Monday, September 25, 2017

ആര്‍ഷഭൂമിയും പുണ്യഭൂമിയുമാണു നമ്മുടെ അമ്മയായ ഭാരതം. ഋഷിത്വവും ധ്യാനവും ഒരിക്കലും തോറ്റിട്ടില്ല. ഭാരതത്തിന്റെ സത്ത ഒരിക്കലും ഒളിമങ്ങിയിട്ടില്ല. കാര്‍മേഘങ്ങള്‍ വന്നു മൂടിയാലും അതു നൈമിഷികം. താല്‍ക്കാലികം. ജഗത്കാരിണിയായ പരാശക്തിയുടെ ശ്വാസവേഗമാകുന്ന മാരുതവേഗത്തില്‍ അവ അടുത്ത ക്ഷണം മായുകയും മറയത്തുപോവുകയും ചെയ്യുന്നു. പൂര്‍ണ്ണചന്ദ്രന്‍ ഭഗവതിയുടെ തിരുനെറ്റിത്തിലകം പോലെ പാല്‍നിലാവു പരത്തിക്കൊണ്ട് പരിലസിക്കുന്നു.
അധര്‍മ്മത്തിനു വളര്‍ച്ചയില്ല. അതിനു പറ്റിയ വളക്കൂറ് പവിത്രയായ ഈ മണ്ണിന് ഇല്ല. വളര്‍ന്നു പടരുംപോലൊയൊക്കെ തോന്നും. ആ വളര്‍ച്ച നിത്യമായ അന്ത്യത്തിലേയ്ക്കുള്ള നീട്ടിത്തൊടലാണ്. പത്താംനാള്‍ നമുക്ക് വിജയദശമി. കാരണം, അധര്‍മ്മത്തിന്റെ ഒന്‍പതു ശിരസ്സുകളും അതിനകം അരിഞ്ഞുവീഴ്ത്തപ്പെട്ടിരിക്കും.
അസുരന്‍ പനപോലെ വളരും. ആക്രോശിക്കും. അധീശത്വം നേടാന്‍ ആവുന്നത്ര കുടിലമാര്‍ഗ്ഗങ്ങള്‍ വെട്ടിയൊരുക്കും. അംഗസംഖ്യകൊണ്ടു പെരുക്കും. ആക്രമണങ്ങള്‍കൊണ്ടു തകര്‍ക്കും. അമ്മഭാരതം അവനെയും സഹിക്കും. പക്ഷേ, എത്രത്തോളം?
ക്ഷമയാണു ഭൂമി. ക്ഷമയ്ക്കും അതിരുണ്ട്. ആ ഘട്ടം കഴിയുമ്പോള്‍ ആസുരതയുടെ അന്ത്യഘട്ടമായി. അഭിമാനധര്‍മ്മത്തിന് ഉയര്‍ത്തിപ്പിടിച്ച ശിരസ്സ് ഒന്നേയുള്ളൂ. ആസുരത്വത്തിനു തല പത്താണ്. അമ്മ ഓരോ ദിവസവും ഓരോ തല അരിയും, മന്ദഹാസത്തിന്റെ മന്ത്രഖഡ്ഗംകൊണ്ട്, ഒന്‍പതാം നാള്‍ ഒന്‍പതാമത്തെ ശിരസ്സു വീഴും! പത്താം നാള്‍ വിജയം. അവശേഷിക്കുന്ന ഒറ്റത്തലകൊണ്ട് അസുരന്‍ മനുഷ്യനായി ജീവിക്കണം. അല്ലെങ്കില്‍, വാള്‍ അമ്മയുടെ കയ്യില്‍ത്തന്നെയുണ്ട്.


ജന്മഭൂമി: http://www.janmabhumidaily.com/news711115#ixzz4tkKd3Ucr

No comments: