Tuesday, September 26, 2017

ക്ഷേത്രചൈതന്യത്തിന് വേദോപാസന പ്രാധാന്യം.

ക്ഷേത്രചൈതന്യ വര്‍ധനയ്ക്ക് തന്ത്രസമുച്ചയത്തില്‍ പറയുന്ന അഞ്ചു പ്രധാന കാര്യങ്ങളില്‍ പരമപ്രധാനമായിട്ടുള്ളതില്‍, ആചാര്യന്റെ (തന്ത്രിയുടെയും മേല്‍ശാന്തിയുടെയും) തപഃശക്തി കഴിഞ്ഞാല്‍ വേദോപാസനയാണ്. നിയമം, ഉത്സവം, അന്നദാനം എന്നിവയാണ് മറ്റ് മൂന്നു കാര്യങ്ങള്‍. ഇവയാണ് ക്ഷേത്രപുരോഗതിക്ക് കാരണമായിട്ടുള്ളത്. ഈ അഞ്ചുകാര്യങ്ങളും വളരെ ഭംഗിയായി നടക്കുന്നതിനാലാണ് ഗുരുവായൂരും ശബരിമലയിലും ക്ഷേത്രങ്ങള്‍ക്ക് ഉത്തരോത്തരം അഭിവൃദ്ധിയുണ്ടാകുന്നത്.
ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ മൂന്നു വേദങ്ങള്‍കൊണ്ട് മുറജപം, മുറഹോമം, മുറ അഭിഷേകം വേദപുഷ്പാഞ്ജലി, വാരമിരിക്കല്‍ മുതലായ വേദോപാസനകള്‍ കൊണ്ട് ദേവപ്രീതിയും, ക്ഷേത്രത്തിന് ഐശ്വര്യവും തദ്വാര ഭക്തജനങ്ങള്‍ക്ക് ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകും. അതുപോലെ തന്നെയാണ് യാഗം ചെയ്ത് യാഗാഗ്നി കെടാതെ സൂക്ഷിക്കുന്ന കര്‍മ്മികള്‍ക്കുള്ള വെച്ചുനമസ്‌കാരവും, അതിനൊപ്പം ക്ഷേത്രചൈതന്യ വര്‍ധനവിന് അത്യാവശ്യമായിട്ടുള്ളതാണ് ഭക്തജനങ്ങളുടെ പ്രാര്‍ത്ഥനയും.
വേദസംഹിതമുഴുവന്‍ ഒരു മുറ ദേവസാന്നിദ്ധ്യത്തില്‍ ജപിച്ച് ആ നെയ്യ് നിവേദ്യത്തില്‍ ഉപസ്ഥരിച്ച ദേവന് നിവേദ്യവും നടത്തുന്നാണ് മുറജപം. വേദം, സംഹിത, പദം, ക്രമം എന്നതുകളില്‍ ക്രമപാഠമായി വേദത്തിലെ പത്ത് ഋക്ക് മുഖമണ്ഡപത്തില്‍ ഇരുന്ന് ഉറക്കെ സ്വരിച്ചുചൊല്ലി ദേവനെ കേള്‍പ്പിക്കുന്നതാണ് വാരമിരിക്കല്‍.
പണ്ട് അമ്പലപ്പുഴ രാജാവ് അമ്പലപ്പുഴ ക്ഷേത്രത്തിലും, അമ്പലപ്പുഴ രാജ്യം തിരുവിതാംകൂറിലായശേഷം മുറജപം ശുചീന്ദ്രത്തും, തുടര്‍ന്ന് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലം മുതല്‍ ആറാറുകൊല്ലംകൂടുമ്പോള്‍ ശ്രീ പത്മനാഭവ സ്വാമി ക്ഷേത്രത്തിലും നടത്തിയിരുന്ന മുറജപം പ്രസിദ്ധമായിരുന്നുവല്ലൊ.
മുറഹോമമാണ് പരമപ്രധാനമായ വേദോപാസന. ഒരു ആചാര്യന്‍ ഹോമാചാരത്തില്‍ അനുജപക്കാരന്‍ തുടര്‍ന്നിരുന്നു. വേദം ജപിക്കുകയും, ഹോമക്കാരന്‍ ഋഷിച്ഛന്ദോദേവതകള്‍ സഹിതം ചൊല്ലി ഋചം പ്രതി (ഓരോ ഋക്കും) ഹോമിക്കുകയും (ഉദ്ദേശത്യാഗസഹിതം)ഒരാള്‍ പിഴയ്ക്കാതെ ശ്രദ്ധിക്കുകയും ചെയ്യുന്നതാണ് മുറഹോമം. ഗുരുവായൂരിലെ മമ്മിയൂര്‍ ക്ഷേത്രത്തില്‍ എല്ലാക്കൊല്ലവും മുറഹോമം നടത്തി തുടങ്ങിയതുമുതല്‍ ക്ഷേത്രത്തിന്റെ ഐശ്വര്യം വര്‍ധിച്ചിട്ടുണ്ട്.
പണ്ട്-ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഗ്രാമക്കാര്‍ ധനു ഒന്നുമുതല്‍ ഈശ്വര സേവ ആയി മുറജപവും ഭഗവതിസേവയും നടത്തിയിരുന്നു. സ്ഥാനമൊഴിഞ്ഞ കൊച്ചി രാജാവിന്റെ കാലത്ത് ചോറ്റാനിക്കര ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുത്തതുമുതലാണ് ഇതെല്ലാം ഇല്ലാതായത്.
അതിനുശേഷം ക്ഷേത്രത്തിനുണ്ടായ മാന്ദ്യം ചെമ്മങ്ങാട് നരസിംഹന്‍ ഭട്ടതിരിപ്പാട് ആയിരം മുറ പുഷ്പാഞ്ജലിയും, ആയിരം മുറ അഭിഷേകവും നടത്തിയതിനുശേഷമാണ് ഇന്ന് കാണുന്ന അഭിവൃദ്ധിയും ഐശ്വര്യവും ചോറ്റാനിക്കര ക്ഷേത്രത്തിന് ഉണ്ടായത് എന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ക്ഷേത്രചൈതന്യം നിലനിര്‍ത്താനും അഭിവൃദ്ധിപ്പെടാനും വേദോപാസന പരമപ്രധാനമാണ്.
ഭക്തജന സംഘങ്ങളാല്‍ ഭരിക്കപ്പെടുന്ന മിക്ക ക്ഷേത്രങ്ങളില്‍നിന്നും ചൈതന്യ സംവര്‍ദ്ധകങ്ങളായ ആചാരങ്ങള്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നതായി കാണുന്നു. ക്ഷേത്രാചാരങ്ങളെ പറ്റിയും ക്ഷേത്രകലങ്ങളെപ്പറ്റിയും ഒരു വിവരവുമില്ലാത്ത പ്രമാണിമാര്‍ ക്ഷേത്രഭരണകമ്മിറ്റിയിലും ഉത്സവ കമ്മിറ്റികളിലും കയറിക്കൂടി ഉത്സവാഘോഷങ്ങള്‍ മോടിപിടിപ്പിക്കാന്‍ ലക്ഷക്കണക്കിന് രൂപ ചെലവാക്കി കലാപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ക്ഷേത്രാചാരങ്ങളും ക്ഷേത്രകലകളും മനഃപൂര്‍വം തിരസ്‌കരിക്കപ്പെടുന്നു. ഉത്സവബലി, ബ്രഹ്മകലശം, മുറജപംപോലുള്ള താന്ത്രിക ക്രിയകള്‍ അന്യമായിക്കൊണ്ടിരിക്കുന്നതുകൊണ്ട് ക്ഷേത്രചൈതന്യം അനുദിനം നശിക്കുകയും തദ്വാരാജനക്ഷേമവും ലോകനന്മയും ലക്ഷ്യമാക്കുന്ന ക്ഷേത്ര സങ്കല്‍പ്പം തന്നെ കീഴ്‌മേല്‍ മറിയുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ആചാരത്തില്‍ അപചയം സംഭവിച്ചാല്‍ ആയുര്‍നാശംപോലും സംഭവിക്കുമെന്നറിയാതെയാണ് അബദ്ധ ജഡിലമായി മഹാഭൂരിപക്ഷവും മതാചാരങ്ങള്‍ അനുഷ്ഠിക്കുന്നത്. പണ്ടുള്ള ഊരായ്മക്കാരും ക്ഷേത്രഭാരവാഹികളും അറിഞ്ഞോ അറിയാതെയോ ദേവസ്വത്തിന്റെ ഒരു പൈസപോലും അപഹരിച്ചാല്‍ അടുത്ത മൂന്നു തലമുറയ്‌ക്കെങ്കിലും ദുരിതമാണ് എന്ന് വിശ്വസിച്ചിരുന്നവരാണ്. അങ്ങനെ അപഹരിക്കുന്നവരുടെ അടുത്ത തലമുറകള്‍ ആ ദുരിതം അനുഭവിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. പക്ഷെ ആരും മുന്‍ഗാമികളുടെ കര്‍മ്മദോഷംകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് അറിയുന്നില്ലെന്നു മാത്രം.


ജന്മഭൂമി:

No comments: