Wednesday, September 27, 2017

വിജയത്തിനുള്ള എല്ലാ ശക്തിയും നിനക്കുണ്ടാകട്ടെ എന്ന് ശ്രീപാര്‍വതി ഉണ്ണി ഗണേശനെ അനുഗ്രഹിച്ചു. പക്ഷെ ശ്രീമുരുകന്‍ ഭൂപ്രദക്ഷിണത്തിനുപോയി ഏറെ ദൂരം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ഗണേശനാകട്ടെ ഇനിയും പ്രയാണമാരംഭിച്ചിട്ടില്ല. എന്നാല്‍ ശ്രീഗണേശന് ഒരു കുലുക്കവുമില്ല. ദൃഢചിത്തന്റെ പുഞ്ചിരിയുമായി ദീര്‍ഘദൃഷ്ടിയുമായി ഒരു നില്‍പ്പാണ്. എന്താണ് ഗണേശന്റെ ഭാവം. പങ്കാളിത്തംപോലുമില്ലാതെ മത്സരത്തില്‍ നിന്നും പിന്മാറുകയാണോ. ലോകമാതാവിന്റെ മുഖത്ത് ആശങ്ക പരക്കുന്നുവോ?
ശ്രീഗണേശന്‍ പതുക്കെ എഴുന്നേറ്റു. അച്ഛനേയും അമ്മയേയും നോക്കി നന്നായി തൊഴുതു. എന്നിട്ട് പതുക്കെ പ്രദക്ഷിണമാരംഭിച്ചു. മൂന്നുപ്രാവശ്യം അച്ഛനമ്മമാരെ പ്രദക്ഷിണം വച്ചു പ്രദക്ഷിണം പൂര്‍ത്തിയാക്കി അച്ഛന്റെ മുന്നില്‍ വന്ന് തൊഴുതുനിന്നശേഷം കൈനീട്ടി.
അച്ഛാ, അമ്മേ ഞാന്‍ മത്സരം പൂര്‍ത്തിയാക്കി വിജയിച്ചു വന്നിരിക്കുന്നു. ആ മാഫലത്തിന് ഇപ്പോള്‍ ഞാന്‍ അര്‍ഹനായിരിക്കുന്നു. എന്നാല്‍ എന്റെ വിജയത്തെക്കുറിച്ച് സ്ഥിരീകരണം നല്‍കേണ്ടത് അച്ഛനമ്മമാര്‍ തന്നെയാണ്. ഞാന്‍ കര്‍മം പൂര്‍ത്തിയാക്കി. കര്‍മഫലം അവിടുത്തെ കൈകളിലാണ്.
‘കര്‍ണ്യേവാളധികാരസ്‌തേ
മാഫലേഷു കദാചന” എന്നാണ് മഹാഗുരുവായ അമ്മാവന്‍ പറഞ്ഞിരിക്കുന്നത്. ”നാരായണാളഖിലഗുരോ ഭഗവന്‍ നമസ്‌തേ” എന്ന് ജപിക്കണമെന്ന് അച്ഛനും എനിക്കു പറഞ്ഞുതന്നിട്ടുള്ളതാണല്ലോ.
ശ്രീഗണേശന്‍ കൈകള്‍ നീട്ടിത്തന്നെ നിന്നു. ശിവപാര്‍വതിമാര്‍ പരസ്പരം നോക്കി. മൗനം വാചാലമായി.
ശിവപ്പെരുമാള്‍ കയ്യിലിരുന്ന ഫലം ശ്രീഗണേശന്റെ കൈകളില്‍ സമര്‍പ്പിച്ചു. ശ്രീപാര്‍വതി ശങ്കിച്ചു. ഇനി ശ്രീമുരുകന്‍ വരുമ്പോള്‍ എന്താണ് മറുപടി നല്‍കുക.
ശ്രീപാര്‍വതി ഗണേശനോടുതന്നെ ചോദിച്ചു. എന്തടിസ്ഥാനത്തിലാണ് നീ വിജയിച്ചു എന്ന് അവകാശപ്പെട്ടത്. നീ ഭൂപ്രദക്ഷിണം നടത്തിയില്ലല്ലോ.
അമ്മേ, കുട്ടികളെ സംബന്ധിച്ച് അച്ഛനമ്മമാര്‍ തന്നെയാണ് അവരുടെ പ്രപഞ്ചം. അച്ഛനമ്മമാരെ പ്രദക്ഷിണം വച്ചതോടെ ഞാന്‍ പ്രപഞ്ചത്തിന് മുഴുവന്‍ പ്രദക്ഷിണം വച്ചുകഴിഞ്ഞു. മൂന്നു പ്രദക്ഷിണം കൊണ്ട് ഭൂതകാലവും വര്‍ത്തമാനകാലവും ഭാവികാലവും ഞാന്‍ പര്യടനം നടത്തിക്കഴിഞ്ഞു. സദാശിവനും പരാശക്തിയും ചേര്‍ന്നാല്‍ ഈരേഴു പതിനാലു ലോകവും അതില്‍ താഴെ മാത്രമാണ് എന്ന് അമ്മാവന്‍ വിഷ്ണുദേവന്‍ പറഞ്ഞുതന്നിട്ടുണ്ട്. അവരില്ലാതെ പ്രകൃതി തന്നെയില്ലാ എന്ന് അമ്മാവന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അങ്ങനെയുള്ള ശിവപാര്‍വതിമാരെ പ്രദക്ഷിണം ചെയ്ത ഞാന്‍ പ്രദക്ഷിണം വയ്ക്കാത്ത ഏതു ഭാഗമാണ് ഇനി പ്രപഞ്ചത്തിലുള്ളത്.
മറുപടി പറയാനാവാതെ ശ്രീപാര്‍വതി ദേവി വായടച്ചുനിന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news712276#ixzz4tv55vtXJ

No comments: