വിഭൂതിയോഗം.
ബുദ്ധിര്‍ ജ്ഞാനമസമ്മോഹഃ
ക്ഷമാ സത്യം ദമഃ ശമഃ
സുഖം ദുഃഖം ഭവോശഭാവഃ
ഭയം ചാഭയമേവ ച
അഹിംസാ സമതാ തുഷ്ടിഃ
തപോ ദാനം യശോശയശഃ
ഭവന്തി ഭാവാ ഭൂതാനാം
മത്ത ഏവ പൃഥഗ്വിധാഃ
ബുദ്ധി, ജ്ഞാനം, വ്യാമോഹമില്ലായ്മ, ക്ഷമ, സത്യം, ദമം, ശമം, സുഖം, ദുഃഖം, ഉത്പത്തി, നാശം, ഭയം, ഭയമില്ലായ്മ, അഹിംസ, സമഭാവന, സന്തുഷ്ടി, തപസ്സ്, ദാനം, സല്‍ക്കീര്‍ത്തി, അപകീര്‍ത്തി എന്നിങ്ങനെ സൃഷ്ടികളുടെ നാനാവിധ ഭാവങ്ങള്‍ എല്ലാതും എന്നില്‍നിന്നുതന്നെയാണ് ഉണ്ടാകുന്നത്.
ബുദ്ധിസൂക്ഷ്മമായതിനെ അറിയാനുള്ള മനസ്സാമര്‍ഥ്യം. ജ്ഞാനം ഉണ്മയെക്കുറിച്ചുള്ള അറിവ്. അസമ്മോഹം അപ്പപ്പോള്‍ ചെയ്യേണ്ടതും അറിയേണ്ടതുമായ കാര്യങ്ങളോട് വിവേകപൂര്‍വമായ സമീപനം. സത്യംതന്റെ അനുഭവത്തെ ഒരു നീക്കുപോക്കും കൂടാതെ അന്യനെ അറിയിക്കാനായി പറയപ്പെടുന്ന വാക്ക്. ദമം ബാഹ്യേന്ദ്രിയങ്ങളുടെ മേലുള്ള നിയന്ത്രണം. ശമം മനോനിയന്ത്രണം. ഹിംസ അന്യന്‍ എന്ന ഭാവത്തോടെയുള്ള ഉപദ്രവകരമായ ബലപ്രയോഗം. തുഷ്ടി ഉള്ളതുകൊണ്ടു സന്തോഷം. തപസ്സ് ആത്മസാരൂപ്യത്തിനുള്ള പ്രയത്‌നം.
സദ്ഗുണങ്ങളെയാണ് ഏറെയും എടുത്തു പറഞ്ഞിരിക്കുന്നത്. സംസ്‌കൃതവ്യാഖ്യാതാക്കള്‍ 'ച' എന്ന ഘടകപദം ഈ സദ്ഗുണങ്ങളുടെ വിപരീതങ്ങളെക്കൂടി സൂചിപ്പിക്കുന്നതായി അര്‍ഥം പറയാറുണ്ട്. സദ്ഗുണസമ്പന്നരിലാണ് ദിവ്യത്വം അധികം തെളിഞ്ഞു കാണുന്നതെന്നതിനാല്‍ അവയെ പ്രത്യക്ഷമായി എടുത്തു പറയുന്നു എന്നു കരുതുകയുമാവാം. ഏതായാലും പരമാത്മാവിന്റെ ലോകമഹേശ്വരത്വത്തിന്റെ സമഗ്രവിവരണമായി ഈ പദ്യങ്ങളെ ആചാര്യസ്വാമികള്‍ ചൂണ്ടിക്കാട്ടുന്നു. അഭികാമ്യങ്ങളെന്ന് സര്‍വസമ്മതങ്ങളായ ഏഴു ഗുണങ്ങള്‍ - ബുദ്ധി മുതല്‍ ശമം വരെ - പറഞ്ഞതിനു ശേഷമാണ് ദൈ്വതസ്വഭാവമുള്ള സുഖദുഃഖ-ഭാവാഭാവ-ഭയാഭയങ്ങള്‍ വരുന്നത്. ദൈ്വതങ്ങള്‍ ഒഴിഞ്ഞ് ആത്മാരാമനായി നിഷ്പക്ഷബിന്ദുവില്‍ ഇരിക്കുമ്പോഴാണ് ആദ്യം പറഞ്ഞ അഭികാമ്യവിഭൂതികള്‍ ഒരുവനില്‍ സ്ഥായിയാകുന്നതെന്ന് നടരാജഗുരു ചൂണ്ടിക്കാണിക്കുന്നു.
തിന്മയും ദൈവസൃഷ്ടിയോ എന്ന ചോദ്യം ഇവിടെ വീണ്ടും വരാം. സെമിറ്റിക് മതങ്ങള്‍ തിന്മകളെ മൊത്തമായി ചെകുത്താന്റെ ഭരണവകുപ്പിന്‍കീഴില്‍ ഒതുക്കിയിരിക്കുന്നു. ഉപനിഷത്തുകളും താവോയിസവും പക്ഷേ, നന്മതിന്മകളെ ഒരേ അര്‍ഥത്തിലുള്ള യാഥാര്‍ഥ്യങ്ങളായും സൃഷ്ടികളായും കാണുന്നു. അതായത്, രണ്ടും മഹേശ്വരവൃത്തികള്‍തന്നെ. പ്രപഞ്ചസൃഷ്ടിയുടെ രഹസ്യം വൈരുധ്യാത്മകതയാണ്. വിരുദ്ധബലങ്ങളുടെ വിവിധ തോതുകളിലുള്ള ചേരുവകളുടെ അനന്തസാധ്യതകളാണ് സൃഷ്ടികളുടെ നിതാന്തമായ ബഹുസ്വരതയില്‍ പ്രകടമാകുന്നത്. വൈരുധ്യങ്ങളെ യോഗി പരസ്പരനിരാകരണംകൊണ്ട് പരമാര്‍ഥത്തില്‍ സമന്വയിക്കണം. സമത എന്ന വാക്കിന് ഇതാണ് അര്‍ഥം. ഹെഗലും മാര്‍ക്‌സും പറയുന്ന ഡയലക്റ്റിക് ചിന്താപദ്ധതിയോട് സാമ്യമുള്ളതാണ് ഗീതയുടെ യോഗമീമാംസാരീതി. നിഷേധനിഷേധത്തെപ്പറ്റി (negation of negation)
മാര്‍ക്‌സും ഹെഗലും സവിസ്തരം പ്രതിപാദിച്ചിട്ടുണ്ടല്ലോ.
നന്മയെ മഹേശ്വരന്റെ സ്ഫുരണമായും തിന്മയെ അഭാവമായും കാണുകയുമാവാം. അപ്പോഴും പക്ഷേ, ഭാവം അഭാവവുമായി വൈരുധ്യാത്മക ബന്ധത്തോടെയേ നിലനില്ക്കൂ. ഒന്നില്ലെങ്കില്‍ മറ്റേതുമില്ല എന്ന തരത്തില്‍ മാത്രം.
സൂര്യന്റെ വക അല്ലെന്നാലും പ്രപഞ്ചത്തിലെ യാഥാര്‍ഥ്യം തന്നെയാണല്ലോ ഇരുട്ട്. അതിനാല്‍ മഹേശ്വരത്വത്തില്‍ ഇരുട്ടിന്റെ പിതൃത്വവും ആരോപിക്കാതെ വയ്യ. ഇരുളിനെയും വെളിച്ചത്തെയും പരസ്പര നിരാകരണംകൊണ്ട് പരമാര്‍ഥത്തില്‍ സമന്വയിപ്പിക്കുക മാത്രമേ മഹേശ്വരസ്വരൂപമറിയാന്‍ വഴിയുള്ളൂ. അതാണ് ബ്രഹ്മവിദ്യയുടെ വഴി.....ഗീതാദര്‍ശനം - 308
സി. രാധാകൃഷ്ണന്‍..
No comments:
Post a Comment