കൃഷ്ണനും അർജ്ജുനനും
ഭഗവാൻ കൃഷ്ണന്റെ ഉത്തമ സുഹൃത്തും സഹായിയും അർജ്ജുനനായിരുന്നു . ഇവർ തമ്മിലൊരു പൂർവ്വജന്മ ബന്ധമുണ്ടായിരുന്നതാണ് അതിനു കാരണം . സൃഷ്‌ടിയുടെ ഉൽപ്പത്തികാലത്തു , ധർമ്മദേവന്റെ കുലത്തിൽ മഹാവിഷ്ണു നാല് രൂപങ്ങളിൽ ധർമ്മദേവന്റെ മക്കളായി ജനിക്കുകയുണ്ടായി . ഹരി , കൃഷ്ണൻ , നരൻ , നാരായണൻ ഇങ്ങനെയാണ് ജന്മമെടുത്തത് . ഇവരിൽ നരനും നാരായണനും മഹാതപസ്വികളും ഹരിയും കൃഷ്ണനും മഹായോഗികളുമായിരുന്നു . ഈ ഋഷിമാർ ഈരണ്ടു പേർ വീതം ജോഡികളായി കഴിഞ്ഞുകൂടി . ഇവരിൽ നരനും നാരായണനുമാണ് അർജ്ജുനനും കൃഷ്ണനുമായി ജനിച്ചത് . [ദേവീ ഭാഗവതം , നാലാം സ്കന്ധം ] .നരൻ അർജ്ജുനനായും നാരായണൻ കൃഷ്ണനായും അവതരിച്ചു . നരനാരായണന്മാരിൽ നരൻ വെളുത്ത നിറമുള്ളവനും , നാരായണൻ കറുത്ത നിറമുള്ളവനും ആയിരുന്നെന്ന് പത്മപുരാണം , ഉത്തരഖണ്ഡം , അദ്ധ്യായം -2 ലായി കാണപ്പെടുന്നു . എന്നാൽ അർജ്ജുനൻ കൃഷ്ണനെപ്പോലെ തന്നെ കറുത്ത നിറമുള്ളവനായിരുന്നെന്നു മഹാഭാരതത്തിൽ പ്രത്യേകമായ പ്രസ്താവമുണ്ട് . തിളങ്ങുന്ന കറുത്ത വർണ്ണം കാരണം അർജ്ജുനനും കൃഷ്ണൻ എന്ന നാമം സിദ്ധിച്ചിരുന്നു . അർജ്ജുനനേയും കൃഷ്ണനേയും കൂടി ഒരുമിച്ചു " കൃഷ്ണന്മാർ " എന്നും വിളിക്കപ്പെടുന്നുണ്ട് . ഭൂലോകത്തിൽ മായാപുരുഷനായി ജനിച്ച കൃഷ്ണന് അദ്ദേഹത്തിൻറെ ഏറ്റവും അടുത്ത സഹായിയായി അർജ്ജുനൻ നിലകൊണ്ടു . കൃഷ്ണൻ എന്ത് പറഞ്ഞാലും അതുപോലെ ചെയ്യുന്ന ആളായിരുന്നു അർജ്ജുനൻ . സാത്യകിയെ രക്ഷിക്കാനായി ഭൂരിശ്രവസ്സിന്റെ കൈ അധാർമ്മികമായി മുറിക്കുവാൻ കൃഷ്ണൻ പറയുമ്പോൾ യാതൊരു സങ്കോചവുമില്ലാതെ അർജ്ജുനൻ അത് ചെയ്യുന്നതും അതുകൊണ്ടാണ് . അർജ്ജുനൻ കൃഷ്ണന്റെ ഉത്തമഭക്തനും ശിഷ്യനായിരുന്നു . കൃഷ്ണന്റെ മരണശേഷം ദ്വാരകയിലെത്തിയതും അദ്ദേഹത്തിൻറെ മരണാനന്തര കർമ്മങ്ങൾ നിര്വഹിച്ചതും അർജുനനായിരുന്നു .
No comments:
Post a Comment