നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
രചന:
മനോനാശമാർഗ്ഗ നിരൂപണപ്രകരണം
[ 79 ]ശിഷ്യൻ: പരമഗുരുവായ പ്രാണനാഥ, സകല ശാസ്ത്രങ്ങളിലും ആത്മജ്ഞാനത്തെ പ്രാപിച്ച മഹാന്മാരുടെ ചരിത്രങ്ങളിലും മനോനാശം കൂടാതെ മഹോപശാന്തപദവിയായ അഭയബ്രഹ്മപ്രാപ്തി സിദ്ധിക്കയില്ലെന്നും, ആ മനോനാശം നിമിത്തം വളരെ മഹാന്മാർ ഏറവും പ്രയാസപ്പെട്ടു എന്നും, ആ മനോനാശം അതികഠിനമെന്നും, ചിലേടത്തു അതിലഘുവെന്നും കാണപ്പെടുന്നു. അയതിനാൽ മനോനാശത്തെ പ്രാപിച്ച് ആനന്ദസിദ്ധിക്കുള്ള മാർഗ്ഗത്തെ അരുളിച്ചെയ്യേണമേ!
ആചാര്യൻ!: നീ ചോദിച്ചതു ഏറ്റവും രഹസ്യമായുള്ളതത്ര. ആത്മാവെന്നവൻ ചരാചരങ്ങളായ അനേകകോടി ബ്രഹ്മാണ്ഡ മണ്ഡലങ്ങളെ തന്റെ വിസ്താരമായ വ്യാപകത്തിലുദിച്ച മനസ്സിന്റെ ഒരു അണുമാത്രമായ അംശത്തിൽ ഉണ്ടോ ഇല്ലയോ എന്ന സ്ഥിതിയിൽ അടക്കി വച്ച്, ആ മനസ്സിനെ, രജ്ജുവിൽ തോന്നിയ സർപ്പത്തെപ്പോലെ, തന്നിൽ തോന്നിച്ചും, തോന്നിക്കാതെയും പ്രകാശിച്ചു നിൽക്കും. ഈ മനസ്സായതു സ്വസങ്കല്പത്താൽ കല്പിക്കപ്പെട്ട സ്ഥൂലസൂക്ഷ്മകാരണങ്ങളെന്ന മൂന്നു ശരീരങ്ങളെ സ്കന്ധമായുള്ള ചന്ദന വൃക്ഷത്തിന് അവസ്ഥാത്രയങ്ങളെന്ന ശാഖോപശാഖകളായി ചേർത്തു ശരീരത്രയത്തിൽ '" ഞാൻ"' "എന്റേത്" എന്നുള്ള അഭിമാനങ്ങളാകുന്ന മുന്നു ശിരസ്സുള്ള അഹംകാരമെന്ന കൊടിയ വിഷങ്ങളെ ശർദ്ദിക്കുന്ന സർപ്പത്തെ സ്വസങ്കല്പത്താൽ ജനിപ്പിച്ച് അതിനെക്കൊണ്ട് ആ വൃക്ഷത്തെ ചുറ്റിച്ച് ആത്മവസ്തുവായ സർവ്വാധാര ബ്രഹ്മചൈതന്യമെന്ന മഹാസമ്പത്തായ ആനന്ദനിധിയെ ഭുജിക്കുന്നതിനു അവസരം കൊടുക്കാതെ തടുത്തുകൊണ്ടു നിൽക്കും. അല്ലാതെയും [ 80 ]മഹാമൂർഖമായ ഇരുതലമണിയനെന്ന സർപ്പംപോലെ ആവരണവിക്ഷേപങ്ങളാകുന്ന ക്രൂരമായ വിഷത്തെ അധികരിച്ചതായുള്ള രണ്ടു ശക്തികളെ തന്റെ രണ്ടു കോടികളിലും രണ്ടു ശിരസ്സുകളെന്ന പോലെ ഉദിപ്പിച്ച്, അവകളാലും ആ ആനന്ദനിധിയെ ആരും അനുഭവിക്കുന്നതിനു ഉപകാരപ്പെടാതെ വിജൃംഭിച്ചു നിൽക്കും. അല്ലാതെയും, തന്നിൽ വിക്ഷേപശക്തിയുടെ ചേഷ്ടയാൽ ചരാചരമായ അനേക കോടി ബ്രഹ്മാണ്ഡമണ്ഡലങ്ങളെന്ന പ്രപഞ്ചത്തെ, കണ്ണാടിയിൽ കാണുന്ന നഗരം എന്നപോലെ ക്ഷണമാത്രത്തിൽ തോന്നിപ്പിച്ച്, അതിനു 25പഞ്ചകൃത്യം[1] നടത്തിവരുന്ന ബ്രഹ്മാവിഷ്ണുരുദ്രമഹേശ്വരസദാശിവന്മാരെന്ന പഞ്ചകർത്താക്കളെ ആ കൃത്യങ്ങളിൽ അഭിമാനിച്ചതുപോലെ ചെയ്ത് അതിനെ നീതിപോലെ നടത്തിച്ച്, ആരെയും ദ്വൈത പ്രപഞ്ചത്തെ സത്യമായി വിശ്വസിപ്പിക്കും. അല്ലാതെയും, തനതു സങ്കല്പത്തിലുദിച്ച സ്ഥൂലസൂക്ഷ്മകാരണങ്ങളായ പഞ്ചഭൂതങ്ങളെ ഒരു ഭാഗം ശുദ്ധജഡംപോലെയും ഒരു ഭാഗം ചേതനം പോലെയും കാണിച്ച്, ഈ ജഡാജഡങ്ങളായ രണ്ടു വകുപ്പിനും സാക്ഷിയായി ചിന്മാത്രനായി പ്രകാശിക്കുന്ന സർവ്വാധിഷ്ഠാന ചൈത്യത്തെ ഇവകൾക്കന്യമെന്നറിയപ്പെടുത്താതെ
നർത്തകിയെപ്പോലെ നർത്തിച്ചു നിൽക്കും. മേലും, ആകാശത്തിൽ ചൂഴന്നുവരുന്ന ഇടിത്തീയ് പോലെ, ജനനമരണമെന്ന രണ്ടു കോടിയിൽ പിടിച്ച കൊടിയതോയോടുകൂടിയ ജീവന്മാരെ സംസാരമാകുന്ന പെരുവെളിയിൽ നിലയില്ലാതെ ഇട്ടു ചുഴറ്റി, അവർക്കു അതിനാലുണ്ടായ ദുഃഖങ്ങളെ നിവർത്തിക്കുന്നതിനു മാർഗ്ഗമറിയാതെ ദുഃഖിപ്പിക്കും.[ 81 ]
ഒരു കാലത്തിൽ ഈ പ്രപഞ്ചങ്ങളെ ശൂന്യമായി കാണിച്ച്, മറ്റൊരു കാലത്തിൽ ഒരു തനുവിൽ നഖം മുതൽ ശിരസ്സു വരെ ഉദിച്ച് സൂചികുത്തുവാൻ സ്ഥലമില്ലാത്ത വസൂരി ഉപദ്രവത്തെപ്പോലെ, അവിടെയും നാമരൂപങ്ങളെക്കൊണ്ടു പരിപൂർണ്ണമാക്കും. കാളകൂടമായുള്ള കാലമെന്ന ഒരു തത്ത്വത്തെ തനിക്കഭേദമായ ശക്തിയാക്കിക്കൊണ്ട്, ദേവതിര്യഗ് പശുപക്ഷി മൃഗാദികളായ ചരവസ്തുകളാകട്ടെ, സ്ഥൂലപഞ്ചഭൂതങ്ങളായ അചരവസ്തുക്കളാകട്ടെ, ഇവകളെ മഹാകാളരാത്രിയെന്ന മഹാന്ധകാരം ദൃശ്യങ്ങൾ തോന്നാത്ത വിധത്തിൽ വിഴുങ്ങുന്നതുപോലെ, കബളീകരണം ചെയ്യലേ സഹജതൊഴിലായിട്ടു ആരെയും മൂർച്ഛിപ്പിച്ചുകളയും. അല്ലാതെയും തന്നാൽ കല്പിക്കപ്പെട്ട ശ്രുതിസ്മൃതി ഇതിഹാസപുരാണാഗമങ്ങളെന്ന ശാസ്ത്രങ്ങളാൽ പറയപ്പെട്ട പുണ്യപാപങ്ങളെന്ന അശനിപാതത്താൽ ആരെയും തലപ്പൊക്കുവാൻ പാടില്ലാത്തവിധത്തിൽ ഇട്ടു തപിപ്പിക്കും. ഈ വിധമായ മനസ്സു ആർക്കും വശമായി നശിച്ചതെന്നുള്ള വ്യവഹാരം ദുർലഭം തന്നെയാണെങ്കിലും അതിനെ ജയിച്ച് ആ ആനന്ദനിധിയെ തടവുകൂടാതെ ഭുജിക്കുമാറ് ഉപായം പറഞ്ഞു തരാം.
അതിവിസ്താരമുള്ള ബ്രഹ്മാണ്ഡകോടികളെ തന്റെ അണുമാത്രത്തോളമുള്ള സങ്കല്പലേശത്തിലടക്കി, ഉണ്ടോ ഇല്ലയോ എന്ന് ശങ്കിക്കുമാറ് അളവില്ലാത്ത വ്യാപകമഹിമയോടു താൻ ചേർന്നിരുന്നാലും, വേദാന്ത ശാസ്ത്രങ്ങളാൽ പരിപൂർണ്ണമായ കരുണാനിധിയായ സദ്ഗുരുവിന്റെ ഉപദേശമാഹാത്മ്യത്താൽ അതിനെ നോക്കിയാൽ അതിന്റെ ശക്തി അപ്രകാരം മോഹിപ്പിക്കുകയില്ല. ഘടപടാദിസത്തു മൃത്തിനെ ഒഴിച്ച് ഇല്ലാത്തതുപോലെ ഈ മനസ്സിന്റെ സങ്കല്പത്തെ ഒഴിച്ച് മുൻപറഞ്ഞ പ്രപഞ്ചം ഇരിക്കാൻ പാടില്ല. ഘടത്തെ കണ്ണു [ 82 ]കണ്ടാലും ആ കണ്ണിനെ മനസ്സു അറിയുന്നതുപോലെ, ഈ പ്രപഞ്ചമാകട്ടെ, അതിന്നാധാരമായ സങ്കല്പമാകട്ടെ, അതിൽ ഉദിക്കുന്നിടമായ കേവലം മനസ്സെന്നു പറയപ്പെട്ട നിർവികാരംപോലെയുള്ള കണക്കില്ലാത്ത വ്യാപകവൃത്തിയാകട്ടെ, ഇവകൾ ഏതുവിധം ഉണ്ടായി ശോഭിക്കുന്നു എന്ന് വിവേകാനുഭൂതിയാൽ നോക്കുകിൽ, ഉള്ളംകൈയ്യിലിരിക്കുന്ന കനിയെന്നപോലെ, നിസ്സംശയമായി ദൃഷ്ടാവിന്റെ ജ്ഞാന ദൃഷ്ടിയിൽ ദൃശ്യമായി നോക്കപ്പെട്ട്, മുൻപറഞ്ഞ ദൃഷ്ടാന്തപ്രകാരം ഈ ദൃഷ്ടാവിന്റെ ജ്ഞാനദൃഷ്ടിയിലടങ്ങിയതും, ജഡമായും,സ്വപ്രകാശത്താൽ തോന്നി പ്രകാശിക്കുന്നതായും, അനുഭവത്തിനു വരും. ഘടത്തിനെ മൃത്തു വാപിച്ച് ആ ഘടം ഒരു വസ്തുപോലെ പ്രകാശിച്ചാലും അതു കാലത്രയത്തിലും തനിക്കു വേറായി തന്നിൽ വരാത്തതുപോലെ ആ ദൃഷ്ടിയിൽ അവ കാലത്രയത്തിലും ഇല്ലാത്തതായും വരും. അപ്രകാരം വന്നാൽ ആ അനുഭൂതിബലം കൊണ്ട് ഇടവിടാതെ അനുസന്ധാനം ചെയ്ത് അവയെ ശദേിക്കിൽ വ്യാപക ജ്ഞാനദൃഷ്ടിമാത്രമായും,ഓരോരോ കാലത്ത് ഉണ്ടായി നശിച്ചാലും അവകൾക്ക് സാക്ഷിയായും, ഈ ആത്മ ജ്ഞാനാനുഭവം നഷ്ടപ്പെടാതെ പ്രകാശിചു നിൽക്കും. ഈ വിവേകാനുഭുതിയാൽ ആ മനസ്സിനെ ജയിക്കണം.
അപ്രകാരം തന്നെ സ്ഥൂലസൂക്ഷ്മകാരണങ്ങളെന്ന ശരീരത്രയത്തെ ശാഖോപശാഖകളായി ചേർന്നതായുള്ള സംസാരചന്ദവൃക്ഷത്തിനെ ചുറ്റിക്കിടക്കുന്ന, ശരീരത്രയാഭിമാനങ്ങളായ മൂന്നു ശിരസ്സുകളോടുകൂടിയ സങ്കല്പത്താൽ കല്പിക്കപ്പെട്ട അഹങ്കാരമെന്ന ആ സർപ്പം ആ സംസാരമായ ചന്ദനവൃക്ഷത്തെ വിട്ടു നീങ്ങി ഛേദിക്കപ്പെട്ട് ആ സുഖനിധിയെ നിരർഗ്ഗളമായി ഭുജിക്കുമാറുപദേശിക്കാം.
[ 83 ]
സ്ഥൂലദേഹം എന്നത് രക്തം, മാംസം, അസ്ഥി, ഞരമ്പ്, തോൽ, ജലം, മലം രോമം, ദന്തം കഫം, ഇവകളിൻ സംയോഗസമുഹമായൂള്ളത്. അതിനെ വിവേകദൃഷ്ടിയാൽ പിരിച്ച്, തന്റെ മുൻവശത്തു എതിരായി ഒരു കയറു കെട്ടിയതായി ഭാവിച്ച് അതിൽ ഇതുകളെ വെവ്വേറെയായി തൂക്കിയിട്ടു നോക്കിയാൽ താൻ അശരീരിയായ ജ്ഞാനസ്വരൂപദൃക്കായും മുമ്പിൽ ശരീരംപോലെ തോന്നിയ തനുവ് മുമ്പിൽ തൂക്കപ്പെട്ട്, ആ വികാരങ്ങളാകുന്ന സംയോഗം നീങ്ങി വെവ്വേറെയായി അനുഭവിക്കപ്പെടുക കൊണ്ട്, ശരീരമെന്ന നാമത്തിന്റെ അർത്ഥത്തെ വിട്ടുപോകും. ഇപ്രകാരം ഇടവിടാതെ ദൃടന്മതരാഭ്യാസം ചെയ്കിൽ അതു ഒരിക്കലും ശരീരമായി തോന്നാതെ ഘടത്തിൽ ഞാൻഎന്ന അനുഭവം ആർക്കും ഉണ്ടാകാത്തതുപോലെ, തനുവിൽ ഞാനെന്ന അദ്ധ്യാസം ഭവിക്കാതെ തന്നെത്താനേ നീങ്ങിപ്പോകും. അപ്രകാരം തന്നെ ഈ ദ്രഷ്ടാവും തന്നിൽ തനുസംബന്ധം കാണപ്പെടാത്തതിനാൽ അശരീരിയായ ദ്രഷ്ടാവു മാത്രമായി പ്രകാശിചു നിൽക്കും. ഈ അനുഭവം ദൃടന്മതരമായി സിദ്ധിച്ചാൽ ആ അഹംകാരമായ സർപ്പത്തിന്റെ ക്രൂരമായ ഒരു ശിരസ്സു വിവേകവാളാൽ വെട്ടപ്പെട്ട് നിർജ്ജീവമായിപ്പോകും. ആ സർപ്പത്തിന്റെ മറ്റുള്ള തലകളും നശിക്കുമാറ് ഉപദേശിക്കാം.
തനുസംബന്ധം നീങ്ങി അശരീരിയായ ഈ ആത്മാവ് ജ്ഞാനദൃഷ്ടിമാത്രാമായി പ്രകാശിക്കിൽ ശ്രവണശക്തി മുതലായ പതിനേഴു ശക്തി ചേർന്ന സൂക്ഷ്മശരീരം അവനോടു അഭേദമായി കലർന്നു നിൽക്കും. ഭിന്നഭിന്നലക്ഷണമുള്ള ആ പതിനേഴു ശക്തികളെയും സ്ഫുരിപ്പിച്ച് അവയെ ആകാശത്തിൽ ചിതറിയ ഭിന്നഭിന്ന ലക്ഷണമുള്ള നക്ഷത്രപ്പോലേ ദൃശ്യപ്പെടുത്തി, സൂര്യനെ കാണുന്ന ദൃക്കിനും ആ സൂര്യനും [ 84 ]ഉള്ള ദൂരത്തിന്റെ അളവിനെ ഇത്രമാത്രമെന്നു മതിക്കാൻ പാടില്ലാത്തതുപോലെ ആത്മദൃഷ്ടിക്കു ഈ പതിനേഴു തത്ത്വവും അതിദൂരത്തിൽ ദൃശ്യപ്പെടുമാറു നോക്കിയാൽ ആത്മ സംബന്ധത്തെ വിട്ടു നീങ്ങി ഘടാദികളെന്നപോലെ അനാത്മ വാസ്തുക്കളായി ഭവിക്കും. ഈ വിവേകാനുഭൂതിയാൽ അനവരതവും പറഞ്ഞപ്രകാരം അവകളെ നോക്കുന്ന ദൃഷ്ടിയിൽ ആത്മത്വേനാനുസന്ധാനവും ആ പതിനേഴു ദൃശ്യവസ്തുക്കളിൽ അനാത്മബുദ്ധ്യനുഭവത്താൽ നേരിട്ട അഹമദ്ധ്യാസനിവൃത്തിയും ദൃഢതരമായാൽ അഹമദ്ധ്യാസമുദിക്കയില്ല. ഇങ്ങനെ പറഞ്ഞ പ്രകാരം ദൃടന്മമായി സിദ്ധിച്ചാൽ ഈ വിവേകാനുഭൂതിയെന്ന വാളാൽ ഖണ്ഡിക്കപ്പെട്ടു നിർജ്ജീവനായി, ആ അഹംകാരമെന്ന സർപ്പത്തിന്റെ രണ്ടാമത്തെ തലയും നശിക്കും.
അപ്രകാരം തന്നെ അഹങ്കാരമെന്ന സർപ്പത്തിന്റെ മറ്റൊരു തലയും നശിക്കുമാറ് അനുഗ്രഹിക്കാം. ഈ പതിനേഴു തത്ത്വങ്ങളോടു വേർപെട്ട് അശരീരിയായ ജ്ഞാനദൃഷ്ടി മാത്രമായി ഈ ആത്മാവു പ്രകാശിച്ചാലും ഈ ലിംഗശരീരം ശുദ്ധമായി വിട്ടു നീങ്ങിയതുകൊണ്ട് ഒരു കാലത്ത് ത്രിപുടിശൂന്യമായി വൃത്ത്യഭാവമാകുന്ന സ്ഫൂർത്തിയില്ലാത്ത സുഷുപ്തിയെന്ന ഒരവസ്ഥയുണ്ടായി ആവിധ ജ്ഞാനദൃഷ്ടിയെ വിട്ടുപോയതുപോലെ തോന്നിപ്പിച്ചു നിൽക്കും. അതും ഈഷദ്വികാസത്തോടുകൂടിയ ജ്ഞാനദൃഷ്ടിയുടെ ഉണർവു വഴിയേ തന്നെയാണ്. ഇതിനെ പരിശോധിപ്പതു പരിപാകവും അതിസൂക്ഷ്മവിവേകവുമുള്ള അധികാരിയാൽ മാത്രം കഴിയും. ആയതു കൊണ്ട് അതിനെ കേട്ടാലും.
ഒരു തോന്നലുമില്ലാത്തതായും എങ്കിലും അവിടെ ജ്ഞാനദൃഷ്ടി ഇരിക്കുന്നില്ലയെന്നു നിർണ്ണയിപ്പാൻ പാടില്ലാത്തതായും, ആ അവസ്ഥ ഇരുന്നാലും യാതൊന്നുമറിയാതെ [ 85 ]സുഖമായുറങ്ങിയെന്നു ഇങ്ങിനെ എല്ലാവരും സാധാരണയായി പ്രതീതിയിൽ വ്യവഹരിക്കുകയാൽ ആ പ്രതീതിബലം കൊണ്ട് വിവേകത്താൽ യാതൊരു തോന്നലും ഇല്ലാത്ത പ്രകാരം ആ അനുഭൂതിയെ ഉള്ള മട്ടിൽ ഈ അവസ്ഥയിൽ വിഷയീകരിച്ചാൽ അപ്രകാരമേ ഒരനുഭവം ഉദിച്ചു നിൽക്കും. ആ അനുഭൂതിയെ അതിസൂക്ഷ്മമായ വിവേകവൃത്ത്യനുഭവത്താൽ നോക്കി അവിടെത്തന്നെ സങ്കല്പസത്താസംബന്ധം കൂടാതെ നോക്കിയ ദൃഗനുഭവത്താൽ അതിനെ ദൃശ്യപ്പെടുത്തിയാൽ അതു ദൃശ്യത്വത്തെ ചേർന്നു അനാത്മവസ്തുവായി, മുമ്പിൽ സൂര്യമണ്ഡലദൃഷ്ടാന്തം പറഞ്ഞതുപോലെ, ബഹുദൂരത്തിൽ വിലകി നിൽക്കും. അപ്രകാരമേ ഈ ആത്മാവിന്റെ ദൃഗനുഭൂതിയും യാതൊരു തോന്നലുമില്ലാതെയും ത്രിപുടി ശൂന്യമായും ജ്ഞാനദൃഷ്ടി ഇരിക്കുന്നില്ലെന്നു നിർണ്ണയിക്കാൻ പാടില്ലാത്തതു ആയും ഉള്ള ആ അവസ്ഥയെ, ആ രണ്ടവസ്ഥയെ ദൃശ്യമായി തോന്നിപ്പിച്ച് താൻ ജ്ഞാനദൃഷ്ടി മാത്രമായി നിന്നതുപോലെ മൂന്നാമത്തെ അവസ്ഥയ്ക്കും സൂക്ഷ്മമായി ത്രിപുടിശൂന്യ ജ്ഞാനസ്വരൂപമാത്രമായി പ്രകാശിച്ചു നിൽക്കും. ഈ അനുഭവം അതിസൂക്ഷ്മമാകയാൽ അതിനെ സ്വാനുഭവത്താൽ അവലംബിക്കയെന്നുള്ളതു ഏറ്റവും ദുർലഭം. എന്നാലും അതിൽ അതിന്നഭിന്നമായി ഒരു സാക്ഷി ധർമ്മത്തെ ആരോപിച്ച് മുൻപറഞ്ഞ അവസ്ഥാനുഭൂതി ദൃശ്യപ്പെടുന്നതുകൊണ്ടും, ഈ ജ്ഞാനദൃഗനുഭൂതി ദൃശ്യമായിരിക്കകൊണ്ടും, തന്നെ സാക്ഷിയായനുഭവിച്ചു അതിനെ സാക്ഷ്യമായ അനാത്മവാകയാൽ അത് ഒരിക്കലും ഒരു അഹം വസ്തുവാകയില്ല എന്നു കണ്ടാൽ അതിൽ അടിക്കടി ആത്മാധ്യാസം നിവൃത്തിയാകും. ആ അവസ്ഥാനിഭൂതിയാകുന്ന, ഒന്നും, അറിയായ്മയായ അജ്ഞാനം തന്നെ കാരണശരീരമാകയാൽ അതു ഈ ആത്മാവിന്റെ ജ്ഞാനദൃക്കിനെ [ 86 ]മറച്ചുവെന്നുള്ളതു ചേരുകയില്ല. എന്തെന്നാൽ, ഈ അജ്ഞാനം എന്തുസ്വഭാവത്തോടുകൂടിയത്, ഏതിനെ കാരണമായി ചേർന്നത്, ഏതു ശക്തിയാൽ മറച്ചത് എന്നു വിവേകാനുഭൂതിയാൽ നോക്കുകിൽ അതിന്നു കാരണം, അന്ധകാരത്തിനു സൂര്യൻ കാരണമാകാത്തതുപോലെ, ചിദാത്മാവാകയില്ല. ആ അജ്ഞാനം തന്നെ സകല ദ്വൈതപ്രപഞ്ചത്തിനും കാരണമാകാൻ പാടില്ല നിർഹേതുകമായൊരു വസ്തു സിദ്ധിപ്പാനും പാടില്ല. അതല്ല, സിദ്ധിക്കിൽ, അതു സ്വയംപ്രകാശവസ്തുവായിരിക്കേണ്ടതാണ്. അപ്രകാരം സ്വയംപ്രകാശമായി പറഞ്ഞാൽ, സകലത്തേയും പ്രകാശിപ്പിക്കുന്ന ആദിത്യങ്കൽ മറയ്ക്കുന്ന ശക്തിയുള്ള അന്ധകാരം സിദ്ധിക്കാത്തതുപോലെ, ആവരണരൂപമായുള്ള മറയ്ക്കുന്ന ശക്തി നശിച്ച് തന്റെ നാമത്തിന്റെ അർത്ഥത്തോടു ചേരാത്തതായി ആത്മജ്ഞാന ദൃഷ്ടിക്കന്യമായില്ലാതെ അവസ്തുവായിപ്പോകും. അങ്ങിനെയില്ല. അതു ഏതിനേയും മറയ്ക്കുന്ന ശക്തിയോടുകൂടിയ ജഡവസ്തു തന്നെ. ജ്ഞാനപ്രകാശസഹായം കൊണ്ടു തന്നെ തനതു ശക്തിയെ ചെലുത്തികൊണ്ടു നിൽക്കും. എങ്കിൽ, ഘടാദികളെപ്പോലുള്ള ഈ അജ്ഞാനം മറയ്ക്കുന്ന ശക്തിയുള്ളതായി ഭവിക്കുമ്പോൾ ആ ശക്തികളെ അറിയുമാറ് പ്രകാശിപ്പിക്കുന്ന സാധനമായ ആ ജ്ഞാനപ്രകാശത്തെ മറയ്ക്കേണമെങ്കിൽ തന്നെ പ്രകാശിപ്പിക്കുന്ന അതിന്റെ സാന്നിദ്ധ്യം ഇരിക്കുന്നതുവരെ അതിനെ മറപ്പാൻ ഉപകാരപ്പെടുകയില്ല. ആ ഉപകാരത്തെ വിട്ടുനീങ്ങിയ കാലത്തു മറയ്ക്കാമല്ലോ എന്നാൽ, അവിടെ തനിക്ക് സ്വതന്ത്രമായി പ്രകാശം ഇല്ലാത്തതുകൊണ്ട് ഘടംപോലെ താനേ ഇരിക്കുന്നു, ഇല്ല എന്ന പ്രതീതിക്കു പോലും വിഷയമില്ലാതെ ശൂന്യം പോലെ ഭവിച്ചു നിൽക്കും. അല്ലാതെയും യാതൊരു ലക്ഷണത്താലും കുറിക്കാൻ പാടിലാത്ത സ്വഭാവത്തോടുകൂടിയ [ 87 ]താകയാൽ യുക്തിക്കു അനർഹമായതുകൊണ്ടു 26കർത്തും, അകർത്തും അന്യഥാകർത്തും[2] ശക്തി മുതലായതെല്ലാം ക്രീഡിച്ചു നിൽക്കും. അതിനെ ആരാണു നിർണ്ണയിച്ചു പറവാൻ ശക്തന്മാർ? എന്നാൽ അപ്രകാരമായാലും പറഞ്ഞപ്രകാരം ഒരു സത്ത് അതിനു സിദ്ധിക്കാതിരുന്നാൽ അവസ്തുവായിപ്പോകും. പ്രകാശിക്കാതിരുന്നാലും അപ്രകാരം തന്നെയാകും. ഈ രണ്ട് സ്വഭാവവും അതിൽ ഇരിക്കുന്നതായി സമ്മതിക്കിൽ ഘടമിരിക്കുന്നു പടമിരിക്കുന്നു പ്രപഞ്ചമിരിക്കുന്നു അജ്ഞാനമിരിക്കുന്നു, അപ്രകാരം തന്നെ ഇവകൾ ശോഭിക്കുന്നു എന്ന വ്യവഹാരബലത്താൽ ശോഭിക്കുമ്പോൾ ഭിന്നഭിന്ന വികാരങ്ങളാകും. അപ്രകാരം തന്നെ, ഇവകളിൽ കാണപ്പെട്ടിരിക്കുന്ന ഇരിക്കുന്നു, ശോഭിക്കുന്നു എന്ന വാക്കുകൾ മാർപ്പെടാതെയിരിക്കയാൽ ഇവകളുടെ അർത്ഥം അവകളിൽ നിന്നുഅന്യങ്ങളാകണം. അങ്ങിനെയായൽ അവയുടെ വിലക്ഷണത്വത്തെ ചേർന്നിരിക്കും. അതും അവകൾ ഭിന്നഭിന്നങ്ങളായ വികാരങ്ങളോടു ചേർന്നിരിക്കയാൽ ആ വികാരത്വത്തിനു വിലക്ഷണമായ നിർവികാരത്വത്തെ ചേർന്നിരിക്കും. ഇപ്രകാരം വിവേകാനുഭൂതിയാൽ, കണ്ട ഒരു പർവ്വതത്തിൽ വിസ്താരമുള്ള ഗുഹയിന്നു വെളിയിൽ ശിലയുടെ കാഠിന്യം കാണപ്പെടാത്തതുപോലെ, അരൂപമായും നിർവികാരമായുള്ള കാഠിന്യം ആ രണ്ടു സ്വഭാവത്തേയും അനുഭവത്താൽ നോക്കി അവകളെ ആ അജ്ഞാനം വരെയുള്ള മുൻപറഞ്ഞ വസ്തുക്കളിൽ കോർത്തിട്ടു നോക്കിയാൽ അവകൾ തനതു വികാരങ്ങളെയും തനതു രൂപങ്ങളെയും വിട്ടുനീങ്ങി ഇല്ലാത്തതായി ഭവിക്കും. ആ അനുഭവങ്ങളെയും ആ [ 88 ]സ്വഭാവതിൽ തന്നെ നോക്കിയാൽ ആത്മജ്ഞാനാനുഭൂതിക്കു വേറായില്ലാതെ അതു മാത്രമായി ശേഷിച്ചു നിൽക്കും. ഇപ്രകാരം സത്തിനെ അവകൾക്കു വ്യ്വസ്ഥാപിക്കാഞ്ഞാലും സത്തയില്ല!കയാൽ അപ്രകാരം തന്നെ അവസ്തുവാകും.
ഇപ്രകാരം ഇക്കാരണശരീരമായ അജ്ഞാനത്തെ വിവേകാനുഭൂതിയാൽ അവസ്തുവായി നിരാകരിച്ച്, അപ്രകാരംതന്നെ മുൻപറഞ്ഞ അനുസന്ധാനവിശേഷത്താൽ ഭവിച്ച സുഷുപ്തിയാകുന്ന കാരണശരീരമെന്ന ദൃശ്യവസ്തുവായ അനാത്മവസ്തു ആത്മസംബന്ധംകൂടാതെ ബഹുദൂരത്തിൽ പ്രത്യക്ഷപ്പെട്ട്, അതിൽ അഹമദ്ധ്യാസത്തെ വിവേകാനുഭൂതിയാൽ ദൃടന്മതര മായിട്ടു നീക്കി, ഏതുകാലത്തും അതിൽ അഹമദ്ധ്യാസം ഉദിക്കാതിരിക്കുമാറ് ആക്കി, ഈ മൂന്നു ശരീരങ്ങളേയും കടന്ന് അസംഗോദാസീനനായി പ്രകാശിക്കുന്ന അദ്വിതീയവസ്തുവായ അഹംപദത്തിന്റെ യഥാർത്ഥമായ സാക്ഷിയാകുന്ന ഈ ആത്മജ്ഞനത്തിൽ അഹമർത്ഥജ്ഞാനം ഏതു കാലത്തും വിട്ടുപോകാതെ ഇരിക്കുമാറ് വൃത്തിസംബന്ധം കൂടാതെ വിവേകാനുഭൂതിബലംകൊണ്ട് നിരന്തരം അഭ്യസിക്കുന്ന അഭ്യാസദാർടന്മ്യത്താൽ പറഞ്ഞ സ്വാനുഭവം സിദ്ധിക്കും. അപ്രകാരം സിദ്ധിച്ചാൽ ആ വിവേകാനുഭൂതിയാകുന്ന വാളാൽ ആ അഹംകാരമാകുന്ന സർപ്പത്തിന്റെ മൂന്നാമത്തെ തലയും ഖണ്ഡിക്കപ്പെട്ട് നിർജ്ജീവനായി പുനരുത്ഥാനത്തിനു ഹേതുവില്ലാതെ പോകും.
അക്കാലത്തു ഒന്നും അറിയാതെ ഉറങ്ങിയെന്ന പ്രതീതിയോടും സുഖമായുറങ്ങിയെന്ന ആനന്ദാനുഭവം കാണപ്പെടുകയാൽ ആനന്ദമേ ബ്രഹ്മം എന്ന ശ്രുതിപ്രമാണത്താൽ ആനന്ദസ്വരൂപം ആ ബ്രഹ്മത്തിനല്ലാതെ മറ്റൊരു വസ്തുവിനും സിദ്ധിക്കയില്ല. അപ്രകാരമായാലും വിഷയാനന്ദമെന്നും [ 89 ]സുഷുപ്ത്യാനന്ദമെന്നും പറയപ്പെട്ട ആനന്ദം ഈ ആവരണ വിക്ഷേപശക്തികളാൽ ബാധിക്കപ്പെട്ടതുകൊണ്ട്, വിഷമിശ്രക്ഷീരമെന്നപോലെ, ആത്യന്തിക ദുഃഖനിവൃത്തിയെ കൊടുക്കുന്ന നിത്യാനന്ദമായി ഭവിക്കുന്നില്ല. ഈ ആവരണ വിക്ഷേപങ്ങൾ അഹംകാരത്തോടുകൂടി നീങ്ങി നിഷ്പ്രപഞ്ചാദ്വിതീയ ആത്മ ചിന്മാത്രമായ മഹാ ഉപശാന്തപദവിയായി സിദ്ധിച്ചതുകൊണ്ട് ത്രിവിധ പരിച്ഛദേശൂന്യമായി സദാ നിജാനന്ദമായി പ്രകാശിക്കും.
(ശിഷ്യൻ, ഉപദേശിച്ച പ്രകാരം സമാധി ചേർന്നു ദേഹത്രയാദ്ധ്യാസം വിട്ടു പ്രകാശിചു.)
No comments:
Post a Comment