Friday, September 29, 2017

എ.ഡി. പത്താം നൂറ്റാണ്ടിനുശേഷം കേരളത്തിൽ രൂപംകൊണ്ട ക്ഷേത്രകേന്ദ്രിതഗ്രാമവ്യവസ്ഥയിലെ വൈദികവിദ്യാഭ്യാസരീതിയിൽ നിന്നാകാം ഇന്നു കാണുന്ന വിദ്യാരംഭമെന്ന ചടങ്ങിന്റെ ഉല്പത്തി. വിദ്യയുടെ അധിദേവത സരസ്വതിയാണ്.




സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതു മേ സദാ.

ഇതാണ് വിദ്യാരംഭവുമായി ബന്ധപ്പെട്ട ശ്ലോകം. സരസ്വതീപൂജ, ഗണപതിക്കിരുത്തുക, എഴുത്തിനിരുത്തുക, എന്നിങ്ങനെ പല പേരുകളിലും വിദ്യാരംഭം ആചരിക്കപ്പെടുന്നുണ്ട്. ബ്രാഹ്മണരുടെ ഉപനയനമാണ് രൂപഭേദഭാവങ്ങളോടെ വിദ്യാരംഭമായി മാറിയതെന്നും അഭിപ്രായമുണ്ട്. 

ആധുനികം എന്നു പറയുന്ന ഈ കാലഘട്ടത്തിൽ ഉപനയനത്തിന്റെയും വിദ്യാരംഭത്തിന്റെയും ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പല മാറ്റങ്ങളും വന്നിട്ടുണ്ട്. സാധാരണയായി എഴുത്ത് ആരംഭിക്കുന്നത് “ഓം ഹരിഃ ശ്രീ ഗണപതയേ നമഃ, അവിഘ്നമസ്തു, ശ്രീ ഗുരുഭ്യോ നമഃ” എന്ന മന്ത്രം പച്ചരി നിറച്ച പാത്രത്തിലോ പൂഴിമണലിലോ എഴുതിച്ചുകൊണ്ടാണ്. അതുപോലെ നാവിൽ സ്വർണ്ണ മോതിരം ഉപയോഗിച്ച് ഹരിശ്രീ എഴുതുന്നതും കാണാറുണ്ട്. ഇത് പലപ്പോഴും കുട്ടികളുടെ നിസ്സഹകരണത്തിനും തുടർന്ന് കരച്ചിലിലും അവസാനിക്കുന്നതാണ് കാണാറുള്ളത്. ഈ ആചാരത്തിന്റെ പിന്നിൽ കേട്ടുകേൾവിയുള്ള ഒരു കഥ മാത്രമെ ഉള്ളൂ. അത് ബുദ്ധിവികാസം ഇല്ലാതിരുന്ന കാളിദാസന് ദേവി വാളുകൊണ്ട് നാവിൽ ഹരിശ്രീ എഴുതി ജ്ഞാനം പകർന്നു എന്നുള്ളതാണ്. അതല്ലാതെ യാതൊരു ശ്രുതിസ്മൃതികളുടെയും ആധികാരികത അവകാശപ്പെടാനില്ല. ഈ ചടങ്ങ് അരോചകമായി അനുഭവപ്പെടുന്ന കുട്ടികളിൽ വിദ്യയോടുള്ള താല്പര്യം കുറയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 

‘ വിദ്യാരംഭം’ ഇന്നും ആധുനിക കാലത്ത് നിലനിൽക്കുന്ന ഒരു ആചാരമായിത്തീർന്നത് എപ്രകാരമാണെന്നു പരിശോധിക്കാം. ഗർഭാധാനം, ബാല്യം, കൌമാരം, യൌവനം, വാർദ്ധക്യം, മരണകാലം എന്നീ ജീവിതത്തിന്റെ പ്രധാനഘട്ടങ്ങളിലെ കാമനകളോടും ചിന്തകളോടും വിശ്വാസങ്ങളോടും ബന്ധപ്പെട്ടാണ് ഷോഡശസംസ്കാരങ്ങളെന്ന വൈദികാചാരങ്ങളുടെയും അതുപോലെ മറ്റ് ആചാരങ്ങളുടെയും ഉത്ഭവം. ജനി മുതൽ മൃതിവരെ ധർമ്മശാസ്ത്രാനുസൃതമായ ആചാരങ്ങളാ‍ൽ നിയന്ത്രിതമാണ് കേരളീയ ബ്രാഹ്മണന്റെ ജീവിതം. ഗർഭാധാനം, പുംസവനം, സീമന്തം, ജാതകർമം, നാമകരണം, നിഷ്ക്രമണം, അന്നപ്രാശനം, ചൂഡാകർമ്മം, കർണവേധം, ഉപനയനം, വേദാരംഭം, കേശാന്തം, സമാവർത്തനം, വിവാഹം, ഔപാസനാഗ്നിസ്വീകരണം, ത്രേതാഗ്നിസംഗ്രഹം എന്നിവയാണ് ഷോഡശസംസ്കാരങ്ങൾ. ഷോഡശസംസ്കാരത്തിലുൾപ്പെടാത്ത ബ്രാഹ്മണ ചടങ്ങുകൾക്കും ഇതരവിഭാഗങ്ങളിലെ താ‍ദൃശമായ ചടങ്ങുകളെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രധാനവും അപ്രധാനവുമായ നിരവധി ആചാരങ്ങളിൽ ദേശ്യവും ജാതീയവുമായ പ്രഭേദങ്ങളോടെ ആദാനപ്രദാനങ്ങൾ നടന്നതായി കാണാം. ഇപ്രകാരം കേരളീയ ജീവിതമുദ്രകളിൽ വൈദികപാരമ്പര്യത്തിന്റെയും ബ്രാഹ്മണീകരണത്തിന്റെയും സംസ്കൃതീകരണത്തിന്റെയും പ്രഭാവം ധാരമുറിയാതെ നിലനിന്നിരുന്നുവെന്ന് തൊന്നുന്നു. ആചാരങ്ങളിൽ ചിലത് അനാചാരമായി മാറിയതായും അവയ്ക്കെതിരെ ഉയർന്ന ചെറുത്തുനില്പും കേരളീയ നവോത്ഥാനചരിത്രത്തിന്റെ ഭാഗമാണ്...parthans

No comments: