വേണ്ടപ്പോൾ ഭഗവദ് ഗീത പ്രകാശിക്കും .
എല്ലാ വിജയത്തിനും ആധാരമായ ഭഗവാൻ
മഹാഭാരതയുദ്ധശേഷം യുധിഷ്ഠിരൻ ഭരണസാരഥ്യം ഏറ്റെടുത്തു, നീണ്ട മുപ്പത്തിയാറു വർഷം ശ്രേഷ്ഠമായി രാജ്യം ഭരിച്ചു. പിന്നെ എന്തൊക്കെയോ അപശകുനങ്ങൾ കണ്ടുതുടങ്ങി, ജനമനസ്സുകളിൽ അശാന്തി പടരുന്നു. അസുഖകരമായ എന്തോ സംഭവിക്കാൻ പോകുന്നു എന്ന പ്രതീതി. ദ്വാരകയിലെത്തി ഭഗവാനെ കാണാൻ യുധിഷ്ഠിരൻ അർജ്ജുനനോട് ആവശ്യപ്പെട്ടു. അർജ്ജുനൻ ദ്വാരകയിലെത്തി ഭഗവാനെ കണ്ടു. പണ്ടത്തെപ്പോലെയൊന്നുമല്ല, ഭഗവാൻ ഗംഭീരമായി രാജ്യം ഭരിക്കുന്നു.
സായാഹ്നസവാരിക്കിറങ്ങിയ ഭഗവാനോട് അർജ്ജുനൻ, പണ്ട് കുരുക്ഷേത്രയുദ്ധഭൂമിയിൽ വച്ച് പറഞ്ഞുകൊടുത്ത ഗീത ഒന്നുകൂടി കേൾക്കാനാഗ്രഹമുണ്ടെന്നു പറഞ്ഞു.
ഭഗവാൻ ഇങ്ങനെ പറഞ്ഞു: "അന്നത്തെ വിവശനായ അർജ്ജുനൻ ഇന്നില്ല, അതിനാൽതന്നെ അന്നത്തെ കൃഷ്ണനും ഇന്നില്ല, അതുകൊണ്ട് ഗീതയും പറയാൻ സാധ്യമല്ല."
ഭഗവാൻ തുടർന്നു: "അർജ്ജുനാ; ഏഴു ദിവസങ്ങൾക്കുശേഷം ഇക്കാണുന്ന സകലതും നശിക്കും. പ്രഭാസതീർത്ഥത്തിലേക്കു യാത്രയാവുന്നു യാദവർ പരസ്പരം തല്ലി മരിക്കും. ഒരു കാര്യം ചെയ്യുക; അന്തഃപുരത്തിലെ സ്ത്രീജനങ്ങളെ ഇവിടെനിന്നും ഹസ്തിനാപുരത്തിലേക്ക് കൊണ്ടുപോവുക."
അർജ്ജുനൻ കരുതി: "ഭഗവാൻ ഒരുപാടു കാലം തങ്ങളുടെ കൂടെയുണ്ടായിരുന്നു, തങ്ങളെ പലവട്ടം സഹായിച്ചിട്ടുമുണ്ട്. ഇതാ ഭഗവാൻ എന്നോട് ആദ്യമായി ഒരു കാര്യം ആവശ്യപ്പെട്ടിരിക്കുന്നു. ഭഗവാന് ഇങ്ങനെയെങ്കിലും സേവാ ചെയ്യാം."
സ്ത്രീകളെയുംകൊണ്ട് ഗാണ്ഡിവധാരിയായ അർജ്ജുനൻ ഹസ്തിനാപുരത്തിലേക്ക് തന്റെ രഥത്തിൽ യാത്രയായി. വഴിയിൽവെച്ച് കുറെ കാട്ടാളക്കൂട്ടം അവരെ ആക്രമിച്ചു. വീരശൂരപരാക്രമശാലിയായ അർജ്ജുനന് തന്റെ ഗാണ്ഡിവംപോലും ഒന്നെടുത്തുയർത്താനായില്ല. അല്പനിമിഷങ്ങൾക്കകം എല്ലാം കഴിഞ്ഞു; കാട്ടാളക്കൂട്ടം സ്ത്രീജനങ്ങളെയുംകൊണ്ട് കടന്നുകളഞ്ഞു. ആദ്യമായി അർജ്ജുനൻ പരാജയംകൊണ്ട് ശിരസ്സു നമിച്ചു. നിമിഷനേരംകൊണ്ട് മുമ്പു നടന്ന കാര്യങ്ങൾ മനസ്സിലൂടെ മിന്നായംപോലെ കടന്നുപോയി. തങ്ങളുടെ കൂടെയുണ്ടായിരുന്ന ഭഗവാന്റെ സാന്നിധ്യംകൊണ്ട് തങ്ങൾക്കുണ്ടായ വിജയങ്ങളും വസ്തുവകകളും, കുരുക്ഷേത്രയുദ്ധഭൂമിയിൽ ഭഗവാനുണ്ടായതുകൊണ്ടു മാത്രം ലഭിച്ച വിജയം; ഇങ്ങനെ പലതും ആ മനസ്സിൽ തെളിഞ്ഞു. ഇന്നിതാ, അതേ രഥം, അതേ വില്ലും ആവനാഴിയും, അതേ അർജ്ജുനൻ; പക്ഷേ ഭഗവാൻ മാത്രം ഒപ്പമില്ല. അർജ്ജുനന് എല്ലാം മനസ്സിലായി; ഭഗവാൻ കൂടെയുണ്ടായിരുന്നതുകൊണ്ടു മാത്രം തങ്ങൾ രക്ഷപ്പെട്ടു. ഭഗവാൻ പറഞ്ഞപോലെ സ്ത്രീജനങ്ങളെ രക്ഷിച്ച് സകലതിനും മൂലകാരണമായ ഭഗവാന് സഹായം ചെയ്യാമെന്ന് കരുതിയ താൻ പടുവിഡ്ഢി.
ഇനി എന്ത് പറയാൻ; ഭഗവാൻ എക്കാലത്തേക്കുമായി തങ്ങളെ വിട്ടുപോയിരിക്കുന്നു. കരഞ്ഞുതളർന്നു വിവശനായിട്ടാണ് അർജ്ജുനൻ ഹസ്തിനാപുരത്തിലേക്ക് തിരിച്ചെത്തിയത്. അർജ്ജുനന്റെ ഭാവം കണ്ട യുധിഷ്ഠിരനും മറ്റു സഹോദരങ്ങളും പാഞ്ചാലിയും കുന്തീമാതാവും വ്യസനിച്ചു. പിന്നെ പതിയെ അർജ്ജുനന്റെ മനസ്സ് ശാന്തമായി; ഭഗവാൻ അന്ന് യുദ്ധഭൂമിയിൽ വച്ച് പറഞ്ഞുകൊടുത്ത ഗീത അകമേയ്ക്ക് വ്യക്തമായി തെളിയാൻ തുടങ്ങി. ഉള്ളിൽ ഭഗവദ് സാന്നിധ്യം നല്ലപോലെ അനുഭവിച്ചു. മുഖം പരമപ്രശാന്തമായി, സൂര്യതുല്യം അതു പ്രകാശിച്ചു. അർജ്ജുനൻ പഴയ അർജ്ജുനനായിത്തീർന്നു. എല്ലാ വിഷാദഭാവവും മാറി. അർജ്ജുനന്റെ ഭാവം കണ്ടറിഞ്ഞ കുന്തീമാതാവ് അർജ്ജുനന് മുമ്പിൽ മുട്ടുകുത്തിയിരുന്നു കൈകൂപ്പി. അർജ്ജുനൻ കുന്തീമാതാവിനും ആത്മവിദ്യ പകർന്നു നൽകി.
ഭഗവാൻ ശരീരധാരിയാണ് എന്ന അബദ്ധം വച്ചുപുലർത്തിയതായിരുന്നു അർജ്ജുനന് പറ്റിയ തെറ്റ്. യുദ്ധവിജയശേഷം ഭരണസാരഥ്യത്തിലേറി; പിന്നെ സുഖസൗകര്യങ്ങൾ നിറഞ്ഞ ജീവിതം. പതിയെ ഭഗവാനെ മറന്നു, ഭഗവാൻ ഉപദേശിച്ച ഗീതയും മറന്നു. ഇതാ ഇപ്പോൾ യഥാർത്ഥത്തിൽ ഗീത ആവശ്യമായി വന്നു; ആരും ആശ്രയമില്ലാത്ത അവസ്ഥയിൽ അതേ ഭഗവാനെ വിളിച്ച് വീണ്ടും കരഞ്ഞുതളർന്നു. അപ്പോൾ യദൃശ്ചയാ തന്നിലേക്കുതന്നെ നോക്കി; അവിടെ ആത്മരൂപത്തിൽ വിളങ്ങുന്ന ഭഗവാനെ ദർശിച്ചു; ഭഗവാനുപദേശിച്ച ഗീതാതത്വം പൂർണ്ണമായും തെളിഞ്ഞു. പരമപ്രശാന്തി!
ഭഗവാൻ അകമേയ്‌ക്കു തെളിഞ്ഞാൽ, ആവശ്യസമയത്തെല്ലാം ഒപ്പം ഗീതാ തത്വവും തെളിയും. അതു ജീവിതവിജയമേകും. ഭഗവാനെ മറന്നാൽ പഠിച്ചതെല്ലാം മറക്കും, ഒന്നും പ്രയോഗത്തിൽ വരികയില്ല.
ഏതൊരുവൻ തന്റെ ജീവിതത്തിൽ സകലതിനും അന്തർഹൃദയനായ ഭഗവാനെ ആശ്രയിക്കുന്നുവോ അയാൾക്ക് സകലതും ലഭിക്കും, ജീവിതാശാന്തിയുണ്ടാവും. ഭഗവാൻ കൂടെയില്ലാത്തവർക്ക് ഉള്ളതുകൂടി നശിക്കും, മനസ്സ് അശാന്തമായിത്തീരും.
sudha bharat
No comments:
Post a Comment