Thursday, December 28, 2017

നാരദ ഭക്തി സൂത്രം - 58
ഏറ്റവും എളുപ്പം ലഭ്യമാകുന്ന യോഗമാര്‍ഗമാണ് ഭക്തിയോഗം. ഹൃദയമുള്ള ആര്‍ക്കും ഭക്തിയോഗത്തിലൂടെ മുന്നേറി ഭഗവത് സായുജ്യം നേടാനാവും. ഹൃദയത്തിന്റെ നൈസര്‍ഗിക ഗുണം സ്‌നേഹമാണ്. സ്‌നേഹിക്കാനറിയാവുന്നവര്‍ക്ക് ഭക്തി യോഗമാര്‍ഗം എളുപ്പം സാധ്യമാകും.
ഇവിടെ സ്‌നേഹം ഭഗവത്കാര്യത്തിലേക്കാകുമ്പോള്‍ സമര്‍പ്പണ ബുദ്ധിയായി ഭക്തി കൂടുതല്‍ ഉറയ്ക്കും. സമര്‍പ്പണ ബുദ്ധിയാകുന്നതോടെ നിര്‍ഗുണാവസ്ഥയിലെത്തും.
തമോഗുണം രജോഗുണത്തിലും രജോഗുണം സത്വഗുണത്തിലും ലയിക്കും. ക്രമേണ സത്വഗുണം സ്വയം ലയിച്ച് നിര്‍ഗുണമായ ഒരു അവസ്ഥയിലെത്തും. ഈ അവസ്ഥയില്‍ പാപങ്ങളില്ല. കര്‍മ്മങ്ങള്‍ക്കും ധര്‍മ്മങ്ങളും വ്യാപ്തിയില്ല. ഇവിടെ ഭഗവാന്‍ മാത്രം. ഒരു ഘട്ടത്തില്‍ സ്‌നേഹം പോലും ഇതിലേക്ക് ലയിക്കും.
ഞാന്‍ ചെയ്യുന്നു, ഇതെന്റെ ധര്‍മമാണ്, ഞാന്‍ സ്‌നേഹിക്കുന്നു ഞാന്‍ സമര്‍പ്പിക്കുന്നു എന്നിത്യാദി ചിന്തകള്‍ കൂടി മാറും. കാരണം ഞാനില്ലാതാകുന്നു.
ഒരിക്കല്‍ രമണമഹര്‍ഷിയുടെ സന്നിധിയില്‍ ചെന്ന് ഒരാള്‍ തനിക്ക് മോക്ഷം വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. രമണ മഹര്‍ഷി മറുപടിയൊന്നും കൊടുത്തില്ല. ഇയാള്‍ തുടരെ തുടരെ മോക്ഷാഭ്യര്‍ത്ഥന പ്രകടമാക്കി. ഒടുവില്‍ മഹര്‍ഷി പറഞ്ഞു. ഞാന്‍ ചത്താല്‍ മോക്ഷം കിട്ടും.
രമണമഹര്‍ഷി മരിച്ചാലേ തനിക്ക് മോക്ഷമുള്ളൂ എന്ന് മനസ്സിലാക്കിയ അയാള്‍ വിഷമത്തിലായി. രമണമഹര്‍ഷിയുടെ മരണം കൊണ്ടു തനിക്ക് മോക്ഷം വേണ്ടാ എന്ന നിഗമനത്തോടെ അയാള്‍ കണ്ണീര്‍ ഒഴുക്കിക്കൊണ്ടിരുന്നു. ഇദ്ദേഹത്തിന്റെ കരച്ചില്‍ കണ്ട് മറ്റു ശിഷ്യന്മാര്‍ കാര്യമന്വേഷിച്ചു.
രമണമഹര്‍ഷിയോടൊത്തുണ്ടായ സംഭാഷണങ്ങള്‍ അദ്ദേഹം അവരെ അറിയിച്ചു. അവര്‍ ചിരിച്ചു. മഹര്‍ഷി മരിച്ചിട്ട് നിങ്ങള്‍ക്ക് മോക്ഷമെന്നല്ലാ. നിന്റെ ഉള്ളിലുള്ള ഞാന്‍ എന്ന ബോധം നശിച്ചാല്‍ അപ്പോള്‍ മോക്ഷം കിട്ടുമെന്നാണ് മഹര്‍ഷി പറഞ്ഞതിന്റെ അര്‍ത്ഥമെന്ന് അവര്‍ വിശദീകരിച്ചു. അതാണ് പൂര്‍ണസമര്‍പ്പണവും അതിലൂടെയുണ്ടാകുന്ന നിര്‍ഗുണത്വവും. നിര്‍ഗുണത്വമായാല്‍ നിര്‍ഭയത്വവും നിരാച്ഛത്വവും എല്ലാം ആയി.
ഋഷഭദേവനും ജഡഭരതനും കാക്കശ്ശേരി ഭട്ടതിരിയുമുള്‍പ്പെടെ പലരും ഈ സ്ഥിതിയില്‍ ഭഗവാനിലേക്ക് ലയിച്ച് സ്വയംഭഗവാന്മാരായിട്ടുണ്ട്.


ജന്മഭൂമി: http://www.janmabhumidaily.com/news758913#ixzz52bCZCzdg

No comments: