സകലതും ഒരേയൊരു പരമേശ്വരശക്തി നടത്തിക്കൊണ്ടുപോകുന്നു
**************************
സര്‍വ്വരും ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്. കുടുംബം നടത്തിക്കൊണ്ടുപോകുന്ന ഗൃഹനാഥന് എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബത്തിന്റെ ഗതിയെന്താവും എന്നു ചിന്തിക്കാത്തവര്‍ വിരളമായിരിക്കും.
ആലോചിച്ചുനോക്കിയാല്‍ സംഗതി ശരിതന്നെ. പക്ഷേ, മറുപുറം നോക്കിയാല്‍ ഈ ചിന്തകൊണ്ട് വലിയ കാര്യമൊന്നുമില്ലെന്നുകാണാം. കാരണം, ഗൃഹനാഥന്‍ ഒരു കര്‍മ്മംചെയ്യാന്‍ തന്റെ കൈപോലും ഉയര്‍ത്തുന്നത് ഒരു മഹദ്ചേദനയുടെ കാരുണ്യംകൊണ്ടല്ലേ. ഈങ്ങനെവരുമ്പോള്‍ ഒരു മഹാശക്തിതന്നെയല്ലേ ഇപ്പോഴും എപ്പോഴും എല്ലാം നടത്തിക്കൊണ്ടുപോകുന്നത്. ഗൃഹനാഥന്‍ അഥവാ എന്നെന്നേക്കുമായി വിട്ടുപോയാല്‍തന്നെ അതേ മഹാശക്തിയുടെ ആവിര്‍ഭാവം പിന്നെയും പഴയപടി തുടരുകയില്ലേ!
ജീവിതത്തില്‍ ഒന്നു പുറകോട്ടു തിരിഞ്ഞുനോക്കിയാല്‍ ജീവിതത്തിലെ ഒരുവിധ സംഭവവും നമ്മള്‍ എന്താഗ്രഹിച്ചുവോ അതുപോലെയല്ല നടന്നിട്ടുള്ളതെന്നു കാണാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ മനുഷ്യപ്രയത്നത്തേക്കാള്‍ ഉപരിയായി ആ മഹാശക്തിയുടെ പ്രഭാവമല്ലേ കാണാന്‍ കഴിയുക.
മനുഷ്യന്‍ ചെയ്യേണ്ടത് ഇത്രമാത്രം; സ്വന്തം തലയില്‍നിന്നും ആ ഭാരമിറക്കി സദാ ഏറ്റെടുക്കാന്‍ തയ്യാറായിനില്‍ക്കുന്ന ഭഗവാനു കൊടുക്കുക. എന്നിട്ട് ഒന്നും ഞാനല്ല ചെയ്യുന്നത്, ഭഗവാനാണ് ചെയ്യുന്നതെന്നു സങ്കല്പിച്ച് നിയതമായ കര്‍മ്മങ്ങള്‍ ഈ ശരീരത്തെക്കൊണ്ട് ചെയ്യിപ്പിക്കുക, എന്നിട്ട് അതില്‍നിന്നും എന്തു ലഭിക്കുന്നുവോ ആത് ഈശ്വരാനുഗ്രഹം എന്നുകരുതി അനുഭവിക്കുക.
ഭാവി ഒരിക്കലും നമ്മുടെ കൈയ്യിലില്ല, ഭൂതകാലമാണെങ്കില്‍ കടന്നുപോയിരിക്കുന്നു; ഇപ്പോള്‍ ഉള്ളത് വര്‍ത്തമാനകാലം മാത്രം. അതിനാല്‍ നമ്മുടെ അല്പമെങ്കിലും നിയന്ത്രണത്തിലുള്ള വര്‍ത്തമാനകാലത്തെക്കുറിച്ച് മാത്രം ചിന്തിച്ച് അതില്‍ ജീവിച്ച് ഓരോ നിമിഷവും ആനന്ദകരമാക്കുക. ഭാവി എങ്ങനെവേണമെങ്കിലും വരട്ടെ, അതപ്പോള്‍ മാത്രം നോക്കിയാല്‍ മതിയല്ലോ.
ഏതൊരു മഹാശക്തി ഈ പ്രപഞ്ചത്തിലെ സകല കാര്യങ്ങളും ഒരു പ്രത്യേക താളത്തില്‍ നടത്തുന്നുവോ ആ മഹാശക്തി അതു നടത്തിക്കൊണ്ടിരിക്കട്ടെ. ഈ പ്രപഞ്ചത്തിലെ വെറുമൊരു നിസ്സാര ജീവിയായ മനുഷ്യന്‍ ആ പ്രപഞ്ചതാളത്തിനു വിലങ്ങുതടിയായ കര്‍തൃത്വബുദ്ധികൊണ്ട് തടസ്സംചെയ്യാതിരുന്നാല്‍ മാത്രം മതി. പിന്നെ എല്ലാം ശുഭം!...sudha bharat
No comments:
Post a Comment