ടു ദൈവത്തിന്റെ കരങ്ങൾ എല്ലായിപ്പോഴും ഇതിന്റെ പിന്നിൽ ഉണ്ടായിരിക്കും. എന്നാൽ പ്രപഞ്ച യന്ത്രത്തിന്റെ വെറുമൊരു അറ്റകുറ്റപ്പണിക്കാരൻ മാത്രമായി ദൈവത്തെ കാണാൻ ലെബനിട്സ് തയ്യാർ അല്ലായിരുന്നു. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ കുറവുകൾ ഒന്നും ഇല്ലാത്ത, എല്ലാം പൂർണമായ ദൈവം സൃഷ്ട്ടിച്ച ഈ പ്രപഞ്ചവും കുറവുകൾ ഒന്നും ഇല്ലാത്തതാണ്, അങ്ങനെ അവന് കഴിയു. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ നാം കാണുന്ന ഈ പൊരുത്തക്കേടുകൾ എല്ലാം, ഈ യന്ത്രത്തെ നാം ശരിക്കു മനസ്സിലാക്കാത്തതിനാലാണ്.

സ്ഥലകാലങ്ങളെക്കുറിച്ചും ന്യൂട്ടനും ലെബിൻറ്സും തമ്മിൽ ഏറ്റുമുട്ടി. സ്ഥലവും കാലവും നിരുപാധികവും കേവലവുമായ യാഥാർഥ്യങ്ങളാണ്. ഭൗതിക വസ്തുക്കൾ നിരന്തരമായി സഞ്ചരിക്കുന്നതും പരസ്പരം പ്രതിപ്രവർത്തിക്കുന്നതും ഈ ചട്ടക്കൂടിനുള്ളിലാണ്. ഈ ചട്ടക്കൂട് സ്വതന്ത്രവും, മാറ്റമില്ലാത്തതും, നമ്മുടെ എല്ലാ പരീക്ഷങ്ങളിൽനിന്നും സ്വതന്ത്രവുമാണ്, ന്യൂട്ടൻ വിശ്വസിച്ചത് ഇങ്ങനെയാണ്. ലെബനിറ്റസിന്റെ അഭിപ്രായം മറ്റൊന്നായിരുന്നു. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ സ്ഥലവും കാലവും എന്നാൽ സംഭവങ്ങളുടെ ഒരു അടുക്കിവയ്ക്കൽ മാത്രമാണ്(order of events). സ്ഥലം എന്നാൽ സഹവർത്തത്വത്തിന്റെ അടുക്കും (order of coexistence) സമയമെന്നാൽ മുൻ-പിൻ ക്രമത്തിന്റെ അടുക്കലുമാണ്(ordering of successions). ജനറൽ റിലേറ്റിവിറ്റിയുടെയും സ്ഥലകാല സാകല്യത്തിന്റെയും യാഥാർഥ്യങ്ങളോട് ലെബിനിട്സ് എത്രത്തോളം അടുത്തിരുന്നുവെന്നു കാണുക. എങ്കിലും ന്യൂട്ടന്റെ അഭിപ്രായമാണ് പരക്കെ അംഗീകരിക്കപ്പെട്ടത്.

ഈ രണ്ടു മഹാ ശാസ്ത്രജ്ഞമാരും   ‘കാൽക്കുലസ്’ എന്ന ഗണിത ശാസ്ത്രത്തിന്റെ കണ്ടുപിടുത്തത്തിലും തമ്മിൽ ഏറ്റുമുട്ടുകയുണ്ടായി. ന്യൂട്ടൺ, 1664-66 കാലഘട്ടത്തിൽ ഇത് വികസിപ്പിച്ചിരുന്നെങ്കിലും 1693-ലാണ് പ്രസദ്ധീകരിക്കുന്നത്. മറിച്, ലെബനിട്സ് 1672-76 കാലഘട്ടത്തിൽ വികസിപ്പിക്കുകയും 1684-ഇൽ പ്രസിദ്ധീകരിക്കുകയും ചെയ്തു, ന്യൂട്ടന് പ്രസിദ്ധപ്പെടുത്തുന്നതിനും ഒൻപതു കൊല്ലം മുൻപ്. ന്യൂട്ടൺ ഇഗ്ളീഷുകാരനും ലെബനിട്സ് ജർമൻ കാരനും ആണെന്ന് ഓർക്കുക. ലെബനിട്സ്, ന്യൂട്ടന്റെ കണ്ടുപിടുത്തം മോഷ്ടിച്ചതാണെന്ന് ആരോപണം ഉണ്ടായി. ഇത് ശാസ്ത്രലോകത്തിൽ രണ്ടു ദേശീയതകളും തമ്മിലുള്ള ഒരു ഏറ്റുമുട്ടലിലേക്കു വഴിതിരിച്ചു. കേസ് കോടതിയുടെ പരിഗണനയിൽ എത്തി. ഇതേപ്പറ്റി അന്വേഷിക്കാൻ റോയൽ സൊസൈറ്റി ഒരു കമ്മീഷനെ വച്ചു.

സർ ഐസക് ന്യൂട്ടൺ പ്രസിഡണ്ട് ആയിരിക്കുന്ന റോയൽ സൊസൈറ്റിയുടെ തീരുമാനം മറ്റെന്താകാൻ? ലെബനിട്സ് കുറ്റകാരൻ ആണെന്ന് കമ്മീഷൻ വിധിയെഴുതി.

എന്നാൽ സത്യം അതല്ലായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. രണ്ടുപേരും സ്വതന്ത്രമായി വികസിപ്പിച്ചതുതന്നെയെന്നു പിന്നീട് ശാസ്ത്രലോകത്തിന് മനസ്സിലായി. കുറേക്കൂടെ എളുപ്പമുള്ള നൊട്ടേഷനുകളാണ് (ചിഹ്നം) ലെബനിട്സ് ഉപയോഗിച്ചിരുന്നത്. പക്ഷെ   അപ്പോഴേക്കും ലെബനിട്സ് മരിച് കഴിഞ്ഞിട്ടുണ്ടായിരുന്നു.  ഏറെക്കാലം യൂറോപ് ലേബെനിറ്റസിന്റെ രീതിയും ഇംഗ്ലണ്ട് ന്യൂട്ടന്റെ രീതിയും ഉപയോഗിച്ച് വന്നു.

1803-ഇൽ ജോൺ ഡാൽട്ടൻ പുതിയൊരു അണു സിദ്ധാന്തം അവതരിപ്പിച്ചു. നിരവധി പരീക്ഷങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ വ്യക്ത്തമായ കണക്കുകളോടെയായിരുന്നു ഡാൽട്ടന്റെ അണു മാതൃക. സുദൃഢമായ ഗോളാകൃതിയിലുള്ളതായിരുന്നു ഡാൽട്ടന്റെ അണുവെങ്കിലും അതിനു അളക്കാൻ കഴിയുന്ന പിണ്ഡം (മാസ്)   ഉണ്ടായിരുന്നു. ഡാൽട്ടന്റെ ഈ മോഡലാണ് പിന്നീട് ആധുനിക ഭൗതിക ശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും ഒരു പ്രധാന നിയമമായ   'മാസ് സംരക്ഷണ' നിയമത്തിലേക്കു വികസിപ്പിച്ചത് (Law of conservation of mass). 
   
1890-കളിൽ   കേംബ്രിഡ്ജ് പ്രൊഫെസ്സറായിരുന്ന ജെ ജെ തോംസൺ കാതോട് റേ ട്യൂബ് എന്നൊരു ഉപകരണം പരീക്ഷണ വിധേയമാക്കുകയായിരുന്നു. ഒരു സീൽഡ് ഗ്ളാസ് ട്യൂബിൽ രണ്ടു ഇലക്ട്രോഡുകൾ, അവക്കിടയിൽ ശൂന്യ സ്ഥലം. ഈ രണ്ടു എലെക്ട്രോഡുകളിൽ ഒരു വോൾടേജ് കൊടുത്താൽ അതിൽനിന്നും ഒരു രശ്മി ഉൽപ്പാദിപ്പിക്കപ്പെടും ഇതിനെ ഒരു വൈദ്യുത മണ്ഡലം കൊണ്ടോ കാന്തിക മണ്ഡലം കൊണ്ടോ വളക്കാൻ കഴിയും. അതിൽനിന്നും തോംസൺ ഒരു നിഗമനത്തിൽ എത്തി, ഈ രശ്മി പ്രകാശത്തത്തിന്റേതല്ല, പിന്നെയോ ഏതോ ഋണ (negative) ചാർജ്ജുള്ള കണികകളാൽ നിർമ്മിതമാണ് എന്ന്. ഈ പുതിയ കണികകളെ അളന്നതിൽനിന്നു അദ്ദേഹത്തിന് മനസ്സിലായി ഇവ ഏറ്റവും ഭാരം കുറഞ്ഞ ഹൈഡ്രജൻ അണുവിനെക്കാളും 1800 മടങ്ങു ഭാരം കുറഞ്ഞതാണെന്ന്. അപ്പോൾ ഒരിക്കിലും മുറിക്കാൻ കഴിയില്ല എന്ന് കരുതിയിരുന്ന അണുവിനെക്കാളും ചെറിയ അണുക്കൾ നിലനിൽക്കുന്നു !! മാത്രമല്ല അവയ്ക്ക് ഋണ ചാർജ്ജുമാണ്. അങ്ങനെ തോംസൺ പുതിയൊരു അണു മാതൃക ഉണ്ടാക്കി. അതിൽ ഘനചാർജ്ജും (positive charge) ഋണചാർജ്ജും (negative charge) ഉണ്ട്, അതായത് ഏകതാനമായ (Uniform) പോസിറ്റീവ് ചാർജ്ജിൽ അവിടവിടെ വിതറിയിട്ടിരിക്കുന്ന ചെറിയ നെഗേറ്റീവ് ചാർജുകൾ. ഏതാണ്ട് പുഡ്ഡിംഗ് പോലെ, അങ്ങനെ ആ മാതൃകക്ക് പ്ലം പുഡ്ഡിംഗ് മോഡൽ എന്ന് പേര് വന്നു.


തോംസണിന്റെ ഈ പ്ലം പുഡിങ്ങിലേക്കാണ് 1911-ഇൽ റുഥർഫോർഡിന്റെ നേതൃത്വത്തിൽ, ഹാൻസ് ജിഗേരും ഏണെസ്റ് മാര്സഡിനും   ഒരു  പാർട്ടിക്കിൾ ബീം അടിച്ചുനോക്കിയത്. പ്രശ്‍നം എളുപ്പം    മനസ്സിലാക്കാൻ കഴിയും. തോംസണിന്റെ മാതൃകയിൽ, അണുവെന്നാൽ, പോസിറ്റീവ് ചാർജിൽ അവിടവിടെ നെഗേറ്റീവ് ചാർജുകളുള്ള ഒന്നാണ്. അങ്ങനെയെന്നാൽ, വളരെ   ഘനം കുറഞ്ഞ ഒരു സ്വർണ പാളിയിലേക്കു പോസിറ്റീവ് ചാർജ്ജുള്ള ഒരു കിരണം അടിച്ചാൽ അതിലെ കണികകൾ പ്രതിഫലിക്കേണ്ടതാണ്. എന്നാൽ സംഭവിച്ചത് മറിച്ചാണ്. ഭൂരിഭാഗം  കണികകളും കടന്നു പോയി, എന്നാൽ ചെറിയൊരു ശതമാനം കണികകൾ പ്രതിഫലിച്ചു. അതിൽനിന്നും എത്തിയ നിഗമനം ഇങ്ങനെയാണ്. ഒരു അണുവിൽ പോസിറ്റീവ് ചാർജ്ജ് എന്നുപറയുന്നത് അതിന്റെ കേന്ദ്രത്തിൽ വളരെ ചെറിയൊരു സ്ഥലത്തുമാത്രമാണ്. അണുവിന്റെ ഉള്ളിൽ 99% വും ശൂന്യമാണ്. റുഥർഫോർഡിന്റെ ഈ പരീക്ഷണമാണ് കേന്ദ്രത്തിൽ പോസിറ്റീവ് ചാർജ്ജുള്ള ന്യൂക്ലിയസ്സും അതിനെ ചുറ്റുന്ന നെഗറ്റീവ് ചാർജ്ജുള്ള ഇലക്ട്രോണും എന്ന സൗരയൂഥ മാതൃക അണുവിന്‌  നൽകിയത്..cummablogs

No comments: