Monday, December 25, 2017

കാരുണ്യാർത്തിയായി വഴിപാടുകൾ കഴിക്കുന്നത് വിശുദ്ധ ഭക്തിയാണോ?... എന്ന പ്രശ്നം ചിരന്തനമായി ഉന്നയിക്കപ്പെട്ടുപോരുന്ന ഒന്നാണ്. ഇതിനു ശരിയായ ഉത്തരം രണ്ടു പുണ്യ പുരുഷ്ന്മാരുടെ വഴിപാടുകളാണ്. ഒന്ന് മേല്പത്തൂർ സ്തോത്ര വഴിപാടും, രണ്ട് കുചേലൻ ശ്രീകൃഷ്ണന് സാമർപ്പിച്ച അവിൽ വഴിപാടും. സ്തോത്രം വാങ്മയരൂപമായ വഴിപാടും, അവിൽ ഭോജ്യരൂപമായ വഴിപാടുമാണ്.
രോഗമുക്തിയും ദാരിദ്രമുക്തിയും സമർപ്പണത്തിന് പിന്നിൽ അഭിലാഷങ്ങളായി വർത്തിച്ചിട്ടില്ലെന്ന് പറയാവതല്ല. എന്നാൽ സ്വാർത്ഥകാര്യങ്ങൾ സാധിക്കാനായി വ്യക്തികളെ കൈകൂലികൊടുത്ത് പ്രീണിപ്പിക്കുന്നതും ഇതും തീർത്തും വ്യത്യസ്ത വികാരങ്ങളിൽ നിന്ന് നിന്നാണുറവകൊള്ളുന്നത്. ജപതപാദികളും സ്തോത്രരചനയും 'കാര്യം കാണാ'നുള്ള വ്യാജമുഖസ്തുതികളല്ല. ഉള്ളിൽ നിറഞ്ഞ ഭക്തിയിൽ നിന്നുളവാകുന്ന ചര്യകളാണ്. ആത്മാവിനെ പവിത്രീകരിക്കുന്ന അർപ്പണങ്ങൾ അതുപോലെയാണ്..
വസ്തുരൂപമായ വഴിപാടുകളും 'എനിക്ക് ഇന്നകാര്യം സാധിച്ചുതന്നാൽ പ്രതിഫലമായി ഇന്നതു നൽകാം എന്ന കരാറുപോലുള്ള വഴിപാടുകൾ മാത്രമേ ലൗകികമായ കൈകൂലിദാനത്തോടു തുലനം അർഹിക്കുന്നുള്ളൂ. സ്വാർത്ഥലാഭമുണ്ടായതുനുശേഷം ഒരു പങ്ക് 'കമ്മീഷൻ ' പോലെ കൊടുക്കലല്ലാ, ജപതപാദികളും സ്തോത്രരചനയും സ്വശക്തിയനുസരിച്ച് ഈശ്വരാർപ്പണമായി വസതുക്കൾ യജിക്കുന്നതും.
'ഇദം ന മമ' എന്ന ഭാവനയോടെയാണ് അഭിലാഷസിദ്ധിയോടു നിരപേക്ഷമായിട്ടാണ് സമർപ്പണം നിർവഹിക്കപ്പെടുന്നത്. നിസ്വാർത്ഥമായ അർപ്പണത്താൽ ആത്മാവ് വിമലീകൃതമാവുന്നു. പരമദരിദ്രനായ കുചേലൻ സമർപ്പിക്കുന്ന ഒരു പിടി അവിൽ ഒരു സാമ്രാട്ട് അർപ്പിക്കുന്ന കനകധാരയേക്കാൾ വളരെയേറെ വലിയ വഴിപാടാണ്.സമർപ്പണത്തിലെ ഭക്തി ശ്രദ്ധാദിക്കൾക്കാണ് വസ്തുവിന്റെ ലൗകികമായ മൂല്യത്തിനല്ല പ്രാധാന്യം . മേല്പത്തൂർ ജപതപാദി അനുഷ്ഠാനങ്ങൾ കൊണ്ടാണ് രോഗമുക്തി നേടിയിരുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ മാത്രം നേട്ടമാകുമായിരുന്നു. സ്തോത്രകാവ്യമാകട്ടെ ശാശ്വതസമകളിലൂടെ ശ്രദ്ധയും തത്പരതയുള്ള മനുഷ്യകത്തിന്നൊട്ടാകെ മനോവിമലീകരണവും പീഡാശാന്തിയും നൽകികൊണ്ട് നിൽക്കും. " വിശ്വപീഡാപഹത്യൈ" എന്ന വിശേഷണം പരോക്ഷമായി കാവ്യമെന്ന ആശയസത്തക്കും ചേരും .
ഭുക്തിയല്ല, ഭക്തിയാണ് അവിൽ നിവേദ്യം വഴിപാടായികഴിക്കുന്നതിനും നാരായണീയപാരായണത്തിനും പ്രചോദാനമാകേണ്ടത്. മാനസികമായ അന്ധത ബാധിക്കാതെ കാക്കാനുള്ള അനുഷ്ഠാനങ്ങളായി നാരായണീയ പാരായണവും അവിൽ നിവേദ്യവും വിവക്ഷിക്കപ്പെടണം .... " മനോവിമലീകരണത്തിന് അപര്യപതമായ എതു അനുഷ്ഠാനവും വ്യർത്ഥമാണ്".... നാരായണീയത്തിൽ നിന്ന് ഭക്തിരസം ലയത്തോടെ ഉൾക്കൊള്ളാനും കുചേലനെപ്പോലെ മനംനിറഞ്ഞ ഭക്തിയോടെ നിവേദ്യമർപ്പിക്കാനും വ്രതാനുഷ്ഠാനത്തിലൂടെ മനോവിമലീകരണംസാധിക്കാനും ഭഗവദ്നുഗ്രഹം ഏവർക്കും ഉണ്ടാവട്ടെ .. .rajeev kunnekkat

No comments: