Monday, September 25, 2017

മഹത്‌സംഗസ്തു ദുര്‍ലഭോള ഗമ്യോളമോഘശ്ച
മഹത്തുക്കളുമായി ഒത്തുചേരല്‍ വളരെ ദുര്‍ലഭമായി മാത്രം ലഭിക്കുന്ന കാര്യമാണ്. അങ്ങനെയുള്ള മഹാത്മാക്കള്‍ തന്നെ അപൂര്‍വം. അവരെ കണ്ടെത്തല്‍ അതിലേറെ വിഷമകരം കണ്ടെത്തിയാലും അവരെ വിശ്വസിക്കാന്‍ തോന്നുന്നതും പ്രയാസം.
പലപ്പോഴും പല മഹാത്മാക്കളും അവരുടെ മാഹാത്മ്യം പ്രകടമാക്കാറില്ല. അവരൊന്നും ആ മാഹാത്മ്യത്തെ പ്രദര്‍ശനവസ്തുവാക്കാറില്ല. അവരില്‍ പലരും ഏതെങ്കിലും കുഗ്രാമത്തിലോ വന പ്രദേശത്തിലോ ഒതുങ്ങിക്കൂടുകയാണ് പതിവ്.
അതുകൊണ്ട് അങ്ങനെയുള്ള ഗുരുക്കന്മാരെ കണ്ടെത്താനോ അവരുടെ സമീപത്തെത്താനോ അവരെ കണ്ടെത്താനോ അവരെ തിരിച്ചറിയാനോ വിശ്വസിക്കാനോ എല്ലാം പ്രയാസം. അവരെക്കുറിച്ച് അപവാദങ്ങള്‍ പറയാന്‍ ധാരാളം പേരുണ്ടാവുകയും ചെയ്യും. അതുകേട്ട് വിശ്വസിച്ച് വഴിതെറ്റാനും സാധ്യതയേറെ.
അങ്ങനെയൊക്കെയാണെങ്കിലും ദൈവകൃപ നമ്മിലേക്കൊഴുകിയെത്തുന്ന വേളയില്‍ സദ്ഗുരുക്കന്മാര്‍ നമ്മിലേക്ക് വരും. രത്‌നാകരനെ വാത്മീകിയാക്കാന്‍ സപ്തര്‍ഷികളും അവിടെയെത്തി. ധ്രൂവനെ നേര്‍വഴി കാട്ടാന്‍ നാരദര്‍ഷി അവിടെയെത്തി. പ്രഹ്ലാദന്‍ കയാതുവിന്റെ ഗര്‍ഭത്തില്‍ കിടക്കുമ്പോള്‍ തന്നെ നാരദ മഹര്‍ഷി മന്ത്രോപദേശം നല്‍കി. അതിനു പാകത്തിന് ക്രയാതൃവിനെ നാരദ മഹര്‍ഷി തന്റെആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ നിര്‍ബന്ധിതനായി. നരേന്ദ്രനെ സ്വാമി വിവേകാനന്ദനാക്കാന്‍ ശ്രീരാമകൃഷ്ണ പരമഹംസന്‍ നരേന്ദ്രന്റെ വിദ്യാലയത്തില്‍ ഓടിയെത്തി.
എന്നാല്‍ സോക്രട്ടീസിനെ വിഷംകൊടുത്തു കൊന്നവരും ജീസസിനെ കുരിശില്‍ തറച്ചവരും മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്നവരും മനുഷ്യസമൂഹത്തില്‍ തന്നെയുണ്ട്. അമൃതാനന്ദമയീ ദേവിയേയും ശ്രീ ശ്രീ രവിശങ്കറിനേയും സായിബാബയേയും എല്ലാം പഴി പറയുന്നവര്‍ ഇന്നും സമൂഹത്തില്‍ വിരാജിക്കുന്നു. ഡോക്ടര്‍ ഹെഡ്‌ഗേവാറിനെയും ഗുരുജി ഗോള്‍വല്‍ക്കറിനേയും ദീനദയാല്‍ജിയേയും ശ്യാമപ്രസാദ് മുഖര്‍ജിയേയുമെല്ലാം ചെളിവാരി എറിയാന്‍ ശ്രമിച്ചവരും അവരുടെ ശ്രമങ്ങളെ തച്ചുതകര്‍ക്കാന്‍ ശ്രമിച്ചവരും ഈ സമൂഹത്തിലുണ്ട്.
സദ്ഗുരുക്കന്മാരെ കണ്ടെത്തി പരിഗണിക്കാനും അവരുടെ കാല്‍ക്കല്‍ നമസ്‌ക്കരിക്കാനും യോഗ്യതയുള്ളവരും നല്ല ശിഷ്യന്മാരും ഇന്നു വിരളം. ജീവിച്ചിരിക്കുന്ന ഗുരുവിന് ശവക്കല്ലറ തീര്‍ക്കുകയും മറ്റൊരു ഗുരുവിനെ മുറിയില്‍ പൂട്ടിയിടുകയും ചെയ്ത ശിഷ്യന്മാരും ഇന്ന് സമൂഹത്തില്‍ വിരാജിക്കുന്നു.അതുകൊണ്ടാണ് മഹത് സംഗമം ദുര്‍ലഭവും അഗമ്യവുമാണെന്നു ത്രികാലജ്ഞനായ ശ്രീനാരദന്‍ പറഞ്ഞത്.


ജന്മഭൂമി: http://www.janmabhumidaily.com/news711091#ixzz4tjJuUQTi

No comments: