Friday, September 29, 2017

ഭഗവദ്ഗീതയുടെ സാരസംഗ്രഹമാണ് രണ്ടാം അധ്യായം സാംഖ്യയോഗം. ഇതില്‍ ആദ്യത്തെ പത്തു ശ്ലോകങ്ങള്‍ അര്‍ജുനന്‍ മാര്‍ഗനിര്‍ദേശത്തിനായി ഭഗവാനില്‍ നിരുപാധികം സ്വയം സമര്‍പ്പിക്കുന്നതില്‍ അവസാനിക്കുന്നു. പതിനൊന്നു മുതല്‍ നാല്പത്തിയാറുകൂടി ശ്ലോകങ്ങളില്‍ സാംഖ്യശാസ്ത്രം പ്രതിപാദിക്കുന്നു. ബുദ്ധികൊണ്ട് എങ്ങനെ ആത്മാവിനെ അറിയാം എന്നതാണ് വിഷയം. നാല്പത്തിയേഴു മുതല്‍ അറുപതുവരെ ശ്ലോകങ്ങള്‍ കര്‍മത്തിലൂടെയുള്ള ഈശ്വരസാക്ഷാത്കാരത്തെയും അറുപത്തിയൊന്നുതൊട്ട് എഴുപതുവരെയുള്ള പദ്യങ്ങള്‍ ഭക്തിമാര്‍ഗത്തിലൂടെയുള്ള ഈശ്വരസാക്ഷാത്കാരത്തെയും വിഷയമാക്കുന്നു. അവസാനത്തെ രണ്ടു ശ്ലോകങ്ങളില്‍ സംന്യാസയോഗവും സാമാന്യേന പരാമര്‍ശിക്കപ്പെടുന്നു.
ഒരേ ഗണിതസിദ്ധാന്തം നാലു രീതികളില്‍ നിര്‍ധാരണം ചെയ്തു കാണിക്കുന്നത്ര കൃത്യതയോടെയാണ് ആശയവിന്യാസം. ഈ നാലു രീതികളില്‍ ബുദ്ധിയാണ് മുന്‍നടക്കേണ്ടതെന്നതിനാല്‍ ബുദ്ധിയോഗം ആദ്യം പറയുന്നു. വിവിധരീതികളുടെ പരസ്​പരപൂരകത്വം മനസ്സിലാക്കാനും ബുദ്ധിമാര്‍ഗത്തെ ആശ്രയിക്കണമല്ലോ.
ഗവേഷണപ്രബന്ധങ്ങളുടെ തുടക്കത്തില്‍ വിഷയസംഗ്രഹം (മയീറിമരറ) ചേര്‍ക്കാറുണ്ടല്ലോ. അതുപോലെയാണ് രണ്ടാം അധ്യായം. ഇതില്‍ സാരാംശം ചുരുക്കിപ്പറയുന്നു. തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വിശദമായ ചര്‍ച്ച വരുന്നു.
മനുഷ്യനു പ്രപഞ്ചസത്തയുമായി തികഞ്ഞ സമന്വയത്തിലെത്താന്‍ കഴിയും, കഴിയണം. 'തുറന്ന' മനസ്സുമായി പിറക്കുന്ന മനുഷ്യന് ഇതിനു തക്ക വിദ്യാഭ്യാസം ഏറ്റുവാങ്ങാന്‍ മതിയായ കോപ്പുണ്ട്, ആ വിദ്യാഭ്യാസത്തിന്റെ ആവശ്യവുമുണ്ട്. ആ വിദ്യാഭ്യാസമാണ് ഗീത ഒരുക്കുന്നത്. പരമമായ സുഖം എന്ന ലക്ഷ്യത്തിലേക്ക്, ഒന്നല്ലെങ്കില്‍ ഒന്നെന്ന്, വിവിധ വഴികള്‍ കാണിക്കുന്നു. ബോധനം എളുപ്പമാക്കാന്‍ ചോദ്യോത്തരരൂപത്തിലാണ്, തുടര്‍ന്നും പാഠങ്ങളുടെ രൂപകല്പന.ഗീതാദര്‍ശനം .
സി. രാധാകൃഷ്ണന്‍..

No comments: