Thursday, December 28, 2017

വിവാഹം: എട്ടുതരത്തിലുള്ള വിവാഹങ്ങള്‍ക്കുള്ള ആചാരമുണ്ട്. സ്ത്രീ, സ്വയം ഭര്‍ത്താവിനെ തിരഞ്ഞെടുക്കുന്ന സ്വയംവരവും അതില്‍പ്പെടുന്നു. വിവാഹത്തിലെ ആദ്യ നടപടിക്രമം തന്നെ ജാതകപ്പൊരുത്തം നോക്കലാണ്. അത് അന്ധവിശ്വാസമാണെന്നും അനാചാരമാണെന്നും വിശ്വസിക്കുന്നവരുണ്ട്.
സാമൂഹ്യമായി നോക്കിയാല്‍ ഒരു വിവാഹത്തില്‍ ബന്ധപ്പെടുന്നവരുടെ ഗുണദോഷങ്ങള്‍-കുറവുകളും കഴിവുകളും-അറിയുന്നതിന് ജാതക കൈമാറ്റം, ഗുണദോഷവിചിന്തനം എന്നിവകൊണ്ടു സാധിക്കുന്നു. അത് ജാതകത്തിലൂടെ തന്നെ വേണമെന്നില്ല. ജാതക കൈമാറ്റ അവസരത്തില്‍ വ്യക്തികള്‍ തമ്മിലുള്ള കുശലാന്വേഷണത്തിലൂടെപ്പോലും വിവാഹിതരാകുവാന്‍ പോകുന്നവരുടെ ഗുണദോഷങ്ങളുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന കാര്യങ്ങള്‍ അറിയുവാനും അറിയിക്കുവാനും സാധിക്കും. ജാതകത്തില്‍ വ്യക്തിയുടെ വ്യക്തിത്വ വിശകലനം കുറെയൊക്കെ സാധ്യമാണ്.
അത്തരത്തിലൊരാളുടെ വ്യക്തിത്വത്തിലുള്ള പ്രത്യേകത മറ്റേയാള്‍ക്കു പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നത് ആധുനികമായും അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഗ്രഹങ്ങളുടെ മഹത്വമോ അവയുടെ സ്വാധീനമോ തെളിയിക്കുവാന്‍ വ്യക്തമായ തെളിവുകള്‍ നിരത്തുവാന്‍ ബുദ്ധിമുട്ടാണെങ്കില്‍പ്പോലും പഠനാര്‍ഹമാക്കാവുന്ന ഒരു വിഷയമായി ജ്യോതിഷ ജാതകവിചിന്തനം (വിവാഹത്തിന് മുന്‍പ്) ഉപയോഗിക്കാവുന്നതാണ് എന്നും അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു.
മെഡികോ അസ്‌ട്രോളജി എന്ന വിജ്ഞാനശാഖയിലൂടെ വ്യക്തിയുടെ ഗുണദോഷങ്ങള്‍ സ്വഭാവവിശേഷങ്ങള്‍, കാലക്രമത്തിലുണ്ടാകാവുന്ന മാറ്റങ്ങള്‍, വിഷമതകള്‍ നേരിടേണ്ടിവരുന്ന കാലഘട്ടം, നല്ല സമയത്തെ സമഗ്രമായി പ്രയോജനപ്പെടുത്തുവാനുള്ള അവസരം, ഇവയെല്ലാം അറിയുന്നതിന് കുറെയൊക്കെ സാധിക്കും. ആധുനികശാസ്ത്രത്തില്‍ ഇതിന് മറ്റൊരു മാര്‍ഗവുമില്ല തന്നെ. നാളത്തെ കാര്യം എന്തെന്ന് വിവരിക്കുവാന്‍ ആരംഭിച്ച ഫ്യൂച്ചറോളജി എന്ന ശാസ്ത്രശാഖ, ഏതാണ്ട് ആരും വിശ്വസിക്കാത്ത ഒരവസ്ഥയിലേക്ക് എത്തിനില്‍ക്കുകയാണ്. ഈ ഒരു രീതിയിലെങ്കിലും, ഭാവിയെക്കുറിച്ചറിയുന്നതിന് ഇന്ന് ലഭ്യമായ ഒരേയൊരു മാര്‍ഗം ജ്യോതിഷം മാത്രമാണ്. ജ്യോതിഷവും ജാതകപ്പൊരുത്തവും എല്ലാ കുടുംബപ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരമല്ലതന്നെ. ശ്രീരാമനും സീതയും പൂര്‍ണ ജാതകപ്പൊരുത്തമുള്ളവരായിരുന്നുവത്രെ. അവരനുഭവിച്ച ദുരിതം വളരെ വലുതാണ്.
വിവാഹാചാരങ്ങളില്‍ പരമപ്രധാനം അഗ്നിയുടെ (വിളക്ക് അല്ലെങ്കില്‍ ഹവനാഗ്നി) മുന്‍പില്‍ വധൂവരന്മാരുടെ പഞ്ചപ്രാണനേയും തമ്മില്‍ ഒന്നിച്ചുചേര്‍ക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പഞ്ചബന്ധനമാണ്. വധൂവരന്മാരുടെ കൈകള്‍ തമ്മില്‍ ചേര്‍ത്തുള്ള പാണിഗ്രഹണം. മാല ചാര്‍ത്തിയുള്ള പരസ്പര സ്വീകരണം. താലികെട്ടി സ്വന്തമാക്കുന്ന ചടങ്ങ്. പുടവ കൊടുത്തുള്ള സ്വായത്തമാക്കല്‍. മോതിരം നല്‍കി സ്വന്തമാക്കിയറിയിക്കല്‍. ഈ അഞ്ചുകര്‍മ്മങ്ങള്‍ ഓരോ ചടങ്ങായിട്ടാണ് നടത്തുന്നത്. ചിലപ്പോള്‍ ‘ശിരോധാര’ എന്ന ചടങ്ങും, കുങ്കുമം ചാര്‍ത്തല്‍ എന്ന ചടങ്ങും ഇതില്‍ പെടുത്തുക പതിവുണ്ട്. പഞ്ചപ്രാണനെ, അഥവാ പഞ്ചകര്‍മ്മേന്ദ്രിയങ്ങളെ അഥവാ പഞ്ചേന്ദ്രിയങ്ങളെ അഥവാ പഞ്ചഭൂതാംശമായ ശരീരത്തെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണീ ചടങ്ങുകള്‍.
സ്ത്രീയും പുരുഷനും ഒന്നായിത്തീരുന്ന കര്‍മ്മം, അതിനു താല്‍ക്കാലിക സാക്ഷിയായി ബന്ധുമിത്രാദികളും ശാശ്വതസാക്ഷിയായി പ്രത്യക്ഷമായ ബ്രഹ്മചൈതന്യമെന്നുല്‍ഘോഷിക്കുന്ന അഗ്നിയും നില്‍ക്കുന്നു. (കാലാന്ത്യത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരില്‍ ഒരാള്‍ മരിക്കുമ്പോള്‍ ഇതേ അഗ്നിയെ ‘വിളിച്ചുവരുത്തി’, കെട്ടിയ താലിയുടെ ഒരംശം അഗ്നിക്കു നല്‍കി നന്ദി പറഞ്ഞ് ബന്ധം വേര്‍പെടുത്തുന്ന ചടങ്ങുമുണ്ട്).
വധൂവരന്മാരെ ബന്ധിപ്പിക്കുന്നതിന് സാക്ഷിനിര്‍ത്തിയ അഗ്നിക്ക് മലര്‍ ഹോമിച്ചും പൊതുജനത്തിന് (ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും) വിഭവസമൃദ്ധമായ സദ്യ നല്‍കിയും നന്ദി പറയുക പതിവുണ്ട്. വിവാഹാനന്തരം നല്‍കുന്ന സമ്മാനങ്ങള്‍, പണ്ട് നവദമ്പതികള്‍ക്ക് പുതിയജീവിതം ആരംഭിക്കുമ്പോള്‍ ആവശ്യമായ വിഭവങ്ങള്‍ നല്‍കിയിരുന്ന ചടങ്ങിലൂടെ ആരംഭിച്ചതാണ്.
സ്ത്രീധനം എന്ന ദുരാചാരത്തിന് ഭാരതത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല എന്ന് ഈ വരികളില്‍ സൂചിപ്പിക്കുന്നു.
ഉത്തമം സ്വാര്‍ജ്ജിതം വിത്തം മധ്യമം പിതുരാര്‍ജ്ജിതം
അധമം മാതുലാര്‍ജ്ജിതം വിത്തം സ്ത്രീവിത്തം അധമാധമം
സ്വയം നേടുന്ന സമ്പത്ത് ഉത്തമം, അച്ഛനില്‍നിന്നും സ്വീകരിക്കുന്നത് മധ്യമം, അമ്മാവനില്‍നിന്ന് സ്വീകരിക്കുന്നത് അധമവും, സ്ത്രീധനം ഏറ്റവും അധമവുമാണ്.
ഗര്‍ഭാധാനം: ആധുനിക ലോകം നിഷദ്ധമായ ഏതോ ഒരു വിഷയമാക്കി കണക്കാക്കുകയും ഒളിഞ്ഞും തെളിഞ്ഞും കണ്ടും കേട്ടും രസിക്കേണ്ട ഒന്നായി കാണുകയും ചെയ്യുന്ന ലൈംഗികബന്ധത്തെ ശാസ്ത്രദൃഷ്ട്യാ ജീവജാലങ്ങളുടെ വിചാര-വികാര-കര്‍മ്മമണ്ഡലങ്ങളിലെ അവിഭാജ്യഘടകമായി ആരോഗ്യശാസ്ത്രത്തിന്റെ ദൃഷ്ടികോണിലൂടെയായിരുന്നു ഭാരതീയര്‍ കണ്ടിരുന്നത്. കുടുംബ ബന്ധങ്ങളുടെ നിലനില്‍പ്പിന്റെ അടിസ്ഥാനമായാണ് ഭാരതീയര്‍ ഗര്‍ഭാധാനത്തെ കണ്ടിരുന്നത്. വെറും രതിക്രീഡയായോ കാമകേളിയായോ മാത്രം കാണാതെ പ്രകൃതി, നല്ല പ്രജനനത്തിനുവേണ്ടി നല്‍കുന്ന അവസരം സന്തുഷ്ടിയുടേയും സംതൃപ്തിയുടേയും രീതിയില്‍ നടത്തുന്നതാണിത്. സംന്യാസിക്കുപോലും നിഷിദ്ധമായിരുന്നില്ല ലൈംഗിക വിഷയവിവരണം. വാത്സ്യായന മഹര്‍ഷിക്ക്, മഹര്‍ഷിയുടെ പദവി നിലനിര്‍ത്തിക്കൊണ്ടുതന്നെ കാമശാസ്ത്രം എന്ന ശുദ്ധ ശാസ്ത്രീയ ലൈംഗികഗ്രന്ഥം രചിക്കുവാനും, മറ്റുള്ളവരെ പഠിപ്പിക്കുവാനും സാധിച്ചു.
ആധുനിക ശാസ്ത്രദൃഷ്ട്യാ ആരോഗ്യമുള്ള സന്താനം ലഭിക്കുന്നതിന് സ്ത്രീപുരുഷ സംയോഗം നടത്തുന്നതിന് മുന്‍പ് അനുശാസിക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് സമാന്തരമായ ഒരു സന്ദേശമാണ് ഗര്‍ഭാധാനത്തിലൂടെ ഉദ്ദേശിക്കുന്ന സംസ്‌കാരകര്‍മ്മത്തിലെ ആചാരങ്ങള്‍. ഈ ആചാരങ്ങളില്‍ അമ്മയാകുവാന്‍ പോകുന്ന സ്ത്രീയുടേയും ജനിക്കുവാന്‍ പോകുന്ന സന്താനത്തിന്റെയും ശാരീരികവും-മാനസികവുമായ സമഗ്രവികസനത്തിനാവശ്യമായ അടിസ്ഥാനം സൃഷ്ടിക്കുകയാണ് ഉദ്ദേശ്യം.
സഗോത്രവിവാഹം നിഷിദ്ധമാണെന്ന് ജാതകം സ്വീകരിക്കുമ്പോള്‍ തന്നെ ബന്ധുക്കള്‍ അറിയിക്കാറുണ്ട്. ഒരേ ഗോത്രത്തിലുള്ളവര്‍ തമ്മില്‍ വിവാഹം നടത്താതിരിക്കുന്നത്, ശാസ്ത്രദൃഷ്ട്യാ ഒരേ കുടുംബത്തിലുള്ളവര്‍ തമ്മിലുള്ള വിവാഹം നടത്തരുതെന്ന നിയമംപോലെയാണ്. ഇതിന്റെ ഫലം ആരോഗ്യമുള്ള സന്താനലാഭം തന്നെയാണ്. ശാസ്ത്രഭാഷയില്‍ ക്രോസ് ഫെര്‍ട്ടിലൈസേഷന് വേണ്ടിയാണീ സഗോത്രവിവാഹ നിഷിദ്ധനിയമം, ജാതകച്ചേര്‍ച്ച നോക്കുന്ന വേളയില്‍ തന്നെ ശ്രദ്ധിക്കുന്നത്.


ജന്മഭൂമി: http://www.janmabhumidaily.com/news759396#ixzz52YkkG8hk

No comments: