Thursday, December 28, 2017

ചക്കപ്പഴം മുറിച്ചു കഴിക്കാന്‍ തരുന്ന സമയത്തു അമ്മമാര്‍ കൈയില്‍ എണ്ണയോ നെയ്യോ പുരട്ടുന്നത് കണ്ടിട്ടില്ലേ.? എന്തിനാണത് ചെയ്യുന്നത്. ചക്കയില്‍ കൈ വെയ്ക്കുകയും വേണം എന്നാല്‍ അതിലെ ഒട്ടുന്ന പാല്‍ കയ്യില്‍ പുരണ്ട് ബുദ്ധിമുട്ടുണ്ടാവാനും പാടില്ല. ഇത് തന്നെയാണ് കര്‍മ്മത്തിന്റെ കല സ്വായത്തമാക്കിയ മനുഷ്യനില്‍ മുഖ്യമായും ഈ ഗുണം കാണാം. അയാള്‍ കരുതുന്നു, ഈ കാര്യം ചെയ്യാന്‍ എനിക്ക് കഴിയില്ലെങ്കില്‍ പിന്നെ ആര്‍ക്ക് ചെയ്യാന്‍ കഴിയും? മാത്രമല്ല നേരിടുന്ന വെല്ലുവിളികളെ മുന്നോട്ടുള്ള ഊര്‍ജ്ജമാക്കി മാറ്റാന്‍ അവര്‍ക്കുള്ള കഴിവ് അപാരമാണ്. അതിനാല്‍ സഫലത അത്തരക്കാരുടെ ജന്മസിദ്ധ അധികാരമാണ് എന്ന പ്രതീതി ഉണ്ടാകുന്നു. തോമസ് ആല്‍വാ എഡിസണെ കുറിച്ച് പറയാറുണ്ട്. അദ്ദേഹം വര്‍ഷങ്ങളോളം അദ്ധ്വാനിച്ചുയര്‍ത്തിയ പരീക്ഷണശാല ഒരു രാത്രി കത്തിനശിച്ചു പോയി. എഡിസണ്‍ പറഞ്ഞു ‘ഒത്തിരി വര്‍ഷത്തെ പാഴ്‌വേല കത്തിപ്പോയി, ഇനി പുതിയതായി തുടങ്ങാം.’
വീട്ടിലായാലും ജോലിസ്ഥലത്തായാലും നമുക്ക് രണ്ടു തരത്തിലുള്ള വ്യക്തികളെ കാണാന്‍ കഴിയും. ചിലര്‍ ഇങ്ങനെയാണ്, ഏര്‍പ്പെടുന്ന കാര്യം എത്ര ചെറിയ കാര്യമാണെങ്കില്‍പോലും വളരെയധികം മുഴുകിയിരിക്കുകയും, പിന്നെ ഭാരിച്ച അവസ്ഥയില്‍ കാണപ്പെടുകയും ചെയ്യും. മാത്രമല്ല ഇത്തരക്കാര്‍ കാര്യത്തില്‍ നിന്നും വേറിടാനാകാത്ത വിധം അമിതമായി അതില്‍ ലയിച്ചിരിക്കുന്നു. പിന്നീട് ആ ജോലിയില്‍ അവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പെരുപ്പിക്കുന്നതും വേവലാതിപ്പെടുന്നതും കാണാം. കാര്യവിജയം നേടിക്കഴിഞ്ഞാല്‍ അതിന്റെ പ്രശംസയോ പ്രതിഫലമോ കൈപ്പറ്റാന്‍ വലിയ ഉത്സാഹം കാണിക്കുകയും ചെയ്യും. എന്നാല്‍ കാര്യം പരാജയപ്പെടുമ്പോള്‍ ഉത്തരവാദി ഞാനാണെന്ന് പറയാതെ മറ്റു പലരെയും കുറ്റപ്പെടുത്തും.
പരീക്ഷയില്‍ തോറ്റുകഴിഞ്ഞാല്‍ സിലബസിനേയും പഠിപ്പിച്ചവരെയും ചോദ്യപേപ്പറിനെയുമെല്ലാം കുറ്റം പറയും. അതെ വ്യക്തി പരീക്ഷയില്‍ വിജയിച്ചാല്‍ അത് എന്റെ മിടുക്കുകൊണ്ടാണെന്നു അവകാശപ്പെടും. ഞാന്‍ വിജയിച്ചത് സിലബസ് നന്നായതുകൊണ്ടാണെന്നോ അധ്യാപകര്‍ നല്ല രീതിയില്‍ പഠിപ്പിച്ചതു കൊണ്ടാണെന്നോ അവര്‍ പൊതുവെ പറയാറില്ല. ഇതാണ് കര്‍മ്മത്തില്‍ ബന്ധിക്കപ്പെട്ടവരുടെ ലക്ഷണങ്ങള്‍.
രണ്ടാമത്തെ തരത്തിലുള്ളവര്‍ ഇങ്ങനെയാണ്, കര്‍ത്തവ്യങ്ങള്‍ ഉണ്ടെങ്കിലും സ്വതന്ത്രരായും നിശ്ചിന്തരായും, അതില്‍നിന്നും സദാ നിവൃത്തരായും കാണപ്പെടുന്നു. സ്വന്തം ഇച്ഛ അനുസരിച്ച് പ്രവൃത്തിയില്‍ ഏര്‍പ്പെടാനും ഉടന്‍ നിവൃത്തമാകാനും അറിയുന്ന രണ്ടാമത്തെ തരം ആളുകള്‍ കുറച്ച് പേരെയുള്ളൂ. അവര്‍ പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും, അതൊരു വിനോദമായി അഥവാ മനസ്സിനെ സന്തോഷിപ്പിക്കുന്ന സംരംഭമായാണ് പരിഗണിക്കുന്നത്. മാത്രമല്ല ജോലിഭാരംകൊണ്ട് ക്ഷീണിക്കപ്പെടുന്നതായോ, ജോലി ഒരു ശല്യമായോ, സമ്മര്‍ദ്ദത്തിനു വഴിപ്പെട്ട് ജോലിചെയ്യുന്നതായോ തോന്നുകയുമില്ല.
കേവലം കുറച്ചുപേരെ മാത്രമാണ് ഒരു കാര്യം ചെയ്യുന്ന സമയത്ത് സമ്പൂര്‍ണ്ണ ആത്മവിശ്വാസം ഉള്ളതായും, ആ കാര്യത്തിന്റെ മേല്‍ അവര്‍ക്ക് പൂര്‍ണ്ണമായ അധികാരം ഉള്ളതായും നിശ്ചിന്തരായും കാണപ്പെടുന്നത്. എന്നിരുന്നാലും ആ കാര്യം ഭംഗിയായി ചെയ്യുന്നതിന്ന് പൂര്‍ണ്ണ രൂപത്തിലുള്ള തയ്യാറെടുപ്പും പ്രയത്‌നവും അവര്‍ ചെയ്യുന്നുമുണ്ട്. കൂടാതെ അന്ത്യം വരെ അവര്‍ തന്റെ പ്രയത്‌നം ഉപേക്ഷിക്കുന്നുമില്ല. ഒരു കര്‍മ്മയോഗിക്കു മാത്രമേ അങ്ങനെ സാധിക്കുകയുള്ളൂ. ഗീതയിലും പറഞ്ഞിട്ടുള്ള കര്‍മ്മകുശലതയുടെ പേരാണ് യോഗം. ഇത് കൂടാതെ ‘യദാ സംഹരതേ ചായം കൂര്‍മ്മോംഗാനീവ സര്‍വശഃ’ എന്ന ശ്ലോകത്തില്‍ യോഗിയുടെ ജീവിതത്തെ ഒരു ആമയുമായാണ് തുലനം ചെയ്യുന്നത്. ആമയില്‍ ഈ ഒരു ഗുണം ഉണ്ട്. അത് സമയം അനുസരിച്ച് കര്‍മ്മം ചെയ്യും. എപ്പോള്‍ ആഗ്രഹിക്കുന്നുവോ അപ്പോള്‍ കര്‍മ്മേന്ദ്രിയങ്ങളെ ഉള്‍വലിച്ച് കര്‍മ്മത്തില്‍ നിന്നും നിവൃത്തമാവുകയും ചെയ്യും. ഇത്തരം വ്യക്തിത്വങ്ങളില്‍ പല ഗുണങ്ങളും ദര്‍ശിക്കാനാവും. ജോലിയെ ഒരുക്കാനുള്ള ശക്തി, അതീവ ഏകാഗ്രത, സര്‍വ്വ കാര്യങ്ങളിലും കുശലത പ്രാപ്തമാക്കാനുള്ള ആവേശം, എത്ര കടുപ്പമേറിയ ജോലിയാണെങ്കിലും ലഘുവായി കൊണ്ടുനടത്താനുള്ള കഴിവ്, തികഞ്ഞ ആത്മവിശ്വാസം ഇതൊക്കെ അവരില്‍ കാണാം.
മേല്‍ പറഞ്ഞ രീതിയില്‍ കാര്യങ്ങളില്‍ ഇടപെടാനും ഏറ്റെടുത്തു ചെയ്യുവാനും അതിന്റെ പ്രഭാവത്തില്‍ നിന്നു പരിപൂര്‍ണ്ണമായി വിട്ടുനില്‍ക്കാനും നിത്യസാധകരായവര്‍ക്കു മാത്രമേ കഴിയുകയുള്ളൂ. കാരണം അവര്‍ മാത്രമേ ഭാരരഹിതമായി അതായത് ലഘുത്വത്തോടെയും ആത്മവിശ്വാസത്തോടെയും ആ കാര്യം ചെയ്യുന്നുള്ളൂ. അവര്‍ സദാ കര്‍മ്മം ചെയ്തുകൊണ്ടും വേറിട്ട് ഇരിക്കുന്നു. കാര്യത്തില്‍ വ്യപൃതമായിരിക്കുമ്പോഴും കാര്യനിവൃത്തമായിരിക്കുന്ന പ്രതീതി ഉണ്ടാവുന്നു. യോഗീജീവിതം നയിക്കുന്നവര്‍ക്കു മാത്രമേ സഫലതയില്‍ സംശയിക്കാതെ സന്തോഷത്തൊടെയും ഉത്സാഹത്തോടെയും ഏകാഗ്രതയോടെയും കര്‍ത്തവ്യം നിര്‍വഹിക്കാനാവൂ. പിന്നെ കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന കാര്യങ്ങളെപ്പോലും തന്റെ സരള സ്വഭാവത്തില്‍ കൂടി ലഘുവും അതുപോലെ സഫലവുമാക്കിത്തീര്‍ക്കുന്നു. അതായത് യോഗത്തില്‍ കൂടി തന്നെയാണ് ജീവിതത്തില്‍ കര്‍മ്മകലയുടെ അറിവും വികാസവും ഉണ്ടാകുന്നത്. യോഗി ജീവിതം കര്‍മ്മശേഷിയും അതിന്റെ പ്രഭാവത്തില്‍ നിന്നു വേറിട്ടു നില്‍ക്കാനുള്ള ശേഷിയും പ്രദാനം ചെയ്യുന്നു.
ഭഗവാന്‍ ഭഗവത്ഗീതയില്‍ പറയുന്നു, കര്‍മ്മത്തില്‍ നിന്നുണ്ടാവുന്ന വിഷമതകള്‍ ഭയന്നിട്ടു ആ കര്‍മ്മത്തെത്തന്നെ വര്‍ജ്ജിക്കുന്നവര്‍ താമസ സ്വാഭാവികളാണ്. യോഗികള്‍ എല്ലാ കര്‍മ്മവും ഈശ്വരനില്‍ അര്‍പ്പിച്ചു ചെയ്യുന്നു. ഈശ്വരന്റെ ഉപകരണം മാത്രമാണ് ഞാന്‍ എന്ന മനോഭാവം കൊണ്ടുനടക്കുന്നു. ഈശ്വരനില്‍ മനസ്സിനെ മുഴുകിക്കുവാന്‍ നിരന്തരം ശ്രമിക്കുന്നതിനാല്‍ കര്‍മ്മത്തില്‍ അമിതമായി മുഴുകാതെ അദ്ദേഹം കര്‍മ്മം ചെയ്യുന്നു. അതിനാല്‍ കര്‍മ്മം ശ്രേഷ്ഠമാവുകയും കര്‍മ്മമൊരു ഭാരമാവാതിരിക്കുകയും ചെയ്യുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news759785#ixzz52bBMlBtt

No comments: