Saturday, December 30, 2017

പുതുവര്‍ഷമെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെയുള്ളില്‍ ഒരു പുതിയ ഉണര്‍വ്വും ഉത്സാഹവും പ്രതീക്ഷയും നിറയാറുണ്ട്. വര്‍ഷത്തിനു മഴയെന്നും അര്‍ത്ഥമുണ്ടല്ലോ. ഒരു പുതുമഴയുടെ കുളിര്‍മ്മയും ഉന്മേഷവും പേറിക്കൊണ്ടാണു പുതുവത്സരം വന്നണയുന്നത്. വളരുന്നവര്‍ക്ക് അതു പ്രതീക്ഷകളുടെ പൂക്കള്‍ സമ്മാനിക്കുന്നു, വളര്‍ന്നവര്‍ക്കു പുതിയ ഉത്തരവാദിത്തങ്ങളുടെ കനികളും. മനുഷ്യന്‍ എന്നും നല്ല നാളെയെക്കുറിച്ചു സ്വപ്‌നങ്ങള്‍ നെയ്യുന്നവനാണ്. ദുഃഖങ്ങളുടെ നടുവിലും ജീവിതത്തിനു നിറവും മണവും പകരുന്നത് ആ സ്വപ്‌നങ്ങളാണ്. ആ ശുഭപ്രതീക്ഷ, ശുഭാപ്തി വിശ്വാസം നാം ഒരിക്കലും കൈവെടിയരുത്. ജീവിതവിജയം തേടിയുള്ള ഒരു നെട്ടോട്ടമായി നമ്മുടെ ജീവിതം മാറരുത്. നമ്മെക്കാള്‍ നിര്‍ഭാഗ്യവാന്മാരായ എത്രയോപേര്‍ നമുക്കു ചുറ്റുമുണ്ട്. ഒരല്‍പനേരം അവരുമൊത്ത് ചെലവഴിക്കുവാനും അവരുടെ വേദനയും ദുഃഖവും കഷ്ടപ്പാടുകളും മനസ്സിലാക്കുവാനും നമുക്കു കഴിയണം.
ഇന്ന് എല്ലാവര്‍ക്കും തങ്ങളേക്കാള്‍ ഉയര്‍ന്ന തലത്തിലേക്ക് നോക്കുവാനാണ് താല്‍പര്യം. തങ്ങളെക്കാള്‍ താണവരുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുവാന്‍കൂടി ആരും കൂട്ടാക്കുന്നില്ല. അമ്മ ഒരു കഥ ഓര്‍ക്കുകയാണ്. ഒരു പണക്കാരന്റെ വീട്ടില്‍ ഒരു സാധുസ്ത്രീ വേല ചെയ്തിരുന്നു. അവരുടെ ഭര്‍ത്താവ് മരിച്ചുപോയി. ഒരൊറ്റ മകള്‍, അവള്‍ക്ക് അംഗവൈകല്യവുമുണ്ട്. വീട്ടുജോലിക്കു പോകുമ്പോള്‍ അവര്‍ വികലാംഗയായ കുട്ടിയെ കൂടെക്കൊണ്ടുപോകും. കുട്ടിയെ ഒരിടത്തിരുത്തിയിട്ട് അവര്‍ ജോലി ചെയ്യും. ആ വീട്ടുടമസ്ഥന് ഒരു മകളുണ്ടായിരുന്നു. ആ കുട്ടിക്ക് വേലക്കാരിയുടെ കുട്ടിയെ വലിയ സ്‌നേഹമായിരുന്നു. ആ പെണ്‍കുട്ടി കുഞ്ഞിനെയെടുത്ത് ലാളിക്കുകയും മധുരപലഹാരങ്ങള്‍ നല്‍കുകയും കഥകള്‍ പറഞ്ഞുകൊടുക്കുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും അവളുടെ അച്ഛനിഷ്ടമായില്ല. അച്ഛന്‍ ദിവസവും മകളെ ശാസിക്കും; ”നീ ആ കുഞ്ഞിന്റെ കൂടെ കളിക്കരുത്.
അംഗവൈകല്യമുള്ള, വൃത്തികെട്ട അതിനെ നീ എന്തിനാണ് എടുക്കുന്നത്?” കുട്ടിയൊന്നും മിണ്ടിയില്ല. തന്റെ മകള്‍ക്ക് കൂടെ കളിക്കാന്‍ കൂട്ടില്ലാത്തതുകൊണ്ടാവാം വേലക്കാരിയുടെ കുട്ടിയെ കൂടെ കൂട്ടുന്നത് എന്നു കരുതിയ അദ്ദേഹം തന്റെ ഒരു കൂട്ടുകാരന്റെ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. മകള്‍ അതിനെക്കണ്ട് ചിരിച്ചു. കുശലപ്രശ്‌നങ്ങള്‍ നടത്തി. എന്നിട്ട് വേലക്കാരിയുടെ കുട്ടിയെ എടുത്തു ലാളിക്കാന്‍ തുടങ്ങി. ഇതുകണ്ട് അച്ഛന്‍ ചോദിച്ചു, ”മോളേ അച്ഛന്‍ കൊണ്ടുവന്ന കുട്ടിയെ നിനക്കെന്താ ഇഷ്ടമല്ലേ.” ആ കുട്ടി പറഞ്ഞു, ”അച്ഛന്‍ കൊണ്ടുവന്ന കുട്ടിയെ എനിക്കിഷ്ടമാണ്, പക്ഷേ, ഒരു കാര്യം ഞാന്‍ പറയട്ടെ, അച്ഛന്‍ കൊണ്ടുവന്ന കുട്ടിയെ ഞാന്‍ സ്‌നേഹിച്ചില്ലെങ്കിലും മറ്റെത്രയോ പേര്‍ സ്‌നേഹിക്കാനുണ്ട്. എന്നാല്‍ ഈ കുട്ടിയെ ഞാന്‍ സ്‌നേഹിച്ചില്ലെങ്കില്‍ വേറെ ആരു സ്‌നേഹിക്കും? അവള്‍ക്കു സ്വന്തക്കാരായി ആരുമില്ലല്ലോ.”
ഈ കഥയിലെ പെണ്‍കുട്ടിയെപ്പോലെ കാരുണ്യമുള്ള ഒരു ഹൃദയം വളര്‍ത്തിയെടുക്കാന്‍ നമ്മള്‍ ശ്രമിക്കണം. കഷ്ടപ്പെടുന്നവരെ സേവിക്കാനുള്ള വെമ്പല്‍ നമുക്കുണ്ടാവണം. ഏതു സാഹചര്യത്തിലും ലോകത്തിന്റെ നന്മയ്ക്കായി സേവനമനുഷ്ഠിക്കാനുള്ള ഒരു മനസ്സ് നാം സമ്പാദിക്കണം. പലരും കണ്ണടച്ചു ധ്യാനിക്കുന്നത് മൂന്നാമത്തെ കണ്ണ് തുറക്കുന്നതിനുവേണ്ടിയാണ്. ആദ്ധ്യാത്മികതയുടെ പേരില്‍ ഈ ലോകത്തിനുനേരെ കണ്ണടയ്ക്കരുത്. രണ്ടുകണ്ണും തുറന്നിരിക്കെത്തന്നെ സര്‍വ്വജീവജാലങ്ങളിലും നമ്മെത്തന്നെ ദര്‍ശിക്കാന്‍ കഴിയുക എന്നതാണ് ആത്മസാക്ഷാത്കാരം. നമ്മെത്തന്നെ മറ്റുള്ളവരില്‍ കണ്ട് അവരെ സ്‌നേഹിക്കുവാനും സേവിക്കുവാനും നമുക്കു കഴിയണം. അതാണ് പൂര്‍ണ്ണത.
മക്കളേ, ഈശ്വരന്‍ നമ്മളില്‍തന്നെയുണ്ടു്. പക്ഷേ, അതിന്ന് ബീജരൂപത്തിലാണെന്നുമാത്രം. ആ വിത്ത് കിളിര്‍ക്കണമെങ്കില്‍, കാരുണ്യത്തിന്റെ ജലമാണുവേണ്ടത്. തനിക്കല്ലാതെ അന്യര്‍ക്കുവേണ്ടി ചെയ്യുന്ന പ്രവര്‍ത്തിയെ മാത്രമേ കാരുണ്യമെന്നു പറയുവാന്‍ കഴിയൂ. ആ നീരുറവയിലേ നമ്മളിലെ ഈശ്വരന് വളരുവാന്‍ സാധിക്കൂ. സ്വാര്‍ത്ഥതയുടെ ജലം കൊണ്ടത്, നശിക്കുകയേയുള്ളൂ. നമുക്ക് ഈശ്വരനോട് അടുക്കാന്‍ ധ്യാനം മാത്രം പോരാ, കാരുണ്യം കൂടി വേണം. സോപ്പിട്ടാല്‍ വസ്ത്രം വെളുക്കും. എന്നാല്‍ അതിലെ കറ കളയണമെങ്കില്‍ ബ്ലീച്ചിങ് പൗഡര്‍ വേണം. അതുപോലെ ധ്യാനത്തോടൊപ്പം മറ്റുള്ളവരോടുള്ള കാരുണ്യംകൂടി വേണം, ദുഃഖിക്കുന്നവരെ സഹായിക്കുവാനുള്ള മനസ്സുണ്ടാകണം. കാരുണ്യമുള്ള ഹൃദയത്തിലേ ഈശ്വരന്റെ കൃപയുണ്ടാകുകയുള്ളു.
പുതുവര്‍ഷപ്പിറവി പുതിയ തുടക്കങ്ങള്‍ക്കുള്ള അവസരമാണ്. ദുഃഖപൂര്‍ണ്ണമായ ഓര്‍മ്മകളില്‍ നിന്നു മോചനം നേടി പുതിയൊരു കാല്‍വെയ്പിനുള്ള മുഹൂര്‍ത്തമാണത്. കഴിഞ്ഞ കാലത്തില്‍ നിന്നു പാഠങ്ങള്‍ പഠിക്കാന്‍, അവയുടെ വെളിച്ചത്തില്‍ നമ്മുടെ ജീവിതത്തില്‍, ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ നാം തയ്യാറാകണം. ജീവിതം ഒരു പൂന്തോപ്പുപോലെയാണ്. ഇലകള്‍ കരിയുന്നതും പൂക്കള്‍ വാടിക്കൊഴിയുന്നതും അവിടെ സ്വാഭാവികമാണ്. പഴമയുടെ ജീര്‍ണ്ണതകളെ അപ്പോഴപ്പോള്‍ മാറ്റിയാല്‍ മാത്രമേ പുതിയ പൂക്കളും തളിരുകളും കൊണ്ടു ഭംഗിയാര്‍ന്ന ആ പൂന്തോപ്പിന്റെ സൗന്ദര്യം പൂര്‍ണ്ണമായി ആസ്വദിക്കാന്‍ നമുക്കു കഴിയുകയുള്ളൂ. അതിനാല്‍ കഴിഞ്ഞകാലം മനസ്സിലുണ്ടാക്കിയ കാലുഷ്യങ്ങളെ നമുക്ക് അടര്‍ത്തിക്കളയാം. ക്ഷമിക്കേണ്ടതു നമുക്കു ക്ഷമിക്കാം. മറക്കേണ്ടതു മറക്കാം. പുതിയൊരു ഉണര്‍വ്വോടെ ജീവിതത്തെ പുല്‍കാം.


ജന്മഭൂമി: http://www.janmabhumidaily.com/news760715#ixzz52n1Q5tYW

No comments: